കുട്ടിക്കാലത്ത് സർക്കസും പാവക്കൂത്തും സൈക്കിൾ അഭ്യാസങ്ങളുമായി ചില നാടോടിസംഘങ്ങൾ ഞങ്ങളുടെ ഗ്രാമവെളിയിൽ തമ്പടിച്ചിരുന്നു. മടങ്ങിപ്പോകുമ്പോൾ അവരോടൊത്തുകൂടാൻ കൊതിച്ചു. അടച്ചിട്ടമുറികളിൽ കിടന്നുറങ്ങുമ്പോൾ ഇപ്പോഴും ശ്വാസംമുട്ടുന്നു. എങ്ങനെയായിരിക്കണം എന്റെ അന്ത്യം? ഭൂതകാലത്തിന്റെ ചില മുള്ളുകളിൽനിന്ന് ചോരപൊടിഞ്ഞ് വർത്തമാനത്തിന്റെ തിടുക്കങ്ങൾ ഇല്ലാതെ പേരോ ഊരോ ഇല്ലാത്ത ഏതോ ഒരു നാടോടിക്കൂട്ടത്തിൽവെച്ച്. എന്തുകൊണ്ടാണ് വെളിച്ചം കിട്ടിയവരൊക്കെ ഇങ്ങനെ ഭിക്ഷുക്കളായത്. അഥവാ വെളിച്ചം കിട്ടുകയെന്നതിന്റെ അർഥം പോലും സ്വയംഭിക്ഷുവാണെന്ന് തിരിച്ചറിയുകയാണോ? എല്ലാകാലങ്ങളിലും അതങ്ങനെയായിരുന്നു.

ഏറ്റവും പഴക്കമുള്ള ഓർമ, സിദ്ധാർഥന്റേതു തന്നെയാകണം. ആ വാക്കിന്റെ അർഥംപോലും സർവ അർഥങ്ങളും സ്വന്തമാക്കിയ ഒരാൾ എന്നുതന്നെ. അതെ, ആ പുരുഷാർഥങ്ങൾ നാലും. ഒരു ചില്ലയുടെ തണലിൽ ബോധോദയം ലഭിച്ചപ്പോൾ അയാൾ അനുവർത്തിച്ച ആദ്യകർമമതായിരുന്നു, ഒരു ചുരയ്ക്കാത്തൊണ്ടുമായി ഭിക്ഷാടനത്തിനു പോകുക. ചക്രവർത്തിയായി നടിച്ചിരുന്നയൊരാൾ താൻ വെറുതെ യാചകൻ മാത്രമായിരുന്നുവെന്ന് തിരിച്ചറിയുന്നിടത്താണ് യഥാർഥമായ ആന്തരികജീവിതം ആരംഭിക്കുന്നത്.

ordinary book bobby jose kattikkadമറ്റൊരു പരിസരത്തിലും പശ്ചാത്തലത്തിലും അസ്സീസിയിലെ ഫ്രാൻസിസിലും സംഭവിച്ചത് അതുതന്നെയാണ്. അന്യദേശങ്ങളിൽനിന്ന് പട്ടുവസ്ത്രങ്ങൾ ശേഖരിച്ച് തന്റെ നഗരത്തിൽ വിറ്റുകൊണ്ടിരുന്ന ധനികനായ വർത്തകന്റെ മകനാണയാൾ. വെളിച്ചത്തിന്റെ ഒരു പൊട്ട് ചങ്കിൽ വീണപ്പോൾ അയാൾ ചെയ്തതും അതുതന്നെയാണ്. ഭിക്ഷാടനത്തിനു പോവുക. കുറെക്കൂടി വിനീതമായി ജീവിതത്തെ ക്രമീകരിക്കാനുള്ള സൗമ്യമായ ക്ഷണമാണിത്തരം ഗുരുസ്മൃതികളൊക്കെത്തന്നെ.

രാജസദസ്സിലേക്ക് തന്റെ ചെരുപ്പുകൾ ശിരസ്സിനോട്‌ ചേർത്തുപിടിച്ചെത്തിയ കിറുക്കൻഗുരുവിന്റെ കഥയുണ്ട്. എന്തേയിങ്ങനെയെന്ന രാജാവിന്റെ ചോദ്യം നിങ്ങളെന്തിന് കിരീടം ധരിക്കുന്നുവെന്ന മറുചോദ്യംകൊണ്ടയാൾ നേരിട്ടു; ‘ഞാനെല്ലാവർക്കും മീതെയാണെന്ന് കാട്ടാൻ.’  ‘അങ്ങനെയെങ്കിൽ ഞാനെല്ലാവർക്കും കീഴെയാണെന്ന് ലോകത്തോടു പറയാൻ ഇതല്ലാതെ എനിക്ക് വേറെ വഴികളില്ല’ എന്നയാളുടെ ഉത്തരം.

ചുറ്റിനും അരങ്ങേറുന്ന കാര്യങ്ങളെ വിശേഷിപ്പിക്കാൻ ധാർഷ്ട്യമെന്ന പദം പോലും മതിയാകില്ല. തർക്കമില്ലാത്ത വിധത്തിൽ ഹിംസയാണ് അരങ്ങേറുന്നത്. മനുഷ്യർ പുരികംവളയ്ക്കുന്ന രീതി, ചുമല് ഉയർത്തുന്ന രീതി, തല വെട്ടിക്കുന്ന രീതി, നനവില്ലാത്ത നോട്ടം, ചിരിയില്ലാത്ത സ്വാഗതം ഒക്കെ ചോരപൊടിയാത്ത ഹിംസതന്നെ. എത്രയോ കാലംമുൻപ് ആ നസ്രത്തുകാരൻ അതിനെ നിർവചിച്ചിട്ടുണ്ട്: ഉള്ളിൽ സഹോദരനെ ഭോഷനെന്നുകരുതുന്ന ഒരാൾ കൊലപാതകം ചെയ്യുന്നുവെന്ന് പറഞ്ഞ്.

ഓരോരുത്തരും മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠതയുള്ളവരായി എണ്ണണമെന്ന പൗലോസിന്റെ വചനങ്ങൾ അതിന്റെ അനുബന്ധം മാത്രമാണ്. എല്ലാവരും ബാക്കിയുള്ളവരെ തങ്ങളെക്കാൾ മീതെ പ്രതിഷ്ഠിക്കുന്നകാലം എത്ര സുഭഗമായിരിക്കും. നെറ്റിയിൽ ഒന്ന്‌ കുരിശു വരച്ചുകിട്ടാൻ വിശ്വാസിയുടെമുൻപിൽ മുട്ടിൻമേൽനില്ക്കുന്ന പുരോഹിതൻ, കുട്ടികളിൽനിന്നു പഠിക്കുന്ന അധ്യാപകർ, അവളുടെ അഴുക്കുവസ്ത്രങ്ങളെ അലക്കിവെളുപ്പിക്കുന്ന പുരുഷൻ, വായ്പയ്ക്കുള്ള അപേക്ഷ ഏല്പിക്കാൻ വന്ന അത്താഴപ്പട്ടിണിക്കാരന്റെ മുൻപിൽ എഴുന്നേറ്റ്‌ നമസ്കാരം പറയുന്ന വില്ലേജ് ഓഫീസര്‍ ഹാ! നടക്കാത്ത മനോഹരസ്വപ്നങ്ങൾ!

ക്ഷയിച്ചു കൊണ്ടിരുന്ന ഒരു പുരാതന ആശ്രമത്തെക്കുറിച്ചുള്ള കഥ ഓർമിക്കുന്നു. കൂട്ടത്തിൽ ഏറ്റവും ഇളയ ആൾക്ക് അറുപതുവയസ്സായി. അതിന്റെ അർഥം കുറേയധികം വർഷങ്ങളായി ആരും ആ സമൂഹത്തിലേക്ക് കടന്നുവന്നിട്ടില്ലെന്നാണ്. ആശ്രമാധിപൻ ഒരു പോംവഴി തേടി മരുഭൂമിയിലെ ഒരു താപസന്റെ അടുത്തെത്തി. ഏതാനും ദിവസങ്ങൾ രണ്ടുപേരും അഗാധ നിശ്ശബ്ദതയിൽ ചെലവഴിച്ചു. മടങ്ങിപ്പോരുമ്പോൾ ഒരേയൊരു കാര്യം മാത്രം താപസൻ പറഞ്ഞു: നിങ്ങളിലൊരാൾ മിശിഹായാണ്. മടങ്ങിയെത്തിയ ആബട്ടിനെ ആശ്രമനിവാസികൾ സ്നേഹപൂർവം സ്വീകരിച്ചു.

താപസൻ പറഞ്ഞകാര്യം അയാൾ അവരോടു പറഞ്ഞു: നമ്മളിലൊരാൾ മിശിഹായാണ്. ആ നിമിഷംമുതൽ ആവൃതിയിലെ കാറ്റ് സുഗന്ധപൂരിതമായി. ആരെന്നു പറഞ്ഞിട്ടില്ല. അതിന്റെ അർഥം തങ്ങളിലാരുമാകാം. അങ്ങനെയെങ്കിൽ മിശിഹായ്ക്കുതകുന്ന ആദരവും വിധേയത്വവുമാണോ തങ്ങൾ പരസ്പരം നല്കിക്കൊണ്ടിരിക്കുന്നതെന്ന് പുനർവിചിന്തനമുണ്ടായി. ശിരസ്സു കുനിച്ച് ഓരോരുത്തരും പരസ്പരം വന്ദിച്ചുതുടങ്ങി. അതോടുകൂടി ഓരോരുത്തരുടെയും ഉയരം വർധിച്ചു. സ്വയം മതിപ്പു പുലർത്താനും അപരനെ ആദരിക്കാനും ശീലിച്ചുതുടങ്ങിയപ്പോൾ ആവൃതി പ്രസാദഭദ്രമായ അനുഭവമായി.

ആ പുതിയ പ്രസാദത്തിൽ ഇളംമുറക്കാർ ആകൃഷ്ടരായി. ഓരോ ചെറുപ്പക്കാരനും ആവൃതിയിലേക്ക് പ്രവേശിക്കുമ്പോൾ സമൂഹം മുഴുവനായി അവരെ സ്വാഗതം ചെയ്തു. അതിങ്ങനെ പറഞ്ഞാണ്: ഞങ്ങൾക്ക് ഒരു അരുളുണ്ടായിട്ടുണ്ട്. ഞങ്ങളിലൊരാൾ മിശിഹായാണെന്ന്. അതൊരു പക്ഷേ, ചെറുപ്പക്കാരാ നിങ്ങളാണെങ്കിലോ. അങ്ങനെയാണ് ആ സന്ന്യാസസമൂഹം അതിന്റെ സ്വാഭാവികമരണത്തെ ചെറുത്തുനിന്നതും അതിജീവിച്ചതും. ഈ കഥയിൽ അത്ര പുതുമയൊന്നുമില്ല. വേദപുസ്തകത്തോളം പഴക്കമുള്ള ഒരോർമയെ ഊതിയൂതി തെല്ലൊന്ന് തിടംവപ്പിച്ചെന്നുമാത്രം. അതിതാണ്, ദൈവം മനുഷ്യനെ തന്റെ ഛായയിലും സദൃശ്യതയിലും സൃഷ്ടിച്ചു. ഹൃദയത്തിൽ ദൈവത്തിന്റെ അഗാധമുദ്രകൾ പതിഞ്ഞിട്ടുള്ള മനുഷ്യരെ അവഗണിക്കുകയും നിരാകരിക്കുകയും കഠിനസമ്മർദത്തിൽ തലകുനിപ്പിച്ചു നിർത്തുകയും ചെയ്യുന്നതിനെക്കാൾ കഠിനപാപം എന്തുണ്ട്?

കുറെക്കൂടെ വിനീതരായി നില്ക്കാനുള്ള അനുശീലനമാണ് എല്ലാ മതങ്ങളും അവരുടെ സാധകർക്ക് നല്കാൻ ശ്രമിക്കുന്നത്. നോക്കൂ, ഗുരുദ്വാരകളിലെ ആ സാധാരണ ചടങ്ങ്. പ്രാർഥനയ്ക്കെത്തിയവരുടെ ചെരുപ്പ് തുടച്ചുവൃത്തിയാക്കുന്ന ശിഖർ. വല്ലാർപാടത്ത് ഓരോരുത്തർ മുറ്റമടിക്കുന്ന ധൃതിയിലാണ്. തിരുപ്പതിയിലും വേളാങ്കണ്ണിയിലും മുടി മുണ്ഡനം ചെയ്യുന്നവർ. എന്തുകൊണ്ടായിരിക്കണം ക്ഷേത്രങ്ങളുടെ പ്രവേശനകവാടങ്ങൾ ഒന്നു തലകുനിച്ചില്ലെങ്കിൽ മുട്ടുന്നവിധത്തിൽ ഇത്ര ചെറുതായി നിർമിച്ചിരിക്കുന്നത്? ബത്‌ലഹേമിലെ പുൽത്തൊഴുത്തിലേക്കുള്ള പ്രവേശനകവാടവും വളരെ ചെറുതാണെന്ന് ശ്രദ്ധിച്ചിട്ടില്ലേ. മാലാഖമാർപോലും എത്ര വിനയപൂർവമാണ് തിരുസന്നിധിയിൽ നില്ക്കുന്നതെന്ന് പണ്ടൊരു ദർശനത്തിലൂടെ ഏശയ്യായ്ക്കു വെളിപ്പെട്ടു കിട്ടി.

ആറു ചിറകുകളുള്ള സെറാഫുകൾ. രണ്ടു ചിറകുകൾകൊണ്ട് അവർ മുഖം മൂടി. രണ്ടു ചിറകുകൾകൊണ്ട് തങ്ങളുടെ കാലുകളെയും. ഒക്കെ അഗാധമായ വിനയത്തിന്റെ ശരീരഭാഷയല്ലാതെയെന്ത്? അല്ലെങ്കിൽത്തന്നെയെന്താണ് പ്രാർഥന? ഈശ്വരസന്നിധിയിൽ വിനയപൂർവം നിൽക്കാനുള്ള ക്ഷണമല്ലാതെ. അതുകൊണ്ടാണ് പ്രാർഥിക്കാൻ പോയ രണ്ടുപേരുടെ കഥ ക്രിസ്തുപറഞ്ഞത്. ഒരാൾ ശിരസ്സുയർത്തി ശ്രീകോവിലിന്‌ മുൻപിൽനിന്നു. അപരൻ അകത്തുകടക്കാൻ ധൈര്യമില്ലാതെ ദേവാലയ വിളുമ്പിനു വെളിയിലായിനിന്നു. ആദ്യത്തെയാൾ കൂടുതൽ ഭാരപ്പെട്ടവനായി മടങ്ങിപ്പോയി. രണ്ടാമത്തെയാൾ പക്ഷിമാനസത്തോടെയും!

പ്രാണനിൽ തീരേ കനമില്ലാതെ. ഒരു ചിത്രശാലയിൽ ക്രിസ്തുവിന്റെ ചിത്രത്തിനുമുൻപിൽ നിസ്സംഗതയോടെ നിന്ന് ‘ഈ ചിത്രത്തിന് ഒരു പ്രത്യേകതയുമില്ലെ’ന്ന് ആത്മഗതംചെയ്ത ചെറുപ്പക്കാരനോട് അതിന്റെ സൂക്ഷിപ്പുകാരൻ പറഞ്ഞു: നേരെനിന്നല്ല ആ ചിത്രത്തെ കാണേണ്ടത്, മുട്ടിന്മേൽനിന്ന്. മുട്ടിന്മേൽനിന്ന് ആ ചിത്രം കണ്ടനിമിഷം മുതൽ അയാൾക്ക് പരിവർത്തനമുണ്ടായി. ഒടുവിൽ സാഷ്ടാംഗപ്രണാമമായിരുന്നു.

തന്നിൽനിന്ന് നമ്മൾ കണ്ടെത്തണമെന്ന് ക്രിസ്തു അഭിലഷിച്ചിരുന്ന കാര്യങ്ങളിലൊന്നതായിരുന്നു: ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ. നുകത്തിന് ചട്ടമെന്നും ക്രമമെന്നുമൊക്കെ അർഥമുണ്ട്. പുതിയ കാലത്തിന്റെ അളവുകോലുകൾ ശാന്തതയുടെയും വിനയത്തിന്റെയും ലാളിത്യത്തിന്റെയുമൊക്കെ ആകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. വിനയമില്ലാത്ത ഒരാൾക്ക് ഒരാളുടെയും അത്താണിയാകാൻ കഴിയില്ലെന്നും അവിടുത്തേക്ക് അറിയാം.

ഉദാഹരണങ്ങളും വിചിന്തനങ്ങളും ആവശ്യമില്ലാത്തവിധത്തിൽ നേരേ പിടുത്തംകിട്ടുന്ന ലഘുവായ കാര്യമാണത്. അവന്റെ പിറവിതൊട്ട് ഏതാണ്ട് മരണംവരെ കൂട്ടുവരുന്ന മിണ്ടാപ്രാണികൾപോലും പറഞ്ഞുതരുന്ന ദൂതതാണ്. കഴുതപ്പുറത്തുള്ള അവന്റെ യാത്രയിൽ ശിഷ്യന്മാർ ആ തിരുവചനം ഓർമിച്ചെടുക്കുന്നുണ്ട്. സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ച് ആനന്ദിക്കുക. ജറുസലേം പുത്രിയേ, ആർപ്പിടുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്ത്, പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്ത് കയറിവരുന്നു. തന്റെ സന്ന്യാസസമൂഹത്തിൽപ്പെട്ടവർ കുതിരപ്പുറത്ത് സഞ്ചരിച്ചുകൂടായെന്ന് നിയമാവലിയിൽ എഴുതിവെച്ചിരുന്ന ഒരാളുണ്ടായിരുന്നു - അസ്സീസിയിലെ ഫ്രാൻസിസ്.

ഭൂമിയുള്ളിടത്തോളം കാലം നമ്മൾ ആവർത്തിക്കണമെന്നവൻ പഠിപ്പിച്ച പാദക്ഷാളനകർമം വിനയത്തിലേക്കുള്ള ക്ഷണമല്ലാതെ മറ്റെന്താണ്. അത്ര പ്രധാനപ്പെട്ടതായി കരുതാതെ മൂന്നു സുവിശേഷകരും വിട്ടുകളഞ്ഞ പാദക്ഷാളനകർമത്തെ ഒരു കുർബാന സംസ്ഥാപനത്തെപ്പോലെ ശക്തമായി യോഹന്നാൻ പാരമ്പര്യം രേഖപ്പെടുത്തുന്നതിന്റെ കാരണംപോലും ആദിമസഭയിൽ എപ്പോഴോ കടന്നുകൂടിയ താൻപോരിമയുടെയും അപ്രമാദിത്വത്തിന്റെയും ധാർഷ്ട്യത്തിന്റെയും പശ്ചാത്തലമാണ്.

പറഞ്ഞുവരുമ്പോൾ ക്രിസ്തുചരിതത്തിലെ ഏതൊരു കാര്യവും വിനീതമെന്ന തലക്കെട്ടിനുതാഴെ ചേർത്തുവെക്കാവുന്നതാണ്. അല്ലെങ്കിൽത്തന്നെ എന്താണീ സുവിശേഷം. വിനീതഹൃദയർക്കുള്ള വാഴ്ത്തല്ലാതെ. മേരിയുടെ ഗീതമൊക്കെ അതിന്റെ തമ്പേറാണ്: യഹോവ എളിയ ജനത്തെ ഉയർത്തുന്നു. ബലമുള്ളവരെ ചിതറിക്കുന്നു. വിശക്കുന്നവർക്ക് വിശിഷ്ടഭോജ്യങ്ങൾകൊണ്ട് വിരുന്നൊരുക്കുന്നു. 

(മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച  'ഓർഡിനറി' എന്ന പുസ്തകത്തിൽ നിന്ന്‌)