വേഗത്തിലോടുന്ന പിടിച്ചാല്‍ കിട്ടാത്ത ലോകത്ത് സ്വന്തം മനസിനെ കൈപ്പിടിയിലൊതുക്കാനും സന്തോഷത്തെ എന്നും കൂടെ കൂട്ടാനുമുള്ള വഴികള്‍ തുറന്നു കാട്ടുകയാണ് സദ്ഗുരു തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇന്നര്‍ എന്‍ജിനിയറിങ്  എ യോഗീസ് ഗൈഡ് ടു ജോയ്' എന്ന പുസ്തകത്തിലൂടെ. ഇവ സ്വന്തമാക്കുന്നതിനായി മതപ്രസംഗമോ, ആധ്യാത്മികതയോ അല്ല മറിച്ച് ശാസ്ത്രവും, തിരിച്ചറിവും, സാങ്കേതികവിദ്യയുമാണ് സദ്ഗുരു ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

Inner Engineering: A Yogi's Guide to Joyനിങ്ങളുടെ ചുറ്റുമുള്ള എല്ലാ തരത്തിലുമുള്ള ഊര്‍ജ്ജത്തെ, ചുറ്റുമുള്ള അനന്തമായ ശക്തികളെ, സാധ്യതകളെ നിങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയിലേക്ക് എങ്ങനെ മാറ്റാന്‍ സാധിക്കുമെന്ന് ഈ പുസ്തകം വിവരിക്കുന്നു. മറ്റാരും ചിന്തിക്കാത്ത വേറിട്ടൊരു തത്ത്വശാസ്ത്രത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുകയാണ് സദ്ഗുരു ഈ പുസ്തകത്തില്‍.

ശാസ്ത്രത്തിലൂടെയും, സാങ്കേതിക വിദ്യയിലൂടെയും മനുഷ്യന് വേണ്ട ശരിയായ പാത കണ്ടെത്താന്‍ സാധിക്കുമെന്നും ഇന്നര്‍ എന്‍ജിനിയറിങ് പ്രതിപാദിക്കുന്നു. തന്റെ ജീവിതത്തിലെ തന്നെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓരോ വരികളും സദ്ഗുരു രചിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ആധ്യാത്മികാചാര്യന്‍ എന്നാണ് സദ്ഗുരുവിനെ വിശേഷിപ്പിക്കുന്നത്. അത് എത്രമാത്രം സത്യമാണെന്ന് ഈ പുസ്തകത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കും. യുക്തിഭദ്രമായി, പ്രായോഗികമായ രീതിയില്‍ ജീവിതത്തിന്റെ ശരിതെറ്റുകളെ കുറിച്ച് സംസാരിക്കുന്നു സദ്ഗുരു

ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന വളരെ ലളിതമായ ശൈലിയിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പരിഷ്‌കൃതമായ സമൂഹത്തിന് ഇഷ്ടപ്പെടുന്ന ശൈലിയില്‍ ആധുനികതയും കൂട്ടിക്കലര്‍ത്തി സ്വയം ശാക്തീകരണം എങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ സദ്ഗുരു ചൂണ്ടിക്കാട്ടുന്നു. യു.എസില്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകം ഇതിനോടകം തന്നെ ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടി.

പ്രശസ്തരായ ഒട്ടനവധി ആളുകളാണ് പുസ്തകത്തെ പ്രകീര്‍ത്തിച്ച് സമൂഹ മാധ്യമങ്ങളിലും പൊതുവേദികളും രംഗത്തെത്തിയത്. പെന്‍ഗ്വിന്‍ പബ്ലീഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.