ഡി.എസ്.സി. പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് മലയാളി എഴുത്തുകാരി കെ. ആര്‍. മീര പുറത്ത്. എന്നാല്‍ അഞ്ച് പേരുടെ ചുരുക്കപ്പട്ടികയില്‍ അഞ്ജലി ജോസഫ്, അരവിന്ദ് അഡിഗ, കരണ്‍ മഹാജന്‍, എന്നീ ഇന്ത്യന്‍ എഴുത്തുകാര്‍ ഇടം പിടിച്ചു. ഇവര്‍ക്ക് പുറമേ അനുക് അരുദ്പ്രഗാസം, സ്റ്റീഫന്‍ ആള്‍ട്ടര്‍ എന്നിവരും അന്തിമ പട്ടികയിലുണ്ട്.

നേരത്തെ 13 നോവലുകളുടെ പട്ടികയില്‍ കെ.ആര്‍. മീരയും പെരുമാള്‍ മുരുകനുമുള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. 2008ല്‍ പുറത്തിറങ്ങിയ മീരസാധു എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ദി പോയ്സണ്‍ ഓഫ് ലവ് എന്ന പുസ്തകമാണ് മീരയ്ക്ക് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലായിരുന്ന മീരസാധു, മിനിസ്തി എസ് ആണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ദക്ഷിണേഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ അംഗീകാരമായി വിലയിരുത്തപ്പെടുന്നതാണ് ദി ഡി.എസ്.സി. പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചര്‍. നവംബര്‍ 18ന് ധാക്കയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ വെച്ചാണ് വിജയിക്ക് സമ്മാനം നല്‍കുക. സ്ലീപ്പിംഗ് ഓണ്‍ ജൂപ്പിറ്റര്‍ എന്ന കൃതിക്ക് അനുരാധ റോയ് ആണ് കഴിഞ്ഞ തവണ ഈ പുരസ്‌കാരം നേടിയത്.