ഴുത്തുകാര്‍ക്ക് വായനക്കാര്‍ കത്തെഴുതുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഒന്നാം ക്ലാസ്സുകാരിയായ മാധുരി എഴുതിയ കത്ത് അതിന്റെ ഉള്ളടക്കത്തിന്റെ പ്രത്യേകത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കഥാകരനെ മാമന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്ന കത്തില്‍ സ്വര്‍ണജാലകമുള്ള വീട്ടിലെ സമയ മാലാഖ എന്ന കഥ എനിക്ക് ഇഷ്ടമായെന്ന് മാധുരി പറയുന്നുണ്ട്. അച്ഛനും അമ്മയും മാമന്റെ തടിച്ച പുസ്തകങ്ങള്‍ വായിക്കാറുണ്ടെന്നും അക്കുടു മുയല്‍ അപ്പം ചുട്ട കഥ സൂപ്പറാണെന്നും കത്തിലുണ്ട്.

മാമന്‍ എനിക്ക് ഒരു കത്ത് അയക്കുമോ എന്ന ചോദ്യത്തോടെയാണ് മാധുരി കത്ത് അവസാനിപ്പിക്കുന്നത്. കത്ത് ലഭിച്ച വിവരം സുഭാഷ് ചന്ദ്രന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. 

SUBHASH CHANDRAN"പ്രിയപ്പെട്ട മാധുരീ, മഞ്ഞക്കാര്‍ഡില്‍ പെന്‍സില്‍ കൊണ്ടെഴുതിയ നിന്റെ കത്തു കിട്ടിയപ്പോള്‍ മാമന് എത്ര സന്തോഷമായെന്നോ! ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു മുന്‍പരിചയവുമില്ലാത്ത, എത്രയോ ദൂരെയുള്ള എന്നെ മാമന്‍ എന്നു വിളിച്ചതിലുമുണ്ട് ആനന്ദം. അമ്പിളിമാമനു മാത്രം അവകാശപ്പെട്ട ആ ബഹുമതി നീ എനിക്കും ചാര്‍ത്തിത്തന്നല്ലോ"- എന്നാണ് മാധുരിക്കുള്ള തുറന്നകത്ത് സുഭാഷ് ചന്ദ്രന്‍ ആരംഭിച്ചിരിക്കുന്നത്. 

സുഭാഷ് ചന്ദ്രന്റെ മറുപടിയിലേക്ക് 

മാധുരിക്കുട്ടിക്ക് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മാധുരീ,
മഞ്ഞക്കാര്‍ഡില്‍ പെന്‍സില്‍ കൊണ്ടെഴുതിയ നിന്റെ കത്തു കിട്ടിയപ്പോള്‍ മാമന് എത്ര സന്തോഷമായെന്നോ! ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു മുന്‍പരിചയവുമില്ലാത്ത, എത്രയോ ദൂരെയുള്ള എന്നെ മാമന്‍ എന്നു വിളിച്ചതിലുമുണ്ട് ആനന്ദം. അമ്പിളിമാമനു മാത്രം അവകാശപ്പെട്ട ആ ബഹുമതി നീ എനിക്കും ചാര്‍ത്തിത്തന്നല്ലോ.
സ്‌നേഹം നിറഞ്ഞ നിന്റെ കുഞ്ഞിക്കത്ത് ഒരുപാട് വലിയ കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തന്നു.

MANUSHYANU ARU AAMUKHAMഒന്നാം ക്ലാസുകാരിയായ മാധുരിക്കുട്ടിയില്‍ നിന്നു പോലും എനിക്ക് ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നതു തന്നെയാണ് അതില്‍ പ്രധാനപ്പെട്ട പാഠം. സ്‌നേഹാദരങ്ങള്‍ പരസ്പരം അറിയിക്കാന്‍ മടിക്കരുതെന്നും സ്വന്തം മുറ്റത്തു നടുന്ന കുമ്പളവും വഴുതനയുമൊക്കെ സ്വന്തം കാര്യം മാത്രമല്ലെന്നും മക്കളെ അക്ഷരങ്ങളുടെ സ്വര്‍ണ ജാലകം കാട്ടിക്കൊടുക്കുന്ന മാതാപിതാക്കള്‍ കേരളത്തിലും ഉണ്ടെന്നും അക്ഷരത്തെറ്റില്ലാതെ മലയാളമെഴുതുന്ന മലയാളിക്കുട്ടികള്‍ ഇപ്പോഴുമുണ്ടെന്നും ഇ-മെയിലിന്റെ കാലത്ത് കാര്‍ഡും ഇന്‍ലന്‍ഡും അഭിമാനത്തോടെ ഉപയോഗിക്കാമെന്നും അജ്ഞാതരായ രണ്ടു പെണ്‍കുട്ടികളെ സ്വന്തം ചേച്ചിമാരായിത്തന്നെ നമുക്ക് പരിഗണിക്കാനാവുമെന്നും സ്‌നേഹം മേയുന്ന പോസ്റ്റുകാര്‍ഡിന്റെ മഞ്ഞപ്പുല്‍ത്തകിടിയില്‍ വേണമെങ്കില്‍ ഒരു ആട്ടിന്‍കുട്ടിക്കു കൂടി മേയാന്‍ ഇടമുണ്ടെന്നും ( നീ വരച്ച ആട്ടിന്‍കുട്ടി എന്നെ നോക്കി ഇമ്മേ എന്ന് ചിരിച്ചു ) ഈ കുഞ്ഞക്ഷരങ്ങള്‍ എനിക്കു പറഞ്ഞു തന്നു.

ഈ സ്‌നേഹം , ഈ സന്തോഷം ലോകം മുഴുവന്‍ പരക്കാന്‍ വേണ്ടി മാത്രമാണ് നിന്റെ മൗനാനുവാദത്തോടെ ഈ കത്തും ഈ മറുപടിയും ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് . മാധുരിക്കുട്ടിക്ക് മാത്രം വായിക്കാനുള്ള ഒരു മറുപടി ഞാന്‍ തപാലിലും ഒപ്പം അയയ്ക്കുന്നുണ്ട്. മോള്‍ക്ക് എല്ലാ നന്മകളും നേരുന്നു. നിന്റെ ലോകത്തിലെ എല്ലാവര്‍ക്കും നല്ലതു വരാന്‍ പ്രാര്‍ത്ഥിക്കുന്നു
സ്വന്തം
സുഭാഷ് മാമന്‍