ഡ്വേര്‍ഡ് ടുലേന്‍ ഒരു മുയലാണ്. സാധാരണ മുയല്‍ അല്ല, ഒരു കളിപ്പാവ. പക്ഷേ യാതൊരുവിധ വികാരങ്ങള്‍ക്കും അടിമപ്പെടാത്ത ആരെയും സ്‌നേഹിക്കാത്ത കഠിനഹൃദയന്‍. അവന്റെ ഉടമ അബിലെയിന്‍ ടുലേന്‍ പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്കാകട്ടെ എഡ്വേര്‍ഡിനോട് അതിയായ സ്‌നേഹവും. 

The Miraculous Journey of Edward Tulaneഒരിക്കല്‍ ഒരു യാത്രാ വേളയില്‍ അവന്റെ കാല്‍വഴുതി കടലില്‍ വീണു എഡ്വേര്‍ഡ്. 297 ദിവസമാണ് അവന്‍ കടലിന്റെ അടിത്തട്ടില്‍ കിടന്നത്. ഒരു മുക്കുവന്റെ വലയില്‍ പെട്ട് അവന്‍ അയാളുടെ കുടിലില്‍ എത്തി. ഇതിനോടകം അവന് ഭയം എന്തെന്ന് മനസ്സിലായി ക്കഴിഞ്ഞിരുന്നു. പിന്നീട് മുക്കുവന്റെ മകള്‍ അവനെ കുപ്പയിലെറിഞ്ഞു. 

അവിടെ നിന്ന് അവന്‍ എത്തിച്ചേരുന്നത് ഒരു നാടോടിയുടെ അടുക്കലേക്കാണ്. എഡ്വേര്‍ഡ് ആ നാടോടിയുടെയും അയാളുടെ നായയുടെയും കൂട്ടുകാരനായി. പിന്നെയും അവന്‍ പലരുടെയും കൈകളിലെത്തി. സ്‌നേഹമെന്തെന്ന് അവന്‍ പഠിച്ചെങ്കിലും എങ്ങുനിന്നും അവന് സമാധാനം കിട്ടിയില്ല. കാരണമെന്തെന്ന് അവന്‍ മനസ്സിലാക്കുന്നത് മറ്റൊരു കളിപ്പാവയില്‍ നിന്നാണ്.  അവനെ ആരെങ്കിലും മനസ്സറിഞ്ഞു സ്‌നേഹിക്കണമെങ്കില്‍ ആ സ്‌നേഹം സ്വീകരിക്കാന്‍ അവന്റെ ഹൃദയം തയ്യാറാകണം. തുറന്നുവെയ്ക്കൂ നിന്റെ ഹൃദയമെന്ന് ആ പാവ അവനെ പറഞ്ഞു മനസ്സിലാക്കി. 

കട്രീന എലിസബത്ത് ഡി കാമിലോ എന്ന കെയ്റ്റ് ഡി കാമിലോ കുട്ടികള്‍ക്ക് വേണ്ടി നോവലുകള്‍ എഴുതുന്ന അമേരിക്കക്കാരിയാണ്. സാധാരണയായി മൃഗങ്ങളോ പാവകളോ ഒക്കെയാണ് അവരുടെ കഥാപാത്രങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കെയ്റ്റ്. യു.എസ്. നാഷണല്‍ അംബാസിഡര്‍ ഫോര്‍ യങ് പീപ്പിള്‍സ് ലിറ്ററേച്ചര്‍ എന്ന സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട് കെയ്റ്റ്. 

തീരെ കൊച്ചുകുട്ടികള്‍ക്ക് വേണ്ടിയാണ് കെയ്റ്റ് 'ദി മിറാക്കുലസ് ജേണി ഓഫ് എഡ്വേര്‍ഡ് ടുലേന്‍'(The Miraculous Journey of Edward Tulane)എന്ന നോവല്‍ എഴുതിയത്. അത് ആകര്‍ഷിച്ചതാകട്ടെ എല്ലാ പ്രായത്തിലുള്ളവരെയും. കുട്ടികള്‍ക്ക് വേണ്ടിയുള്ള നൂറ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്നായി ഈ നോവലും ഉണ്ടായിരുന്നു.