jayaramതൃശ്ശൂർ: നളചരിതമായിരുന്നില്ല കലാമണ്ഡലം ഗോപിയപ്പോൾ ആടിക്കൊണ്ടിരുന്നത്. സ്വന്തം ജീവിതം. അപ്പോൾ ചന്ദ്രിക വേഗത്തിൽ മനസ്സിലേക്കോടിവന്നു. ഇനിയൊരിക്കലും ആടാനാവില്ലെന്ന് ഡോക്ടർ വിധിച്ചിട്ടും ആസ്പത്രിക്കിടക്കയിൽ എല്ലാം മറന്ന് പരിചരിച്ച പ്രാണസഖി, ചന്ദ്രിക.  

 ഗോപിയുടെ മുഖമൊന്നുമാറി. നിശ്ശബ്ദതയിലേക്ക് പതുക്കെ വാക്കുകൾ മുറിഞ്ഞുവീഴാൻ തുടങ്ങി- 'ഭക്ഷണംപോലും കഴിക്കാതെയാണ് എല്ലാം  മറന്നെന്നെ നോക്കിയത്. ഇത്രയും ത്യാഗം സഹിച്ച സ്ത്രീ വേറെയുണ്ടാകില്ല.  അവരുടെ കാൽക്കലെത്രവീണാലും അധികപ്പറ്റാവില്ല.' -ഇതു  പറയുമ്പോഴേക്കും കളിയരങ്ങിലെ മഹാനടന്റെ തൊണ്ടയിടറി, വിതുമ്പലായി. 

 ഗോപിയുടെ പ്രിയഭാര്യ ചന്ദ്രിക വേദിയിലിരുന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു, കാണുന്നുണ്ടായിരുന്നു. ഒന്നരപ്പതിറ്റാണ്ട് പിന്നിലേക്ക് തിരിച്ചുനടക്കുകയായിരുന്നു നടനപ്പോൾ. നളനും കർണനും അർജുനനുമൊക്കെയായി കളിയരങ്ങുവാണ ഗോപിയുടെ കണ്ണുനനഞ്ഞു. 'അവരോട് എന്തുമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് പറയാനാവില്ല. എന്റെ മഹാഭാഗ്യമാണിത്. അവരുടെ പ്രാർഥനയിൽ എന്റെ മനസ്സ് മാറിക്കൊണ്ടേയിരുന്നു. ആസ്പത്രിയിൽനിന്നിറങ്ങി ആറുമാസത്തിനുശേഷം   ഗുരുവായൂരിൽ കണ്ണനു മുന്നിൽ ആടി. അതും കിർമീരവധത്തിലെ കർണനെ.'

എല്ലാവർക്കും എന്നും ഓർക്കാവുന്ന ദാമ്പത്യത്തിന്റെ മാതൃക വിവരിച്ച ചടങ്ങ്, കലാമണ്ഡലം ഗോപിക്ക് ഞായറാഴ്ചത്തെ അത്തംനാളിൽ 80 തികഞ്ഞ ദിവസം. അശീതിപ്രണാമമായ നാലുദിവസത്തെ പിറന്നാൾ ആഘോഷം ഹരിതത്തിൽ സമാപനത്തിന് നന്ദി പറയുമ്പോഴായിരുന്നു വന്ന വഴികളിലേക്ക് ഗോപിയുടെ തിരിഞ്ഞുനോട്ടം.

 'മക്കൾ രണ്ടും കഥകളിക്കാരായില്ലെന്നതിൽ നേരിയ വിഷമമുണ്ട്. എന്നാൽ, അവർ നല്ലമക്കളായി. ഇതുമൊരു മഹാഭാഗ്യം. അവരുടെ ഭാര്യമാരും ഞങ്ങൾക്ക് മക്കളാണ്. 'സിനിമയിലും സീരിയലിലുമുള്ള അമ്മായിഅമ്മപ്പോര് വീട്ടിലില്ലെന്നും ഗോപിയാശാൻ കൂട്ടിച്ചേർത്തു.  കലാ, സാംസ്കാരിക, രാഷ്ട്രീയരംഗം ഗോപിക്ക് പ്രണാമം അർപ്പിച്ചു.  സമാപനസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി അധ്യക്ഷൻ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. അശീതിദീപപ്രദാനം പി.കെ. ബിജു എം.പി. ദീപം ഗോപിക്ക് നൽകി നിർവഹിച്ചു.