റാമിന്ദ്രിയം തുറന്നുവെച്ചാണ്‌ അയാളിപ്പോൾ അവളെ നിരീക്ഷിക്കുന്നത്‌.നേർക്കുനേരേ നിന്നാൽപ്പോലും അയാളെ അവൾ കാണുകയില്ല. അവളുടെ കണ്ണുകളിലെ തിളക്കം അയാൾക്ക്‌ അപരിചിതമാണ്‌. ചുണ്ടുകളിൽ വെറുതെയൂറുന്ന മന്ദസ്മിതം അയാളെ പരിഭ്രാന്തനാക്കുന്നുണ്ട്‌. കാലുകൾ നിലംതൊടാതെ അവൾ വീടാകെ ഒഴുകിപ്പരക്കുന്നത്‌ അയാളെ അമ്പരപ്പിക്കുകയും ചെയ്യുന്നു. മുമ്പത്തേക്കാളും സ്വാദിഷ്ഠമായ വിഭവങ്ങളാണ്‌ തീൻമേശയിൽ നിരക്കുന്നത്‌. അലക്കിത്തേച്ച്‌ കബോഡിൽവെയ്ക്കുന്ന ഷർട്ടിനും മുണ്ടിനും അപൂർവമായ ഒരു സുഗന്ധമാണ്‌.പക്ഷേ, ഇതൊന്നും അയാൾക്കുവേണ്ടിയല്ല അവൾ ചെയ്യുന്നത്‌. വേറെ ആർക്കോവേണ്ടി.

ആരാണയാൾ?
ബാങ്കിൽനിന്ന്‌ കടുത്ത ക്ഷീണവും തലവേദനയുമായി സന്ധ്യക്ക്‌ വീട്ടിൽവന്നുകയറുന്ന ഭാര്യ എങ്ങോ അപ്രത്യക്ഷയായിരിക്കുന്നു. പകരം ഒരു കാമുകിയായാണ്‌ പേടമാൻ കുതിപ്പിൽ അവൾ വാതിൽകടന്നെത്തുക.
ആരാണാ കാമുകൻ?

ഏറെ തലപുകച്ചിട്ടും ഉത്തരംകിട്ടാഞ്ഞ്‌ അയാൾ അവളോടു പറഞ്ഞു:
‘‘നിന്റെ മാനസികനില ആകെ തകരാറിലാണ്‌. നമുക്കൊരു മനോരോഗവിദഗ്ധനെക്കാണാം.’’
അവളുടെ കണ്ണുകളിലെ തിളക്കം തീക്ഷ്ണമാവുകയും മന്ദസ്മിതത്തിന്‌ മൂർച്ചയേറുകയും ചെയ്യുന്നതുകണ്ട്‌ അയാൾ ക്ഷുഭിതനായി. അവളെ വലിച്ചിഴച്ച്‌ അയാൾ മനോരോഗവിദഗ്‌ധന്റെ മുന്നിലെത്തിച്ചു.
ഒരു ഇരപിടിയന്റെ ഉത്സാഹത്തോടെ കസേരയിൽനിന്ന്‌ മുന്നോട്ടാഞ്ഞ വിദഗ്‌ധന്റെ കണ്ണുകളിൽ തറപ്പിച്ചുനോക്കി അവൾ ചോദിച്ചു.
‘‘മനോനില തകരാറിലായ ഒരാൾക്ക്‌ ബാങ്കോഫീസറു​േടതുപോലെ ഉത്തരവാദിത്വമുള്ള ജോലിയിൽ തുടരാൻ കഴിയുമെന്ന്‌ താങ്കൾക്ക്‌ തോന്നുന്നുണ്ടോ?’’
തുടരൂ എന്ന്‌ ശിരസ്സ്‌ ചലിപ്പിച്ച്‌ വിദഗ്‌ധൻ പിന്നോട്ടുചാഞ്ഞു.

apadhasancharikalkku oru kaippusthakamഎപ്പോൾ വേണമെങ്കിലും പൊട്ടിച്ചിരിയിലേക്കു വീണുപോകാവുന്ന ശബ്ദത്തിൽ അവൾ തുടർന്നു: ‘‘മലയാളം വാധ്യാന്മാരെപ്പോലെ ആനബോറന്മാർ ഈ ഭൂമിയിൽ വേറെയില്ല. വ്യാകരണകാരന്മാരാണെങ്കിൽ പറയാനുമില്ല. എട്ടക്ഷരമുള്ള അനുഷ്‌ടുപ്പ്‌ വൃത്തത്തിലാണ്‌ ഈ വിദ്വാൻ കിടപ്പറയിലേക്ക്‌ പ്രവേശിക്കുന്നതുതന്നെ. എന്നെ തൊടുന്നപാടെ രം നരം ല ഗുരുവും രഥോദ്ധതാ എന്നാവും. പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദ്ദൂലവിക്രീഡിതം എന്ന്‌ കടിച്ചുകുടയും. ‘യ’കാരങ്ങൾ നാലോ ഭുജംഗപ്രയാതം എന്ന്‌ ബാത്‌റൂമിലേക്ക്‌ പോവുകയും ചെയ്യും. ഇനി, വീട്ടുകാര്യങ്ങളെന്തെങ്കിലും ചെയ്യുമ്പോഴോ? മന്ദാക്രാന്താ മഭനതതംഗം നാലുമാറേഴുമായ്‌ഗം എന്ന മട്ട്‌! ഇങ്ങനെയൊരുത്തന്റെ കൂടെ പൊറുക്കുമ്പോൾ ഭ്രാന്തു
പിടിക്കാതിരിക്കാൻ ഒരു പാവം പെണ്ണിന്‌ സ്വപ്നങ്ങളിൽച്ചെന്ന്‌ പാർക്കുകയല്ലാതെ മറ്റെന്താണ്‌ ചെയ്യാൻ കഴിയുക?’’