ല്ലാ പ്രശസ്തരുടേയും മക്കള്‍ ഒരേ വിധിയാണ് പങ്കിടുന്നത്: തങ്ങള്‍ പ്രശസ്തരുടെ മക്കളാണ് എന്ന വിധി. അത് ചെറിയ വിധിയല്ല.

താങ്ങാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ്. സാധാരണക്കാരനല്ലാതാവുക എന്ന അവസ്ഥ. അതും സ്വന്തം തെറ്റുകൊണ്ടല്ലാതെ. അച്ഛന്‍ അല്ലെങ്കില്‍ അമ്മ പ്രശസ്തനോ പ്രശസ്തയോ ആയതുകൊണ്ടാണ് മക്കള്‍ക്ക് ഇങ്ങനെ വരുന്നത്. ഓര്‍മയുള്ള, പറഞ്ഞാല്‍ എളുപ്പം മനസ്സിലാവുന്ന ചരിത്രത്തില്‍  മഹാത്മാഗാന്ധി മുതല്‍ തുടങ്ങുന്നു പ്രശസ്തരുടെ മക്കളുടെ വിധിയുടെ വൈരുദ്ധ്യങ്ങളും പീഢനങ്ങളും. മഹാത്മാഗാന്ധിയുടെ മക്കളായതുകൊണ്ട് മാത്രം ഹരിലാലും മണിലാലും ദേവദാസും രാംദാസും അനുഭവിച്ചതെത്ര! ഗാന്ധിയുടെ ഒരു കൊച്ചുമകന് ഗാന്ധി എന്നുകേട്ടാല്‍ കലിവരുമായിരുന്നു എന്ന് മലയാളത്തിലെ പ്രമുഖനായ ഒരു കവി പറഞ്ഞത് ഓര്‍ക്കുന്നു. കാരണം ചോദിച്ചാല്‍ അയാള്‍ പറയുമായിരുന്നു: You study gandhi,i suffer gandhi. എല്ലാവരും ഗാന്ധിയെ പഠിച്ചപ്പോള്‍ ഗാന്ധിയെ അനുഭവിച്ചത് അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളുമെല്ലാമാണ്. പഠനവും അനുഭവവും വേറെയാണ്. പഠനം ജീവിതത്തിനെ സ്പര്‍ശിക്കില്ല, അനുഭവമോ ജീവിതത്തിനെ വിടുകയുമില്ല, ഒരിയ്ക്കലും. ഗാന്ധിയുമായി ബന്ധപ്പെട്ടതുകൊണ്ട് കടം വാങ്ങാന്‍ പോലുമാവാതെ, കള്ളുകുടിക്കാനാവാതെ എത്രപേര്‍! പ്രശസ്തി നാടിന് അഭിമാനമാവുമ്പോള്‍ മക്കള്‍ക്കും കുടുംബത്തിനും പലപ്പോഴും വലിയ പ്രശ്‌നമാവുന്നു, എല്ലാ കാലത്തും, എല്ലാ ദേശത്തും.

അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ പ്രശസ്തി ഒരു വടവൃക്ഷം പോലെ മക്കള്‍ക്ക് മുകളില്‍ പന്തലിച്ചുകിടക്കുന്നു എന്നതാണ് മക്കളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തം. ഒരിക്കലും മാറാത്ത, വളര്‍ച്ഛയ്ക്കാവശ്യമായ സൂര്യപ്രകാശം താഴേയ്ക്ക് വിടാത്ത തണല്‍. ഇനി വളര്‍ന്നാല്‍ത്തന്നെ എപ്പോഴും പിന്‍തുടരുന്നു അച്ഛന്റെ/അമ്മയുടെ പ്രശസ്തിയുടെ നിഴല്‍ അല്ലെങ്കില്‍ പ്രഭാവലയം. അനുഭവിച്ചവര്‍ക്കേ അറിയൂ അതിന്റെ പീഢനം. മെഗാസ്റ്റാര്‍ രജനീകാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ രജനീകാന്ത് ധനുഷ് ഒന്നല്ല രണ്ട് പ്രശസ്തിയുടെ നടുവിലാണ്.
അതില്‍നിന്ന് കുതറിമാറാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമായാണ് 'സ്റ്റാന്റിംഗ് ഓണ്‍ ഏന്‍ ആപ്പിള്‍ ബോക്‌സ്' എന്ന പുസ്തകം അവര്‍ എഴുതിയത്.ഒരു കുഞ്ഞുകുട്ടി ഡയറിയില്‍ എഴുതുന്ന പോലെ മനോഹരമായ വാക്കുകള്‍ നിറഞ്ഞ പുസ്തകം.അതുമായാണ് അവര്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ എത്തിയത്.

പുസ്തകം എഴുതിയത് മുതല്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യം അവര്‍ ഇവിടെയും ആവര്‍ത്തിച്ചു: ഇത് എന്റെ അച്ഛന്‍ രജനീകാന്തിന്റെ ജീവചരിതമല്ല. രജനീകാന്തിന്റെ മകളായതിനാല്‍ അച്ഛനെക്കുറിച്ച് പറയാതിരിക്കാനാവില്ല. അങ്ങിനെ ചില അദ്ധ്യാങ്ങള്‍ പുസ്തകത്തിലുണ്ട്.ഏറ്റവും സാധാരണക്കാരായണ് തങ്ങള്‍ വളര്‍ത്തപ്പെട്ടത് എന്ന് ഐശ്വര്യ പറയുന്നു.എവിടെയും പ്രത്യേക പരിഗണന കിട്ടിയിട്ടില്ല.അങ്ങിനെ കിട്ടാന്‍ അച്ഛനും അമ്മയും അവസരം ഉണ്ടാക്കിയിട്ടുമില്ല.എല്ലാ പ്രശസ്തരുടേയും മക്കളുടെ വേദനയും അവര്‍ അനുഭവിക്കുന്ന ഐഡന്റിറ്റി ക്രൈസിസും കൃത്യമായി മനസ്സിലാക്കിയിട്ടായിരുന്നു ഐശ്വര്യയുടെ ഓരോ വാക്കും. തികഞ്ഞ വിനയം, പാകത, സ്‌നേഹം, തിരിച്ചറിവ് എന്നിവ അവരുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.അത് കേള്‍ക്കുമ്പോള്‍ മനസ്സു പറഞ്ഞു: രജനീകാന്തിന്റെ മകള്‍ തന്നെ.
  
അതെ, ഇതാണ് പ്രശസ്തരുടെ മക്കളുടെ വിധി. എല്ലാ നന്മകളുടേയും ഉത്തരവാദി അച്ഛനോ അമ്മയോ ആയിരിക്കും. അവര്‍ ആരുമല്ലാതെ, എന്നാല്‍ എല്ലാവരാലും സ്‌നേഹിക്കപ്പെട്ട് അങ്ങിനെ......

*************   ************************   *********

jaipur

എന്തൊക്കെപ്പറഞ്ഞാലും ഭക്ഷണം ഒരു വലിയ കാര്യം തന്നെയാണ്. അല്ലെങ്കില്‍ യുവജനോത്സവം തുടങ്ങുമ്പോള്‍ എല്ലാ പത്രങ്ങളും ഒരേ ശബ്ദത്തില്‍: പഴയിടം നമ്പൂതിരി എത്തി, ഊട്ടുപുര ഒരുങ്ങി എന്ന് കോറസ് പാടില്ലല്ലോ. എവിടെയോ നമ്മുടെ ഉള്ളില്‍ ഭക്ഷണത്തിനോടുള്ള അദമ്യമായ ആസക്തിയുണ്ട്. ബുദ്ധിജീവികളും അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നവരുമായ 'വേഷങ്ങള്‍'നിറയെ ഉള്ള ജയ്പൂര്‍ സാഹിത്യോത്സവത്തിലും ഭക്ഷണശാല ഒരു പ്രധാന സംഭവം തന്നെയാണ്. കുശാലാണ് ഭക്ഷണം. ഇന്നത് എന്നില്ല. സസ്യവും അസസ്യവുമായ വലിയ ഒരു നിരതന്നെ തിന്നപ്പെടാന്‍ കാത്തുനില്‍ക്കുന്നു, ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍. ഉച്ചയ്ക്ക് ഒരുമണിയ്‌ക്കേ ബാര്‍ തുറക്കൂ. പിന്നെ വൈനും ബിയറും യഥേഷ്ടം. ഹോട്ട് ചോദിക്കരുത്, ഇല്ല. കേരള സ്‌റ്റൈലാണ്. വൈന്‍ ആന്‍ഡ് ബിയര്‍ മാത്രം. അല്‍പ്പം ലഹരിയും നല്ല ഭക്ഷണവും ഒപ്പം കുറച്ച് ചിന്തയും. തലയ്ക്ക് പിടിയ്ക്കാന്‍ വേറെന്ത് വേണം? എങ്കിലും കൂടിക്കാഴ്ചയ്ക്ക് ഒരു സുഖമുണ്ട്. ഒരു കുംഭമേളയുടെ സുഖം. എന്തും പറയാം, പങ്കിടാം. തിരക്കുകളില്ലാതെ, സ്വസ്ഥവും സ്വച്ഛവുമായി. അതിനും വേണ്ടേ ഒരിടം? അല്‍പ്പം സമയം, വര്‍ഷത്തില്‍ ഒരിക്കലെങ്കിലും?

*****************   **********************************

ജനപ്രിയത എന്നത് വലിയൊരു സംഗതി തന്നെയാണ്. അത് എളുപ്പം നേടാവുന്നതല്ല. ഞായറാഴ്ച സാഹിത്യോത്സവത്തിന്റെ വേദിയിലേക്ക് താമസസ്ഥലത്തുനിന്നും കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറുടെ പേര് ആനന്ദ് എന്നായിരുന്നു. കപ്പലുമായി ബന്ധപ്പെട്ട ജോലിയാണ് ആനന്ദിന്. ഞായറാഴ്ച മാത്രം ഓട്ടോ ഓടിയ്ക്കും. അച്ഛനെ സഹായിക്കാന്‍.യാത്രയ്ക്കിടെ ആനന്ദ് ചോദിച്ചു: ഋഷി കപൂര്‍ വന്നുപോയി അല്ലേ?
'അതെ വലിയ ജനമായിരുന്നു' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു:
'ജാവേദ് അക്തര്‍ സാഹിബ് എന്നാണ് വരുന്നത്?'

'ഷോലെ'''ദീവാര്‍','കാലാപത്ഥര്‍','സഞ്ജീര്‍...എത്രയോ സിനിമകള്‍.'സില്‍സില'മുതല്‍ 'വീര്‍ സാര'വരെയുള്ള സിനിമയിലെ ഗാനങ്ങള്‍. മേധാശക്തിയുള്ള ഈ മനുഷ്യന്‍ ഇറങ്ങിച്ചെന്ന ആഴങ്ങള്‍ എത്രയാണ്? അയാളെക്കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ചുണ്ടില്‍വിരിഞ്ഞ് പൊലിയുന്ന വാക്കുകളുടെ ജാലം കേള്‍ക്കാന്‍, കാണാന്‍. അക്കൂട്ടത്തില്‍ തൊണ്ണൂറ് ശതമാനവും ചെറുപ്പക്കാരായിരുന്നു. അതെ ചിലര്‍ എല്ലാ കാലത്തിന്റേയും 
എഴുത്തുകരാണ്.

**********************   ************************

ഒരു പ്രവാചകന് സ്വന്തം നാട്ടില്‍ മാത്രമാണ് വിലയില്ലാത്തത് എന്ന ബൈബിള്‍ വചനം ചില എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്ക് ശരിയ്ക്കും യോജിയ്ക്കും.പ്രത്യേകിച്ചും ശശി തരൂരിന്റെ കാര്യത്തില്‍.കേരളത്തില്‍ ശശി തരൂര്‍ എന്നാല്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള ഏതൊരു സംസ്ഥാന കോണ്‍ഗ്രസ്സ് നേതാവിന്റേയും പിറകില്‍ നില്‍ക്കുന്ന വെറും ഒരു എം.പി. തറക്കല്ലിടല്‍ മുതല്‍ പഞ്ചായത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ വിധിക്കപ്പെട്ടയാള്‍. വെറുമൊരു കോണ്‍ഗ്രസ്സുകാരന്‍. രാഹുല്‍ ഗാന്ധി വിളിച്ചാല്‍ ഉടുത്തത് മാറാതെ പുറപ്പെട്ടപോവാന്‍ വിധിക്കപ്പെട്ടയാള്‍. എന്നാല്‍ ജയ്പൂരില്‍ ശശി തരൂരാണ് താരം. എഴുത്തുകൊണ്ടും സംഭാഷണംകൊണ്ടും സ്വരാജ്യക്കാരെയും വിദേശികളേയും ഒരേപോലെ അദ്ദേഹം കയ്യിലെടുക്കുന്നു. അദ്ദേഹത്തിന്റെ സംസാരത്തിന് പിറകെ എപ്പോഴും കയ്യടിയുടെ അകമ്പടിയുണ്ടാവുന്നു. പിറകേ എപ്പോഴും ആരാധകര്‍.ബുക് സൈനിംഗ് സെഷനുകള്‍ മണിക്കൂറുകള്‍ നീളുന്നു. ഇതൊക്കെക്കാണുമ്പോള്‍ ഒരു ചോദ്യം ചോദിക്കാതിരിയ്ക്കാന്‍ സാധിക്കുന്നില്ല:എന്തിനാണ് തരൂര്‍ 
താങ്കള്‍ക്ക് ഈ രാഷ്ട്രീയ വേഷം? പുരുഷന് വാക്കാണ് ഭൂഷണം എന്ന് ഭര്‍തൃഹരി പറഞ്ഞുവെച്ചിട്ടുമുണ്ടല്ലോ...

****************************  *********************

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാഹുല്‍ പണ്ഡിതയെ നേരത്തേ വായിച്ചിരുന്നു. പ്രത്യേകിച്ചും പണ്ഡിറ്റുകളെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം. ആത്മാവില്‍ത്തൊട്ട രചനയാണ് അത്. ചരിത്രകാരനും ജീവചരിത്രകാരനുമായ ആന്‍ഡ്ര്യൂ റോബര്‍ട്‌സുമായി ഒരു അഭുമുഖം ചോദിച്ച് ചോദിച്ച് വലഞ്ഞ് നില്‍ക്കുകയായിരുന്നു. അഭിമുഖങ്ങള്‍ക്കായി എഴുത്തുകാരെ പ്രസ് ടറസില്‍ എത്തിച്ചുതരുന്ന ജോലിയുള്ള കുട്ടികള്‍ ഒടുവില്‍പ്പറഞ്ഞു: 'സോറി സാര്‍ ആന്‍ഡ്ര്യൂ റോബര്‍ട്‌സ് ഇന്ന് പറ്റില്ല എന്ന് പറഞ്ഞിരിക്കുന്നു'.ശരി.
  
അതുകഴിഞ്ഞ് അല്പസമയം കഴിഞ്ഞപ്പോഴാണ് രാഹുല്‍ പണ്ഡിത പ്രസ് ടെറസില്‍ വന്നത്. ഒരു മണിക്കൂറോളം പലതും സംസാരിച്ചിരുന്നു. ഞങ്ങള്‍ ഇറങ്ങാറായപ്പോള്‍ നേരത്തെക്കണ്ട പെണ്‍കുട്ടി വന്ന് സന്തോഷത്തോടെ പറഞ്ഞു:
'ഒ.കെ. ശ്രീകാന്ത്ജി, ആന്‍ഡ്ര്യൂ റോബര്‍ട്‌സിനെ കിട്ടിയല്ലോ അല്ലേ?'
' എവിടെ?'ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു
ആ കുട്ടി. രാഹുലിന് നേരെ കൈ ചൂണ്ടി.

സാക്ഷാല്‍ വി.കെ.എന്നിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ അടുത്ത നിമിഷം ഞാനും രാഹുലും പ്രസ് ടറസില്‍ നിന്ന് അപ്രത്യക്ഷരായി. ഇപ്പോള്‍ അടിയന്‍ ചത്തു എന്ന് ഞാന്‍ മലയാളത്തില്‍പ്പറഞ്ഞു. 1990കളില്‍ കാശ്മിരില്‍നിന്നുള്ള പലായനത്തിന് ശേഷം രാഹുല്‍ പണ്ഡിതയുടെ ഏറ്റവും വലിയ പലായനമായിരുന്നു അത്.