മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ മരണവാര്‍ത്തയില്‍ ഞെട്ടി സാഹിത്യ ലോകം. എന്‍.എസ്.മാധവന്‍, സുഭാഷ് ചന്ദ്രന്‍, കെ.ആര്‍.മീര, സാറ ജോസഫ് തുടങ്ങി നിരവധി പേര്‍ തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 

'ഞെട്ടലിലാണ്, അത്യധികം വ്യസനത്തിലും, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.' എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. 

Tweet

അവര്‍ സ്ത്രീകളോടും പരാക്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന് പരേതാത്മാവായ ലങ്കേഷ് തനിക്ക് മുന്നറിയിപ്പുനല്‍കിയതായി സുഭാഷ് ചന്ദ്രന്‍ എഴുതി. 
'കഥാകൃത്തും കവിയും നാടകകൃത്തും സിനിമാക്കാരനുമൊക്കെയായ അദ്ദേഹം രണ്ടായിരത്തില്‍ മരിച്ചിട്ടും ഇപ്പോള്‍ എന്റെ മുന്നില്‍ ഇരിക്കുന്നു; മരണത്തേക്കാള്‍ വലിയ മരവിപ്പോടെ. 
എന്റെ മകള്‍ ഗൗരിയെ അവര്‍ കൊന്നു!, അദ്ദേഹം പറയുന്നു. 
നീയും എഴുത്തുകാരനല്ലേ?, അദ്ദേഹം പരേതാത്മാക്കളുടെ ശബ്ദത്തില്‍ തിരക്കുന്നു. 
നിന്റെ മക്കളും ബാംഗ്ലൂരിലല്ലേ?, അദ്ദേഹം നിര്‍ദ്ദയം ചോദിക്കുന്നു. 
അവരും പത്രപ്രവര്‍ത്തകരാകാനും സത്യം എഴുതാനും കൊതിക്കുന്നവരല്ലേ?, അദ്ദേഹം കണ്ണീരടരാതെ ശ്രദ്ധിക്കുന്നു. 
ഓര്‍ത്തോളൂ, അദ്ദേഹം പൂര്‍ത്തിയാക്കുന്നു:അവര്‍ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു. 
ബുദ്ധിമതികളായ സ്ത്രീകളോട്, അനുസരിക്കാന്‍ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും!' 

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് കെ.ആര്‍.മീര സംഭവത്തോട് പ്രതികരിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള വെടിയുണ്ടകളാണ് ഇതെന്നായിരുന്നു സാറ ജോസഫിന്റെ പ്രതികരണം.