നായന്മാര്‍ കേരളത്തിലെ ആദിവാസികളാണെന്ന് ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണന്‍. കൊടുങ്ങല്ലൂര്‍ ചരിത്രത്തെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ജാതി ജീവിതത്തെ കാവുകളുടെ പശ്ചാത്തലത്തില്‍ എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഉപജാതി സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ച് എം.ജി.എസ്. സംസാരിച്ചത്.
'നായന്മാര്‍ കേരളത്തിലെ ആദിവാസികളാണ്. ചെറുമക്കള്‍, പറയര്‍, എന്നിവരെപ്പോലെ. പടയാളികളുടെ നായകസ്ഥാനം വഹിച്ചിട്ടുള്ളവര്‍ എന്നേ അര്‍ത്ഥമുള്ളൂ. പിന്നെ ആ ഉദ്യോഗം പാരമ്പര്യമായി. പിന്നെ അതൊരു ഉപജാതിയായി. അല്ലാതെ ഈഴവരുടെ മാതിരിയോ നസ്രാണിയുടെ മാതിരിയോ നമ്പൂതിരി പോലെയോ ഒരു കൃത്യമായ ജാതിയല്ല നായര്‍. ആര്‍ക്കും ചേരാവുന്നതും പലരും ചേര്‍ന്നിട്ടുള്ളതുമായ ഒരു വിഭാഗമാണ് നായന്മാര്‍. അതൊരു ഉദ്യോഗസ്ഥ സ്ഥാനമാണ്. അല്ലാതെ ഒരു ജാതിയായിട്ട് വന്നതല്ല, പിന്നെ ജാതി ആയതാണ്. പാലക്കാട്ടൊക്കെയുള്ള മൂത്തന്മാര്‍, തരകന്മാര്‍ ഇവരൊക്കെ പണക്കാരായാല്‍ നായന്മാരായി.' എം.ജി.എസ്. പറയുന്നു. എന്നാല്‍ ഉപജാതികളായി മാറുന്നതിന്റെ കാലഘട്ടം നിര്‍ണയിക്കല്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേരകാലത്തെ അവസാനത്തെ പെരുമാള്‍ മക്കത്തുപോയി മുഹമ്മദ് നബിയെ കണ്ടു എന്ന പ്രചാരണത്തിന്റെ സാംഗത്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അത്തരമൊരു കാര്യം സംഭവിക്കാന്‍ ന്യായമില്ലെന്നായിരുന്നു എം.ജി.എസിന്റെ പ്രതികരണം. 'പ്രവാചകന്റെ കാലം ഏഴാം നൂറ്റാണ്ടാണ്. ഇത് സംഭവിക്കുന്നത് 12-ാം നൂറ്റാണ്ടിലാണ്.' പക്ഷേ ഇയാള്‍ പോയിട്ടുണ്ടെന്നത് ശരിയാണെന്നുതന്നെയാണ് എം.ജി.എസിന്റെ അഭിപ്രായം.
ഇരുപതാം നൂറ്റാണ്ടിലാണ് ശബരിമലയ്ക്ക് പ്രാധാന്യം കിട്ടുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. 'ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ശബരിമലയ്ക്ക് അഖില കേരള പ്രാധാന്യം ഉണ്ടാകുന്നത്. പിന്നീട് ജാതിയല്ലാത്തതുകൊണ്ട് അഖിലേന്ത്യാ പ്രാധാന്യം വന്നു. അതല്ലാതെ ബുദ്ധനും ബ്രാഹ്മണമതവുമൊന്നുമല്ല. കെട്ടുകഥകള്‍ ഉണ്ടാക്കുകയാണ്. ചരിത്രത്തില്‍ തെളിവുകളാണ് പ്രധാനം. ശബരിമല വളരെ റീസന്റാണ്.'- എം.ജി.എസ് പറയുന്നു.