നിലവിലെ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമെന്ന്‌ തോന്നുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അതിരപ്പിള്ളിയെ കുറിച്ചുള്ള തന്റെ നിലപാട് വി.എസ് വ്യക്തമാക്കിയത്. 

'ഇന്നത്തെ ഗുരുതരമായ പാരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത് അതിരപ്പിള്ളി പദ്ധതിയല്ല നമുക്ക് അനുയോജ്യം എന്നാണ് തോന്നുന്നത്. ഈ രംഗത്തെ വിദഗ്ധരും സംഘടനകളും  പറയുന്നതെല്ലാം തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമാവില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും സമവായമുണ്ടാക്കേണ്ടതുണ്ട്.' അച്യുതാനന്ദന്‍ പറയുന്നു. 

'ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് വ്യക്തമായ പാരിസ്ഥിതിക കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന് പറഞ്ഞതുപോലെ, കാഴ്ചപ്പാടുകള്‍ കൊണ്ട് മാത്രം കാര്യം നടക്കില്ല. ക്രിയാത്മക ഇടപെടലുകളാണ് ആവശ്യം. 2006- 2011 കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത്തരം നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. മൂന്നാറിലും പരിസരപ്രദേശങ്ങശളിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുമായി ഒരു പ്രത്യേക ദൗത്യസേനയെ തന്നെ നിയോഗിക്കുകയുണ്ടായി. പന്തീരായിരത്തില്‍ പരം ഏക്കര്‍ കൈയേറ്റം അക്കാലത്ത് ഒഴിപ്പിച്ചെടുക്കാനും വനഭൂമിയിലെ നിരവധി അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അന്ന് കഴിഞ്ഞു. പക്ഷേ ആ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയുണ്ടായില്ല എന്നുമാത്രമല്ല, പിന്നീടുവന്ന സര്‍ക്കാരിന്റെ കാലത്ത് ആ ഭൂമിയെല്ലാം വീണ്ടും കൈയേറ്റപ്പെടുകയും കുന്നിടിക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ബാധം നടക്കുകയും ചെയ്തു.' 

2017-18 വര്‍ഷത്തേക്കുള്ള കേരള ബജറ്റില്‍ ശുദ്ധജലപദ്ധതികള്‍ക്കൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്ന് പറയുന്ന വി.എസ്. നമ്മള്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം നടപടികള്‍ എവിടെയുമെത്തുന്നില്ല എന്നത് ഗൗരവമേറിയ ഒരു വസ്തുതയാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.