ൽഹിയിൽനിന്ന് 2003 ഒക്ടോബറിൽ ഹിമാലയത്തിലേക്ക് യാത്രയാവുന്നതിന്റെ വിവരണങ്ങളോടെയാണ് എം.പി. വീരേന്ദ്രകുമാറിന്റെ "ഹൈമവതഭൂവിൽ" എന്ന പുസ്തകം തുടങ്ങുന്നത്. സ്ഥിരതാമസക്കാരനല്ലെങ്കിലും തലസ്ഥാനവുമായി എഴുത്തുകാരന്റെ ദീർഘകാലബന്ധം ഇവിടെ ഓർത്തെടുക്കുന്നുണ്ട്. ഒപ്പം ഇന്ദ്രപ്രസ്ഥത്തിന്റെ ഉത്‌പത്തി സംബന്ധിച്ച ഐതിഹ്യങ്ങളിലേക്കും രചന ആഴ്ന്നിറങ്ങുന്നു. സ്വർഗീയശില്പിയായ മയനിലൂടെയും 175 കിലോമീറ്റർ അകലെയുള്ള കുരുക്ഷേത്രത്തിന്റെ ഇതിഹാസങ്ങളിലൂടെയും അതു സഞ്ചരിക്കുന്നു.

യമുനാനദിക്കരയിൽ ഉയിർകൊണ്ട ചരിത്രസംഭവങ്ങളിലേക്കാണ് പിന്നെ ആ വിചാരയാത്ര. അടിമവംശജരിൽ തുടങ്ങി ഖിൽജി, തുഗ്ലക്‌, സയീദ്, ലോധി തുടങ്ങിയവരുടെ വംശസ്മൃതികളിലൂടെ, അവിടെനിന്ന് മുഗൾവംശത്തിന്റെ ചരിത്രത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന ഡൽഹി സുൽത്താനത്തിന്റെ ചരിത്രസംഭവങ്ങളിലൂടെ മൂന്ന് അധ്യായങ്ങൾ കടന്നുപോകുന്നു.

അവിടെ ഹസ്‌റത്ത് നിസാമുദ്ദിൻ ഓലിയ മുതൽ ചരിത്രനായികയായ റസിയ സുൽത്താനവരെ പരാമർശിക്കപ്പെടുന്നുണ്ട്. പ്രബുദ്ധരായ ദാര ഷിക്കോവ്, ജഹനാര എന്നിവരെ അനുസ്മരിക്കുന്നതിനൊപ്പം ഷാജഹാനാബാദിന്റെ ഉയർച്ചയും താഴ്ചയുംതൊട്ട് കൊളോണിയൽ കാലഘട്ടംവരെ എത്തിനിൽക്കുന്ന ഒരു സമ്പൂർണ ചരിത്രാന്വേഷണമാണ് രചയിതാവ് നടത്തുന്നത്.

ഡൽഹിയുടെ  സാമ്രാജ്യനിർമാണത്തിന്റെ കാലാനുസൃതവിവരണമാണ് അടുത്ത ആറ്‌ അധ്യായങ്ങൾ. ഇന്ത്യക്കാരടക്കമുള്ള അതിന്റെ ശിൽപ്പികളെക്കുറിച്ചും ഇവിടെ പറയുന്നു. ഡൽഹിയിലെ ബൃഹത്തായ വാസ്തുവിദ്യയിൽ ഹിന്ദു-മുഗൾ-ഇസ്‌ലാമിക-ബൗദ്ധ-ജൈന സ്വാധീനങ്ങളും ചർച്ചചെയ്യുന്നുണ്ട്.

വൈസ്രോയി ഹൗസ്, കൊണാട്ട് സർക്കിൾ, കൊണാട്ട് പ്ലേസ് എന്നിവയുടെ പിറവി വിവരിക്കുന്നതിനൊപ്പം ഹെർബർട്ട് ബെക്കർ തുടങ്ങിയ വാസ്തുശിൽപ്പികളുടെ സംഭാവനകളെ സ്മരിക്കുകയും ചെയ്യുന്നു. ഒപ്പം ജന്തർമന്ദറുമായി ബന്ധപ്പെട്ട് പതിനെട്ടാം നൂറ്റാണ്ടിലെ സവായ് ജയ് സിങ്‌ രണ്ടാമനെപ്പറ്റി പ്രത്യേകം പരാമർശിക്കുന്നു. തുടർന്ന് സ്വാതന്ത്ര്യപ്പുലരിയും നെഹ്രുവിന്റെ ‘എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗവും ഗാന്ധിവധത്തോടെ സംഭവിച്ച യുഗാന്ത്യവും ലേഖകൻ തന്റെ ചിന്തയിലേക്ക്‌ കൊണ്ടുവരുന്നു. 

haimavathabhoovilതുടർന്നുള്ള അഞ്ച്‌ അധ്യായങ്ങൾ നയനാനന്ദകരമായ അക്ഷർധാമിലൂടെയുള്ള സഞ്ചാരമാണ്. ഇവിടെ ഗ്രന്ഥകാരൻ വായനക്കാരന്റെ ശ്രദ്ധക്ഷണിക്കുന്നത് കുറ്റകൃത്യങ്ങളുടെ നഗരമായ ഗാസിയാബാദിലെ കടുത്ത മലിനീകരണപ്രശ്നങ്ങളിലേക്കാണ്‌. അതുമായി ബന്ധപ്പെട്ട്‌ സ്റ്റോക്ക് ഹോം കോൺഫറൻസും പരാമർശിക്കപ്പെടുന്നു. ബുദ്ധ-ജൈന-ഹൈന്ദവ-ഇസ്‌ലാമിക വിശ്വാസങ്ങളുടെ സംഗമസ്ഥലമെന്നനിലയിൽ മീററ്റിന്റെ പ്രാധാന്യം ഓർത്തെടുക്കുന്നതോടൊപ്പം ആ പ്രദേശം സാക്ഷിയായ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചും പറയുന്നുണ്ട്.

മീററ്റിന്‌ മഹാഭാരതവുമായുള്ള പൗരാണിക ബന്ധത്തെക്കുറിച്ച്‌ ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടമായും ഈ നഗരം ബന്ധപ്പെട്ട വസ്തുതയും ഇവിടെ അനുസ്മരിക്കപ്പെടുന്നു.ദേവഭൂമിയായ ഹരിദ്വാറിലും ഹർ-കി-പൗരിയിലും മറ്റും എത്തുന്നതാണ് അടുത്ത നാല്‌ അധ്യായങ്ങൾ. തത്ത്വചിന്തകനും കവിയും വ്യാകരണപണ്ഡിതനുമായിരുന്ന ഭർതൃഹരിയെപ്പറ്റി പറഞ്ഞുതുടങ്ങി കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ പണ്ഡിതനും പരിഷ്കർത്താവും അഭിജാതനുമായ ചെറിയാനുജൻ രാജയുടെ ഓർമയിൽ ഈ ഭാഗം അവസാനിക്കുന്നു.

തീർത്തും താത്ത്വികമായ ചിന്തകളിലൂടെയാണ് പുസ്തകത്തിന്റെ ഇനിയുള്ള താളുകൾ സഞ്ചരിക്കുന്നത്. ഭർതൃഹരിയുടെ മൂത്തജ്യേഷ്ഠനായ വരരുചിയിലൂടെ രചയിതാവ്‌ വടക്കൻകേരളത്തിലെ വേദഭൂമിയായ നിളയുടെ തീരങ്ങളിലേക്ക് ഒരു ദാർശനികയാത്ര നടത്തുന്നു. പാക്കനാരിലൂടെയും നാറാണത്തു ഭ്രാന്തനിലൂടെയും പറയിപെറ്റ പന്തിരുകുലത്തിലെ ഐതിഹാസിക നായകൻമാർ വന്നുപോകുമ്പോൾ ഇന്ത്യയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ലേഖകൻ ബന്ധിപ്പിക്കുന്നതായിക്കാണാം. 

പരിശുദ്ധമാക്കപ്പെട്ട കാൻഖൽ, അർധനാരീശ്വര സങ്കല്പം എന്നീ ദൈവികവിഷയങ്ങളിൽനിന്ന് സമകാലിക ഇന്ത്യയിലേക്കുള്ള തെന്നിമാറ്റം ഈ അധ്യായങ്ങളിൽ പ്രകടമാണ്. ഇവിടെ ചർച്ചയാകുന്നത് തെഹ്‌രി അണക്കെട്ട് മാറ്റിസ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2002-ൽ നടന്ന ‘സേവ് ഗംഗ’ എന്ന ഹരിദ്വാർ പ്രഖ്യാപനമാണ്. ഡോ. റാം മനോഹർ ലോഹ്യയുടെ ആദ്യകാലപരിശ്രമങ്ങളും പ്രദേശത്തെ മറ്റു പുണ്യക്ഷേത്രങ്ങളുടെ വിവരണവുംകൊണ്ട് സമൃദ്ധമാകും ഈ ഭാഗത്ത് വായന.  

അവിടെനിന്ന്‌ നയൻബാഗ്, ബാർകോട്ട്, ഹനുമാൻ ഛട്ടി എന്നിവയിലൂടെ വിവരണം കടന്നുപോകുന്നു. തുടർന്ന്, യമുനോത്രിയിലേക്കുള്ള പേടിപ്പെടുത്തുന്ന ആരോഹണം വിവരിക്കുന്നു. പുണ്യജനകമായ ചാർധാം തീർഥാടനവും അവിടത്തെ അനുഭവങ്ങളും ആസ്വദിച്ചുകൊണ്ട് ഇവിടെ എഴുത്ത്  തടസ്സങ്ങളില്ലാതെ ഒഴുകുന്നു.  അടുത്ത എട്ടധ്യായങ്ങൾ താത്ത്വികമായ ധ്യാനത്തിന്റെ അനുഭൂതിയാണ് നൽകുന്നത്. കൃഷ്ണാവതാരവും രാധാകൃഷ്ണ സങ്കല്പത്തിലെ ആർദ്രതയും രാസലീലയും ഇവിടെ ബഹുവർണങ്ങളിൽ മിന്നിമറയുന്നു. കൃഷ്ണകഥകൾ ദേശവാസികളുടെ സങ്കല്പത്തിൽ ഏതുവിധം വേരുറച്ചുനിൽക്കുന്നു എന്നതും ലേഖകൻ പരിശോധിക്കുന്നുണ്ട്.

1991-ലെ ഭൂമികുലുക്കത്തിന്റെ ഭീകരത തങ്ങിനിൽക്കുന്ന വീഥികളിലൂടെയാണ് ഉത്തരകാശിയിലേക്കുള്ള യാത്ര. ഏറെ ദുഷ്കരമായ ഈ യാത്രയ്ക്കിടെ അൽപ്പനേരം ശിവ്ഗുഹയിൽ തങ്ങുന്നു. പിന്നീടു പോകുന്നത് കേരളത്തിൽനിന്നുള്ള തപോവനസ്വാമിയുടെ ആശ്രമമായ തപോവനത്തിലേക്കാണ്. വഴിമധ്യേ മുൻകോപക്കാരനായ ഒരു യോഗീവര്യനും സവിശേഷസ്വഭാവിയായ ഒരു സൈനികനുമൊക്കെ ഈ ഏഴ് അധ്യായങ്ങളിൽ വായനയെ ത്രസിപ്പിക്കുന്നു. ദേവദാരുമരങ്ങൾ അണിനിരക്കുന്ന ഭാഗീരഥിയുടെ തീരത്തുകൂടെയുള്ള യാത്രയിലാണ് ഈ ഭാഗം അവസാനിക്കുന്നത്. 

ഇന്ത്യൻ സർഗശക്തിയിൽ അനവരതം ഒഴുകുന്ന പുണ്യഗംഗയാണ് അടുത്ത മൂന്ന് അധ്യായങ്ങളിൽ നിറയുന്നത്. കവികൾ, ശാസ്ത്രജ്ഞർ, സഞ്ചാരികൾ തുടങ്ങിയവർ അതിന്റെ ഗൂഢരഹസ്യത്തെ പ്രശംസിച്ചിട്ടുള്ളതും ഈ ഭാഗത്ത് മനോഹരമായി കോർത്തിണക്കുന്നുണ്ട്‌ ഗ്രന്ഥകാരൻ.  തുടർന്നുള്ള മൂന്ന് അധ്യായങ്ങൾ ഗംഗോത്രിയെ പ്രതിപാദിക്കുന്നതാണ്. ഗോമുഖമുള്ള ഹിമാനിയുടെ മനോഹാരിതയെ വർണിക്കുമ്പോഴും അതിന്റെ പിൻവാങ്ങൽ ഉയർത്തുന്ന പാരിസ്ഥിതിക മുന്നറിയിപ്പുകളും അനുബന്ധ ആഗോളതാപന ശാസ്ത്രപഠനങ്ങളും ലേഖകൻ ചർച്ചയ്ക്ക് വിഷയമാകുന്നു. 

അടുത്ത എട്ട് അധ്യായങ്ങൾ തെഹരി ഗഢ്‌വാളിന്റെ ചരിത്രമാണ്. സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപരമായ ചെറുത്തുനിൽപ്പും ഭാഗീരഥിയെ കളങ്കപ്പെടുത്തിയതിലൂടെ അവിടെനിന്ന് മനുഷ്യവാസം തുടച്ചുമാറ്റപ്പെട്ടതും ഭീമൻ അണക്കെട്ടുകളുടെ ആഗോള പാരിസ്ഥിതിക ആഘാതങ്ങളും ഔറംഗസേബിനെ വെല്ലുവിളിച്ച ധീരശൂരനായ 
ഗ്വാളിയർ രാജാവ് പൃഥ്വി പഥ് ഷായും കൊളോണിയൽ കാലത്തെ ദേശസ്നേഹത്തിന്റെ അടയാളമായ രാജകീയ ഗഢ്‌വാൾ റൈഫിളും ഗഢ്‌വാളിലെ സ്വാതന്ത്ര്യപ്രസ്ഥാനവും രക്തസാക്ഷിത്വംവരിച്ച ദേശസ്നേഹിയായ വക്കം അബ്ദുൾ ഖാദറും ഇന്ത്യൻ ചരിത്രസമൃദ്ധിയുടെ വർണോജ്ജ്വലമായ ആവിഷ്കാരങ്ങളായി ഇവിടെ ഉയിർത്തുവരുന്നു.

അളക, മന്ദാകിനി നദികൾ രുദ്രപ്രയാഗിൽ സംഗമിക്കുമ്പോൾ അതിൽ നിന്നുദ്‌ഭവിക്കുന്ന സംഗീതപ്രചോദനമാണ് അടുത്ത അധ്യായങ്ങളിൽ. താൻസെനിൽ തുടങ്ങി വിവേകാനന്ദന്റെ അധികം കേട്ടിട്ടില്ലാത്ത സംഗീത അഭിരുചിയിലൂടെ സംഗീതത്തിന്റെ ഉത്ഭവം തിരഞ്ഞുപോകുന്നതാണ് ഈ അധ്യായഭാഗം. അവ അവസാനിക്കുന്നതോ ജിം കോർബറ്റിനെക്കുറിച്ചുള്ള ചിന്തകളിലും. 

ശൈവവിശ്വാസത്തെ കേന്ദ്രീകരിച്ചുള്ള കേദാർനാഥിന്റെ നിഗൂഢഭാവവും അഗസ്ത്യമുനിയെപ്പറ്റിയുള്ള വിവരണങ്ങളും പതഞ്ജലിയും മറ്റും അടുത്ത ആറ്‌്‌ അധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്‌. ധീരനായ കർണന്റെ ദുരന്തജീവിതവും മരണവും പറയുന്ന വീരകഥകൾ ഭാവനയിൽ ആവാഹിച്ചുകൊണ്ടാണ് അളകയുടെയും പിൻഡാർ നദികളുടെയും സംഗമമായ കർണപ്രയാഗിലേക്കുള്ള യാത്ര. ശിവജി സാവന്ത് മുതൽ പീറ്റർ ബ്രൂക്സ് വരെ നീളുന്ന മഹാഭാരതയാത്ര കർണനിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്ന ഒരു തീർഥാടനംകൂടിയാകുന്നു.  

ആദിശങ്കരൻ പുനർനിർമിച്ച പുണ്യപീഠമായ കേദാർനാഥിലേക്കുള്ള യാത്രയാണ് അടുത്ത ആറ്്‌ അധ്യായങ്ങളിൽ. ജോഷിമഠവും അളകനന്ദയും ദൗലീഗംഗയും സംഗമിക്കുന്ന വിഷ്ണുപ്രയാഗും പിന്നിട്ട് പൂക്കളുടെ മാസ്മരസൗന്ദര്യംനിറഞ്ഞ താഴ്‌വരയും താണ്ടി യാത്ര ചെന്നുനിൽക്കുന്നത് മാന മലനിരകളിലാണ്. ടിബറ്റൻ അതിർത്തിയിലെ ഇന്ത്യയുടെ അവസാന കാവൽപ്പുര ഇവിടെയാണ്.

വ്യാസഗുഹയിൽനിന്ന്‌ ഋഷികേശിനടുത്തുള്ള വസിഷ്ഠഗുഹയിലേക്കുള്ള യാത്രാനുഭൂതിയാണ് അടുത്ത ഏഴ് അധ്യായങ്ങൾ. തുടർന്ന് ആദിശങ്കരനെക്കുറിച്ചും ലേഖകൻ വാചാലനാകുന്നു. അവസാന അധ്യായത്തിനുമുന്നെയുള്ള മൂന്ന് അധ്യായങ്ങളിലാണ് വസിഷ്ഠഗുഹയിലെ മുഖ്യയോഗിയുടെ നേതൃത്വത്തിൽ കൈലാസത്തിലേക്കുള്ള കാൽനടയാത്ര കടന്നുവരുന്നത്. ഗോമതിനദിയുടെ കരയിൽ കാത്യൂരി വംശത്തിന്റെ ഭരണകാലത്ത്‌ സ്ഥാപിതമായ ബൈജുനാഥക്ഷേത്രത്തിന്റെ വാസ്തുവിസ്മയവും സ്ത്രീത്വത്തിന്റെ പരിപൂർണതയായ ദേവീസങ്കല്പവും ലേഖകൻ പരിചിന്തനത്തിനു വിധേയമാക്കുന്നു.അവസാന അധ്യായം പ്രിയപ്പെട്ടവരുടെ കൂട്ടുകെട്ടിൽ കാലദേശാന്തരങ്ങളിലൂടെ നടത്തിയ യാത്രകളുടെ സംയോജനമാണ്. ദേശീയവാദി കവിയായ സുമിത്രാനന്ദൻ പന്തിന്റെ  ജന്മനഗരമായ കരുസാനിയും ഗാന്ധിയൻ തത്ത്വചിന്തയുടെ ശാശ്വതസാംഗത്യവും ഇവിടെ ചർച്ചാവിഷയമാവുന്നു. 

(വിവർത്തനം: സൗമ്യ ഭൂഷൺ)