യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിങ്ങനെ വിഖ്യാതമായ സൃഷ്ടികള്‍ ലോകത്തിന് സമ്മാനിച്ച റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമാണ് ലിയോ ടോള്‍സ്‌റ്റോയി. റഷ്യന്‍ ജീവിതത്തിന്റെയും സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെയും ആവിഷ്‌കാരമായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍. തനതായ ആവിഷ്‌കാര ശൈലിയും മനുഷ്യജീവിത പരിസരങ്ങളിലേക്കുള്ള സമഗ്രമായ സമീപനവും മൂലം അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു.

tolstoy kathakalഎഴുത്തുകാരന്‍ എന്ന പോലെ തന്നെ ഒരു തത്വചിന്തകന്‍ എന്ന എനിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആ ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിച്ചിരുന്നു. ആ വലിയ കഥാകാരന്റെ  ബാലകഥകളുടെ സമാഹാരമാണ് 25 ടോള്‍സ്‌റ്റോയി കഥകള്‍.

ബാലകഥകള്‍ എന്നത് ലാഘവത്തോടെ കാണാവുന്ന ഒന്നല്ല. ആര്‍ക്കും എഴുതാന്‍ പറ്റുന്ന ഒന്നുമല്ല ബാലകഥകള്‍. അതിന് കുഞ്ഞുങ്ങളുടെ മനസറിയണം. അവരെപ്പോലെ ചിന്തിക്കണം. എന്നാല്‍ നാം കരുതും പോലെ എളുപ്പമല്ല അത്. നമ്മള്‍ വിചാരിക്കുന്നതിനപ്പുറത്ത് അതീവ ഗൗരവമുള്ളതാണ് കുട്ടികളുടെ മനശാസ്ത്രം.
 
അവരുടെ കാഴ്ചയില്‍ പൂച്ചയും എലിയും കുരങ്ങനുമെല്ലാം അതിഗൗരവമാര്‍ന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. കാക്കയോടും, പൂച്ചയോടും, പൂക്കളോടും, ചെടികളോടും ഇടപെട്ട് പഠിക്കുമ്പോള്‍ അവരിലൊരാള്‍ തന്നെയാണ് താനെന്ന ബോധം അവനില്‍ വളരുന്നു. അതുവഴി പ്രകൃതിയോട് സ്‌നേഹത്തോടെ വളര്‍ന്നുവരാന്‍ അവര്‍ക്ക് സാധിക്കുന്നു. ഈ മനശാസ്ത്രം തന്നെയാണ് തന്റെ കഥകളിലൂടെ ടോള്‍സ്‌റ്റേയി പകര്‍ന്നു നല്‍കുന്നത്.

പുസ്തകത്തിലെ ഓരോ കഥകളും ഓരോ പാഠങ്ങളാണ്. വായിക്കുന്ന ഓരോ കുഞ്ഞിനും ഗുണപാഠം പകര്‍ന്നു നല്‍കുന്ന കഥകള്‍. ഈ കഥകള്‍ ഒരിക്കലും അവരെ മുഴിപ്പിക്കുകയില്ല. പകരം ഭാവനയുടെ തിരിച്ചറിവിന്റെ വലിയ ആകാശം അവര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ഈ കഥകള്‍. അതുവഴി  കുഞ്ഞു കഥകളിലൂടെ അവരുടെ മനസില്‍ ആനന്ദം നിറയ്ക്കുകയാണ് ടോള്‍സ്‌റ്റോയി.