മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരിക്കല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ കാറിന്റെ ഡിക്കിയിലിട്ട് ഹോട്ടലിലേക്ക് കാറോടിച്ചു പോയിട്ടുണ്ട്. ഈ കഥ ഓര്‍മിച്ചെടുക്കുകയാണ് ഇരുവരുടെയും പൊതുസുഹൃത്തായ നടന്‍ മണിയന്‍പിള്ള രാജു. അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ  ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് മോഹന്‍ലാലിനെ പ്രിയദര്‍ശന്‍ ഡിക്കിയില്‍ അടച്ച കഥ പറയുന്നത്.

പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നതും മോഹന്‍ലാലാണ്. അഭിനയജീവിതത്തിന്റെ ആരംഭം, അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ കഴിയാതെ പോയതിലുള്ള വിഷമം, ആദ്യ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് അടിച്ചു മാറ്റിയത്, വിവിധ സിനിമാ ഷൂട്ടിങ്ങുകള്‍ക്കിടയില്‍ നടന്ന രസകരമായ സംഭവങ്ങള്‍ അങ്ങനെ മണിയന്‍പിള്ള രാജു തന്റെ അഭിനയജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങള്‍ പുസ്തകത്തിലൂടെ ഓര്‍മിച്ചെടുക്കുന്നു. എം എസ് ദിലീപാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

പുസ്തകത്തിലെ 'കാറിന്റെ ഡിക്കിയിലെ മോഹന്‍ലാല്‍' എന്ന ഭാഗത്തില്‍ നിന്ന്​

കടത്തനാടന്‍ അമ്പാടിയുടെ കാലത്തെ മറ്റൊരു ഓര്‍മയുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് പ്രിയന്‍ ഒരു പച്ച ഫിയറ്റ് വാങ്ങുന്നത്. പക്ഷേ, പ്രിയന്‍ വളരെ ആബ്‌സന്‍ഡ് മൈന്‍ഡഡ് ആണ്. പാന്റ്‌സിന്റെ പോക്കറ്റില്‍ ഇരുപത്തയ്യായിരം രൂപയിട്ടിട്ട് അലക്കുകാരനു കൊടുക്കുന്ന പാര്‍ട്ടിയാണ്. മുറി വെക്കേറ്റ് ചെയ്തു പോകുമ്പോള്‍ പഴ്‌സും പൈസയും മേശയ്ക്കുള്ളില്‍ കിടക്കും. വണ്ടിയോടിക്കുമ്പോഴും അങ്ങനെതന്നെ. ഏതെങ്കിലും ഗിയറില്‍ ഓടിച്ചുപോകും. എവിടെയെങ്കിലും നിര്‍ത്തിയാല്‍ താക്കോലെടുക്കാന്‍ മറക്കും. വീണ്ടും ഏതു ഗിയറില്‍ കിടക്കുന്നോ, അതേ ഗിയറില്‍ സ്റ്റാര്‍ട്ടാക്കും. അത്രയ്ക്ക് അശ്രദ്ധയാണ്.

chirichum chiri[pichum book by maniayanpilla rajuഅതേസമയം, അഞ്ചാംക്ലാസ്മുതല്‍ കണ്ടിട്ടുള്ള ഓരോ സിനിമയും വള്ളിപുള്ളി വിടാതെ, ഡയലോഗും സീനുകളും കണ്ടിന്യൂയിറ്റിയില്‍ ഓരോ ആളും ധരിച്ചിരുന്ന വസ്ത്രവുംവരെയുണ്ടാകും പ്രിയന്റെ മനസ്സില്‍. പുള്ളിയുടെ മനസ്സിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ മുഴുവന്‍, സിനിമയും ഞങ്ങളൊക്കെ സ്‌കൂളില്‍വെച്ചു പറഞ്ഞ തമാശകളും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളുമാണ്. മോഹന്‍ലാലിനെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പ്രിയനു കഴിഞ്ഞതും അതുകൊണ്ടാണ്.

ഞാന്‍ ചില സീനുകള്‍ അഭിനയിക്കുമ്പോള്‍ പ്രിയന്‍ ചോദിക്കും, "എടാ, നീ പണ്ടു സ്‌കൂളില്‍വെച്ച് ഒരു തമാശ പറഞ്ഞില്ലേ? ഡ്രില്ലുസാര്‍ വന്നപ്പോള്‍ സാറിന്റെ അണ്ടര്‍വെയറിന്റെ നൂല് താഴോട്ടു കിടക്കുന്നത്? അതുപോലെ എന്തെങ്കിലും നമ്പരിട്." അത്രയ്ക്ക് ഓര്‍മയാണ്. മോഹന്‍ലാലിനോടു പഴയ സംഭവങ്ങള്‍ ഓരോന്നു പറയും. ഒരു നടനെന്ന രീതിയില്‍ മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ ചൂഷണംചെയ്തത് പ്രിയനാണ്.

കാറിലേക്കു തിരിച്ചുകയറാം. ഞങ്ങള്‍ അന്നു താമസിക്കുന്നത് ആലപ്പുഴ റെയ്ബാന്‍ ഹോട്ടലിലാണ്. ഉദയാ സ്റ്റുഡിയോയില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞു റെയ്ബാനിലേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ പ്രിയന്‍ പറഞ്ഞു: 'ഹോട്ടലിലേക്കു നാലു കിലോമീറ്ററുണ്ടല്ലോ. ഇതിന്റെ ഡിക്കിയില്‍ കിടന്നാല്‍ നിനക്കു ഞാന്‍ നൂറു രൂപ തരാം.' ഞാന്‍ ചെയ്യില്ല, കാരണം എനിക്ക് ഇരുട്ടും കുടുസ്സുമുറിയും പേടിയാണ്.

വിമാനത്തില്‍ കയറാന്‍ എനിക്ക് പേടിയില്ല. പക്ഷേ, ലിഫ്റ്റില്‍ കയറിയാല്‍ പേടിയാണ്. കാരണം എനിക്ക് അതൊരു അസുഖമാണെന്നു തോന്നും. ലിഫ്റ്റില്‍ പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ കറന്റ് പോയാല്‍ ആ സമയത്ത് എനിക്ക് വെപ്രാളം തുടങ്ങും, ശരീരം വിയര്‍ക്കും, തല കറങ്ങും. ബോധം കെടും. പല തവണ ഇതു സംഭവിച്ചിട്ടുണ്ട്. ആ സമയത്ത് കൂടെ എത്ര ആളുണ്ടെങ്കിലും എത്ര സുന്ദരിമാര്‍ കൂടെയുണ്ടെങ്കിലും ഇതു സംഭവിക്കും.

ഒരു ദിവസം പൃഥ്വിരാജ് എന്നോടു പറഞ്ഞു. 'കോട്ടയത്ത് ഒരു ലിഫ്റ്റില്‍ കയറിയപ്പോള്‍ കറന്റ് പോയി ചേട്ടാ. ഞാന്‍ കുറെ നേരം നിന്നു. ബോറടിച്ചപ്പോള്‍ നിലത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അതു തുറന്നത്.' അതു കേട്ടു നെഞ്ചത്തു കൈവെച്ചുപോയി. ഞാനായിരുന്നെങ്കില്‍ ആ സമയത്തു ചത്തുപോയേനേ. പക്ഷേ, ഇപ്പോഴാണെങ്കില്‍ എനിക്കു വലിയ ആശ്വാസമാണ്. കാരണം കറന്റ് പോയാലും തൊട്ടടുത്ത ഫ്‌ളോറില്‍ പോയി ഓപ്പണ്‍ ചെയ്യാം.

"നൂറല്ല, ഒരു ലക്ഷം രൂപ തരാമെന്നു പറഞ്ഞാലും എനിക്കു താത്പര്യമില്ല." അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, "ഞാന്‍ കിടക്കാം." ലാല്‍ ഡിക്കിയില്‍ കയറുന്നു. ഡിക്കി അടയ്ക്കുന്നു. റെയ്ബാനിലേക്കു പോകുകയാണ്. റെയ്ബാന്‍ എത്തുന്നതിനു മുന്‍പുള്ള വളവില്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ട്. വലയിട്ട് മുള്ളുവേലിയൊക്കെയായിട്ട്. വണ്ടി വളഞ്ഞതും പ്രിയന്‍ ആ മുള്ളുവേലിയില്‍ കൊണ്ടുപോയി ഒറ്റയിടി. കുറച്ചു സ്പാര്‍ക്ക് വന്നു. ആലപ്പുഴ മുഴുവന്‍ കറന്റ് പോയി.

പ്രിയന്‍ ടെന്‍ഷനില്‍ വണ്ടിയെടുത്തു, നേരേ റെയ്ബാനില്‍ എത്തുന്നു, അവിടെ കൊണ്ടുപോയി വണ്ടി നിര്‍ത്തുന്നു. പെട്ടെന്നാണ് മോഹന്‍ലാലിന്റെ കാര്യം ഓര്‍മിച്ചത്. അപ്പോള്‍ സെക്യൂരിറ്റി ഓടിവന്നു. ഞാന്‍ അയാളോടു പറഞ്ഞു, ഡിക്കിയില്‍ ഒരു സാധനമുണ്ട്, എടുത്തു നൂറ്റിമൂന്നില്‍ കൊണ്ടുപോയി വെക്ക്. അയാള്‍ ഓടിപ്പോയി ഡിക്കി തുറന്നതും 'ആ' എന്നു വിളിച്ച് എടുത്തുചാടി. അവന്‍ 'അയ്യോ' എന്നു വിളിച്ച് ബോധം കെട്ട് വീണു. മോഹന്‍ലാലിന്റെ കോലം ഒന്നു കാണണമായിരുന്നു. നാലു കിലോമീറ്റര്‍ ദൂരം അതിനുള്ളില്‍ കിടന്ന് ആകെ ഇടിഞ്ഞുപൊളിഞ്ഞ്.... അതിനിടയില്‍ വണ്ടിയുടെ ഇടിയും! നൂറു രൂപയായിരുന്നില്ല, ആ സാഹസികതയായിരുന്നു ലാലിന്റെ സന്തോഷം.