|
||
വിവാഹസ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധഭാവത്തെക്കുറിച്ചും അതിനുണ്ടായ മൂല്യച്യുതിയെക്കുറിച്ചും കുമാരനാശാന്‍ (സീത) വിലപിച്ചത് ഒമ്പതു ദശകത്തിനു മുന്‍പ് (1919) ആണെങ്കിലും ഈ ആശയത്തോട് ഇന്നും ആരും വിസംവദിക്കാനിടയില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് വിവാഹം അതിപാവനമോ സുഖദായകമോ ആയിരുന്നുവോ? ദൈവദത്തമോ സ്വയംഭൂവായി ഉയര്‍ന്നുവന്നതോ അല്ല വിവാഹം. സ്ത്രീയെ കൈമാറ്റം ചെയ്യുന്നതിനുവേണ്ടിയുള്ള ക്രമീകരണമെന്ന നിലയിലായിരുന്നു അതിന്റെ ഉദ്ഭവം. മാനവ സംസ്‌കാരത്തിന്റെ ഒരു കണ്ടുപിടിത്തമാണത്. ക്ഷാത്ര (രാക്ഷസ), സ്വയംവര, പ്രജാപത്യ എന്നിങ്ങനെ മൂന്നുതരം വിവാഹങ്ങളെക്കുറിച്ച് ഋഗ്വേദത്തില്‍ പറയുന്നുണ്ട്. ഇവയില്‍ പുരുഷന്മാര്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന സമ്പ്രദായമായ 'ക്ഷാത്ര', ലോകത്തിന്റെ എല്ലാ ഭാഗങ്ങൡലും നടപ്പുണ്ടായിരുന്നു. കൂടാതെ ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, സാഹോദര്യ ബഹുഭര്‍തൃത്വം തുടങ്ങിയ വിവാഹസമ്പ്രദായങ്ങളും സര്‍വ്വസാധാരണമായിരുന്നു. ഇങ്ങനെ പല വകഭേദങ്ങളും അതിനുണ്ടായിരുന്നെങ്കിലും ഇന്ന് വിവാഹം എന്നു പറയുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത്, 'ഏകദാമ്പത്യം' എന്നു മാത്രമാണ്. കുമാരനാശാന്‍ ഉദ്ദേശിച്ചതും മറ്റൊന്നല്ല.ഈ സ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധ സ്വഭാവത്തെക്കുറിച്ച് ആദ്യഘട്ടത്തിലെ സ്ത്രീവിമോചനപ്രവര്‍ത്തകയായിരുന്ന എമ്മാ ഗോള്‍ഡ്മന്‍ വിശദീകരിക്കുന്നു: 'വിവാഹസ്ഥാപനം സ്ത്രീയെ ഒരു പരോപജീവിയും തികഞ്ഞ ആശ്രിതയുമാക്കിത്തീര്‍ക്കുന്നു. അവളെ ജീവിത സമരത്തിനു കൊള്ളാത്തവളാക്കുകയും അവളുടെ സാമൂഹികബോധത്തെ നശിപ്പിക്കുകയും ഭാവനാശക്തിയെ ദുര്‍ബലമാക്കുകയും ചെയ്തശേഷം സാനുകമ്പം അതിന്റെ സംരക്ഷണം അവളില്‍ത്തന്നെ അടിച്ചേല്‍പ്പിക്കുന്നു. അതാകട്ടെ യഥാര്‍ത്ഥത്തില്‍ ഒരു കെണിയാണ്; മനുഷ്യപ്രകൃതത്തെ അപഹസിക്കലുമാണ്.' സ്ത്രീയെ പിതാവിന്റെ അധികാരത്തില്‍ നിന്നും ഭര്‍ത്താവിന്റെ അധികാരത്തിലേക്കാനയിക്കുക, ഗാര്‍ഹികാടിമത്തത്തില്‍ പെടുത്തുക, അവളുടെ അദ്ധ്വാനശേഷിയും ലൈംഗികതയും പ്രത്യുല്പാദനശേഷിയും കീഴടക്കാന്‍ പുരുഷനെ സഹായിക്കുക തുടങ്ങിയ സുപ്രധാന ധര്‍മ്മങ്ങളാണ് വിവാഹം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഈ സ്വധര്‍മ്മങ്ങളെ സ്ത്രീകളുടെ ദൃഷ്ടിയില്‍ നിന്നും മായ്ച്ചുകളയാനും ഒരാദര്‍ശരൂപമായവതരിക്കാനും വിവാഹത്തിനു കഴിയുന്നു. വിവാഹത്തിലൂടെയുള്ള സ്ത്രീകളുടെ അടിമത്തം അവരുടെ സമ്മതത്തോടുകൂടിത്തന്നെയാണെന്നു വരുത്തുന്നത് അത്യന്തം ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് ഷെയ്‌ലാ ക്രോനന്റെ അഭിപ്രായം. വ്യവസ്ഥകളൊന്നും നിശ്ചയിക്കപ്പെടാത്ത ഏക ഉടമ്പടി വിവാഹത്തിന്റേതാണ്. പരസ്പരസംതൃപ്തിയേകുന്ന ഒരു ബന്ധത്തിനാണവര്‍ സമ്മതിച്ചിരിക്കുന്നതെന്ന മിഥ്യാധാരണ സ്ത്രീകളില്‍ സൃഷ്ടിച്ചുകൊണ്ടാണ് അവരെ വിവാഹ ഉടമ്പടിക്കു സമ്മതിപ്പിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ മുദ്രചാര്‍ത്തുന്നത് സ്വന്തം അടിമത്തത്തിനുള്ള ഉടമ്പടിയിലാണെന്നും ക്രോനന്‍ പറയുന്നു2. പണം കൊടുത്താണ് അടിമയെ വാങ്ങുക. എന്നാല്‍ സ്ത്രീയാകട്ടെ, സ്ത്രീധനരൂപത്തില്‍ ഭര്‍ത്താവിനു പണം നല്‍കി അടിമത്തം സ്വീകരിക്കുന്നു. ഇത് അടിമത്തത്തെക്കാള്‍ ഭീകരമല്ലേയെന്നാണ് മല്ലാടി സുബ്ബമ്മ ചോദിക്കുന്നത്. വിവാഹത്തെ ആദര്‍ശപരിവേഷമണിയിക്കുന്നതില്‍ സകല സാംസ്‌കാരിക രൂപങ്ങളും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തുന്നു. ഇതില്‍ സുപ്രധാനമായൊരു പങ്ക് സാഹിത്യത്തിനുണ്ട്. വിവാഹത്തോടെ ആനന്ദപൂര്‍ണ്ണമായൊരു ജീവിതമാരംഭിക്കുന്നുവെന്നും (...and they lived happily ever after...) മറ്റുമുള്ള വ്യാജപ്രതീക്ഷകളും കാല്പനിക മിഥ്യകളും സാഹിത്യകൃതികള്‍ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സരസ്വതിയമ്മയുടെ, 'അവിവാഹിതന്റെ അശ്രുക്കള്‍' എന്ന കഥയിലെ ആനന്ദലക്ഷ്മിയും അന്തര്‍ജ്ജനത്തിന്റെ 'വിവാഹമുഹൂര്‍ത്ത'ത്തിലെ വിജയവും ഇത്തരം സാഹിത്യസ്വാധീനതകള്‍ക്കു വശംവദരായവരാണ്. ബോണി ക്രെപ്‌സ് പറയുന്നപോലെ, സന്തുഷ്ടമായ ഒരു ജീവിതത്തിനുവേണ്ടി പരിശ്രമിക്കാനല്ല സ്ത്രീകള്‍ അനുശാസിക്കപ്പെടുന്നത്; ജീവിതസൗഭാഗ്യങ്ങളുമായി ഏതോ സുഭഗ രാജകുമാരന്‍ തന്നെയും തേടി വരുമെന്നു പ്രതീക്ഷിച്ച് ഒരു സിന്‍ഡറല്ലയെപ്പോലെ കഴിയാനാണ്. വിവാഹം സ്ത്രീയുടെ താല്‍പര്യസംരക്ഷണാര്‍ത്ഥമുള്ളതാണെന്നു വിശ്വസിപ്പിക്കാന്‍ ഇങ്ങനെ സാഹിത്യത്തിനു കഴിയുന്നു. വിവാഹരഹിതമായൊരു സമൂഹത്തെക്കുറിച്ചു സങ്കല്പിക്കാന്‍ പോലും നമുക്കു സാദ്ധ്യമല്ലാതായിരിക്കുന്നു. സ്ത്രീക്കും പുരുഷനും ഒരുമിച്ചു കഴിയണമെങ്കില്‍ വിവാഹത്തിന്റെ അംഗീകാരം കൂടിയേ തീരൂ. എന്നാല്‍ ആര്‍ക്കും ആരെയും വിവാഹം ചെയ്യാന്‍ അനുവാദമില്ലതാനും. രക്തബന്ധം, ജാതി, മതം, പ്രായം, കുലമഹിമ, ധനസ്ഥിതി, ജാതകപൊരുത്തം എന്നിങ്ങനെ നിരവധി ഘടകങ്ങളും അതില്‍ പ്രസക്തമാണ്. രണ്ടു വ്യക്തികള്‍ തമ്മിലാണ് വിവാഹമെങ്കിലും യാഥാര്‍ത്ഥത്തിലത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ്. ആ വ്യക്തികള്‍ മറ്റൊരു കുടുംബമായും മാറുന്നു. അതിനാല്‍ കുടുംബവുമായി ബന്ധിതമായ സ്ഥാപനമാണിത്. വിവാഹബന്ധത്തിന്റെ തകര്‍ച്ച കുടുംബത്തിന്റെയും തകര്‍ച്ചയാണ്. ജന്മഗേഹവും ഹൃദയബന്ധങ്ങളും വിവാഹത്തിനുവേണ്ടി സ്ത്രീ കയ്യൊഴിയുന്നു. കൂടാതെ ഭര്‍ത്താവു താമസിക്കുന്നിടത്തു താമസിക്കുക, വീട്ടുവേലകള്‍ ചെയ്യുക, ലൈംഗികധര്‍മ്മം പുലര്‍ത്തുക, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും പരിചരിക്കുക തുടങ്ങിയ ചുമതലകളും വിവാഹം ആവശ്യപ്പടുന്നുണ്ട്. ഇതിലൊന്നുപോലും ലംഘിക്കാന്‍ അവള്‍ക്കവകാശമില്ല. നീതിന്യായ വ്യവസ്ഥകളും അതനുവദിക്കുന്നില്ല. എതെല്‍ ക്ലെയ്ന്‍ നല്‍കുന്ന വിശദീകരണം നോക്കുക: 'വിവാഹ നിബന്ധനകള്‍ അലംഘനീയങ്ങളാണ്. പുറത്തു കടക്കാനനുവദിക്കാത്തവിധം സുസ്ഥിരമായൊരു സ്ഥാപനമാണത്. കുടുംബത്തിന്റെ പരമ്പരാഗത വ്യവസ്ഥകള്‍ സ്വാഭാവികവും പരിവര്‍ത്തനാതീതവുമാണെന്നു വരുത്തിത്തീര്‍ക്കുന്നത് പ്രധാനമായും വിവാഹസ്ഥാപനത്തിന്റെ ഈ സുസ്ഥിരതയാണ്.' വിവാഹം സ്ത്രീക്ക് സംരക്ഷണവും സ്‌നേഹവും നല്‍കുന്നുവെന്ന് പൊതുവെ വിശ്വസിക്കപ്പടുന്നു. വിധേയത്വവും നിത്യാദ്ധ്വാനവും മാത്രം വിധിക്കപ്പെട്ട ഒരു വ്യക്തിക്കു ലഭിക്കുന്ന സംരക്ഷണവും സ്‌നേഹവുമാണതെന്ന് സൂക്ഷ്മമായി നോക്കിയാല്‍ വ്യക്തമാകും. വിവാഹത്തെ തകര്‍ച്ചയില്‍ നിന്നും മോചിപ്പിക്കുവാന്‍ മറ്റു ഘടകങ്ങളൊന്നുമില്ലെന്നു വന്നപ്പോള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നായിരുന്നു കാല്പനിക പ്രണയമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതൊരു സമീപകാല പ്രതിഭാസം മാത്രമാണെന്നതില്‍ സംശയിക്കാനില്ല. മുതലാളിത്ത വികാസം തുടങ്ങി ചരിത്രപരമായ പല കാരണങ്ങളും അതിനു പിന്നിലുണ്ട്. പ്രണയാധിഷ്ഠിത വിവാഹങ്ങള്‍ ഒരു നൂറ്റാണ്ടുമുമ്പുവരെ പാശ്ചാത്യനാടുകളില്‍ പോലും ഒരംഗീകൃതമാതൃകയായിരുന്നില്ലെന്ന് വീണാദാസ് നിരീക്ഷിക്കുന്നു. വിവാഹം താരതമ്യേന പുരോഗമനപരമായിത്തീരുന്ന ഘട്ടങ്ങളും ചരിത്രത്തിലുണ്ടായിട്ടുണ്ട്. നമ്പൂതിരി സമുദായത്തിലെ അതിക്രൂരവും മനുഷ്യത്വവിഹീനവുമായ പുരുഷാധിപത്യത്തിന്റെ ബലിയാടുകളായി, കുടുംബജീവിതമോ മാതൃത്വമോ വൈകാരികബന്ധങ്ങളോ അനുവദിക്കപ്പെടാതെ ആജീവനാന്ത വൈധവ്യത്തിലും ഏകാന്തതയിലും ജീവിതം കുഴിച്ചു മൂടേണ്ടി വന്ന അന്തര്‍ജ്ജനങ്ങള്‍ക്ക് വിവാഹം ഒരു വിമോചനോപാധിയായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ വരികള്‍ ഇതു വ്യക്തമാക്കുന്നു: 'മരണപ്പെട്ടത് ഭാര്യയാണെങ്കില്‍ ശവത്തിന്റെ ചൂടാറും മുമ്പ് ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്യാന്‍ മടിക്കുകയില്ല. സമൂഹം ആ മംഗളകര്‍മ്മത്തെ ആശീര്‍വ്വദിക്കുകയും ചെയ്യും. മരിച്ചതു ഭര്‍ത്താവായിപ്പോയെങ്കിലോ? നിരാലംബയായ ഭാര്യ അതിന്റെ പാപഭാരം മരണംവരെ തലയിലേറ്റണം.' (പെണ്ണെഴുതുന്ന ജീവിതത്തില്‍ നിന്ന്്) പെണ്ണെഴുതുന്ന ജീവിതം മാതൃഭൂമി ബുക്‌സ് എന്‍.കെ. രവീന്ദ്രന്‍ ലേഖനം rs: 170 രൂപ. ![]() Go To Top |
||
പുസ്തക പരിചയം
പുസ്തകവാര്ത്തകള്
വിവാഹസ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധഭാവത്തെക്കുറിച്ചും അതിനുണ്ടായ മൂല്യച്യുതിയെക്കുറിച്ചും കുമാരനാശാന്‍ (സീത) വിലപിച്ചത് ഒമ്പതു ദശകത്തിനു മുന്‍പ് (1919) ആണെങ്കിലും ഈ ആശയത്തോട് ഇന്നും ആരും വിസംവദിക്കാനിടയില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് വിവാഹം അതിപാവനമോ സുഖദായകമോ ആയിരുന്നുവോ? ദൈവദത്തമോ സ്വയംഭൂവായി ഉയര്‍ന്നുവന്നതോ അല്ല വിവാഹം. സ്ത്രീയെ കൈമാറ്റം ചെയ്യുന്നതിനുവേണ്ടിയുള്ള ക്രമീകരണമെന്ന നിലയിലായിരുന്നു അതിന്റെ ഉദ്ഭവം. മാനവ സംസ്‌കാരത്തിന്റെ ഒരു കണ്ടുപിടിത്തമാണത്. ക്ഷാത്ര (രാക്ഷസ), സ്വയംവര, പ്രജാപത്യ എന്നിങ്ങനെ മൂന്നുതരം വിവാഹങ്ങളെക്കുറിച്ച് ഋഗ്വേദത്തില്‍ പറയുന്നുണ്ട്. ഇവയില്‍ പുരുഷന്മാര്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന സമ്പ്രദായമായ 'ക്ഷാത്ര', ലോകത്തിന്റെ എല്ലാ ഭാഗങ്ങൡലും നടപ്പുണ്ടായിരുന്നു. കൂടാതെ ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, സാഹോദര്യ ബഹുഭര്‍തൃത്വം തുടങ്ങിയ വിവാഹസമ്പ്രദായങ്ങളും സര്‍വ്വസാധാരണമായിരുന്നു. ഇങ്ങനെ പല വകഭേദങ്ങളും അതിനുണ്ടായിരുന്നെങ്കിലും ഇന്ന് വിവാഹം എന്നു പറയുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത്, 'ഏകദാമ്പത്യം' എന്നു മാത്രമാണ്. കുമാരനാശാന്‍ ഉദ്ദേശിച്ചതും മറ്റൊന്നല്ല.


