കോട്ടയം: കൊല്ലവർഷം 1192 കുംഭമാസത്തിലാണ് പേരേടകൻവഴി സഹയോഗിക്ക് സമർപ്പിക്കാനുള്ള ഫയൽ മഹാത്മാഗാന്ധി സർവകലാശാലയിൽ തയ്യാറായത്. അതിലെ പച്ചമലയാളം കണ്ട് അധികാരികൾ വാപൊളിച്ചു. ‘വൈസ് ചാൻസലർ’‘സഹയോഗി’യായി. ‘രജിസ്ട്രാർ’ ‘പേരേടകനും’. ഭരണഭാഷ മലയാളം ആക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്.  

ഒരു ജീവനക്കാരി തയ്യാറാക്കിയ ഫയൽ നിറയെ ഇംഗ്ലീഷ് വാക്കുകളായിരുന്നു. ഫയൽ ലഭിച്ച മേലുദ്യോഗസ്ഥൻ ഉപദേശിച്ചു. മലയാളം വാക്കുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊടുത്തു. പിഴ ബോധ്യപ്പെട്ട ജീവനക്കാരി എല്ലാ വാക്കും മലയാളത്തിലാക്കി ഫയൽ വീണ്ടും സമർപ്പിച്ചു. 2017-നു പകരം കൊല്ലവർഷമായ 1192 ഉപയോഗിച്ചു. അവർ ഗവേഷണം നടത്തി ഫയലിലെഴുതിയ വാക്കുകളായിരുന്നു സഹയോഗിയും പേരേടകനും.

രജിസ്റ്ററിന് പേരേട് എന്ന് പറയുന്നതിൽനിന്നാണ് പേരേടകനെ കണ്ടെത്തിയത്. അസിസ്റ്റന്റ്-കർമചാരി. സെക്ഷൻ ഓഫീസർ-വിഭാഗ് പ്രമുഖ്. സിൻഡിക്കേറ്റ്-ഉപശാല എന്നിങ്ങനെയായിരുന്നു മൊഴിമാറ്റം. സർവകലാശാല സ്ഥിതിചെയ്യുന്ന പ്രിയദർശിനി ഹിൽസ് പ്രിയദർശിനിക്കുന്നുകളായി.

malayalamഭരണഭാഷ മലയാളത്തിലാക്കാനുള്ള ശ്രമങ്ങൾ സർവകലാശാലയിൽ വർഷങ്ങൾക്കുമുമ്പേ തുടങ്ങിയതാണ്. ഇതിനായി പ്രത്യേകം ഓഫീസർമാരെയും നിയോഗിച്ചിരുന്നു. അവർ ഇന്നത്തെ മലയാളം വാക്ക് എന്താണെന്ന് ഓരോ ദിവസവും പരിചയപ്പെടുത്തിവന്നു. ഡോ. രാജൻ ഗുരുക്കൾ വൈസ് ചാൻസലറായിരുന്നപ്പോൾ സർവകലാശാലയിൽ സമർപ്പിക്കുന്ന പ്രബന്ധങ്ങളെല്ലാം മലയാളത്തിലാക്കണമെന്ന് നിർദേശിച്ചിരുന്നു.

പ്രബന്ധങ്ങൾ മൂല്യനിർണയത്തിനായി കേരളത്തിന് പുറത്തേക്കും അയക്കണമെന്നുണ്ട്. സാങ്കേതികപദങ്ങൾ മലയാളത്തിലാക്കുന്നതിലെ വിഷമങ്ങൾ അന്ന് വ്യക്തമായി. ഇക്കാരണങ്ങളാൽ തീരുമാനം മരവിപ്പിച്ചു. എന്നാൽ, മലയാള ഭാഷാസാഹിത്യ പ്രബന്ധങ്ങൾ മലയാളത്തിൽത്തന്നെ സമർപ്പിക്കണമെന്ന് നിശ്ചയിച്ചു. പിന്നീടും പല യോഗങ്ങൾ ചേർന്നു. എല്ലാം മലയാളത്തിലാക്കുന്നതിലെ പ്രയാസങ്ങൾ പലരും ഉന്നയിച്ചു.

സർട്ടിഫിക്കറ്റുകൾ പൂർണമായി മലയാളത്തിലാക്കിയാൽ ഇംഗ്ലീഷിലുള്ള പദാനുപദ പ്രയോഗങ്ങൾ ഒപ്പം നൽകണമെന്നും നിർദേശമുയർന്നു. വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും പോകുന്നവർ കൂടുതലുള്ള സർവകലാശാലയിൽ എല്ലാം മലയാളത്തിലാക്കൽ വളരെ ആലോചിച്ചേ ആകാവൂയെന്നും അഭിപ്രായംവന്നു. എന്നാൽ, എതിരഭിപ്രായം പറഞ്ഞവരെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുപ്പിച്ചില്ല. ഭരണഭാഷ മലയാളം ആക്കുന്നതിനുള്ള പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലെ വാക്കുകളാണ് സർവകലാശാലയിലെ ഫയലുകളിൽ ഉപയോഗിക്കുന്നതെന്നും രജിസ്ട്രാർ എം.ആർ. ഉണ്ണി ‘മാതൃഭൂമി’യോട് പറഞ്ഞു.