പാലക്കാട്: ഔപചാരികതയില്ലാതെ ഒരു ചടങ്ങ്, ഔപചാരികതയില്ലാതെ അതിഥി. എഴുത്തിന്റെ കരുത്തറിയുന്ന എഴുത്തുകാരനും എഴുത്തിനെ കരുതലോടെ കാണുന്ന യുവതലമുറയും സംവദിച്ചപ്പോള്‍ അതും പുതുമയായി.

സുല്‍ത്താന്‍പേട്ടയിലെ നവീകരിച്ച മാതൃഭൂമി ബുക്സ്സ്റ്റാള്‍ ഉദ്ഘാടനത്തിനെത്തിയ സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണനുമായാണ് ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ഥികള്‍ സംവദിച്ചത്.
താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളിലായിരുന്നു പരിപാടി.

പുസ്തകങ്ങള്‍ തുറന്നിടുന്ന സാധ്യതകളെക്കുറിച്ച് പറഞ്ഞുതുടങ്ങിയ സി.വി. ബാലകൃഷ്ണനോട് പിന്നെ കുട്ടികളുടെ ചോദ്യങ്ങളായിരുന്നു. ലളിതമായ ഭാഷയില്‍ കൃത്യമായ മറുപടി. ഒരു ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറിയില്ല. രാഷ്ട്രീയത്തിലും ഫെമിനിസത്തിലുമൊക്കെ കൃത്യമായ നിലപാടുകള്‍.

ഓരോകാലത്തെയും ആവിഷ്‌കരിക്കുന്നതാണ് സാഹിത്യം. ആ അര്‍ഥത്തില്‍ മനുഷ്യാവസ്ഥയുടെ ചരിത്രമാണത്. തകഴിയും ഉറൂബും രേഖപ്പെടുത്തിയത് അതാണ്. അത്തരത്തില്‍ നീതിപുലര്‍ത്താത്ത കൃതികളുമുണ്ട്. അത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല-അദ്ദേഹം പറഞ്ഞു.

പുരസ്‌കാരം തിരിച്ചേല്പിക്കലുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ ഉത്തരം എഴുത്തുകാര്‍ക്കിടയില്‍ ആത്മവിമര്‍ശനത്തിലേക്ക് നയിക്കുന്നതായി. ഇപ്പോള്‍ ഭരണകൂട ഭീകരത പറയുമ്പോള്‍ മുന്‍കാലങ്ങളില്‍ അതുണ്ടായിരുന്ന കാലത്തും പുരസ്‌കാരങ്ങള്‍ വാങ്ങരുതായിരുന്നു.

ഭരണകൂടത്തിനോ ഏതെങ്കിലും സംഘടനകള്‍ക്കോ അപ്രിയമാവുമെന്ന് കരുതി എഴുത്തുകാര്‍ സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് കൂടുതല്‍ അപകടം. ഒ.വി. വിജയനും വി.കെ.എന്നും അതുതീരെ പരിഗണിക്കാതിരുന്നവരാണ്. അതിനുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്.

എഴുത്തിനെ പെണ്ണെഴുത്ത് എന്ന് വേര്‍തിരിക്കേണ്ട കാര്യമില്ല. അങ്ങനെയല്ലാതെത്തന്നെ ലോക സാഹിത്യത്തിലും മലയാളസാഹിത്യത്തിലും തിളങ്ങിയ വനിതകളുണ്ട്. മാധവിക്കുട്ടിതന്നെയാണ് നമ്മുടെ മികച്ച ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

അടുക്കളയില്‍മാത്രം ഉപയോഗപ്പെടുന്ന ഭാഷയായി മലയാളം മാറിപ്പോയി. ഒട്ടും ശോഭനമല്ലാത്ത ഈകാലത്ത് പ്രതീക്ഷയുടെ തിരിതെളിയിക്കുക എന്നത് എഴുത്തുകാരന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

വിക്ടോറിയകോളേജ് മലയാളവിഭാഗം മുന്‍തലവന്‍ ഡോ. പി. മുരളി സംവാദം നിയന്ത്രിച്ചു. 'കഥയിലെ വര്‍ഷമേഘങ്ങള്‍ക്കൊപ്പം' എന്നുപേരിട്ട സംവാദം അക്ഷരാര്‍ഥത്തില്‍ ചര്‍ച്ചയിലൂടെ സാഹിത്യത്തിന്റെ അമൃതവര്‍ഷമായി എന്ന് അദ്ദേഹം പറഞ്ഞു.