താടിക്ക് തീപിടിച്ചപ്പോള്‍

ഒരു സന്ന്യാസിക്ക് മൂന്ന് ശിഷ്യരുണ്ടായിരുന്നു. മൂന്നുപേരില്‍ ആരാണ് വിശ്വസ്തനായ ശിഷ്യന്‍? ഒരു പരീക്ഷണം നടത്തി അത് മനസ്സിലാക്കാന്‍ സന്ന്യാസി തീരുമാനിച്ചു.
'നിന്റെ താടിക്കും എന്റെ താടിക്കും ഒരേസമയത്ത് തീപിടിക്കുന്നു. ആരുടെ താടിയിലെ തീയണയ്ക്കാനാണ് നീ ആദ്യം ശ്രമിക്കുക?' സന്ന്യാസി ചോദിച്ചു.
ആദ്യത്തെ ശിഷ്യന്‍ പറഞ്ഞു. 'ചുമരുണ്ടെങ്കിലല്ലേ ചിത്രംവരയ്ക്കാന്‍ പറ്റൂ. അതുകൊണ്ട് ആദ്യം എന്റെ താടിയിലെ തീയണച്ചശേഷം പിന്നീട് താങ്കളുടെ താടിയിലെ തീയണയ്ക്കും.'
രണ്ടാമത്തെ ശിഷ്യന്‍ പറഞ്ഞു: 'താങ്കളുടെ താടിയിലെ തീയണയ്ക്കലാണ് എന്റെ ആദ്യത്തെ കടമയെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
മൂന്നാമത്തെ ശിഷ്യന്‍ മുമ്പോട്ടുവന്ന് പറഞ്ഞു: 'ഞാന്‍ എന്റെ ഒരു കൈകൊണ്ട് എന്റെ താടിയിലെ തീയും മറ്റൊരു കൈയാല്‍ താങ്കളുടെ താടിയിലെ തീയും അണയ്ക്കും.'
മൂന്നാമത്തെ ശിഷ്യനാണ് വിശ്വസ്തന്‍ എന്നുമനസ്സിലാക്കി സന്ന്യാസി അവനെ തന്റെ പിന്‍ഗാമിയാക്കി.
പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

കാരുണ്യം

രണ്ട് മുതിര്‍ന്നവര്‍ തെരുവിലൂടെ നടന്നുപോയിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരാളുടെ കാലുതട്ടി വഴിയില്‍ കിടന്നിരുന്ന ഒരു മണ്‍പാത്രം ഉടഞ്ഞുപോയി. അതുകണ്ട് മറ്റേയാള്‍ മോഹാലസ്യപ്പെട്ട് വീണു. ആദ്യത്തെയാള്‍ ഉടന്‍തന്നെ വെള്ളമെടുത്ത് മുഖത്തുതളിച്ച് എഴുന്നേല്പിച്ചു.
അതുമാത്രമല്ല! വളരെ ഭവ്യതയോടെ അയാള്‍ ചോദിച്ചു: ''എന്തുപറ്റി? എന്താണ് വീഴാന്‍ കാരണം?''
'താങ്കളുടെ കാലുതട്ടി ഭംഗിയുള്ള മണ്‍പാത്രം ഉടഞ്ഞ് ചിതറിപ്പോയില്ലേ! അതുകണ്ടപ്പോള്‍ സഹിക്കാനായില്ല' എന്ന് വീണയാള്‍ പറഞ്ഞു.
ജനങ്ങളോടും മൃഗങ്ങളോടും കാരുണ്യം കാണിക്കുന്നതു മാത്രമല്ല ജീവകാരുണ്യപ്രവര്‍ത്തനം എന്ന തത്ത്വത്തെ തന്റെ ശിഷ്യര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വള്ളാലര്‍ പറഞ്ഞ കഥയാണിത്.

മനഃസമാധാനം നഷ്ടപ്പെടുന്നത്

''സ്വാമീ, എന്റെയടുത്ത് ധാരാളം പണമുണ്ട്. പക്ഷേ, മനഃസമാധാനമില്ല. എന്താണുകാരണം?'' പണക്കാരനായ ഒരാള്‍ സന്ന്യാസിയോട് ചോദിച്ചു.
സന്ന്യാസി ഉത്തരമൊന്നും പറഞ്ഞില്ല. ഒരു കുട്ടിയെ അരികിലേക്കുവിളിച്ച്, ഒരു പഴമെടുത്തുകൊടുത്തു. വലതുകൈകൊണ്ട് കുട്ടി അതുവാങ്ങി. വീണ്ടും ഒരു പഴമെടുത്തുകൊടുത്തു. കുട്ടി ഇടതുകൈ നീട്ടി വാങ്ങി. വീണ്ടും ഒരു പഴംകൂടി കൊടുത്തു. ആദ്യത്തെ രണ്ടുപഴങ്ങളെയും മാറോടുചേര്‍ത്തുപിടിച്ചുകൊണ്ട് മൂന്നാമത്തെ പഴം വാങ്ങാന്‍ കുട്ടി ശ്രമിച്ചു. പഴം താഴെവീണു. വീണപഴത്തിനെ നോക്കി കുട്ടി കരഞ്ഞു.
സന്ന്യാസി പണക്കാരനോട് പറഞ്ഞു: ''രണ്ടുപഴംമാത്രം മതിയെന്ന് കുട്ടി തീരുമാനിച്ചിരുന്നെങ്കില്‍ ഇങ്ങനെ കരയേണ്ട ആവശ്യം വരുമായിരുന്നോ? മനസ്സ് തൃപ്തമായാല്‍ പിന്നെ ഒരു പ്രശ്‌നവുമുണ്ടാവില്ല. സമാധാനം കിട്ടുകയുംചെയ്യും.''

തെളിഞ്ഞ വെള്ളം

ഗംഗയുടെ തീരത്ത് ഒരു മഠമുണ്ടായിരുന്നു. തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ മഠാധിപതി ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. ചെറിയ ചെറിയ പരീക്ഷണങ്ങള്‍ നടത്തിയശേഷം മൂന്നുശിഷ്യരെ അവസാനത്തെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തുരാമതീര്‍ഥന്‍, കൃഷ്ണാനന്ദന്‍, കേശവദാസന്‍. അവരോട് നിങ്ങള്‍ ഓരോരുത്തരായി തനിച്ചുചെന്ന് ഗംഗയില്‍നിന്ന് തെളിഞ്ഞ ശുദ്ധമായ വെള്ളം കൊണ്ടുവരൂ എന്ന് മഠാധിപതി പറഞ്ഞു.
cheriya-cheriya-athmeeyakathakalമൂന്നുപേരും പോയി വെള്ളം കൊണ്ടുവന്നു. 'തെളിഞ്ഞവെള്ളം എങ്ങനെയെടുക്കാനായി' എന്ന് മഠാധിപതി ചോദിച്ചു.
രാമതീര്‍ഥന്‍ പറഞ്ഞു: ''കൈകൊണ്ട് വെള്ളത്തെ തേവിത്തേവി
ഒതുക്കി കുറച്ചുകുറച്ചായി പാത്രത്തില്‍ ശേഖരിച്ചു.''
കൃഷ്ണാനന്ദന്‍ പറഞ്ഞു: ''പാത്രത്തില്‍ വെള്ളം നിറച്ചശേഷം തുണികൊണ്ട് മൂടി അരിച്ചെടുത്തു.''
അവസാനം കേശവദാസന്‍ പറഞ്ഞു: ''ഗുരുവേ, പാത്രത്തെ ഗംഗയില്‍ മുക്കി വെള്ളമെടുത്തശേഷം സൂര്യവെളിച്ചം തട്ടാനായി കരയില്‍ വെച്ചു. എന്നിട്ട് കുറച്ചുനേരം ഗീത വായിച്ചു. വെള്ളം തെളിഞ്ഞതോടെ എടുത്തുകൊണ്ടുവന്നു.''
മഠാധിപതി കേശവദാസനെ തിരഞ്ഞെടുത്തു.
ഗീത വായിച്ചശേഷം തെളിഞ്ഞത് വെള്ളം മാത്രമാണോ?

മൗനവും ഒരു ഭാഷയാണ്

രമണമഹര്‍ഷിയെ ദര്‍ശിക്കാന്‍ കശ്മീരില്‍നിന്ന് ഒരു ഭക്തന്‍ വന്നിരുന്നു. കൂട്ടത്തില്‍ വേലക്കാരനുമുണ്ടായിരുന്നു. വേലക്കാരന് കശ്മീരിഭാഷ മാത്രമേ അറിയൂ.
ഒരുദിവസം രാത്രി ഹാളില്‍ വെളിച്ചം കുറവായിരുന്നു. ആകെയുണ്ടായിരുന്നത് ഒരേയൊരു ലാന്തര്‍ വിളക്കുമാത്രം. കശ്മീരില്‍നിന്നുവന്ന ഭക്തന്റെ വേലക്കാരന്‍ രമണമഹര്‍ഷിയുടെ മുമ്പില്‍ ചെന്നുനിന്ന് നമസ്‌കരിച്ചു. എന്നിട്ട് തനിക്കറിയാവുന്ന കശ്മീരിഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു. കുറച്ചുനേരം കഴിഞ്ഞ് വണങ്ങിയശേഷം പോവുകയും ചെയ്തു.
പിറ്റേദിവസം ഭക്തന്‍ മഹര്‍ഷിയോട് ചോദിച്ചു: ''താങ്കള്‍ക്ക് കശ്മീരിഭാഷ അറിയുമോ? എന്നോട് പറഞ്ഞില്ലല്ലോ.''
''നിന്റെ ഭാഷയില്‍ ഒരു വാക്കുപോലും സംസാരിക്കാന്‍ എനിക്കറിയില്ല. നീ എന്താണ് പറയുന്നത്?'' രമണമഹര്‍ഷി ചോദിച്ചു.
''ഇന്നലെ രാത്രി എന്റെ വേലക്കാരന്‍ തന്റെ ഭാഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താങ്കള്‍ അതേഭാഷയില്‍ സംസാരിച്ച് സംശയങ്ങളൊക്കെ തീര്‍ത്തതായി അവന്‍ പറഞ്ഞു.''
സത്യസന്ധമായ ആഗ്രഹത്തോടെ ഉത്തരം പ്രതീക്ഷിക്കുന്നവര്‍ക്ക് ജ്ഞാനികളുടെ മൗനംപോലും സംസാരഭാഷയാവുമെന്നതിന് ഈ സംഭവം ഒരു ഉദാഹരണമാണ്. മൗനവും ഒരു ഭാഷയാണ്.

സ്വന്തമായിട്ടുള്ളതെന്ത്?

ആ ദേശത്തിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും മഹാന്മാര്‍ വരികയും കുറച്ചുദിവസം താമസിച്ച് തിരിച്ചുപോവുകയും പതിവായിരുന്നു. അവരുടെ ഉപദേശങ്ങള്‍ മഹാറാണിയുടെ ചിന്തകളെ പ്രചോദിപ്പിച്ചു. മഹാറാണി ഒരു ജ്ഞാനിയാവുകയും ചെയ്തു. മാത്രമല്ല, രൂപം മാറാനുള്ള കഴിവും ആകാശത്തിലൂടെ പറക്കാനുള്ള സിദ്ധിയും നേടി.
മഹാരാജാവ് റാണിയുടെ അടുത്തുചെന്ന് പറഞ്ഞു: ''എനിക്കും നിന്നെപ്പോലെ ജ്ഞാനിയാവണമെന്നുണ്ട്. ഉപദേശം തരൂ.''
''താങ്കള്‍ക്ക് ഒന്നിലും വിരക്തിവന്നിട്ടില്ല,'' റാണി പറഞ്ഞു.
മഹാരാജാവ് തപസ്സിനായി കാട്ടിലേക്കുപോയി.
ഒരു യുവസന്ന്യാസിനിയുടെ വേഷത്തില്‍ റാണി അദ്ദേഹത്തിന്റെ മുമ്പില്‍ വന്നുനിന്നു. രാജാവിനത് മനസ്സിലായില്ല.
''നിന്റെ ഭാര്യ നിന്നോട് എല്ലാം ഉപേക്ഷിക്കാന്‍ പറഞ്ഞല്ലോ, ഉപേക്ഷിച്ചോ?'' യുവസന്ന്യാസിനി ചോദിച്ചു.
'എല്ലാം ഉപേക്ഷിച്ചു. ഇതാ ഈ ആശ്രമത്തെയും ഉപേക്ഷിക്കുന്നു' എന്നുപറഞ്ഞ് രാജാവ് ആശ്രമത്തെയും അതിലെ സാധനങ്ങളെയും അഗ്‌നിക്കിരയാക്കി.
''ഇതൊന്നും നിന്റെ സ്വന്തമല്ല. പ്രകൃതിയുടേതാണ്,'' സന്ന്യാസിനി പറഞ്ഞു.
'എങ്കില്‍ എന്റെ ദേഹത്തെ ത്യജിക്കാം' എന്നുപറഞ്ഞുകൊണ്ട് മഹാരാജാവ് തീയില്‍ ചാടാന്‍ തയ്യാറെടുത്തു.
''ദേഹം നിന്റെ സ്വന്തമൊന്നുമല്ല. അതിന്റെ അവകാശികള്‍ പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ്.''
''എങ്കില്‍ എന്താണ് എന്റെ സ്വന്തം?''
''നിന്റെ അഹങ്കാരം. അതിനെ ഉപേക്ഷിക്കുക. ഈ ലോകം നിങ്ങളുടെ കൈകളിലാണെന്ന് തോന്നുന്നത് അഹങ്കാരമുള്ളതുകൊണ്ടാണ്.''
''ഇതാ, ഞാന്‍ എന്റെ അഹങ്കാരത്തെയും ഉപേക്ഷിക്കുന്നു,'' മഹാരാജാവ് പറഞ്ഞു.
തന്റെ അഹങ്കാരത്തെ ഉപേക്ഷിച്ച് രാജാവ് ജ്ഞാനിയായിത്തീര്‍ന്നു.

ഗുരുവും ശിഷ്യനും

കരിങ്കുഴി എന്ന ഗ്രാമത്തില്‍ പിറന്ന രാമലിംഗസ്വാമികള്‍ കുട്ടിക്കാലത്ത് ചെന്നൈയിലുള്ള ജോര്‍ജ് ടൗണ്‍ ഏഴുകിണര്‍ ഭാഗത്തുള്ള ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു താമസം. ദിവസവും കുറച്ചകലെയുള്ള പുരശുവാക്കം എന്ന സ്ഥലത്തേക്ക് നടന്നുപോയാണ് പഠിച്ചിരുന്നത്.
തോന്നുമ്പോഴൊക്കെ സ്‌കന്ദസ്വാമി (സുബ്രഹ്മണ്യന്‍) ക്ഷേത്രത്തിലേക്കുപോവുകയും അവിടെ വളരെനേരം ഇരിക്കുകയും പതിവായിരുന്നു.
'വിദ്യ അഭ്യസിക്കാത്ത ഒരു ദിനവും ജീവിതത്തില്‍ ഉണ്ടാവരുത്. ആരെയും ദുഷിച്ച് സംസാരിക്കരുത്' എന്നുപറയാന്‍ ഗുരു ഒരു ദിവസം രാമലിംഗസ്വാമികളോട് പറഞ്ഞു.
'ജീവിതത്തില്‍ വിദ്യയഭ്യസിക്കാത്ത ഒരു ദിവസവും ഉണ്ടാവരുതെന്നും ദുഷിച്ച് സംസാരിക്കരുതെന്നും ഞാന്‍ പറയില്ല' എന്നു രാമലിംഗസ്വാമികള്‍ പറഞ്ഞു.
''പിന്നെ നീ എന്തുപറയും?'' ഗുരു ചോദിച്ചു.
''ഒരുമയോടെ ദൈവത്തെ സ്തുതിക്കുന്ന ഉത്തമന്മാരുടെ ബന്ധം വേണം. അകത്തൊന്നും പുറത്തൊന്നുമായി സംസാരിക്കുന്നവരുമായി ബന്ധം പാടില്ല. നല്ല കാര്യങ്ങള്‍മാത്രം പറയാനുള്ള മനസ്സുവേണം'' എന്ന് ഉപദേശിക്കുന്ന ദൈവമണിമാലയിലെ ശ്ലോകം രാമലിംഗസ്വാമികള്‍ ഗുരുവിനെ ചൊല്ലിക്കേള്‍പ്പിച്ചു.
'മോനേ നീ പോയി വരൂ. സംശയങ്ങളുണ്ടാവുമ്പോള്‍ ഞാന്‍ അങ്ങോട്ടുവന്ന് കണ്ടോളാം' എന്നുപറഞ്ഞ് ഗുരു സ്വാമികളെ യാത്രയാക്കി.

 ( മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തേനി പൊന്‍?ഗണേഷിന്റെ 'ചെറിയ ചെറിയ ആത്മീയ കഥകള്‍ 'എന്ന പുസ്തകത്തില്‍ നിന്ന് )