പ്രഭാതംഗേറ്റ്‌ കടന്ന് മുറ്റത്തെത്തും മുമ്പ് അയാൾ മക്കളെ വിളിച്ചുണർത്തി. അടുക്കളയിലേക്കുള്ള പാസേജിൽവെച്ച് അവർ അവളെ തടഞ്ഞു.

‘ഗോ ബാക്ക്    ഗോബാക്ക്...പ്രെറ്റി ലവ്‌ലി മം...’, തങ്ങൾ തന്നെ ഉണ്ടാക്കിയ  നേഴ്‌സറി റൈം താളത്തിൽ ചൊല്ലിക്കൊണ്ട് അവർ അവളെ തിരികെ ബെഡ്‌റൂമിലേക്ക് തള്ളിക്കയറ്റി.

‘ഇന്ന് മദേഴ്‌സ് ഡേയാ... പണിയെല്ലാം  ഞങ്ങൾ ചെയ്യും. അമ്മ വെറുതേ ഇരുന്നാൽ മതി, അല്ലേ അച്ഛാ...’, മൂത്തവൻ പറഞ്ഞു.
 ‘ഉം’, അയാൾ പിന്താങ്ങി.

അവളതിനെ പുച്ഛിച്ചു തള്ളി: ‘ഉവ്വുവ്വ്....കാണാം.’

പിന്നെ അവർ മൂവരും ഒരു കലാസംഘത്തിന്റെ നാടകീയതയോടെ അടുക്കളയിലേക്ക്‌ നടന്നു. അടുക്കളയിൽ പാത്രം കലമ്പുന്നതിന്റെ ഒച്ചയും കുട്ടികളുടെ പൊട്ടിച്ചിരികളും അവൾ കേട്ടു. താനും അടുക്കളയിൽ ഉണ്ടായിരുന്നെങ്കിലെന്ന് അവൾ തീവ്രമായി ആഗ്രഹിച്ചു. ഒരുപക്ഷേ, ജീവിതത്തിലാദ്യമായി.

‘അമ്മേ....ചായ....’ മൂത്തവൻ ആവി പറക്കുന്ന ചായക്കപ്പ് അവൾക്ക് നീട്ടി.
‘അമ്മ പത്രം വായിച്ചോണ്ടിരുന്നോട്ടോ’ പത്രം നീട്ടിക്കൊണ്ട്  ഇളയവൾ പറഞ്ഞു. 
‘അച്ഛനും മക്കളുംകൂടി എന്താ അടുക്കളയിൽ പണി?’, അവൾ ചോദിച്ചു.  ചൂണ്ടുവിരൽ ചുണ്ടിൽവെച്ച് അനുജത്തി ചേട്ടനെ നോക്കി.
‘അമ്മ ഒന്നുമറിയണ്ട. ഇന്ന് മദേഴ്‌സ് ഡേയാ...’ അവൻ പറഞ്ഞു.

‘ഓ’... അവൾ പരിഹാസത്തോടെ മുഖം വെട്ടിച്ചു.
വാതിലടച്ചുകൊണ്ട് കുട്ടികൾ പോയി.
അവൾ പത്രമെടുത്ത് മറിച്ചു നോക്കി.

പത്രമെന്നത് മരവിച്ച കുറേ അക്ഷരങ്ങൾ മാത്രമാണെന്ന് അവൾക്ക് തോന്നി. അടക്കിപ്പിടിച്ച ചില ഒച്ചകളല്ലാതെ അപ്പുറത്തുനിന്ന് മറ്റൊന്നും വേർതിരിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും അവൾക്കു കഴിഞ്ഞില്ല.
‘ബ്രേക്ഫാസ്റ്റ്‌ റെഡി’ 
വാതില്ക്കൽ കോറസ്.

മകനും മകളും ഇരുകൈകളിലും പിടിച്ച് ഏതാണ്ട് വലിച്ചുകൊണ്ടുപോകുംമട്ടിലാണ് അവളെ തീൻമുറിയിലേക്ക് ആനയിച്ചത്. തീൻമുറി ആകെ അലങ്കരിച്ചിരുന്നു. തൂങ്ങിക്കിടക്കുന്ന വർണനാടകൾക്കിടയിൽ പലതരം ബലൂണുകൾ. ‘ഹാപ്പി മദേഴ്‌സ് ഡേ’ എന്ന് തിളങ്ങുന്ന ആശംസകൾ ചുവരിലാകെ. മേശയിലെ ഫ്ളവർ വേസിൽ അവൾക്കിഷ്ടപ്പെട്ട പൂക്കൾ.
ഭർത്താവ് അഭിമാനപൂർവം അവളെ നോക്കി ചിരിച്ചു. അമ്പരപ്പിനെ ചെറിയൊരു പരിഹാസഭാവംകൊണ്ട് മറികടക്കാൻ ശ്രമിക്കുകയായിരുന്നു അവൾ.

‘അമ്മയ്ക്ക് ഭക്ഷണം വിളമ്പിക്കൊടുക്ക്’, അയാൾ മകനോടു പറഞ്ഞു.
പ്ലേറ്റിൽ എടുത്തുവെച്ച ദോശയ്ക്കുമേൽ അല്പം ചമ്മന്തിയൊഴിച്ചുകൊണ്ട് മകൻപറഞ്ഞു: ‘ചമ്മന്തിക്ക് ഉപ്പ്‌ കൂടുതലുണ്ടോ എന്നൊരു സംശയം’ 

അവൻ ചമ്മന്തിയിൽ വിരൽ മുക്കി നാവിൽവെച്ച് ഉപ്പ്‌ രുചിക്കുന്നതായി ഭാവിച്ചു.
‘സാരമില്ല. എരിവ്‌ കുറയ്ക്കാൻ ഉപ്പ്‌ നല്ലതാ’, അയാൾ പറഞ്ഞു.
ചായഗ്ലാസ് അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് മകൾ പറഞ്ഞു: ‘അമ്മേ ചായ.’

അവളിരുന്ന കസേരയുടെ രണ്ടുവശങ്ങളിലും കുട്ടികൾ നിന്നു. മുന്നിൽ മറ്റൊരു കസേരയിൽ അയാൾ. അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു അവർ. ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുരുങ്ങി.

എത്ര അമർത്തിയിട്ടും അത് പുറത്തുചാടുകയും മുറിച്ചെടുത്ത ദോശ പാത്രത്തിൽ തിരികെയിട്ട് അവൾ ബെഡ്‌റൂമിലേക്ക് ഓടുകയും ചെയ്തു.
കിടക്കയിൽ കമിഴ്ന്നുകിടന്ന് വരമ്പുകളത്രയും തകർക്കുന്ന പ്രവാഹങ്ങളെ അമർത്താൻ അവൾ പണിപ്പടുമ്പോൾ അച്ഛനും മക്കളും പരസ്പരം നോക്കി.

അവർക്ക് മനസ്സിലായതേയില്ല അവൾ എന്തിനാണ് കരയുന്നതെന്ന്.
അവർക്കുമാത്രമല്ല, ലോകത്തിന് മുഴുവനും. 


vpalias2@gmail.com