ലയാളത്തിന്റെ നീര്‍മാതളത്തിന് പ്രണാമമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടികള്‍ നടത്തിയ മാധവിക്കുട്ടിയുടെ രചനകളോടുള്ള ആദരമായിട്ടാണ് ഡൂഡില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് മന്‍ജിത് ഥാപ് ആണ് ഡൂഡിലിന്റെ സ്രഷ്ടാവ്. 

സ്ത്രീകളുടെ ജീവിതത്തെയും മാനസികവ്യാപാരങ്ങളെയും, സമൂഹത്തോട് അവര്‍ക്കും തിരിച്ചുമുള്ള സ്വീകാര്യതയെയും ഏറ്റവും കൃത്യതയോടെ രേഖപ്പെടുത്തിയ കഥകളായിരുന്നു മാധവിക്കുട്ടിയുടേത്. ഒരു സ്ത്രീക്ക് അണിയാന്‍ കഴിയുന്ന വേഷങ്ങളെല്ലാം സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും കഥകളില്‍ അവര്‍ ആവിഷ്‌കരിച്ചു. അമ്മ, മകള്‍, കാമുകി, ഭാര്യ, വിധവ, സുഹൃത്ത്, വേശ്യ അങ്ങനെ പലഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരാണ് മാധവിക്കുട്ടിയുടെ പെണ്‍കഥാപാത്രങ്ങള്‍.

''സാഹിത്യകാരന്‍ ഭാവിയുമായി മോതിരംമാറി വിവാഹനിശ്ചയംകഴിച്ച വ്യക്തിയാണ്. അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിന്‍തലമുറക്കാരോടാണ്. ആ ബോധം തന്റെ മനസ്സിലുള്ളതുകൊണ്ടുമാത്രമാണ് നിങ്ങളില്‍ ചിലര്‍ എറിയുന്ന കല്ലുകള്‍ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാള്‍ നിശ്ശബ്ദനാവാത്തത്.' ഇന്നും ചര്‍ച്ച ചെയ്ത് തീരാത്ത 'എന്റെ കഥ' യില്‍ മാധവിക്കുട്ടി എഴുതി. 

മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരിലും രചനകള്‍ നടത്തിയിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു. ''മലയാളത്തില്‍ എഴുതിത്തുടങ്ങിയപ്പോള്‍ നാലപ്പാട്ട് കമല എന്ന പേരിലാണ് എഴുതാറ്. എന്നാല്‍, ഞാന്‍ മലയാളത്തിലെഴുതുന്ന കഥകള്‍ ഏതെങ്കിലുംതരത്തില്‍ മുത്തശ്ശിയെ വേദനിപ്പിച്ചെങ്കിലോയെന്നു കരുതിയാണ് മാധവിക്കുട്ടി എന്ന തൂലികാനാമം സ്വീകരിച്ചത്. മുത്തശ്ശിയുടെ കാലംകഴിഞ്ഞിട്ടും ആ പേര് ഉപേക്ഷിച്ചില്ല.''