തിരുവനന്തപുരം: ‘പു’ മുതൽ ‘പ്ര’ വരെയുള്ള അക്ഷരങ്ങൾകൊണ്ടു തുടങ്ങുന്ന മലയാളമഹാനിഘണ്ടുവിന്റെ ഏറ്റവും പുതിയ വാല്യത്തിൽ, ‘പ്രധാനമന്ത്രി’യും ‘പ്രഥമാധ്യാപകനും’ എന്തിന് ‘പ്രവാസിമലയാളി’പോലും ഇല്ല. ‘പ്രസവരക്ഷ’യെപ്പറ്റിയും ‘പ്രസവാവധി’യെപ്പറ്റിയും നിഘണ്ടുവിനു മൗനം. മലയാളത്തിൽ പണ്ടോ ഇന്നോ ഇല്ലാത്ത വിചിത്രമായ ചിഹ്നങ്ങളും അബദ്ധപ്പഞ്ചാംഗമായ ഈ നിഘണ്ടുവിലുണ്ട്. വിലയോ, 900 രൂപയും. 

കേരള സർവകലാശാലയുടെ മലയാളം ലെക്സിക്കൺ വകുപ്പു പുറത്തിറക്കിയ മലയാളമഹാനിഘണ്ടുവിന്റെ ഒൻപതാം വാല്യത്തിലാണ് ഈ തെറ്റുകൾ. പ്രധാനം, പ്രധാനി, പൂർവകാലചരിത്രം, പൊതുദർശനം, പ്രഭാവലയം, പ്രസരണനഷ്ടം എന്നിങ്ങനെ മലയാളി പതിവായി കേൾക്കുന്ന വാക്കുകളും ലക്ഷങ്ങൾ ചെലവിട്ടു തയ്യാറാക്കിയ ഈ മഹാനിഘണ്ടുവിൽ കാണില്ല.

എന്തിന് ‘പ്രതികാരബുദ്ധി’ പോലും ഇല്ല. ഇംഗ്ലീഷിലെ ‘സി’ എന്ന അക്ഷരത്തിനു നെടുകെ വരച്ചതുപോലുള്ള ഒരു ചിഹ്നം മൂന്നിടത്തു കാണാം. ‘പെരുമാൾപ്പറ’ എന്ന വാക്കിന്റെ വിശദീകരണത്തിൽ വിചിത്രമായ മൂന്നു ചിഹ്നങ്ങൾ വേറെയുണ്ട്. 

നിഘണ്ടു പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്കു പരാതി നൽകിയതായി അഴിമതി പ്രതിരോധവേദി പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വകുപ്പിന്റെ മുൻ ഡയറക്ടറായിരുന്ന ഡോ. സി.ജി.രാജേന്ദ്രബാബുവാണ് ഒൻപതാം വാല്യത്തിന്റെ എഡിറ്റർ.  പല പദങ്ങൾക്കും കാലികമായ അർത്ഥഭേദങ്ങൾ കണക്കിലെടുക്കാതെ, ശബ്ദതാരാവലിയിലെ അർത്ഥം അതേപടി പകർത്തിവെച്ചിട്ടുമുണ്ട്. 

പരിശോധിക്കും: മേധാവി 
തിരുവനന്തപുരം: മലയാളമഹാനിഘണ്ടുവിന്റെ ഒൻപതാം വാല്യത്തിൽ ഒട്ടേറെ തെറ്റുകൾ വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്, ഇപ്പോൾ ലെക്സിക്കൺ വകുപ്പിന്റെ ചുമതല വഹിക്കുന്ന സർവകലാശാലാ മലയാളം വകുപ്പു മേധാവി പ്രൊഫ. ജി.പദ്മറാവു പറഞ്ഞു. തന്റെ ചുമതലയിലല്ല ഇതു തയ്യാറാക്കിയത്. ഇതേപ്പറ്റി അന്വേഷിച്ച് സർവകലാശാലയ്ക്കു റിപ്പോർട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ഉദാഹരണമായി ‘പുലിമുട്ട്’ എന്ന വാക്കിന് അർത്ഥം നൽകിയിരിക്കുന്നത്, ‘ആറ്റുവക്കും മറ്റും ഇടിഞ്ഞുപോകാതിരിക്കാൻ കെട്ടുന്ന മതിൽ’ എന്നാണ്. എന്നാൽ, തുറമുഖം നിർമിക്കാൻ കരയിൽനിന്നു കടലിലേക്കു നീളത്തിൽ കെട്ടുന്ന പുലിമുട്ടിനെക്കുറിച്ച് നിഘണ്ടുവിൽ ഇല്ല. ഇംഗ്ലീഷിൽ ചില അർത്ഥങ്ങൾ വിശദീകരിച്ചിരിക്കുന്നതാകട്ടെ, അരോചകമായ വികലഭാഷയിലാണ്. കാളിദാസന്റെ സംസ്കൃതശ്ലോകം, പുനം നമ്പൂതിരിയുടെ മലയാളശ്ലോകമായും ചേർത്തിട്ടുണ്ട്. 

നാമവും സർവനാമവും തിരിച്ചറിയാതെയാണ് പല പദങ്ങളും ചേർത്തിരിക്കുന്നത്. അകാരാദിക്രമവും തെറ്റിച്ചിട്ടുണ്ട്. പലതിന്റെയും അർത്ഥവും ഉദാഹരണവും തമ്മിൽ യോജിപ്പില്ല. ഒരു പേജിൽ ശരാശരി ഇരുപതോളം തെറ്റുകൾ കാണാമെന്ന്  അഴിമതി പ്രതിരോധവേദിക്കുവേണ്ടി നിഘണ്ടു പരിശോധിച്ച ലെക്സിക്കൺ വകുപ്പിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആർ.ചിത്രജകുമാറും എൻ.ഗംഗാധരനും പറഞ്ഞു. അങ്ങനെയെങ്കിൽ തെറ്റുകൾ പതിനായിരത്തിൽപ്പരം വരുമെന്നും ഇവർ പറഞ്ഞു.

നിഘണ്ടുവിന്റെ വില്പന ഉടൻ നിർത്തിവെച്ച്, ഉദാസീനത കാട്ടിയവർക്കെതിേര നടപടിയെടുക്കണമെന്ന് അഴിമതി പ്രതിരോധവേദി സെക്രട്ടറി വി.ദത്തൻ ആവശ്യപ്പെട്ടു. 1953-ലാണ് ലെക്സിക്കൺ വകുപ്പ് പ്രവർത്തനം തുടങ്ങിയത്. മലയാളഭാഷയ്ക്കു സമഗ്രമായ നിഘണ്ടു നിർമിക്കുകയായിരുന്നു ലക്ഷ്യം. ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും ഒൻപത് വാല്യങ്ങളേ പൂർത്തിയായിട്ടുള്ളൂ.