വസാനത്തെ കോരുകോരിനിവർന്ന്‌, ഇരുട്ടിൽനിന്നും മഞ്ഞവെളിച്ചത്തിലേക്ക്‌ അയാൾ ശ്വാസംവിട്ടു. വശങ്ങളിലേക്ക്‌ വാരിക്കേറ്റിയ ചെളിയിൽ കൈത്തൂമ്പകുത്തി റോഡിലേക്ക്‌ കയറുമ്പോൾ വേദനയുള്ള വലതുകാലിൽത്തടഞ്ഞ വസ്തു ഇടംകൈ കൊണ്ടാണ്‌ വലിച്ചെടുത്തത്‌.

ടാപ്പിലെ നൂലുവെള്ളത്തിൽ കൈകാലുകളോടൊപ്പം അയാളതും വെടിപ്പാക്കി. അധികം പഴക്കമില്ലാത്ത വിലകൂടിയ ഒന്ന്‌. ഏതോ ഫ്ളാറ്റിന്റെ കൈവരിയിൽ കഴുകിയുണക്കാനിട്ടവയിൽനിന്നു കാറ്റ്‌ കൊണ്ടുവന്ന്‌ പൂഴ്‌ത്തിയതാകാം.

കാലുവലിച്ച്‌ നിരങ്ങിനിരങ്ങി ചെല്ലുമ്പോഴേക്കും വിളക്ക്‌ കെടാറായിരുന്നു. കീറിത്തുന്നിയ ടാർപ്പോളിൻ കൂരയ്ക്ക്‌ കാറ്റുപിടിക്കുകയും താഴെ കുതിച്ചൊഴുകുന്ന കറുത്ത ജലത്തിന്‌ കുറുകെ എലികൾ കൂട്ടമായി പായുകയും ചെയ്തു. ചാക്കുതുണ്ടിൽ അവൾ കമിഴ്‌ന്നുകിടന്നുറങ്ങുന്നു.

ആ തള്ള ഇതെവിടെപ്പോയെന്ന്‌ വ്യാകുലതയെ അടക്കിവെച്ച്‌, നിഴൽകൊണ്ടുപോലും ഉണർത്താതെ മെല്ലെ അടുത്തുചെന്ന്‌, അവൾക്കുമുകളിലായി അയാളത്‌ അരുമയോടെവെച്ചുനോക്കി. ശരിക്കും അളവെടുത്ത്‌ തുന്നിയതുപോലെയുണ്ട്‌.  മഞ്ഞനിറമുള്ള കുഞ്ഞുഫ്രോക്ക്‌.

n4nidee@gmail.com