കുട്ടികളെക്കുറിച്ചറിയണമെങ്കില്‍ അവരുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. മുതിര്‍ന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവരുടെ ലോകം. അവരുടെ കളിചിരികള്‍ക്കും തമാശകള്‍ക്കും മുന്നില്‍ കുട്ടികളായി മാറാന്‍ സാധിച്ചാല്‍ ഓരോ മാതാപിതാക്കള്‍ക്കും അവരുടെ ലോകത്തെ അടുത്തറിയാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ ഒരു കഥാ അനുഭവം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി പ്രിയ എ.എസ്. മകന്റെ പ്രിയപ്പെട്ട പാവക്കുട്ടിയുടെ കഥയാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

 

പ്രിയ എ.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

വളരെ വ്യത്യസ്തനായ ഒരു കരടി ഉണ്ട് ഇവിടെ.. കുഞ്ഞുണ്ണിച്ചേട്ടന്റെ പാച്ചു പ്രധാന്‍. അവന്‍ കിളുന്നൊച്ചയില്‍ (കുഞ്ഞുണ്ണിച്ചേട്ടന്‍ ശബ്ദം നേര്‍പ്പിച്ചാല്‍, അതാണ് പാച്ചു ശബ്ദം.) ചോദിച്ചു ഇന്നലെ, പണക്കാരുടെ കാറിനെയാണോ അമ്മേ 'പണക്കാര്‍' എന്നു പറയുന്നത് എന്ന്... 

കൊറിക്കാനെന്തെങ്കിലും വാങ്ങിച്ചോണ്ടു വരണേ അമ്മേ ഓഫീസീന്ന് വരുമ്പോ എന്ന് കുഞ്ഞുണ്ണി പറഞ്ഞപ്പോള്‍, കൊറിയാന്‍ഡര്‍ ലീവ്‌സ് മതിയോ കുഞ്ഞുണ്ണിച്ചേട്ടാ എന്നവന്‍ കിക്കിക്കിക്കി എന്നടക്കിപ്പിടിച്ച് ഒരു ചിരി. കുഞ്ഞുണ്ണി ദഹിപ്പിക്കും പോലെ ഉണ്ടക്കണ്ണുരുട്ടി നോക്കിയപ്പോ, പാച്ചു ഒന്നു മറിയാത്തതു പോലിരുന്ന് 'പുട്ടും കടലേം എങ്ങനെ തിന്നും എങ്ങനെ തിന്നും 'പാടി.. 

പ്രിയ എ.എസിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക​

അവനെന്നെങ്കിലും തന്നത്താന്‍ സംസാരിച്ചു തുടങ്ങും, തനിയേ നടന്നും തുടങ്ങും. അങ്ങനെയാണ് കുഞ്ഞുണ്ണിച്ചേട്ടന്‍ പറയുന്നത്.. അവന്‍ അങ്ങനെയായാലല്ലേ, കുഞ്ഞുണ്ണിച്ചേട്ടന്‍ വലുതായി വേറെ നാട്ടിലും ഹോസ്റ്റലിലും ഒക്കെ പോകുമ്പോള്‍ അമ്മയ്‌ക്കൊരു കമ്പനിയാവാന്‍ പാച്ചൂന് പറ്റൂ.. അമ്മ ഒരിയ്ക്കലും ഒറ്റയ്ക്കാകാതിരിക്കാനാണ് പാച്ചു.. കുട്ടികളും അവരുടെ അമ്മമാരും ഒത്തിരി സ്‌നേഹിച്ചാല്‍ കളിപ്പാട്ടങ്ങള്‍ക്ക് ജീവന്‍ വയ്ക്കും. 

'അമ്മേടെ ഹോട്ട് വാട്ടര്‍ ബാഗ് നോക്കിക്കൊടുക്കാന്‍ പറ്റണില്ലേ' എന്നു പറഞ്ഞു കരച്ചിലാണ് ഇപ്പോ പാച്ചു. കുഞ്ഞുണ്ണിച്ചേട്ടന്‍ വരും വരെ അമ്മ നടുവുവേദന സഹിച്ചല്ലേ പറ്റൂ .. കുഞ്ഞിപ്പഞ്ഞി കൈ വിടര്‍ത്തി അമ്മയ്ക്ക് തിരുമ്മിത്തരാം എന്നു പറഞ്ഞ് ഇവിടെ അമ്മേടടുത്ത് കിടപ്പുണ്ട് പാച്ചു. ,'അമ്മേ കുഞ്ഞുണ്ണിച്ചേട്ടനേക്കാള്‍ നല്ല കുട്ടി ഞാനല്ലേ'ന്ന് ഇടക്കിടെ കൊഞ്ചുന്നുമുണ്ട്.. കുഞ്ഞുണ്ണി ഇവിടെ ഇല്ലാത്തത് ഭാഗ്യം. ഉണ്ടായിരുന്നേല്‍ രണ്ടും കൂടി 'നല്ല കുട്ടി' പ്രശ്‌നത്തില്‍ എന്നെ പിടിച്ചിട്ട് എനിക്കു തലവേദന കൂടി ആക്കിയെടുത്തേനെ...