1963 ല്‍ അമേരിക്കന്‍ എഴുത്തുകാരനും ചിത്രകാരനും ആയ മോറീസ് സെന്‍ഡാക് എഴുതിയ പുസ്തകമാണ് 'വെയര്‍ ദി വൈല്‍ഡ് തിങ്‌സ് ആര്‍' (Where the Wild Things Are). 1974 ല്‍ ഇതിന്റെ അനിമേഷന്‍ സിനിമ ഇറങ്ങി.

1980 ല്‍  ഓപെറ രൂപത്തിലും പുറത്തു വന്ന 'വെയര്‍ ദി വൈല്‍ഡ് തിങ്‌സ് ആര്‍' എന്ന കഥ 2013 ല്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലെ കണക്ക് പ്രകാരം ലോകമാസകലം 32 ഭാഷകളിലായി വിറ്റിരിക്കുന്നത് 20 ദശലക്ഷം കോപ്പികള്‍ക്കു മേലെയാണ് . ആദ്യ പതിപ്പിലെ ഒരു കോപ്പി വിറ്റു പോയത് 25000 ഡോളറിനും.
 
ചെന്നായയുടെ വേഷത്തില്‍ വീട്ടില്‍ കുസൃതി കാണിച്ചു നടന്ന ഒരു കുട്ടി അമ്മയെ നോക്കി ഞാന്‍ നിന്നെ ഭക്ഷിക്കും എന്നു പറഞ്ഞതിന്റെ ശിക്ഷയായി അത്താഴപ്പട്ടിണി കിടക്കേണ്ടി വന്നു. അവനാഗ്രഹിച്ചത് പോലെ അവന്റെ മുറിയൊരു വനമായി മാറി. ആ വനത്തിലാകട്ടെ വിചിത്ര സാങ്കല്‍പിക മൃഗങ്ങളും. മാക്‌സ് എന്ന ആ കുട്ടിയും ആ ജന്തുക്കളും തമ്മില്‍ ഉള്ള ബന്ധമാണ് ഇതിലെ കഥ.

ആകെ 338 വാക്കുകളേ ഇതില്‍ ഉള്ളൂ .അതാകട്ടെ രണ്ടു മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി വായിച്ചു കേള്‍പ്പിക്കുവാനായി രചിക്കപ്പെട്ടതും. സെന്‍ഡാക് തന്നെ ചിത്രങ്ങളും വരച്ചു.

ആദ്യ രണ്ടു വര്‍ഷത്തോളം ഈ പുസ്തകത്തെ വായനശാലകള്‍ ഒഴിവാക്കിയെങ്കിലും പല പ്രായത്തിലുള്ള കുട്ടികള്‍ ഈ പുസ്തകത്തിനായി തിരക്ക് കൂട്ടിയതോടെ മുതിര്‍ന്നവരുടെ ശ്രദ്ധയും ഇതിലേയ്ക്ക്  തിരിഞ്ഞു. അന്‍പത് വര്‍ഷത്തിന് ശേഷവും ഈ പുസ്തകം കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ടതായി തുടരുന്നു.