അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്റന്റെ 'വാട്ട് ഹാപ്പെന്‍ഡ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള തൊള്ളായിരത്തോളം അഭിപ്രായങ്ങള്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആമസോണ്‍ നീക്കംചെയ്തു. പുസ്തകം വായിക്കാതെയാണ് അഭിപ്രായപ്രകടനമെന്ന് മനസ്സിലായശേഷമാണ് ആമസോണിന്റെ നടപടി.
 
കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള പുസ്തകം ചൊവ്വാഴ്ചയാണ് വിപണിയിലെത്തിയത്. ബുധനാഴ്ചയോടെ അഭിനന്ദിച്ചും വിമര്‍ശിച്ചുമുള്ള ആയിരത്തറുന്നൂറോളം അഭിപ്രായക്കുറിപ്പുകളാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ വന്നത്. 

ഇതില്‍നിന്നാണ് പുസ്തകം തുറന്നുനോക്കാതെയുള്ള നിരൂപണങ്ങള്‍ നീക്കിയത്. ഇപ്പോഴുള്ള അഞ്ഞൂറോളം  അഭിപ്രായക്കുറിപ്പുകള്‍ക്ക് പഞ്ചനക്ഷത്ര റേറ്റിങ്ങാണുള്ളത്. ഇവയെല്ലാം പുസ്തകം വാങ്ങിയവരുടെതാണ്.