"മകനെ പോലീസ് പിടിച്ചു കൊണ്ടു പോയി" എന്ന പരാതിയുമായി വന്ന ഈച്ചരവാര്യരോട് "എനിക്ക് പോയി ഉടുപ്പിട്ട് പോയി പിടിക്കാന്‍ പറ്റില്ലെല്ലോ" എന്ന് പറഞ്ഞുപോയതില്‍ സി അച്യുതമേനോന് പിന്നീട് വലിയ ഖേദമുണ്ടായിരുന്നതായി സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പന്ന്യന്‍ ഇക്കാര്യം പറഞ്ഞത്. 

അടിയന്തരാവസ്ഥ കാലത്ത് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍, എന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത ഒരു മുറിവുണ്ടെന്ന മുഖവുരയോടെ,  തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും പന്ന്യന്‍ വെളിപ്പെടുത്തി. "ഈ പോലീസുകാരെ oru-achante-ormmakurippukalഒരിക്കലും വിശ്വസിക്കരുത് ."

"ഞാന്‍ മുഖ്യമന്ത്രി ആയിരുന്നു. പക്ഷേ ഞാന്‍ അറിഞ്ഞില്ല". മകന്‍ നഷ്ടപ്പെട്ട ഒരു പിതാവിനോട് അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും സി അച്യുതമേനോന്‍ പറഞ്ഞു.

പോലീസ് എന്നു പറയുന്നത് ഭരണകൂടം അത്ര വിശ്വസിക്കേണ്ട ശക്തിയല്ലെന്നാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് പന്ന്യന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

"പോലീസ് സേന വഴിവിട്ടു പോകുമ്പോള്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയണം. ഇടതുപക്ഷ മുന്നണിക്ക് അത് സാധിക്കും എന്ന പൂര്‍ണവിശ്വാസം എനിക്കുണ്ട്. പിണറായി തിരുത്തും എന്ന വിശ്വാസം എനിക്കുണ്ട്". അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

ബാല്യം, പാര്‍ട്ടിയിലേക്കുള്ള വരവ്, സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം, സിപിഐയിലെ ഗ്രൂപ്പിസം, നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, വിശ്വാസം, ഡിമോണിട്ടൈസേഷന്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും  അഭിമുഖത്തില്‍ പന്ന്യന്‍ പറയുന്നുണ്ട്.  നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള ചോദ്യത്തിന് ആരെയും കുറ്റവാളികളായി തീരുമാനിക്കാന്‍ പോലീസിന് അധികാരമില്ല. കുറ്റമാരോപിക്കാനേ പറ്റൂ. വിധി പറയേണ്ടത് കോടതിയാണ്. എന്നായിരുന്നു പന്ന്യന്റെ മറുപടി.

mathrubhumi cover
മാതൃഭൂമി 
ആഴ്ച്ചപ്പതിപ്പ് വാങ്ങാം

മാത്രമല്ല; നിലമ്പൂരില്‍ ഏറ്റുമുട്ടലുണ്ടായെങ്കില്‍ അതിന് തെളിവു വേണ്ടേ? അവരില്‍ നിന്ന് കിട്ടിയ ആയുധമെന്നു പറയുന്നത് ഒരു കൈത്തോക്ക് മാത്രമാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഒരു കൈത്തോക്ക് കൊണ്ട് ശക്തമായ ഭരണസംവിധാനത്തോട് ഏറ്റുമുട്ടാന്‍ അവര്‍ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളും പന്ന്യന്‍ ഉന്നയിക്കുന്നുണ്ട്. 

"ബിജെപി എന്തും ചെയ്യാന്‍ അറപ്പില്ലാത്ത പാര്‍ട്ടിയാണ്. അവരെ നയിക്കുന്നത് ജനാധിപത്യ ബോധമല്ല. ബി ജെ പിയെ നേരിടാന്‍ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ലെഫ്റ്റിനെയാണ്. ആ ലെഫ്റ്റ് ഗവണ്‍മെന്റാണ് കേരളത്തിലുള്ളത്. ആ ഗവണ്‍മെന്റിന് പിഴച്ചാല്‍ ലെഫ്റ്റിന്റെ കയ്യിലുള്ള വടി നഷ്ടപ്പെടും." - പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.