മോദി സര്‍ക്കാരിനെതിരായ എം.ടി.വാസുദേവന്‍ നായരുടെ നിലപാട് സമയോചിതമായെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ 'എന്തുകൊണ്ട് എം.ടി.' എന്ന ലേഖനത്തിലാണ് മുകുന്ദന്റെ പരാമര്‍ശം. നേരത്തെ, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് എം ടിയ്ക്കു നേരെ പ്രതിഷേധവുമായി ബിജെപി അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

"സംഘപരിവാര്‍ മുമ്പും ഒളിഞ്ഞും മറഞ്ഞും നമ്മുടെ പല എഴുത്തുകാരെയും വിമര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും വലിയ പ്രതികരണങ്ങള്‍ പൊതുസമൂഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല. എം ടിയെ ആക്രമിക്കുമ്പോഴും അങ്ങനെ രക്ഷപ്പെടാമെന്ന് അവര്‍ കരുതിയിരിക്കണം.എം ടിക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും ആദരവും അവര്‍ വിലകുറച്ച് കാണുകയായിരുന്നു.- മുകുന്ദന്‍ എഴുതുന്നു.

നാട്ടിലെ ഫാസിസ്റ്റ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷ എഴുത്തുകാരനല്ലാത്ത എം.ടി.യെ അവഹേളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഇടതുപക്ഷം അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഓടിയെത്തില്ലെന്ന് അവര്‍ കരുതിയതായും മുകുന്ദന്‍ പറയുന്നു.

ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും കേരളത്തില്‍ നടത്തുന്ന നിരന്തരമായ ചെറുത്തുനില്‍പ്പുകള്‍ സംഘപരിവാറിനെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് എം.ടി.യെ നിശ്ശബ്ദരാക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്നും മുകുന്ദന്‍ ആരോപിക്കുന്നു. 

mathrubhumiഎം.മുകുന്ദന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍​ വായിക്കാം. പുതിയലക്കം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.