ന്നുകില്‍ ക്രാഷ് കോഴ്‌സുകള്‍ അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ ഇനി അതുമല്ലെങ്കില്‍ കമ്പ്യൂട്ടറും വീഡിയോ ഗെയിമും. ഒരു ശരാശരി മലയാളിക്കുട്ടിയുടെ അവധിക്കാലം മേല്‍പ്പറഞ്ഞവയിലൂടെയൊക്കെയാണ് കടന്നുപോകാറ്. നൃത്തം, പാട്ട് ഡാന്‍സ്, കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധനകലകള്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങി ഈ ഭൂലോകത്തിനു താഴെയുള്ള എന്തിനെ കുറിച്ചും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കുന്നവയാണ് ക്രാഷ് കോഴ്‌സുകള്‍.

ഇനി കാര്‍ട്ടൂണുകളുടെ കാര്യമെടുക്കാം. കുട്ടികളെ ടി വിക്കു മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ ചില്ലറ പങ്കൊന്നുമല്ല കാര്‍ട്ടൂണുകള്‍ നിര്‍വഹിക്കുന്നത്. പൊന്നു മക്കളെ ആ കമ്പ്യൂട്ടര്‍ ഒന്ന് ഓഫാക്കി വയ്‌ക്കെടാ...കണ്ണിന് ഇത്തിരി ആശ്വാസം കിട്ടട്ടെ അല്ലെങ്കില്‍ നാലുനേരവും ഗെയിമും കളിച്ചോണ്ടിരുന്നോ തുടങ്ങിയ പല്ലവികള്‍ വീട്ടകങ്ങളില്‍ നിന്ന് ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു. 

കുട്ടികള്‍ വായിച്ചു വളരണമെന്നത് വെറും പഴംകഥയായി മാറുകയാണ്. ഇതിന് ഒരു മാറ്റം വേണ്ടേ? വായിച്ചു വളരുന്ന ടി വിക്കും കമ്പ്യൂട്ടറിനും അടിമകളല്ലാത്തവരായി വളര്‍ത്തിക്കൂടെ നമുക്ക് കുട്ടികളെ?

ഇതാ ഈ അവധിക്കാലത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ മൂന്ന് പുസ്തകങ്ങള്‍. നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന ഇന്ത്യന്‍ നാടോടിക്കഥകള്‍- എന്‍ എം നമ്പൂതിരിയുടെ പരിഭാഷ, സിപ്പി പള്ളിപ്പുറത്തിന്റെ മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ്, ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം- സിപ്പി പള്ളിപ്പുറം. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. 

indian nadodikkadhakalബംഗാളി, ബീഹാറി, പഞ്ചാബി ഭാഷകളിലുള്ള കഥകള്‍ക്കൊപ്പം ലാഹുളി, ലഡാക്കി, നേഫാ ഭാഷകളിലെ കഥകളും എന്‍ എം നമ്പൂതിരി തയ്യാറാക്കിയ ഇന്ത്യന്‍ നാടോടിക്കഥകളില്‍ ചേര്‍ത്തിട്ടുണ്ട്. സംസ്‌കാരത്തിന്റെ ധാരാവാഹികളാണ് നാടോടിക്കഥകള്‍. അവയുടെ സമാഹാരമാണ് ഈ പുസ്തകം.

ഏഴ് ആങ്ങളമാര്‍ക്ക് ഒരു പെങ്ങള്‍, ഉറങ്ങുന്ന കൊട്ടാരം, സുന്ദര്‍ബനിലെ കടുവാകുടുംബത്തിന്റെ കഥ പറയുന്ന കടുവയമ്മാവന്‍, പതസ്പൂരിലെ നെയ്ത്തുകാരന്റെ കഥ പറയുന്ന സുഖുവും ദുഖുവും ചേര്‍ന്നതാണ് ബെംഗാളി കഥകള്‍. പൂച്ചയമ്മായിയും തോലുമാറ്റവും തമ്മില്‍ത്തല്ലിന്റെ ചരിത്രവും ഉള്‍പ്പെട്ടതാണ് നാഗാ കഥകള്‍. മുയലിന്റ മൂക്കും ദേവതയെ തോല്‍പ്പിച്ച ലാമയുമൊക്കെയാണ് ലാഹൂളിക്കഥകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മന്ത്രം പഠിപ്പിച്ച പാമ്പ്, എലിയുടെ കല്യാണം, കടുവയെ പിടിച്ച കിടുവയുമൊക്കെയാണ് ബീഹാറിക്കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷുരകന്റെ ഭാര്യ, സ്ഥലത്തെ പ്രധാനദിവ്യന്‍, മുതലയുടെ പ്രേമം തുടങ്ങി രസകരമായ കഥകളാണ് പഞ്ചാബിയില്‍ നിന്ന് തിരഞ്ഞെടുത്തിട്ടുള്ളത്. ജ്യോത്സന്‍, ലാമയും മീനും തുടങ്ങിയവ ലഡാക്കി ഭാഷയില്‍ നിന്നും പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. നേഫക്കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയില്‍ പ്രധാനപ്പെട്ടവ ആമ, കരടിമാംസം തിന്നരുത്, അമ്മായിഅമ്മയും മരുമകനും തുടങ്ങിയവയാണ്. 

mrugangalude cinema shootingമലയാള ബാലസാഹിത്യത്തിലെ സുപരിചിതനാണ് സിപ്പി പള്ളിപ്പുറം. അദ്ദേഹത്തിന്റെ മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ് എന്ന കഥാസമാഹാരത്തില്‍ മൃഗങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പതിനൊന്ന് കഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാട്ടിലെ മൃഗങ്ങളെല്ലാം ചേര്‍ന്ന് ഒരു സിനിമനിര്‍മിച്ചാല്‍ എങ്ങനെയുണ്ടാവും എന്നു പറയുന്ന കഥയാണ് മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ്. നായകന്‍ വെട്ടന്‍ കാട്ടുപോത്തും അങ്ങ് ആസാമില്‍ നിന്നു വരുന്ന പ്രതിനായകന്‍ ധില്ലന്‍ കാണ്ടാമൃഗവുമൊക്കെയാണ് കഥയിലെ പ്രധാനകഥാപാത്രങ്ങള്‍. പക്ഷികളുടെ വിശ്വസുന്ദരിപ്പട്ടം ആര്‍ക്കായിരിക്കും എന്നറിയാന്‍ നടത്തുന്ന പക്ഷികളുടെ ഫാഷന്‍ പരേഡ, കോവാലന്‍ കരടിയെ വെട്ടിവെളുപ്പിച്ച മര്‍ക്കടനാശാന്റെ ബാര്‍ബര്‍ക്കട അങ്ങനെ വായിക്കാന്‍ രസമുള്ള കഥകളാണ് മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ് എന്ന കഥാസമാഹാരം. 

unnikalkkoru anakkuttyആനയെ കുറിച്ചുള്ള നൂറുകൂട്ടം കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുന്ന പുസ്തകമാണ് സിപ്പി പള്ളിപ്പുറത്തിന്റെ ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം. ആനയുമായി ബന്ധപ്പെട്ട കഥകളും കാര്യങ്ങളും രസകരമായി പങ്കു വയ്ക്കുന്ന രീതിയിലുള്ളതാണ് രചനാരീതി.

ആനയുടെ ലക്ഷണം, ആനപ്പക, ആനയുടെ മദം പൊട്ടല്‍, ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ആനകള്‍ക്കായുള്ള അനാഥാലയം, വെള്ളാനകളുടെ നാടായ തായ്‌ലന്‍ഡ് അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. കുട്ടികള്‍ക്കു മാത്രമല്ല, ആനപ്രേമികളായി മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമാകും ഈ ആനപ്പുസ്തകം. ദേവപ്രകാശിന്റെ വരകളും പുസ്തകത്തെ ഗംഭീരമാക്കിയിട്ടുണ്ട്.