യ്പൂര്‍ സാഹിത്യോത്സവം എപ്പോഴും രണ്ട് തരത്തിലുള്ള ചിന്തയുണ്ടാക്കാറുണ്ട്: ഏതാണ് ശരി?ഏതാണ് വലുത്? ജനപ്രിയസാഹിത്യമോ അതോ'ആത്മസാക്ഷാത്കാര'ത്തിന്റെ സാഹിത്യമോ?

പ്രാദേശിക ഭാഷാ സാഹിത്യമോ അതോ ഇംഗ്ലീഷിലായതുകൊണ്ടുമാത്രം ലക്ഷക്കണക്കിന് കോപ്പി അടിയ്ക്കുന്ന പുസ്തകമോ?വില്‍പ്പനയോ വാക്കുകളുടേയും ഭാവങ്ങളുടേയും ആഴമോ? ഏതാണ് വലുത്? ഒരിക്കലും ഒരു തീര്‍പ്പിലുമെത്താറില്ല.ഇത്തവണയും അങ്ങിനതന്നെ.

ആനന്ദ് നീലകണ്ഠനെ ജയ്പൂരില്‍വച്ചാണ് പരിചയപ്പെടുന്നത്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവുമധികം വായിക്കപ്പെടുന്നയാളാണ്- കോട്ടിട്ട സുമഖന്‍. അസ്തിത്വദു:ഖത്തിന്റെ കാര്‍മേഘപ്പാടുകളൊന്നും മുഖത്തില്ലാത്തയാള്‍.

എഴുത്തും സാഹിത്യവും വിപണിക്കനുസരിച്ച് ചെയ്യേണ്ടതുതന്നെയാണ് എന്ന് കരുതുന്നയാള്‍.'അസുര'എന്ന ഒറ്റ നോവലിലൂടെ ലക്ഷക്കണക്കിന് വായനക്കാരുടെ മണ്ഡലത്തിലേയ്ക്ക് എടുത്തുയര്‍ത്തപ്പെട്ടയാള്‍.

തൃപ്പൂണിത്തുറ സ്വദേശിയായ ആനന്ദ് പല ജോലികള്‍ ചെയ്ത് അലഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ ഓയിലില്‍ ജോലിയ്‌ക്കെത്തുന്നത്. കോഴിക്കോട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ആണ് ആദ്യമായി ജോലി ചെയ്തത്. കാസര്‍കോഡുണ്ടായിരുന്നു.

പിന്നെപ്പിന്നെ ബോംബെയിലെത്തി. കാസര്‍കോഡ് ജോലി ചെയ്യുമ്പോള്‍ 'ആനന്ദ് കണ്ണൂര്‍' എന്ന പേരില്‍ കഥകള്‍ എഴുതിയിരുന്നു. ചെറിയ ചെറിയ മാഗസിനുകളില്‍. വരയ്ക്കുമായിരുന്നു. ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ അത് ഇംഗ്ലീഷില്‍ത്തന്നെയായിരിക്കണം എന്ന് തീരുമാനിച്ചതിന് കാരണം ലോകം തന്റെ രചന വായിക്കണം എന്നത് തന്നെയായിരുന്നു.'

anand neelakantanഎനിയ്ക്ക് വലിയ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ല.ഒരു ധൈര്യത്തിന് എഴുതിയതാണ്.ആറ് വര്‍ഷംകൊണ്ടാണ് അസുര എഴുതിയത്.ഭാഗ്യം കൂടെയുണ്ടായിരുന്നു' ആനന്ദ് പറയുന്നു.
എഴുത്ത് എന്നത് തീര്‍ച്ചയായും മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ടത് തന്നെയാണ് എന്ന് ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നു.പുസ്തകം എഴുതിക്കഴിഞ്ഞാണ് പുതിയ കാലത്തെ

എഴുത്തുകാരന്റെ ജോലി ശരിക്കും ആരംഭിയ്ക്കുന്നത് എന്നാണ് ആനന്ദ് നീലകണ്ഠന്‍ വിശ്വസിക്കുന്നത്.എല്ലാ കാലത്തും ജനപ്രിയര്‍തന്നെയാണ് വലിയ എഴുത്തുകാരന്‍ എന്നും അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.വില്‍ക്കാനല്ലെങ്കില്‍ എഴുതുന്നതെല്ലാം ഒരു ഡയറിയാക്കി വീട്ടില്‍വച്ചാല്‍ മതിയല്ലോ.

ബാഹുബലി സിനിമയുടെ സംവിധായകനും നല്ലൊരു പുസ്തകവായനക്കാരനുമായ രാജമൗലി അസുര എന്ന നോവല്‍ വായിച്ചാണ് ആനന്ദ് നിലകണ്ണഠനെ വിളിച്ചത്.തനിയ്ക്ക് അതൊരു അത്ഭുത വിളിയായിരുന്നു എന്ന് ആനന്ദ് പറയുന്നു.ബാഹുബലിഎന്ന സിനിമയുടെ പിറകോട്ട് 

എഴുതാമോ എന്നായിരുന്നു ചോദ്യം.പരീക്ഷയ്ക്ക് എഴുതുന്നത് പോലെ രണ്ട് മണിക്കൂര്‍ ആനന്ദ് എഴുതി.അത് രാജമൗലിയ്ക്ക് ഇഷ്ടപ്പെട്ടു.അങ്ങിനെയാണ് 90 ദിവസം കൊണ്ട് അഞ്ഞൂറിലധികം പുറങ്ങളുള്ള 'BAHUBALI:THE RISE OF SIVAKAMI'എന്ന പുസ്തകം ഉണ്ടാവുന്നത്.

ഇംഗ്ലീഷടക്കം അഞ്ച് ഭാഷകളിലാണ് പുസ്തകം ഇറങ്ങുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുന്ന ഏപ്രിലില്‍ സിനിമാ തിയേറ്ററുകളില്‍വരെ ഈ പുസ്തകം കിട്ടും.ഒരു പോപ്പ് കോണ്‍ വാങ്ങുന്ന പൈസ മാത്രമേ പുസ്തകത്തിനുമുണ്ടാവൂ എന്ന് ആനന്ദ് നീലകണ്ഠന്‍ പറയുന്നു.ഇങ്ങനെയാണ് സാഹിത്യത്തിന്റെ ജനകീയവശം ചിന്തിക്കുന്നത്

ഉച്ചഭക്ഷണസമയത്താണ് പെരുമാള്‍ മുരുകനെക്കണ്ടതും പരിചയപ്പെട്ടതും. അബദ്ധത്തില്‍ ഈ മേളയില്‍വന്നുപെട്ടുപോയ ഭാവമായിരുന്നു അദ്ദേഹത്തിന്. തമിഴന്റെ എല്ലാ വിനയവും ഉണ്ട്. തമിഴ് കഥാ സാഹിത്യലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭാഷണം കേള്‍ക്കാന്‍പോയി.

പെരുമാള്‍ മുരുകന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പലരും കയ്യടിക്കുന്നു.എന്തിനാണ് എന്ന് മുരുകന് പോലും അറിയില്ല. കയ്യടിക്കുന്നവര്‍ക്കും അറിയില്ല. എല്ലാ മേഖലയിലും താരങ്ങള്‍ ഉണ്ടാക്കപ്പെടുന്നത് ഇങ്ങനെയൊക്കെയായിരിക്കാം.ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ആരൊക്കെയോ ചോദിച്ചപ്പോള്‍ 'അതേപ്പറ്റിമാത്രം തനിയ്ക്ക് ഒന്നും പറയാനില്ല' എന്നാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞത്.

അല്‍പം കഴിഞ്ഞ് അദ്ദേഹത്തോട് സ്വകാര്യസംഭാഷണത്തില്‍ 'അര്‍ദ്ധനാരീശ്വരന്‍' എഴുതിയതിന് ശേഷമുള്ള ജീവിതാവസ്ഥ ചോദിച്ചപ്പോഴും പറഞ്ഞു: അത് മാത്രം ചോദിക്കരുത്. എനിയ്ക്ക് പറയാന്‍ താല്‍പ്പര്യമില്ല. ഒന്നുകില്‍ അദ്ദേഹം ആ ഷോക്കില്‍നിന്ന് മുക്തനായിട്ടില്ല. അല്ലെങ്കില്‍ എന്തിനെയൊക്കെയോ പേടിക്കുന്നു.

പെരുമാള്‍ മുരുകനൊപ്പം തമിഴ് എഴുത്തുകാരനായ ഇമയവും പ്രസാധകനായ കണ്ണന്‍ സുന്ദരവും ഉണ്ടായിരുന്നു. പെരുമാള്‍ മുരുകനും ഇമയവും തമിഴിലാണ് സംസാരിച്ചത്.അതേ തങ്ങള്‍ക്ക് അറിയൂ എന്ന് തുറന്ന് പറയാന്‍ അവര്‍ക്ക് മടിയില്ല. കണ്ണന്‍ സുന്ദരം അവരുടെ സംഭാഷണം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി.

തമിഴ് ഭാഷവരെ സംസാരിക്കുന്ന ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ മലയാളം ഇല്ലേയില്ല. എന്തുകൊണ്ടാണ് എന്നാര്‍ക്കും അറിയില്ല.  ഋഷി കപൂറിനെ കാണാനും കേള്‍ക്കാനുമാണ് സാഹിത്യോസ്തവത്തിന്റെ രണ്ടാം ദിവസം ഏറ്റവുമധികം ആളുകള്‍ എത്തിയത്.അദ്ദേഹത്തിന്റെ ആത്മകഥ നൂറ് കണക്കിന് കോപ്പികള്‍ വിറ്റുപോകുകയും ചെയ്തു.

തന്റെ മാസ്മരിക ഭാഷണത്തിലൂടെ ജഗ്ഗി വാസുദേവും ഋഷി കപൂറും സ്വന്തം പുസ്തകങ്ങള്‍ സാഹിത്യോത്സവത്തിന് വന്ന മിക്ക ആളുകളേക്കൊണ്ടും വാങ്ങിപ്പിച്ചു. പുസ്തകം വിശുദ്ധവസ്തുവല്ല മറിച്ച് വില്‍ക്കാനുള്ള ഒരുത്പന്നം മാത്രമാണ് എന്ന തിരിച്ചറിവലേയ്ക്കാണ് ഈ കാഴ്ചകളെല്ലാം നമ്മെ എത്തിക്കുന്നത്.മലയാള സാഹിത്യവും പ്രസാധന വ്യവസായവും മുന്നോട്ട് പോകണമെങ്കില്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം.എഴുത്ത് മാത്രമല്ല എഴുത്തുകാരനും ഒരു ബ്രാന്‍ഡാണ്.ജയ്പൂര്‍നല്‍കുന്ന പാഠം അതാണ്.