Mathrubhumi Logo
  gandhiji banner

ഗാന്ധിനിഷേധം ഹിംസയെക്കാള്‍ ഭയാനകം - ഗിരിരാജ് കിഷോര്‍

Posted on: 14 Jul 2010


പാലക്കാട്: ഇന്ത്യയിലെ സാധാരണക്കാര്‍ ഇപ്പോഴും ജീവിക്കുന്നത് ഗാന്ധിജിക്കൊപ്പമാണെന്ന് പ്രശസ്ത എഴുത്തുകാരനും പത്മശ്രീ ജേതാവുമായ ഗിരിരാജ് കിഷോര്‍ പറഞ്ഞു. ജീവിതത്തിലെ കടുത്ത പോരാട്ടങ്ങളെ നേരിടാന്‍ അഹിംസയുടെയും സഹനത്തിന്റെയും മാര്‍ഗം ഉപദേശിച്ച ഗാന്ധിജിയാണ് ഇന്നും അവരുടെ ശ്രേഷ്ഠമാതൃക.

മഹാത്മാഗാന്ധിയുടെ 'മാതൃഭൂമി' സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാണ്‍പൂര്‍ ഐ.ഐ.ടി.യുടെ മുന്‍ രജിസ്ട്രാറും സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് റൈറ്റിങ് മുന്‍ മേധവിയുമായ ഗിരിരാജ് കിഷോര്‍.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറഞ്ഞ മഹാത്മാവിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് പരിമിതമായ അറിവേയുള്ളൂ. ശുഷ്‌കമായ അറിവുവെച്ച് നടത്തുന്ന 'ഗാന്ധിനിഷേധം' ഹിംസയെക്കാള്‍ ഭയാനകമാണെന്ന് ഗിരിരാജ് കിഷോര്‍ പറഞ്ഞു.

ഗാന്ധിജിയുടെ ജീവിതം ഹരികഥപോലെ അനന്തവും അപാരവുമാണ്. അനുഭവങ്ങളുടെ പരപ്പിനാല്‍ നിസ്സീമമായ ആ സാഗരം നീന്തിക്കടക്കാന്‍ എളുപ്പമല്ല. ഗാന്ധിയന്‍ ആദര്‍ശങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ അതിനെ നിഷേധിക്കലാണ് കൂടുതലെളുപ്പം എന്ന് കരുതും. ചിന്തകളില്‍നിന്നും രാഷ്ട്രീയആദര്‍ശങ്ങളില്‍ നിന്നും നമ്മള്‍ എന്നോ ഗാന്ധിജിയെ പുറന്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ എല്ലാവസ്തുക്കള്‍ക്കും സ്വദേശിയായ ബദലുണ്ടെന്ന് വിശ്വസിച്ച മഹാത്മാവിന്റെ പ്രമാണങ്ങള്‍ക്ക് ഇപ്പോള്‍ വിലകല്‍പ്പിക്കുന്നതേയില്ല. കടം വാങ്ങുന്ന സുഖലോലുപതകളാണ് ക്ലേശങ്ങള്‍ക്ക് പരിഹാരമെന്നും നാം തെറ്റിദ്ധരിച്ചിരിക്കുന്നു. വരിയില്‍ നില്‍ക്കുന്ന അവസാനത്തെ മനുഷ്യനും കിട്ടുന്ന നീതിയാണ് ഗാന്ധിജി വിഭാവനംചെയ്ത വികസനമെന്നും ഗിരിരാജ് കിഷോര്‍ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെ അദ്ദേഹം ആദരിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. എല്ലാവികസനത്തിലും ആദ്യം മാറ്റിനിര്‍ത്തപ്പെടുന്നത് മനുഷ്യനാണ്. ശാസ്ത്രം അശ്വമേധം നടത്തുമ്പോഴും ജീവന്റെ അടിസ്ഥാനപ്രമാണങ്ങള്‍ മാറിയിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇവിടെയാണ് ഗാന്ധിജിയുടെ പ്രസക്തി. ഗാന്ധിജിയിലേക്ക് നമ്മള്‍ തിരിച്ചെത്തണം. തനിക്ക് അവകാശമില്ലാത്ത ഒരു തുള്ളിവെള്ളംപോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. മാറുന്നലോകം ചിന്തിക്കുന്നത് ഗാന്ധിജിയെക്കുറിച്ചാണ്. ജൈവസമൂഹം അതിനുള്ള സമയം കുറിച്ചുകഴിഞ്ഞതായി വീരേന്ദ്രകുമാര്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകനെന്നനിലയ്ക്ക് തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് മഹാത്മാഗാന്ധിയാണെന്ന് മുഖ്യാതിഥിയായ പ്രൊഫ. കെ.വി. ഈശ്വരവാരിയര്‍ പറഞ്ഞു.

1942 വരെ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന താന്‍ ആ ബന്ധം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കാളിയായത് മഹാത്മാവിനോടുള്ള ആദരവുകൊണ്ടാണ്. പില്‍ക്കാലത്ത് മാര്‍ഗദര്‍ശകമായി വര്‍ത്തിച്ചത് ഗാന്ധിയന്‍ ആദര്‍ശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായര്‍, കവയിത്രി ഒ.വി. ഉഷ എന്നിവര്‍ പ്രഭാഷണം നടത്തി. പ്രൊഫ. കെ.വി. ഈശ്വരവാരിയരുടെ 'അമൃതംഗമയ' എന്ന കവിത ചൊല്ലിയാണ് ഉഷ പ്രഭാഷണം അവസാനിപ്പിച്ചത്.

24 വര്‍ഷമായി സൈലന്റ്‌വാലിയിലെ വാച്ചറായ എല്‍. മാരിയെ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ ആദരിച്ചു.

ചിത്രരചനാമത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ഡോ. പി.വി. കൃഷ്ണന്‍നായരും രാമസ്വാമി ആര്‍. അയ്യരും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ കെ. സേതുമാധവന്‍നായര്‍ സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.ganangal

മറ്റു വാര്‍ത്തകള്‍

  12 »

സ്‌പെഷല്‍ പേജ്‌

 

Discuss