തൊരു വ്യക്തിയുടെയും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ് കൗമാരം. ജീവിതത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന ഈ ഘട്ടത്തില്‍, മാനസികവും ശാരീരികവുമായ ഒട്ടനവധി മാറ്റങ്ങളാണ് കൗമാരക്കാരിലുണ്ടാക്കുന്നത്. കൗമാരത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഒരാളുടെ ഭാവി ജീവിതത്തില്‍ ചെലുത്താന്‍ പോന്നവയാണ് 

തീരുമാനങ്ങള്‍ പിഴച്ചാല്‍ അത് ജീവിതത്തിനെ തന്നെ ബാധിക്കാം. അതിനാല്‍ തന്നെ കൗമാര ഘട്ടത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കേണ്ടത് അത്യാവശ്യമണ്. ഈ കാലഘട്ടത്തില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകമാണ് സെബിന്‍ എസ് കോട്ടാരവും ജോബിന്‍ എസ് കൊട്ടാരവും ചേര്‍ന്നെഴുതിയ 'കൗമാരവും ജീവിത വിജയവും'.

മാനസികമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ ശാരീരികമായ ഒട്ടേറെ മാറ്റങ്ങളും നടക്കുന്ന സമയമാണ് കൗമാരം. അതിനാല്‍ തന്നെ ഉത്കണ്ഠാകുലരാണ് പല കൗമാരക്കാരും. അത് പങ്കുവയ്ക്കാനും ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മാര്‍ഗനിര്‍ദേശകള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഈ പ്രായക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

വീട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും അകലം പാലിക്കുന്ന കൗമാരക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ കൂടുതലും പങ്കുവയ്ക്കുക സുഹൃത്തുക്കളോടാകും എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. അതിനാല്‍ ഇത് തെറ്റായ വഴിയിലേക്കാവും അവരെ നയിക്കുക.

മാനസികവും ശാരീരികവുമായ കുറ്റങ്ങളും കുറവുകളും നേരിടുന്ന കൗമാരക്കാരില്‍ അപകര്‍ഷതാബോധം തോന്നുക സ്വഭാവികമാണ്. അവര്‍ക്ക് സ്വന്തം പോരായ്മകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നാം പലപ്പോഴും നിരുപദ്രവകരമെന്ന് കരുതുന്ന പല സ്വഭാവങ്ങളും യഥാര്‍ഥ പ്രശ്‌നങ്ങളാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും.  അതിനാല്‍ തന്നെ അവ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പരിഹരിച്ചാല്‍ ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. മന:ശാസ്ത്രപരമായ ഇത്തരം പ്രശ്‌നങ്ങളെ ഉദാഹരണസഹിതം പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

kaumaravum-jeevithavijayavumആത്മഹത്യാ പ്രവണത, ആത്മവിശ്വാസക്കുറവ്, അപകര്‍ഷതാബോധം, തോല്‍വിയെ നേരിടാനുള്ള മടി, മാനസിക സമ്മര്‍ദം, പഠനവൈകല്യങ്ങള്‍, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്. ഇക്കാര്യങ്ങളെല്ലാം പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മാതാപിതാക്കള്‍ എങ്ങനെ അവ കൈകാര്യം ചെയ്യണമെന്നും പുസ്തകം പറഞ്ഞു തരുന്നു.

സാമൂഹികമര്യാദകള്‍, തെറ്റു തുറന്നു സമ്മതിക്കാനുള്ള മനസ്, കുറവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശക്തി, തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ കൗമാരക്കാര്‍ ശ്രദ്ധിക്കേണ്ട പ്രശ്‌നങ്ങള്‍ കൗമാരവും ജീവിത വിജയവും എന്ന പുസ്തകം ചര്‍ച്ച ചെയ്യുന്നു.

മക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കും സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാതെ വിഷമിക്കുന്ന കൗമരക്കാര്‍ക്കും ഒരുപോലെ ഗുണകരമാണ് ഈ പുസ്തകം. അതിനുള്ള പാഠങ്ങളാണ് ഓരോ അധ്യായത്തിലൂടെയും സെബിന്‍ എസ് കോട്ടാരവും ജോബിന്‍ എസ് കൊട്ടാരവും കൗമാരവും ജീവിത വിജയവും എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രായോഗികമാക്കിയാല്‍ ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.