madananതുപ്പാനെ കണ്ടാൽ ഒരു മനുഷ്യജീവിയാണെന്ന്‌ തോന്നുകയേയില്ല. വായിച്ചുമറന്ന ഏതോ നാടോടിക്കഥയിലെ വിചിത്രകഥാപാത്രംപോലെ അയാൾ ഒരു നൂറ്റാണ്ടിലധികം കാലമായി ഞങ്ങളുടെ ദേശത്തിൽ ചുറ്റിത്തിരിയുന്നു.ചുമലിലൊരു ചണച്ചാക്കില്ലാതെ ഉതുപ്പാൻ പ്രത്യക്ഷപ്പെടുകയില്ല. വേഷമെന്നു പറയാൻ ആകപ്പാടെ ഉള്ളത്‌ അരയിലെ മുഷിഞ്ഞുകീറിയ മുണ്ട്‌. അത്‌ തെറുത്തുചുറ്റിക്കെട്ടിയിരിക്കും. ഫ്രെയിമിട്ട്‌ ചുമരിൽ തൂക്കിയ ചിത്രത്തിലെ ഗാന്ധിജിയുടെ ഉടുത്തുകെട്ടുപോലെതോന്നും. വാരിയെല്ലുകളും ആവശ്യത്തിലേറെ ഉന്തിനിൽക്കുന്ന കഴുത്തെല്ലുകളും തെളിഞ്ഞുകാണാം. ഉണങ്ങിയ പറങ്കിമാവിൻ കൊമ്പുകൾ മാതിരി കോലം കെട്ട കൈകാലുകൾ. അപ്പൂപ്പൻ താടിപോലെ പറക്കുന്ന നരച്ചുനീണ്ട താടിമീശകൾ.

ഇതൊന്നുമല്ല, ഒരുപക്ഷേ, ഉതുപ്പാന്റെ പ്രധാനപ്പെട്ട സവിശേഷത. അത്‌ ആ ചിരിയാണ്‌. നിരയൊത്ത ഭംഗിയുള്ള പല്ലുകൾ പ്രദർശിപ്പിച്ച്‌ ആരെക്കണ്ടാലും വിടർന്നുചിരിക്കും. ചിരി തിരിച്ചുകിട്ടണമെന്ന ഒരു നിർബന്ധവും ഉതുപ്പാനില്ല. പ്രായഭേദമോ ജാതിഭേദമോ ഒന്നും ആ ചിരിയുടെ മാറ്റു കുറച്ചില്ല. കുഞ്ഞുങ്ങളുടെ പുഞ്ചിരിയിൽ മാത്രം ദൃശ്യമാകുന്ന നിഷ്കളങ്കത അതിനെ തിളക്കമുള്ളതാക്കി. ഭ്രാന്തനാണെന്നറിയപ്പെട്ടിട്ടും ഉതുപ്പാന്റെമുന്നിൽ അകപ്പെട്ടപ്പോൾ കുട്ടികൾ പരിഭ്രമിച്ചില്ല. അവർക്കറിയാം. ചിരി മടക്കിക്കൊടുത്താൽ മതി, ഒന്ന്‌ കൈവീശിക്കാണിച്ചാൽ മതി, ഉതുപ്പാനങ്ങ്‌ പോയ്‌ക്കോളും.

ഉതുപ്പാന്റെ ആ ചിരിയിലാണ്‌ അഴകുള്ള പെണ്ണ്‌ വീണത്‌ എന്നൊരു കഥയും നാട്ടിൽ പ്രചാരത്തിലുണ്ട്‌. അത്‌ ഏതോ ഭാവനാശാലി പടച്ചുവിട്ട കഥയാകാം. എന്തായാലും അവളെ കെട്ടിയ കാലത്ത്‌ ഉതുപ്പാന്‌ അലച്ചിലും ഭ്രാന്തും ഉണ്ടായിരുന്നില്ല. അവർക്ക്‌ മൂന്ന്‌ ആൺമക്കൾ പിറന്നു. മൂന്നിനും ഉതുപ്പാന്റെ ഛായയായിരുന്നെങ്കിലും അമ്മയുടെ വെളുത്തനിറം കിട്ടിയിരുന്നു. ഉതുപ്പാൻ കറുത്തിട്ടായിരുന്നു. അമ്മിക്കല്ലിന്റെ നിറം.

khadikarangalude sookshippukaran ambikasuthan mangadഎന്നുമുതലാണ്‌ ചണച്ചാക്കും പേറിയുള്ള ഉതുപ്പാന്റെ അലച്ചിൽ തുടങ്ങിയത്‌ എന്നാരും ഓർമിക്കുന്നില്ല. അതികാലത്തെഴുന്നേറ്റ്‌ കുളിജപങ്ങളൊന്നുമില്ലാതെ അങ്ങ്‌ പുറപ്പെടും. കാലുകൾ നയിക്കുന്ന വഴിയിലൂടെ മുന്നേറും. അല്ലാതെ കൃത്യമായ ലക്ഷ്യമൊന്നുമില്ല. വഴിയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കാണുന്ന കല്ലും മണ്ണുമൊക്കെ ചാക്കിൽ ശേഖരിക്കും. അതെല്ലാം സ്വന്തം വീട്ടുപറമ്പിൽ ചുമന്നെത്തിച്ച്‌ കൂനകൂട്ടലാണ്‌ പരിപാടി. ഈ ഭ്രാന്തഭിനയം ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണെന്ന്‌ ഭാര്യ കെറുവിച്ചു. ഭാര്യക്കും മക്കൾക്കും ഉതുപ്പാൻ ചെവികൊടുത്തില്ല. ഉപദേശികളായ പരിചയക്കാരോടും അയാൾ അകലം പാലിച്ചു. മൺകൂന മനുഷ്യനോളം പൊക്കത്തിലായപ്പോൾ ഒരു പ്രഭാതത്തിൽ ഉതുപ്പാനെ തളയ്ക്കാൻ കെട്ടിയോൾ ശ്രമിച്ചു.

‘‘മനുഷ്യാ നിങ്ങളിത്‌ എന്തിനുള്ള പുറപ്പാടാണ്‌?’’ഒന്നും മിണ്ടാതെ വശ്യമായ ചിരി ഉതുപ്പാൻ എടുത്തുപിടിച്ചു. അതുകണ്ടപ്പോൾ അവൾക്ക്‌ ദേഷ്യം ഇരട്ടിച്ചു. മുന്നിലുണ്ടായിരുന്ന മീൻചട്ടിയെടുത്ത്‌ ചുമരിലടിച്ചുപൊട്ടിച്ച്‌ അലറിത്തുള്ളി, ‘‘ഇന്നെനിക്കറിയണം എന്താ ഇതിന്റെയൊക്കെ അർഥം?’’ഉതുപ്പാന്റെ ചുണ്ടുകൾക്കുള്ളിലെ ചിരിവെളിച്ചം കെട്ടു. കണ്ണുകളിൽനിന്ന്‌ ഗൗരവത്തിൽ പുകച്ചുരുളുകൾ പൊങ്ങി. നെഞ്ചുമുട്ടുന്ന അപ്പൂപ്പൻ താടിയുടെ അറ്റത്ത്‌ വിരലുകൾ കോർത്തുപിടിച്ച്‌ തത്ത്വജ്ഞാനിയെപ്പോലെ വിളംബരംചെയ്തു. ‘‘ഞാനിവിടെ ഒരു വലിയ കുന്നുണ്ടാക്കും. ആകാശത്തോളം വലിയ കുന്ന്‌.

എന്നിട്ട്‌-” ഉതുപ്പാനെ ആദ്യമായി കാണുന്നതുപോലെ അവൾ തുറിച്ചുനോക്കി. ‘‘കുന്നോ? നമ്മുടെ വീട്ടുപറമ്പിലോ?’’ പാരമ്പര്യമായി ചാർത്തിക്കിട്ടിയ വിശാലമായ പറമ്പിലേക്ക്‌ കണ്ണോടിച്ച്‌ അയാൾ പ്രതികരിച്ചു.‘‘മറ്റാരുടെയെങ്കിലും സ്ഥലത്ത്‌ നമുക്ക്‌ കുന്നുണ്ടാക്കാൻ കഴിയുമോ?’’ ഇരുത്തിയിലിരുന്ന വെട്ടുകത്തിയെടുത്ത്‌ ഉതുപ്പാന്റെ കൈയിൽ പിടിപ്പിച്ച്‌ അവൾ പൊട്ടിക്കരഞ്ഞു. ‘‘ന്നെ കൊന്നിട്ട്‌ പോ മനുഷ്യാ’’. കത്തി മുറ്റത്തിട്ട്‌ കൂസലില്ലാതെ ഉതുപ്പാൻ പടികടക്കുന്നതുകണ്ട്‌ അവൾ ആക്രോശിച്ചു. ‘‘നിങ്ങൾക്ക്‌ പ്രാന്താണ്‌. നട്ടപ്രാന്ത്‌. കുഞ്ഞോൾക്കിവിടെ കാച്ചിക്കൊടുക്കാൻ തുള്ളി അരിമണിയില്ല. നിങ്ങള്‌ കൂനകൂട്ടിയ ഈ കല്ലും മണ്ണും ഇവറ്റേൾക്ക്‌ ഞാനിന്ന്‌ പുഴുങ്ങിക്കൊടുക്കും, നോക്കിക്കോ’’

തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഉതുപ്പാൻ നടന്നകന്നു. മക്കൾ മൂന്നും ഇറയച്ചാലിലെ ഇരുട്ടുമൂലയിൽ കലഹത്തിന്റെ അർഥം മനസ്സിലാകാതെ അപ്പോഴും തലപൊന്തിച്ച്‌ മിഴിച്ചുനിന്നു. പെരുതടിപ്പാലം കടന്ന്‌, പരതാളിക്കാവ്‌ കടന്ന്‌, കാട്ടിക്കടവ്‌ കടന്ന്‌, വെളിച്ചം തോട്‌ കടന്ന്‌ ഉതുപ്പാൻ നടന്നു. അക്കാലത്ത്‌ ഞങ്ങളുടെ നാട്ടിലെ ചന്തൻകുന്ന്‌, ഉമ്മൻകുന്ന്‌, പാറൂട്ടിമല, വേടൻകുന്ന്‌, കാട്ടിക്കുന്ന്‌, സർപ്പമല തുടങ്ങി കുറേ കുന്നുകൾ ഒന്നിനു പിറകെ ഒന്നായി ആരോടും പറയാതെ യാത്ര പോയ്‌ക്കഴിഞ്ഞിരുന്നു.

ശേഷിച്ചവ ഇപ്പോൾ പുറപ്പെടും എന്നമട്ടിൽ എഴുന്നേറ്റുനിൽക്കുന്നു. ഈയവസ്ഥയിൽ സ്വന്തം പുരയിടത്തിൽ കുന്നുണ്ടാക്കാൻ ജീവിതം തുലയ്ക്കുന്ന പ്രാന്തനുതുപ്പാനെ കണ്ടാൽ ജനം ചിരിക്കാതിരിക്കുമോ? ചിലരൊക്കെ ഉതുപ്പാൻ കേൾക്കത്തന്നെ പരിഹാസവെടി പൊട്ടിക്കും. ‘ഓ, വന്നല്ലോ നാറാണത്ത്‌ ഭ്രാന്തൻ’

വഴി മുടക്കുന്നവരോടോ പരിഹസിക്കുന്നവരോടോ ഉതുപ്പാൻ ഒരിക്കലും പരിഭവിച്ചില്ല. ചിരിച്ചങ്ങ്‌ വഴിമാറിപ്പോകും അത്രതന്നെ. കിണറുകൾ കുത്തുന്നേടത്തും തറക്കുഴി തീർക്കുന്നേടത്തുമെല്ലാം അയാൾ യാചനാഭാവത്തിൽ കുത്തിയിരിക്കും. എത്രചാക്ക്‌ വേണമെങ്കിലും നിറച്ചോളൂ എന്ന്‌ പലരും ദയകാണിച്ചു. ചിലരൊക്കെ നീക്കംചെയ്യാനുള്ള മണ്ണ്‌ ടിപ്പറുകളിൽ നിറച്ച്‌ ഉതുപ്പാന്റെ വളരുന്ന കുന്നിന്‌ വളമിട്ടു.

കുന്ന് തെങ്ങിന്റെ ഉയരത്തിലായപ്പോൾ ഉതുപ്പാനെയും മക്കളെയും ബീഡിതെറുക്കുന്ന മുറത്തെയും ഉപേക്ഷിച്ച് ഉതുപ്പാന്റെ പെണ്ണ്  തന്നേക്കാൾ പ്രായംകുറഞ്ഞ, അന്യദേശക്കാരനും ചെമ്പിന്റെ നിറമുള്ളവനുമായ ഒരു ചെറുപ്പക്കാരന്റെകൂടെ ഒളിച്ചോടി. പിന്നെ ദേശക്കാരുടെ കഥകളിൽ അവൾ ഒരു കഥാപാത്രം മാത്രമായി. പറക്കമുറ്റിത്തുടങ്ങിയപ്പോൾ ആൺമക്കളും ഓരോന്നായി പറന്നുപറന്ന് കഥയുടെ അതിരുകൾക്കു പുറത്തേക്കുപോയി. അങ്ങനെ കഥയിൽ ഉതുപ്പാൻ ഒറ്റയ്ക്കായി. ഒറ്റയ്ക്കായിട്ടും ഉതുപ്പാൻ അലച്ചിൽ നിർത്തിയില്ല. കുന്നാവട്ടെ അനുദിനം വളർന്നുകൊണ്ടിരുന്നു. ഒപ്പം ചെടികളും കാട്ടുവള്ളികളും മരങ്ങളും വളർന്നു. 

കാ​ണക്കാണെ ഉതുപ്പാന്റെ ഒറ്റമുറിവീടും മണ്ണിനടിയിലായി. കുന്നിനു മുകളിലെ മരച്ചുവട്ടിൽ ആകാശം മേൽക്കൂരയാക്കി ഉതുപ്പാൻ കിടന്നുറങ്ങി. മരങ്ങൾ തഴച്ചുവളർന്ന് കുന്ന് കാടായപ്പോൾ പലമാതിരി പക്ഷികൾവന്ന് കൂടുകെട്ടി താമസമായി. രാത്രിഞ്ചരന്മാരായ വവ്വാലുകളും ഉയരമുള്ള ചില മരങ്ങളും വസിച്ചു. പാമ്പുകളും പ്രാണികളും പഴുതാരകളും മറ്റനേകം ജീവജാതികളും എങ്ങുനിന്നെല്ലാമോ യഥേഷ്ടം വിരുന്നുവന്ന് കുന്നിൽ അവകാശമുറപ്പിച്ചു. 

നട്ടെല്ല് അല്പമൊന്ന് കൂനിയതൊഴിച്ചാൽ കുട്ടിക്കാലംതൊട്ട് ഞങ്ങൾ  കണ്ടുകൊണ്ടിരുന്ന  ഉതുപ്പാന് ഇപ്പോഴും മാറ്റമൊന്നുമില്ല. മെലിഞ്ഞതെങ്കിലും ഇരുമ്പുപോലെ ഉറച്ച ശരീരം കണ്ടാൽ, എല്ലാവരെയും ശിക്ഷിക്കുന്ന ദയാഹീനനായ കാലത്തിന് ഉതുപ്പാനുമേൽ യാതൊരു അധികാരവുമില്ല എന്നു തോന്നിപ്പോകും. അതിനിടയിൽ ഞങ്ങളൊക്കെ പെട്ടെന്ന്  ഉയരംവെച്ച്, താടിയും തടിയും പ്രായവും കുടവയറുമൊക്കെയായി പലപല നാടുകളിൽ എത്തിപ്പെട്ടു. താന്താങ്ങളുടെ ജീവിതത്തിരക്കുകൾക്കിടയിൽ ശ്വാസംമുട്ടി, മൂട്ടിന് തീപിടിച്ചതുപോലെ പരക്കംപായുന്നതിനിടയിൽ എല്ലാവരും ഉതുപ്പാനെ മറന്നു. 

കടലുകൾക്കപ്പുറത്തുള്ള വൻനഗരത്തിലെ ഒറ്റമുറിയിലെ തണുത്ത ഏകാന്തതയിൽ ആവിപിടിച്ച ചില്ലിലൂടെ ദൂരെ ബുർജ് ഖലീഫയുടെ ഗോപുരം മാത്രം ആകാശം മുട്ടിനിൽക്കുന്ന ദൃശ്യം കാണുമ്പോഴൊക്കെ എന്തിനെന്നില്ലാതെ ഞാൻ ഉതുപ്പാനെ ഓർമിച്ചു. നാട്ടിലെത്തുമ്പോഴും ഉതുപ്പാനെ കാണാൻ ശ്രമിച്ചു. ഒന്നിനും വേണ്ടിയല്ല. മാറിമാറി വെറുതെ നോക്കിയിരിക്കും ആ ജീവിതത്തെ. സിഗരറ്റോ മദ്യമോ വസ്ത്രങ്ങളോ പണമോ ഒന്നും ആവശ്യമില്ലാത്ത ആ മനുഷ്യന് ഞാനെന്താണ് കൊടുക്കേണ്ടത്. വഴിയിൽ കണ്ടുമുട്ടിയപ്പോഴൊക്കെ പിശുക്കില്ലാതെ ചിരി മടക്കിക്കൊടുത്തു. ഉതുപ്പാന് സുഖമാണോ എന്ന് ചോദിക്കാൻ പലപ്പോഴും നാവുപൊന്തി. പക്ഷേ, ഒരിക്കലും ചോദിക്കാനായില്ല. 

ചിലപ്പോഴൊക്കെ പെരുതടിപ്പാലം കടന്ന് കാടായിമാറിയ ഉതുപ്പാന്റെ കുന്നുകാണാൻ യാത്രപോകും. കുന്നിലെ മരങ്ങളിൽ പാടുന്ന പക്ഷികളെ കേട്ടും കണ്ടും കുന്നിനെ ഒന്നിലധികം തവണ പ്രദക്ഷിണംവെയ്ക്കും. ആഗ്രഹം തോന്നിയിട്ടും ഒരിക്കലും മുകളിലേക്ക് കയറിയില്ല. അത് കടന്നുകയറ്റമാവുമെന്നെനിക്കറിയാം. ഇത്തവണ നാട്ടിലെത്തിയ ദിവസംതൊട്ട് എന്റെ കണ്ണുകൾ ഉതുപ്പാനെ തിരഞ്ഞുകൊണ്ടിരുന്നു. രണ്ടുമൂന്നുദിവസമായിട്ടും വഴിയിലൊന്നും ആളെ കാണാതെവന്നപ്പോൾ അമ്മയോട് അന്വേഷിച്ചു. 

‘‘നമ്മുടെ ഉതുപ്പാൻ നാട്ടിലില്ലേ’’പച്ചരിയിൽനിന്നും കല്ലും മണ്ണും പെറുക്കിക്കളഞ്ഞുകൊണ്ടിരുന്ന അമ്മ ആലോചനയോടെ മുഖംപൊന്തിച്ചു. ‘‘ഓ, നീ പറഞ്ഞപ്പോഴാ ഓർത്തത്. ദിവസം നാലഞ്ചായല്ലോ ഉതുപ്പാനെ കണ്ടിട്ട്‌. കുറച്ചു ദിവസമായി അന്തിയായപ്പോൾ പുള്ളിക്കാരൻ ഇങ്ങോട്ട്‌ ഒര്‌ വരവുണ്ട്‌. അടുക്കളമുറ്റത്തുവന്ന്‌ കുത്തിയിരിക്കും. കുറച്ച്‌ വറ്റിട്ട്‌ കഞ്ഞിവെള്ളം കൊടുക്കും. അതും കുടിച്ച്‌ കിണ്ണം കമിഴ്ത്തിവെച്ച്‌ ചിരിയോടെ ഇറങ്ങിപ്പോകും... എന്തെങ്കിലും വയ്യായ്‌ക വന്നിട്ടുണ്ടാകും’’.പിറ്റേന്നും വഴികളിലൊക്കെ നോക്കി എങ്ങും ഉതുപ്പാനുണ്ടായിരുന്നില്ല. പരിചയക്കാരോടൊക്കെ തിരക്കി. ഉതുപ്പാൻ എങ്ങോട്ടുപോയെന്ന്‌ ആർക്കുമറിയില്ല. ചിലരൊക്കെ, ‘ഉതുപ്പാനോ, അതാര്‌?’ എന്നു ചോദിച്ചു. ആശ്ചര്യം തോന്നി. നാലുദിവസം കാണാതാകുമ്പോഴേക്കും ഒരു മനുഷ്യനെ ആളുകൾ മറന്നുപോകുമോ?

ചിലപ്പോൾ സുഖമില്ലാതെ കുന്നിനുമുകളിൽ കിടപ്പുണ്ടാകും. നടക്കാൻ വയ്യാതായിട്ടുണ്ടാകും. പട്ടിണിയായിരിക്കും. ഔക്കറിച്ചയുടെ കടയിൽനിന്നും ഒരു കിലോ 
കദളിപ്പഴം വാങ്ങിച്ച്‌ പെരുതടിപ്പാലം കടന്ന്‌ കുന്നിനുനേർക്ക്‌ നടന്നു. മുകളിലേക്ക്‌ കയറണോ വേണ്ടയോ എന്ന ആശങ്കയോടെ കുന്നിനുമുന്നിൽ  നിന്നു. സാധാരണ കേൾക്കുന്ന പക്ഷിപ്പാട്ടുകൾ കേൾക്കാനുണ്ടായിരുന്നില്ല. ജീവികൾ പായുന്നതിന്റെ കാടനക്കങ്ങളും കേട്ടില്ല. ഉതുപ്പാനൊപ്പം ജീവജാലങ്ങളും സ്ഥലംവിട്ടോ? വല്ലാത്ത ഒരു നിശ്ശബ്ദത കുന്നിനെ മൂടിപ്പൊതിഞ്ഞതുപോലെ എനിക്കനുഭവപ്പെട്ടു.

എന്തു വേണ്ടൂ എന്നറിയാതെ മുഖം കുനിച്ചപ്പോഴാണ്‌ അദ്‌ഭുതകരമായ ആ കാഴ്ച ഞാൻ കണ്ടത്‌. കുന്നിൻചുവട്ടിൽ ഒരു നനവ്‌. കണ്ണ്‌ നനയുന്നതുപോലെ ഒരു രൂപവട്ടത്തിൽ വെള്ളം കിനിയുന്നു. നാലടി മുന്നിലേക്ക്‌ നടന്ന്‌ ആ നനവിനുമുന്നിൽ കുന്തിച്ചിരുന്നു. ചൂണ്ടുവിരൽ നീട്ടി ഞാനാ നനവിലെ ഇളംചൂടിൽ മെല്ലെ തൊട്ടു. വിരൽ അല്പം ഊക്കിലമർത്തിയപ്പോൾ ചെറുവിരൽ വണ്ണത്തിൽ ഉറവപൊട്ടിയൊഴുകാൻ തുടങ്ങി. ഞാൻ പരിഭ്രമിച്ചുപോയി. ചോരയുടെ നിറമുള്ള വെള്ളം! മനുഷ്യച്ചോരയുടെ ഉളുമ്പുമണവും എനിക്കനുഭവപ്പെട്ടു.

AMBIKASUTHAN MANGADനോക്കിയിരിക്കെ വെള്ളം തെളിഞ്ഞുതുടങ്ങി. ഉളുമ്പുമണം ഇല്ലാതായി. ഒരു കുമ്പിൾ കോരിയെടുത്തു. കണ്ണുനീരുപോലെ തെളിഞ്ഞ വെള്ളം. തീർഥജലംപോലെ ഞാനത്‌ കുടിച്ചു.അന്നനാളത്തിലൂടെ വെള്ളമിറങ്ങുമ്പോൾ എന്റെ ചോരഞരമ്പുകളിൽ ആവേശം കത്തിപ്പടർന്നു. രണ്ടും കല്പിച്ച്‌ കുന്നിലേക്ക്‌ കാലെടുത്തുവെച്ചു. വഴികളൊന്നുമുണ്ടായിരുന്നില്ല. കാട്ടുവള്ളികളെയും ചെടിത്തലപ്പുകളെയും വകഞ്ഞുമാറ്റി ഏറെ ക്ലേശിച്ചാണ്‌ കയറിയത്‌. ഈ കുന്നിലേക്ക്‌ കയറുന്ന ആദ്യമനുഷ്യൻ ഞാനായിരിക്കുമോ? ആയിരിക്കാം. കിതപ്പിനൊപ്പം കുറ്റബോധവും തോന്നാൻ തുടങ്ങി. ഈ കടന്നുകയറ്റം ഉതുപ്പാന്‌ ഇഷ്ടപ്പെടാതെവരുമോ? ഇറങ്ങിപ്പോകാൻ കല്പിക്കുമോ? ഇല്ല. ഉതുപ്പാനങ്ങനെ ചെയ്യില്ല. വിടർന്നങ്ങ്‌ ചിരിച്ച്‌ വഴിമാറിനിൽക്കും. അത്രേയുള്ളൂ. 

കുന്നിന്റെ ഏതാണ്ട്‌ ഉച്ചിയിലെത്തിയപ്പോൾ അസാധാരണമായ ഒരു കാഴ്ചകണ്ട്‌ ഞാൻ നിശ്ചലനായി.  എന്റെ ഉടൽ വിറയ്ക്കാൻ തുടങ്ങി. അല്പമകലെ അതാ തലകുനിച്ച്‌ ഉതുപ്പാൻ നിൽക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി. ഉതുപ്പാന്റെ പാദങ്ങൾ നിലത്തുമുട്ടുന്നുണ്ടായിരുന്നില്ല. പൂർണനഗ്നനായിരുന്നു. പതുക്കെ ഉതുപ്പാൻ ആടുന്നുണ്ടായിരുന്നു. ചെമ്പകം പൂത്തപോലെ ഒരു സുഗന്ധം ചുറ്റും വ്യാപിച്ചിരുന്നു.അത്യധികമായ വിസ്മയത്തോടെ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. ഇനിയുള്ള ജീവിതകാലം മുഴുവൻ ആ ദൃശ്യം എനിക്ക്‌ മറക്കാനാവില്ല. ഉതുപ്പാന്‌ ചുറ്റുമുള്ള മരക്കൊമ്പുകളിലെല്ലാം പലജാതി പക്ഷികൾ നിശ്ശബ്ദരായി കൂട്ടംകൂടിയിരിക്കുകയാണ്‌. താഴെ നിലത്തും പലതരം മൃഗങ്ങളും പാമ്പുകളും കാണപ്പെട്ടു. നൂറുകണക്കിന്‌ മഞ്ഞശലഭങ്ങൾ ഉതുപ്പാനുചുറ്റും ചിറകടിക്കുന്നുണ്ട്‌.

പെട്ടെന്ന്‌ കണ്ണുകൾ പൂട്ടി ഞാൻ ഭൂമിയിലേക്കു കുനിഞ്ഞു. കദളിപ്പഴം മണ്ണിലേക്കുവെച്ചു. ശബ്ദമുണ്ടാക്കാതെ പിന്തിരിഞ്ഞു. കുറ്റബോധം വേട്ടമൃഗംപോലെ എന്റെ പിന്നാലെ കൊമ്പുകൾ കുലുക്കിക്കൊണ്ട്‌ പാഞ്ഞുവരുന്നു. കീഴോട്ടുള്ള ഓട്ടത്തിനിടയിൽ രണ്ടുമൂന്നുതവണ ഞാൻ മറിഞ്ഞുവീണു. എന്റെ വലിയ തെറ്റ്‌. ഞാനൊരിക്കലും മുകളിലേക്ക്‌ കയറിക്കൂടായിരുന്നു. കാടിന്റെ നിശ്ശബ്ദതയെ ഭഞ്ജിക്കരുതായിരുന്നു. ഓരോ ചുവടിലും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.കണ്ടതൊന്നും എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. ഞാൻ വ്യക്തമായി കണ്ടതാണ്‌. മടക്കിവേണ്ടാത്ത ആ ചിരി. മരിച്ചുവെങ്കിൽ ഉതുപ്പാന്‌ എന്റെ നേർക്ക്‌ അങ്ങനെ ചിരിക്കാനാവുമോ? ശരീരം ചീഞ്ഞാൽ ചെമ്പകത്തിന്റെ സുഗന്ധം ഉണ്ടാകുമോ?

കുന്നിറങ്ങി ചുവട്ടിലെത്തിയപ്പോൾ ഒരു ദുഃസ്വപ്നത്തിൽനിന്നുണർന്നപോലെതോന്നി. ഉറവയും സ്വപ്നമായിരുന്നുവോ? തിരിഞ്ഞുനോക്കി. അല്ല. ഉറവ ഒഴുകുന്നുണ്ട്‌. ഒന്നുകൂടി ഒഴുക്ക്‌ ശക്തിപ്പെട്ടിട്ടുണ്ട്‌. പെരുതടിപ്പാലം കഴിഞ്ഞപ്പോൾ എന്റെ വേഗം താനേ കുറഞ്ഞു. എനിക്കിപ്പോൾ സങ്കടമൊന്നുമില്ല. കുറ്റബോധവുമില്ല. മറിച്ച്‌, കാരണമില്ലാത്ത ഒരു സന്തോഷം ഉള്ളിന്റെയുള്ളിൽ മൊട്ടിടുന്നപോലെ തോന്നുന്നുണ്ട്‌. ഉതുപ്പാന്റെ കാര്യം ഞാനാരോടും മിണ്ടില്ല. പെറ്റമ്മയോടുപോലും അത്‌ വെളിപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല. ഇറങ്ങിവന്ന അതേ നാടോടിക്കഥയിലേക്ക്‌ ഉതുപ്പാൻ തിരിച്ചുപോയി എന്നുകരുതി സമാധാനിക്കാനാണ്‌ എനിക്കിഷ്ടം. ഇനിയിപ്പോൾ കുറേക്കാലം ഉതുപ്പാനെ കാണാതിരുന്നാലും ആരും അന്വേഷിക്കുകയൊന്നുമില്ല. ഉതുപ്പാൻ നമ്മുടെ ആരുമായിരുന്നില്ലല്ലോ.

വര: മദനന്‍
ambikasutanmangad@gmail.com