ണ്ടുവര്‍ഷം മുമ്പ് ജയ്പൂര്‍ സാഹിത്യോത്സവത്തിന് ആദ്യമായി വരുമ്പോള്‍,അന്ന് ഈ ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം വി.എസ്.നയ്പാള്‍ ആയിരുന്നു. ഇന്ത്യയില്‍ വംശവേരുകളുള്ള എഴുത്തുകാരന്‍. പുലിയാണ് എന്നാണ് വാമൊഴികളിലുള്ളതെങ്കിലും ഒരു കുഞ്ഞുകുട്ടിയേപ്പോലെയാണ് അദ്ദേഹം വന്നത്. വീല്‍ ചെയറില്‍, ഒതുങ്ങിയിരുന്ന്, ഓര്‍മകള്‍ മുറിഞ്ഞ്, കണ്ണീരണിഞ്ഞ് കണ്‍മുന്നില്‍ പ്രിയ എഴുത്തുകാരന്‍.

ഇന്ന് രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ജയ്പൂരിലെത്തുമ്പോള്‍, നയ്പാളിന്റെ മൂന്ന് ഇന്ത്യന്‍ യാത്രകള്‍ 'THE INDIAN TRILOGY' എന്ന പേരില്‍  ഒറ്റ പുസ്തകമായി പുറത്തിറങ്ങിക്കഴിഞ്ഞു.അതിന്റെ ആമുഖമെഴുതിയത് നയ്പാളിന്റെ ആത്മമിത്രവും വിശ്രുതനായ സഞ്ചാരിയും,നയ്പാളിന്റെ ജീവചരിതം 'സത്യസന്ധമായി' എഴുതിയതിന്റെ പേരില്‍ അദ്ദേഹവുമായി അകലുകയും വീണ്ടും കഴിഞ്ഞ വര്‍ഷം സൗഹൃദത്തിലാവുകയും ചെയ്ത് പോള്‍ തെറു ആണ്.

പോള്‍ ആമുഖത്തില്‍  ഇന്ത്യയെക്കുറിച്ച് ഒരു വാചകം എഴുതിയിട്ടുണ്ട്. അത് ഇങ്ങനെ:'many would admit that it would take atlest a life time to understand india'.'The great railway bazar' എന്ന പേരില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലൂടെ അപൂര്‍വമായ യാത്ര നടത്തിയ പോള്‍ തെറുവിന് ഇക്കാര്യം നന്നായി അറിയാവുന്നതു കൊണ്ടു കൂടിയാണ് ഇങ്ങിനെ എഴുതിയത്‌ ഒറ്റ ജീവിതംകൊണ്ട് പിടിത്തം കിട്ടുന്നതല്ല ഇന്ത്യ. അവിചാരിതവും അപ്രതീക്ഷിതവുമാണ് അതിന്റെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും.

ഇത്തവണ ജയ്പൂര്‍ സാഹിത്യോത്സവത്തിന് വന്നപ്പോള്‍ അല്‍പം ആശങ്കയുണ്ടായിരുന്നു. പ്രതിഭയോടൊപ്പം പണത്തിന്റെ കൂടെ കളിയായ ഈ സര്‍ഗോത്സവം എങ്ങിനെയാണ് നോട്ടുനിരോധനത്തിന്റെ ഈ അന്തരാളഘട്ടത്തെ അതിജീവിക്കുക?

സാഹിത്യോത്സവം തുടങ്ങുന്നതിന്റെ തൊട്ടുതലേന്ന് രാത്രി വേദിയില്‍ച്ചെന്നപ്പോള്‍ ആശങ്ക അത്ര അസ്ഥാനത്തല്ല എന്ന് മനസ്സിലായി.എവിടെയൊക്കെയോ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക്. എപ്പോഴും ശാന്തനും സുസ്‌മേരവദനനുമായ ഫെസ്റ്റിവെല്‍  നിര്‍മാതാവ് സഞ്‌ജോയ് റോയിയുടെ മുഖത്ത് ആശങ്കയുടെ നേരിയ നിഴലുകള്‍.

വ്യാഴാഴ്ച രാവിലെയും ഈ ആശങ്കനിലനിന്നിരുന്നു. എന്നാല്‍, ഉദ്ഘാടന സമയമായപ്പോഴേയ്ക്കും എല്ലാ ബുദ്ധിമുട്ടുകളേയും മറികടന്ന് ലോകം സാഹിത്യോത്സവത്തിന്റെ  മുഖ്യവേദിയിലേക്ക് പ്രവഹിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ മുന്‍നിര്‍ത്തിയാണ് ഗുല്‍സാര്‍ തന്റെ വിനയംകൊണ്ടും ജ്ഞാനംകൊണ്ടും നനഞ്ഞ വാക്കുകളിലൂടെ ഉത്സവം ഉദ്ഘാടനം ചെയ്തത്.

ആനി വാള്‍ഡ്മാന്‍ എന്ന അമേരിക്കന്‍ കവയിത്രി കവിത ചൊല്ലിയപ്പോള്‍ സ്ത്രീരൂപം പൂണ്ട കടമ്മനിട്ടയെ ഓര്‍മവന്നു. വാക്കുകളേക്കാറെ ശരീരവും ശാരീരവുമാണ് ഉറഞ്ഞുതുള്ളിയത്. കണ്ടിരിക്കുന്നവര്‍ക്ക് നന്നായ മുഷിഞ്ഞു. അമേരിക്കയില്‍ നിന്ന് വന്ന വാള്‍ഡ്മാനല്ല ബോംബേയി നിന്ന് വന്ന ഗുല്‍സാര്‍ സാഹിബാണ് വലിയ, ആഴുമുള്ള കവി എന്ന് എല്ലാവര്‍ക്കും മനസ്സിലായി.

ഗുല്‍സാര്‍ ഫലം നിറഞ്ഞ ഒരു വന്‍വൃക്ഷത്തെപ്പോലെ കുനിഞ്ഞിരുന്നു. പെയ്ത് പെയ്ത് സ്വച്ഛമായ ആകാശത്തെപ്പോലെ തെളിഞ്ഞിരുന്നു. ഒരു വെള്ളത്തൂവലിനേപ്പോലെ അദ്ദേഹം സാഹിത്യോത്സവത്തില്‍  നിറഞ്ഞുനിന്നു.

നോവലോ കഥയോ കവിതയോ അല്ല ആത്മീയതയാണ് വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ആവശ്യകേന്ദ്രമെന്ന് തെളിയക്കുന്നതായ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ സാന്നിദ്ധ്യം. തന്റേതായ രീതിയിലുള്ള തലപ്പാവും വസ്ത്രധാരണവുമായെത്തിയ അദ്ദേഹത്തിന്റെ താടി മാത്രം ഓഷോ രജനീഷിനെ ഓര്‍മിപ്പിച്ചു.

ദൈവം സഹായിച്ച് സദ്ഗുരുവിന് നല്ല നര്‍മമുണ്ട്. പറയേണ്ട കാര്യം ലളിതമായും കൃത്യമായും പറയാനുള്ള സിദ്ധിയും. നമ്മുടെ ബുദ്ധിജീവികള്‍ക്ക് വംശാനന്തര തലമുറകള്‍ മുത ലഭിക്കാതിരുന്ന, ഇനിയും ഒരിക്കലും ലഭിക്കാത്ത സുകൃതം.

അതില്‍ നിന്നുതന്നെ സദ്ഗുരു ജഗ്ഗി വാസുദേവ് ചില്ലറക്കാരനല്ല എന്നും താന്‍ പറയുന്ന കാര്യങ്ങള്‍ സ്വയം ബോധ്യപ്പെട്ട്, തന്നില്‍ ദഹിച്ചവയാണ് എന്നും മനസ്സിലാവും. നര്‍മമില്ലാത്ത എല്ലാ ആത്മീയ ഗുരുക്കന്മാരും പരമബോറന്മാരായിരുന്നു. വിഡ്ഢികളായ അനുയായികളുടെ വിഗ്രഹം മാത്രമായിരുന്നു. ജഗ്ഗിയ്ക്ക് ഫലിതം ഉള്ളതുകൊണ്ട് ഭേദമാണ് എന്ന് തോന്നി. മാത്രമല്ല ,തന്റെ കാഴ്ചപ്പാടുകളെ നല്ല ഭാഷയില്‍  പറയാനുള്ള ചങ്കൂറ്റവും അദ്ദേഹം കാണിച്ചു.

ഒരു കാല്‍  കയറ്റിവച്ച് അദ്ദേഹം പറഞ്ഞ ഒരു വാചകം ഇങ്ങനെ: 'ജീവിതത്തലെ ഏറ്റവും മനോഹരമായ കാര്യങ്ങളെല്ലാം കാണുന്നവന്റെ കണ്ണ്‌ പരമബോറായിരിക്കും.'സ്വകാര്യമായ ആത്മീയ ആനന്ദത്തെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജഗ്ഗിയുടെ പത്രസമ്മേളനത്തില്‍  നിറഞ്ഞത് വിവാദമായ ജല്ലിക്കെട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. ജല്ലിക്കെട്ടിനെ ശക്തമായി അനുകൂലിച്ച ജഗ്ഗി അവസാനം പറഞ്ഞു: 'ഇന്നര്‍ എഞ്ചിനിയറിംഗിനേക്കുറിച്ച് പറയാന്‍ വന്നു, കാളകളെക്കുറിച്ച് പറഞ്ഞ് മടങ്ങുന്നു'. മാധ്യമലോകത്തിന് എപ്പോഴും അന്നന്നത്തെ വാര്‍ത്തകളുടെ തുടര്‍ച്ചകളും പാളലുകളുമൊക്കെയാണ് വേണ്ടത് ആത്മീയ ജീവിതത്തിന് പെട്ടന്ന് മനസ്സിലാവുന്നതല്ല അത്.

ഇന്ത്യയിലൂടെ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രയെക്കുറിച്ച് ജഗ്ഗി പറഞ്ഞു. വിവേകാനന്ദന്‍ കാല്‍നടയായിട്ടാണെങ്കില്‍ ജഗ്ഗി മോട്ടോര്‍ ബൈക്കില്‍  എന്ന വ്യത്യാസമേയുള്ളൂ. ഒരേ ഇന്ത്യ, ഒരേ കാഴ്ചകള്‍, അനുഭവങ്ങള്‍. ആരാണ് എന്നോ എന്താണ് പേര് എന്നോപോലും ചോദിക്കാതെ വഴിപോക്കന് ഭക്ഷണവും താമസവും നല്‍കുന്ന രാജ്യം ഇന്ത്യ മാത്രമേയുണ്ടാവൂ എന്ന് അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പറഞ്ഞു.

ഒരു ജന്മംകൊണ്ട് മനസ്സിലാവാത്ത ഇന്ത്യയെ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെ ജഗ്ഗിയ്ക്ക് മനസ്സിലായോ എന്നറിയില്ല. വൈകുന്നേരം ഇതേ പ്രധാനവേദിയില്‍ നടന്നത് ഇടതുപക്ഷത്തിന്റെ ഗാഥകളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. പാട്രിക് ഫ്രഞ്ചാണ് ചര്‍ച്ച നയിച്ചത്‌.

ഇ.എം.എസിന്റേയും എ.കെ.ജിയുടേയും പേര് കേട്ടു, യച്ചൂരിയുടേത് കേട്ടു. പിണറായി എന്നോ അച്ചുതാനന്ദന്‍ എന്നോ പറയാന്‍ ഇവരുടെ നാവു പോലും വളയില്ല, തീര്‍ച്ച.

"എല്ലാം കടന്നുപോവും,ഇതും കടന്നുപോവും" എന്ന ഏറ്റവും പ്രസിദ്ധമായ ഇന്ത്യന്‍ വചനം ശരിയാണ്. നോട്ട്ക്ഷാമത്തെ ജയ്പൂര്‍ സാഹിത്യോത്സവം നന്നായി ഉള്‍ക്കൊണ്ടുകഴിഞ്ഞു. എവിടെയും കാഷ്‌ലെസ്സ് കൗണ്ടറുകളാണ്. നോട്ടുകള്‍ എന്നേ കാണാതായിക്കഴിഞ്ഞു. കാലത്തിന്റെ ആവശ്യങ്ങളും മിടിപ്പുകളും മനസ്സിലാക്കി പെട്ടന്ന് മാറാനുള്ള കഴിവുകൂടിയുണ്ട് മഞ്ഞുമാസത്തിലെ ഈ ഉത്സവത്തിന്. അതാണ് ഇതിന്റെ ആയുസ്സിന്റേയും ഐശ്വര്യത്തിന്റേയും രഹസ്യവും.