എടിഎം ഇടപാടില്‍ വന്‍ വര്‍ധന

Posted on: 07 Apr 2011



കൊച്ചി: രാജ്യത്ത് എടിഎം വഴിയുള്ള പണമിടപാടില്‍ വന്‍ വര്‍ധന. എടിഎമ്മുകളെക്കുറിച്ചുള്ള അവബോധം കൂടിയതും എടിഎമ്മുകളുടെ എണ്ണം വര്‍ധിച്ചതുമാണ് ഇതിന് കാരണം.

2010 ഏപ്രിലില്‍ രാജ്യത്ത് വിവിധ ബാങ്കുകളുടേതായി 57,371 എടിഎമ്മുകളായിരുന്നു ഉണ്ടായിരുന്നത്. 2011 ഫിബ്രവരിയോടെ ഇത് 70,323 ആയി ഉയര്‍ന്നിട്ടുണ്ട്. 2011-12 കാലയളവില്‍ ഇത് ഒരു ലക്ഷം കടക്കുമെന്നാണ് കണക്കാക്കുന്നത്.

എടിഎമ്മുകളിലൂടെ പണം പിന്‍വലിക്കുന്നത് 8.83 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യം ഇത് 4.46 കോടിയായിരുന്നു. അതായത് 11 മാസങ്ങള്‍ കൊണ്ട് ഇരട്ടിയിലേറെയായി ഇത് ഉയര്‍ന്നു.

വ്യക്തിഗത ഇടപാടുകളില്‍ 60-80 ശതമാനവും ഇപ്പോള്‍ എടിഎമ്മുകളിലൂടെയാണെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ബാങ്കുകളില്‍ നിന്നുള്ള കണക്കുകളും ഇതു ശരിവെയ്ക്കുന്നു. പണം പിന്‍വലിക്കാനാണ് ഇടപാടുകാര്‍ മുഖ്യമായും എടിഎമ്മുകളെ ആശ്രയിക്കുന്നത്.
നഗരങ്ങളിലും പട്ടണങ്ങളിലുമാണ് എടിഎം ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നും ഗ്രാമീണ മേഖലയില്‍ ഇനിയും വളരേണ്ടതുണ്ടെന്നും ആന്ധ്രാ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ ഗിരോത്ര പറയുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളില്‍ ശരാശരി പ്രതിദിന ഇടപാട് 684 ആയി ഉയര്‍ന്നു. 2010 മാര്‍ച്ചില്‍ ഇത് 554 മാത്രമായിരുന്നു.

എടിഎമ്മുകളുടെ എണ്ണം ഇനിയും ഉയരുന്നതോടെ ഇതുവഴിയുള്ള ഇടപാടുകളും വര്‍ധിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



Download PDF

 
Tags: ATM withdrawals in India on top gear
»  News in this Section