റിച്ചുനില്ക്കുന്ന നരച്ച ഒറ്റമുടിയുടെ ക്ലോസപ്പിൽ വാർധക്യത്തിന്റെ എത്തിനോട്ടംകണ്ട്‌ അന്ധാളിക്കുകയും തുടർന്ന്‌ വ്യാകുലഭാവത്തോടെ സ്‌ക്രീനിൽനിന്നു നിഷ്‌ക്രമിക്കുകയും ചെയ്യുന്ന സിനിമാകഥാപാത്രങ്ങളെ ഓർത്തുകൊണ്ടാണ്‌ ദേവദാസ്‌ എന്നും രാവിലെ കണ്ണാടിനോക്കുന്നത്‌. നാല്പതിലേക്കു കാലെടുത്തുവെച്ചപ്പോൾ തുടങ്ങിയ ആധിയാണ്‌. നരച്ചോ, തൊലി ചുളിഞ്ഞോ, മുഖത്തിന്റെ തിളക്കം കുറഞ്ഞോ എന്നൊക്കെ സസൂക്ഷ്മം പരിശോധിച്ചാലേ ഇപ്പോഴയാൾക്ക്‌ തൃപ്തിവരാറുള്ളൂ. പ്രഭാതകൃത്യങ്ങൾക്കിടയിലെ അരമണിക്കൂർ കോൺഫിഡൻസ്‌ ബിൽഡിങ്ങിനായി അയാൾ മാറ്റിവെച്ചുകഴിഞ്ഞു.

തിങ്കളാഴ്ച രാവിലെ നാക്കുവടിക്കുമ്പോഴാണ്‌ അയാളുടെ ഉള്ളുലച്ച ആ ‘പാട്‌’ കണ്ടത്‌. വലത്തേ കടവായയ്ക്കും താടിക്കുമിടയിൽ ഒരു തിണർപ്പുപോലെ. ഇന്നലെ വെയിലുകൊണ്ടപ്പോൾ അവിടെ ചൊറിച്ചിലുണ്ടായിരുന്നുവെന്ന്‌ അയാൾ ഓർത്തു. വാഷ്‌ബേസിനിൽ കാറിത്തുപ്പി വായകഴുകിയശേഷം അയാൾ ഭാര്യയെ വിളിച്ചു. പുട്ടിനൊപ്പം ആവികയറി വേവുന്ന അവൾ എന്തായെന്തായെന്ന്‌ ഓടിയെത്തി.

‘‘ദേ, ഇവ്‌ടെ നോക്കിയേ...’’ ചൂണ്ടുവിരൽകൊണ്ട്‌ പാടിൽ തൊട്ടശേഷം: ‘‘ഇവ്‌ടെ എന്തെങ്കിലും കാണ്‌ന്ന്‌ണ്ടാ?’’
അവൾ കണ്ണു കൂർപ്പിച്ചു: “ഇല്ലല്ലാ... ന്തേ?’’

അയാൾ വീണ്ടും കണ്ണാടിയെ ആശ്രയിച്ചു. ഭാര്യ സാരിത്തുമ്പുകൊണ്ട്‌ മൂക്കുതുടച്ച്‌ ഭർത്താവിനെ ഒന്നു ലേസർ സ്കാൻ ചെയ്തശേഷം ‘‘ദേ, സമയം ആറര ആയിട്ടാ, ബേം നോക്ക്‌! ട്രെയിനയിന്റെ പാട്ടിന്‌ പോവുംട്ടോ...’’ എന്ന്‌ ഓർമിപ്പിച്ചു.അയാൾ ചുമർക്ലോക്കിൽ നോക്കി. കോളേജിലെ വലിയ ക്ലോക്കിനു താഴെ പ്രതിഷ്ഠിച്ച പഞ്ചിങ്‌മെഷീനെ ഓർത്തു. എന്നിട്ടും എന്തൊക്കെയോ വാരിത്തിന്ന്‌ ബാഗുമെടുത്ത്‌ സ്കൂട്ടറിൽ കയറി റെയിൽവേസ്റ്റേഷനിലേക്കു പായും മുമ്പ് മുഖത്ത്‌ കാലിഞ്ചുകനത്തിൽ പൗഡർ തേച്ചുപിടിപ്പിക്കാനും കക്ഷത്തിൽ സ്‌പ്രേയഭിഷേകം ചെയ്യാനും മറന്നില്ല.

ആദ്യത്തെ ക്ളാസിൽ പോകുംമുമ്പ്‌ മുടി ചീകിവെയ്ക്കാൻ ഒന്നു കണ്ണാടിനോക്കിയതാണ്‌ വീണ്ടും പ്രശ്നമായത്‌. പലതവണ മുഖം തിരുമ്മിയും ഞെരടിയും അയാൾ ആ തിണർപ്പിനെ കൈകാര്യംചെയ്തിട്ടും ഗുണമുണ്ടായില്ല. അറച്ചറച്ചാണ്‌ ക്ളാസിലേക്കു നടന്നത്‌.  ‘ആഗോള കോർപ്പറേറ്റ്‌ അധിനിവേശവും മലയാളി നാഗരിക ജീവിതവും’ എന്ന വിഷയത്തിൽ തിസീസ്‌ തയ്യാറാക്കാൻ രണ്ടുവർഷംമുമ്പ്‌ ഏതാനും ആഴ്ചകൾ തുടർച്ചയായി ഉറക്കമൊഴിച്ചതിന്റെ ഫലമായി കൺതടങ്ങളിൽ വ്യാപിച്ച കറുപ്പിനെക്കുറിച്ച്  ആ നടപ്പിൽ അയാളോർത്തു. രണ്ടുരണ്ടര മാസം ഫെയർ ആൻഡ്‌ ലവ്‌ലി തേയ്ക്കേണ്ടിവന്നു. അക്കാലത്തനുഭവിച്ച മാനസിക സംഘർഷം ചില്ലറയല്ല. ഓരോരുത്തനും ഓരോന്നു ചോദിക്കും. കമന്റിടും. വെർബൽ ടോർച്ചറിങ് തന്നെ. 

ക്ളാസു കഴിഞ്ഞിറങ്ങി അയാൾ നേരേ നടന്നത്‌ ബാത്ത്‌റൂമിലേക്കാണ്‌. വാതിലടച്ച്‌ കുറ്റിയിട്ട്‌ പോക്കറ്റിൽനിന്ന്‌ മൊബൈൽഫോണെടുത്ത്‌ ടൈറ്റ്‌ ക്ലോസപ്പിൽ രണ്ടുമൂന്നു സെൽഫി പകർത്തി. തേച്ചും തോണ്ടിയും ഇമേജുകൾ പല വലിപ്പത്തിലാക്കി നിരീക്ഷിച്ചു. പാടുകൾ പടരുന്നുണ്ടോ? സഹപ്രവർത്തകരും കുട്ടികളും ഇനി ഓരോന്നു ചോദിക്കും. മുൻകാല അനുഭവംകൂടി തികട്ടിക്കയറിവന്നതോടെ അയാൾ വല്ലാതെ അസ്വസ്ഥനായി. പഞ്ചിങ്‌ ടൈമാകുംവരെ ഇതിനാത്തുതന്നെ ഇരുന്നാലോ എന്നുപോലും ചിന്തിച്ചു. തുടർന്നുള്ള ക്ലാസുകളിൽ പോകാതെ തൂവാലകൊണ്ട്‌ മുഖം തുടച്ചും മറച്ചും ദേവദാസ്‌ ഡിപ്പാർട്ടുമെന്റിൽതന്നെ പമ്മിയിരുന്നു.

മിസ്സുമാരിൽ സുന്ദരിയും ഫാഷണബിളുമായ ഡയാനക്കൊച്ച്‌ കൂടെക്കൂടെ തലയുയർത്തിനോക്കുന്നതിൽ വല്ല അപാകവും... ഏയ്‌, ഉണ്ടെങ്കിൽ ഡാറ്റ ഓണാക്കുമ്പോൾ ഇരമ്പിക്കയറുന്ന വാട്‌സ്‌ാപ്പ്‌ സന്ദേശങ്ങൾപോലെ ചറപറാ ചോദ്യങ്ങൾ വന്നേനെ. പിംപിൾ തങ്കമെന്നു വിളിച്ച്‌ കളിയാക്കാറുള്ള തങ്കമണി ടീച്ചറുടെ മുഖത്തെങ്ങനെ ഇനി നോക്കും? ഹസ്തരേഖാ വിദഗ്‌ധനായ പുരുഷുസാറെക്കണ്ട്‌ ഒന്നു മുഖലക്ഷണം നോക്കിച്ചാലോ? ‘കഷ്ടകാലം വരുമ്പോഴാ കരിമങ്ങലം കേറ്വാ’ന്ന്‌ അമ്മ പറയാറുണ്ട്‌. വൈകിക്കൂടാ. നാളെത്തന്നെ സ്കിൻ സ്പെഷലിസ്റ്റിനെ കാണിക്കണം. 

‘ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അപ്ലൈഡ്‌ ഡർമറ്റോളജി’യിലെ അതിപ്രഗല്ഭ ഡോക്ടറെത്തന്നെ ഗൂഗിൾ അയാൾക്ക്‌ നിർദേശിച്ചു. ഒരാഴ്ചകഴിഞ്ഞേ ഡേറ്റുള്ളൂ. എന്നാലും സാരമില്ല. ലീവെടുത്തു വീട്ടിലിരിക്കാം ഒരാഴ്ച.ഊണും ഉറക്കവുമില്ലാതെ, നനയ്ക്കാതെ, കുളിക്കാതെ  കണ്ണാടികൾക്കു മുന്നിൽനിന്ന്‌ കോപ്രായം കാട്ടുന്ന ഭർത്താവിനെ ഭാര്യ സഹതാപത്തോടെ നോക്കി. വട്ടായോ എന്നു ശങ്കിച്ച്‌ മനസ്താപംകൊണ്ടു. അയാളാകട്ടെ തന്റെ സുന്ദരമുഖം കലകളുടെ ഭൂപടമായി പരിണമിക്കുന്നതു സങ്കല്പിച്ച്‌ ചകിതനായി. ഭാര്യ മിക്സിയിലരച്ചുകൊടുത്ത കസ്തൂരിമഞ്ഞളും രക്തചന്ദനവും പുരട്ടിനോക്കിയെങ്കിലും അതുകൊണ്ടൊന്നും ഒരു ഗുണവുമില്ലെന്ന്‌ അയാൾ വിലയിരുത്തി.

അങ്ങനെ ഏഴു ദിവസമായി ക്യൂവിലായിരുന്ന അയാളുടെ ഊഴമെത്തി. ഉച്ചമുതൽ ഡോക്ടറുടെ പരിശോധനാമുറിക്കു പുറത്ത്‌ തന്നാലാവുംവിധം വിറളിപിടിച്ചിരുന്ന അയാളുടെ ജാതകം മൊത്തം ‘അണ്ടർസർവയലൻസ്‌’ ഒപ്പിയെടുത്ത്‌ ഡാറ്റകളാക്കി സെർവറിൽ സംഭരിച്ചു. കൃത്യം 4.10-ന്‌ അയാളുടെ ടോക്കൺനമ്പർ തെളിഞ്ഞു. അപ്പോൾ പുറത്തിറങ്ങിയ ആളെ തള്ളിമാറ്റി ദേവദാസ്‌ ക്യാബിനിലേക്കു കുതിച്ചു.ഹൈടെക്‌ സംവിധാനങ്ങളുള്ള പരിശോധനാമുറിയിലെ ഉയർന്ന സിംഹാസനത്തിൽ ഡോക്ടർ ഉദ്ധൃതനായി ചാരിയിരിക്കുന്നു. വെളുത്തുതുടുത്തു ഡോക്ടറുടെ മുന്നിലിരുന്നപ്പോൾ അയാൾക്ക്‌ കടുത്ത അപകർഷതതോന്നി. എങ്കിലും തനിക്കു ലഭിക്കാൻപോകുന്ന ഗംഭീര ചികിത്സയെപ്പറ്റി ഓർത്ത്‌ സമാധാനിച്ചു.

ഒറ്റവീർപ്പിൽ ദേവദാസ്‌ പറഞ്ഞുതീർത്ത ആവലാതികളെല്ലാം ഇടതുമുഷ്ടിയിൽ വലതുകൈവിരൽകൊണ്ട്‌ താളമിട്ടാണ്‌ ഡോക്ടർ കേട്ടത്‌. ഹൃദ്യമായി പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു: “കൺതടത്തിലെ കറുപ്പുമാറ്റാൻ കൂളിങ്‌ഗ്ളാസ്‌ വെച്ചിരുന്നല്ലേ?’’
‘‘അതേ ഡോക്ടർ 
എഫ്‌ആൻഎല്ലും. പുരട്ടി...’’
‘‘നിങ്ങൾ കഴിഞ്ഞയാഴ്ച അതായത്‌ 26-നും 29-നും വീട്ടുതൊടി കിളച്ചുമറിച്ചിരുന്നു. ല്ലേ...?’’
‘‘യെസ്‌ ഡോക്ടർ. പക്ഷേ അതെങ്ങനെ മനസ്സിലാക്കി?’’, അയാൾ ആശ്ചര്യപ്പെട്ടു.
 ‘‘ഗുഡ്‌’’, ഡോക്ടർ അമർത്തിമൂളി. ദേവദാസിനെ കർക്കശമായി നോക്കി.
‘‘അല്ലാ ഡോക്ടർ, അത്‌ കുറച്ച്‌ പച്ചക്കറി നടാൻ...’’, അയാൾ പരുങ്ങി. ഡോക്ടറുടെ മുഖത്ത്‌ 
പെട്ടെന്ന്‌ ഗൗരവം നിറഞ്ഞു: ‘‘പച്ചക്കറിക്കെന്നല്ല പച്ചച്ചോറിനും നിങ്ങളിനി വിയർക്കരുത്‌... വെയിലുകൊള്ളരുത്‌... ഉം?’’
‘‘എന്താണു സാർ പ്രശ്നം?’’ ദേവദാസിനു വേവലാതിയായി. ചോദ്യം ഗൗനിക്കാതെ ഡോക്ടർ ഇളകിയിരുന്നു. പിന്നെ ഒരു വിടന്റെ ചിരിയൊടെ: ‘‘എങ്ങനെ, സോഷ്യൽ മീഡിയയിലൊക്കെ ഉഷാറാണല്ലോ അല്ലേ?’’
‘‘അതെ സാർ...’’
‘‘അപ്പോ നമുക്കൊന്നു വെളുക്കണ്ടേ...?’’ ഡോക്ടറുടെ വല്ലാത്ത നോട്ടംകണ്ട്‌ ദേവദാസ്‌ പരിഭ്രമിച്ചു. ‘‘വേണം സാർ വേണം...’’
 ഡോക്ടർ അലസമായി പ്രിസ്‌ക്രിപ്‌ഷൻ ടൈപ്പുചെയ്തു. ‘‘വിയർക്കുന്നവർക്കുണ്ടാകുന്ന പൂപ്പൽ ബാധയാണിത്‌. ബ്രൗൺ നിറക്കാർക്കുള്ള കോമൺ പ്രോബ്ളമാണ്‌...’’ ഡോക്ടർ മധുരമായി പറഞ്ഞുതുടങ്ങി: ‘‘മുഖം പഴയപോലെ സുന്ദരമാക്കാൻ രണ്ട്‌ ‘ആപ്പ്‌’ എഴുതിയിട്ടുണ്ട്‌. പിന്നെ ഒരു മാസ്കും. ലൈക്ക്‌ സൺഗ്ളാസ്‌, മുഖത്തു കൂളിങ്‌ കിട്ടും. അതെപ്പോഴും ധരിക്കണം. ദെൻ, കോസ്‌മെറ്റിക്സ്‌... നിങ്ങളുടെ പഴയ ബ്രാൻഡെല്ലാം മാറ്റണം. ലിസ്റ്റ്‌ ഇതിലുണ്ട്‌...’’
‘‘ഡോക്ടർ... മരുന്ന്‌?’’
‘‘ഓ, മെഡിസിൻ... എല്ലാമുണ്ട്‌. നെയിൽറ്റു ഹെയർ നിങ്ങളുടനേ വെളുക്കും. ‘‘യുവിൽ ബിക്കം ഹാൻഡ്‌സംയാർ...’’ ഡോക്ടർ അപ്രതീക്ഷിതമായി പൊട്ടിച്ചിരിച്ചു: “ഓക്കെയോക്കേ... ടേക്‌കെയർ!’’ 
ഡോക്ടറുടെ പൊട്ടിച്ചിരിയുടെ പ്രകമ്പനം തീരുന്നതിനുമുമ്പ്‌ കുനിഞ്ഞു നന്ദിപറഞ്ഞശേഷം മനസ്സമാധാനത്തോടെ ദേവദാസ്‌ എഴുന്നേറ്റു. വാതിൽ തുറക്കുമ്പോൾ എന്തോ അങ്കലാപ്പിൽ തട്ടി ഒരുമാത്ര നിന്നുപോയ അയാളെ വലിച്ചുമാറ്റി അടുത്ത ടോക്കൺ നമ്പർ അകത്തേക്കു കുതിച്ചു.