എ.ടി.എം. ഇനി കാശ് 'വിഴുങ്ങില്ല'

Posted on: 24 Sep 2012ന്യൂഡല്‍ഹി: എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കുന്ന പണം നിശ്ചിതസമയം കഴിഞ്ഞാല്‍ ഇനി തിരിച്ചുപോകില്ല. കാശ് തിരിച്ചുപോകുന്ന സംവിധാനം എ.ടി.എമ്മുകളില്‍നിന്ന് ഒഴിവാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം വൈകാതെ എല്ലാ ബാങ്കുകളിലും നടപ്പാകും.

പക്ഷേ, പണമെടുക്കുന്നയാള്‍ ഇനിമുതല്‍ കൂടുതല്‍ ജാഗ്രത കാട്ടണം. പിന്‍വലിച്ച പണം എടുക്കാന്‍ മറന്നാല്‍ പിന്നീട് അത് ബാങ്കില്‍നിന്ന് കിട്ടില്ല. പണം തിരിച്ചു പോകുന്ന സംവിധാനമുണ്ടായിരുന്നപ്പോള്‍ ഇതിന് കഴിഞ്ഞിരുന്നു.

എ.ടി.എമ്മില്‍നിന്ന് പുറത്തുവരുന്ന കാശ് 10-15 സെക്കന്‍ഡിനകം എടുത്തില്ലെങ്കില്‍ തിരികെ പോകുമായിരുന്നു. പിന്‍വലിച്ചയാളുടെ മറവിമൂലം പണം മറ്റൊരാള്‍ക്ക് കിട്ടുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, ഇത് ദുരുപയോഗം ചെയ്യുന്നതായി ആര്‍.ബി.ഐ. കണ്ടെത്തി. തട്ടിപ്പു നടത്തുന്നവര്‍, പിന്‍വലിക്കുന്ന തുകയില്‍നിന്ന് ഏതാനും നോട്ടുകള്‍ മാത്രമെടുക്കും. നിശ്ചിതസമയം കഴിയുമ്പോള്‍ ബാക്കി പണം തിരിച്ചുപോകും. പണം കിട്ടിയില്ലെന്നു പറഞ്ഞ് ഇവര്‍ പിന്നീട് ബാങ്കിലെത്തും. ഇതാണ് പുതിയ നിര്‍ദേശം കൊണ്ടുവരാന്‍ ആര്‍.ബി.ഐ.യെ പ്രേരിപ്പിച്ചത്.

എച്ച്.ഡി.എഫ്.സി, ആക്‌സിസ്, കനറാ തുടങ്ങിയ ബാങ്കുകള്‍ കാശ് തിരിച്ചുപോകുന്ന സംവിധാനം തങ്ങളുടെ എ.ടി.എമ്മുകളില്‍നിന്ന് നീക്കിക്കഴിഞ്ഞു. ബാക്കി ബാങ്കുകളും ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.


Tags: Bank ATMs stop sucking in cash after RBI direction
»  News in this Section