കുട്ടികള്‍ മിടുക്കരായല്ല മിടുമിടുക്കരായി വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. പക്ഷെ ഇതിനായി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിപ്പോവുകയാണ് പലപ്പോഴും പലരും. മറ്റു കുട്ടികളെക്കാള്‍ പിന്നിലായി പോകുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ വഴക്കു പറഞ്ഞും ചിലപ്പോഴൊക്കെ വടിയെടുക്കുകയുമാണ് പലരും ചെയ്യുന്നത്.

എന്നാല്‍ കുഞ്ഞുങ്ങളെ മിടുക്കരാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അതിനുള്ള എളുപ്പവഴികള്‍ പറഞ്ഞുതരികയുമാണ് വിജയം രക്ഷിതാക്കളുടെ കൈയില്‍ എന്ന സുരേന്ദ്രന്‍ ചീക്കിലോടിന്റെ പുസ്തകം.

മൂന്ന് ഭാഗങ്ങളായാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഉദാഹരണങ്ങളിലൂടെ കുട്ടികളെ മിടുക്കരാക്കാമുള്ള വഴികള്‍ മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നതാണ് ഒന്നാം ഭാഗം. കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ വീടുകളില്‍ സൃഷ്ടിക്കണമെന്ന് പറയാന്‍ ഹിറ്റ്‌ലറിന്റെ ബാല്യകാലമാണ് ഉദാഹരിച്ചിരിക്കുന്നത്.

surendran cheekkilodeഅതിങ്ങനെ- കുട്ടിക്കാലത്ത് വളരെയേറെ അവഹേളനങ്ങളും അപമാനവും സഹിച്ചു വളര്‍ന്ന ബാലനായിരുന്നത്രെ ഹിറ്റ്‌ലര്‍. സ്വന്തം അച്ഛനില്‍നിന്ന് ഒരുതുള്ളി സ്‌നേഹമോ ലാളനയോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലത്രെ. പട്ടിയെ തല്ലുന്നതു പോലെയും ഇരുട്ടറയില്‍ അടച്ചുമാണത്രെ ആ അച്ഛന്‍ ഹിറ്റ്‌ലറെ വളര്‍ത്തിയത്. ഹിറ്റ്‌ലര്‍ക്ക് അഞ്ചുവയസ്സ് തികയുന്നതിനു മുമ്പ് അമ്മ അവനെ ഉപേക്ഷിച്ചു പോവുകയും ചെയ്തു.

കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്ന ഭയവും വെറുപ്പും പീഡനങ്ങളും വേദനകളും ഹിറ്റ്‌ലറിന്റെ ആത്മാഭിമാനത്തെ പിച്ചിച്ചീന്തി. പില്‍ക്കാലത്ത് കൈ വന്ന അധികാരം താന്‍ കുട്ടിക്കാലത്ത് അനുഭവിച്ച പീഡനങ്ങള്‍ക്ക് പ്രതികാരം തീര്‍ക്കാനാണത്രെ ഉപയോഗിച്ചത്. അതുകൊണ്ട് കുട്ടികള്‍ക്ക് അപകര്‍ഷതാബോധം സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ വീട്ടകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.

കുട്ടികളില്‍ ഇച്ഛാശക്തി വളര്‍ത്തിയാല്‍ എത്രവലിയ വിജയവും കൈപ്പിടിയില്‍ ഒതുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ഉദാഹരിക്കുന്നത് വില്‍മ റൂഡോള്‍ഫിന്റെ കഥയിലൂടെയാണ്. നാലാം വയസ്സില്‍ ന്യൂമോണിയ വന്ന് ശരീരം തളര്‍ന്നുപോയ കുട്ടിയില്‍ നിന്ന് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഓട്ടക്കാരിയായതും ചരിത്രമാണ്. കുട്ടികള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന രീതിയില്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അരുതെന്ന് പറയാന്‍ കുട്ടികളെ പഠിപ്പിക്കാനും പുസ്തകം നിര്‍ദേശിക്കുന്നു.

കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കള്‍ ചെലുത്തേണ്ട ശ്രദ്ധയെ കുറിച്ച് പറയുന്നതാണ് രണ്ടാം ഭാഗം. ഏത് സ്‌കൂളില്‍ ചേര്‍ക്കണം, കുട്ടികള്‍ക്ക് ബാഗും കുടയും വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? കുട്ടികള്‍ക്കു വേണ്ടി വീട്ടില്‍ വായനാമുറി ഒരുക്കേണ്ടതിനെ കുറിച്ച്, അവര്‍ക്ക് പഠിക്കാന്‍ ഒരിടം ഒരുക്കുന്നതിനെ കുറിച്ചുമൊക്കെയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം ചര്‍ച്ച ചെയ്യുന്നത്.

പാഠ്യപദ്ധതിയില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് കുട്ടികളെ തയ്യാറാക്കുന്നതിനെ കുറിച്ച് മൂന്നാം ഭാഗവും ചര്‍ച്ച ചെയ്യുന്നു. പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിലും സെമിനാര്‍ അവതരിപ്പിക്കുന്നതിലും മാതാപിതാക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന സഹായത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ദേവപ്രകാശിന്റെ വരകളും പുസ്തകത്തിന് പൂര്‍ണത നല്‍കുന്നു. നല്ല മാതാപിതാക്കള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് വിജയം രക്ഷിതാക്കളുടെ കൈയില്‍ എന്ന ഈ പുസ്തകം.