സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന 'അസൈന്‍മെന്റാണ്' ഉപന്യാസരചന. ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് ഉപന്യാസം എഴുതേണ്ടി വന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണെങ്കില്‍ മാതാപിതാക്കളുടെ സഹായം തേടുകയാണ് പതിവ്. ഇനി കുറച്ച് മുതിര്‍ന്ന വിദ്യാര്‍ഥികളാണെങ്കില്‍ ഉടനെ ഗൂഗിളിന്റെ സഹായം തേടും. ഏതുവിഷയത്തെ കുറിച്ചാണോ ഉപന്യാസം തയ്യാറാക്കേണ്ടത് അതിനെ കുറിച്ച കൃത്യമായ ധാരണയില്ലാത്തതാണ് ഉപന്യാസരചന കുഞ്ഞുങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിങ്ങളെ സഹായിക്കുന്ന പുസ്തകമാണ് വിദ്യാര്‍ഥികള്‍ക്ക് 25 ഉപന്യാസങ്ങള്‍ എന്ന പുസ്തകം. സുജമോള്‍ ജോസിന്റെതാണ് രചന. മാതൃഭാഷ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഇംഗ്ലീഷ് പഠനത്തിന്റെ അനിവാര്യത, വിദ്യാലയ രാഷ്ട്രീയം എന്നിങ്ങനെ 25 വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

vidyarthikalkk 25 upanyasangalപാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായും പരീക്ഷയിലും മത്സരങ്ങളുടെ ഭാഗമായും ഒക്കെ ഉപന്യാസം കടന്നുവരാറുണ്ട്. "വിഷയത്തെ കുറിച്ച് അറിയാമായിരുന്നു സമയം തികഞ്ഞില്ലെന്ന" പരാതിയാണ് പരീക്ഷയ്ക്ക് ഉപന്യാസരചനക്ക് മാര്‍ക്കു കുറഞ്ഞതിന്റെ കാരണമായി പല വിദ്യാര്‍ഥികളും ചൂണ്ടിക്കാണിക്കുന്നത്. ഇനി മത്സരങ്ങളിലാണെങ്കില്‍ വാരിവലിച്ചെഴുതിയതു കാരണമാകും പിന്നിലായി പോയത്. ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ഉപന്യാസരചനയെ ഒരു തലവേദനയായി കാണാതിരിക്കാനും ഈ പുസ്തകം സഹായിക്കും.

കുട്ടികള്‍ക്ക് ഉപന്യാസ രചനയിലേക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം എന്നു പറയാം. ഉപന്യാസമെന്നാല്‍ നിര്‍ദേശിച്ചിരിക്കുന്ന വിഷയത്തെ കുറിച്ച് അറിയാവുന്നതെല്ലാം എഴുതുക എന്നൊരു തെറ്റിധാരണയുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ഉപന്യാസമെന്നാല്‍ വിവിധതലങ്ങളും വശങ്ങളുമുള്ള ഒരു വിഷയത്തെ നിശ്ചിതസമയപരിധിക്കുള്ളില്‍നിന്നുകൊണ്ട് നിശ്ചിതമായ ലക്ഷ്യങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും അനുസരിച്ച് വിവരിക്കുന്നതാണ്.

ഉപന്യാസം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പുസ്തകത്തില്‍ ആമുഖമായി പറഞ്ഞിട്ടുണ്ട്. വിഷയത്തെ അടുക്കും ചിട്ടയോടെയും സമയപരിധിക്കുള്ളില്‍നിന്നു കൊണ്ട് തന്നെ കാര്യമാത്രപ്രസക്തമായി എഴുതി പൂര്‍ത്തിയാക്കാനുള്ള പരിശീലനമാണ് ഓരോ അധ്യായങ്ങളും. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ തന്നെയാണ് ഉപന്യാസങ്ങളായി നല്‍കിയിരിക്കുന്നത്. ഇനി മാതാപിതാക്കളോട്: പുസ്തകം വാങ്ങി നല്‍കിയതോടെ ജോലി കഴിഞ്ഞെന്നു വിചാരിക്കാതിരിക്കുക. പകരം പുസ്തകത്തില്‍ പ്രതിപാതിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്യുക. ഇത് വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവരുടെ അറിവും കാഴ്ചപ്പാടും വളരാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്.