പുതിയ ബാങ്കുകള്‍ക്ക് അവസരമൊരുങ്ങുന്നു

Posted on: 20 Dec 2012
മുംബൈ: ബാങ്കിങ് ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയതോടെ പുതിയ ബാങ്കുകള്‍ക്ക് അവസരമൊരുങ്ങുന്നു. പുതിയ ബാങ്കിങ് ലൈസന്‍സുകള്‍ കൊടുക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രവര്‍ത്തി അറിയിച്ചു.

രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി), ടാറ്റാ, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ബജാജ്, റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്, റെലിഗേര്‍ , മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്‌ക്കൊക്കെ ബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാന്‍ താത്പര്യമുണ്ട്. പുതിയ ബാങ്കിങ് ലൈസന്‍സിനായി റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ ഇവരെല്ലാം പങ്കെടുക്കുമെന്നാണ് കരുതുന്നത്. ശ്രേയ്, എഡല്‍വീസ്, ശ്രീറാം ക്യാപ്പിറ്റല്‍ , കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് എന്നീ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ബാങ്ക് തുടങ്ങാന്‍ ഉദ്ദേശ്യമുണ്ട്.

പുതുതായി തുടങ്ങുന്ന ബാങ്കുകള്‍ തുടക്കത്തില്‍ തന്നെ അടിത്തറ ശക്തപ്പെടുത്തുന്നതിനായി നിലവിലുള്ള ചെറുകിട - ഇടത്തരം ബാങ്കുകളെ ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. ഇതുവഴി ഇടപാടുകാരുടെ എണ്ണവും ശാഖാശൃംഖലയും തുടക്കത്തില്‍തന്നെ വര്‍ധിപ്പിക്കാനാകും.

പുതിയ ബാങ്കുകള്‍ രംഗത്തെത്തുന്നതോടെ ഈ രംഗത്ത് മത്സരം ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ ഇത് സഹായിക്കും. സേവിങ്‌സ് ബാങ്ക് (എസ്ബി) നിക്ഷേപങ്ങള്‍ക്ക് പുതിയ ബാങ്കുകള്‍ ഏഴു ശതമാനം വരെ പലിശ നല്‍കിയേക്കാം. എസ്ബി നിക്ഷേപങ്ങളുടെ പലിശ നിശ്ചയിക്കുന്നതിലെ നിയന്ത്രണം 2011 ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് ഒഴിവാക്കിയെങ്കിലും കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങി ഏതാനും പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ മാത്രമാണ് നിരക്ക് ഉയര്‍ത്തിയത്. മറ്റു ബാങ്കുകളെല്ലാം തന്നെ 4 ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്.

ബാങ്കിങ് രംഗത്ത് പരിഷ്‌കാരങ്ങള്‍ വന്ന ശേഷം 12 പുതിയ ബാങ്ക് ലൈസന്‍സുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വാണിജ്യ ബാങ്കുകളുടെ എണ്ണം 301ല്‍ നിന്ന് 169 ആയി ചുരുങ്ങിയിട്ടുണ്ട്. ലയനങ്ങളും ഏറ്റെടുക്കലുകളുമാണ് കാരണം.

പുതുതായി ലൈസന്‍സ് ലഭിക്കുന്ന ബാങ്കുകള്‍ ഏറ്റെടുക്കാന്‍ ഏറ്റവുമധികം സാധ്യത പഴയതലമുറ സ്വകാര്യ ബാങ്കുകളെയാവും. കര്‍ണാടക ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവ ഇതില്‍ പെടുന്നു.


Tags: Banking Bill paves the way for new bank licences
»  News in this Section