ച്ഛന്റെയോ അമ്മയുടെയോ തറവാട്ടില്‍ അവധിക്കാലം തിമിര്‍ത്ത് ആഘോഷിച്ചതിന്റെ ഗൃഹാതുരത പേറുന്നവരാണ് നമ്മളില്‍ അധികം പേരും. "ഓ അതൊക്കെ എന്തു രസമുള്ള കാലമായിരുന്നെന്ന്" പ്രായം കൂടിയവരാകുമ്പോള്‍ നാം കുട്ടികളോട്‌  പറയുകയും ചെയ്യും. കുട്ടിക്കാലത്തെ ഓര്‍മകളുടെ, പ്രത്യേകിച്ച് അവധിക്കാലത്തെ കുറിച്ചുള്ളതിന്റെ മധുരം ഒന്നു കൂടി നുകരാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ചന്ദ്രമതിയുടെ തങ്കത്തിളക്കം.

രണ്ടുമാസത്തെ അവധിക്കാലം ആഘോഷിക്കാന്‍ ദേവഗ്രാമം എന്ന കായലോരഗ്രാമത്തിലെത്തുന്ന തങ്കം എന്ന കൊച്ചുപെണ്‍കുട്ടിയുടെ കഥയാണിത്. പാഠപുസ്തകങ്ങളില്ലാത്ത, പരീക്ഷകളില്ലാത്ത,ഗൃഹപാഠങ്ങളില്ലാത്ത രണ്ടുമാസങ്ങളെ ഏറെ സന്തോഷത്തോടെയാണ് തങ്കം സ്വീകരിക്കുന്നത്. അപ്പൂപ്പനും അമ്മൂമ്മയും ബേബിമാമനും കുക്കുമ്മിയും ലളിതയുമൊക്കെയാണ് തങ്കത്തിനെ ദേവിഗ്രാമത്തില്‍ കാത്തിരിക്കുന്നവര്‍.

സംസാരിക്കുന്ന പട്ടിയെ കുറിച്ചുള്‍പ്പെടെ ഒരുപാടു വിശേഷങ്ങളുമായാണ് തങ്കം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തെത്തുന്നത്. മനുഷ്യര്‍ മാത്രമല്ല ദേവഗ്രാമത്തില്‍ തങ്കത്തിന് കൂട്ടുകാരായുള്ളത്. മണികണ്ഠന്‍ എന്ന ചേരപ്പാമ്പ്, കേറ്റി എന്ന പരുന്ത്, നീലപ്പീലി എന്ന പൊന്മാന്‍ അങ്ങിനെ പലരുമുണ്ട് അവിടെ. രസകരമായ ഈ പേരുകള്‍ തങ്കം തന്നെയാണ് അവര്‍ക്ക് സമ്മാനിച്ചതും.

thankathilakkam book by chandramathiതങ്കം വീട്ടിലെത്തുന്നതും അവിടുത്ത കാഴ്ചകളും പ്രകൃതിയും ആസ്വദിക്കുന്നതുമൊക്ക ഏറെ സുന്ദരമായാണ് തങ്കത്തിളക്കത്തില്‍ വിവരിച്ചിരിക്കുന്നത്. ദേവിഗ്രാമത്തിലെ തങ്കത്തിന്റെ അടുത്തസുഹൃത്താണ് ലളിത. അവര്‍ ഇരുവരും ചേര്‍ന്നാണ് കളിയുംചിരിയും. അശോകനെന്ന അക്കുവും ഇക്കുറി അവര്‍ക്കൊപ്പമുണ്ട്. അക്കു പക്ഷെ ആകെ വിഷമത്തിലാണ്. ചെയ്യാത്ത ഒരു മോഷണക്കുറ്റം അവനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നതാണ് അക്കുവിന്റെ വിഷമത്തിനു കാരണം. ഈ പ്രശ്‌നം മൂലം സ്‌കൂളില്‍ പോകാന്‍ പോലും അവന്‍ തയ്യാറല്ല.

അക്കു കുറ്റക്കാരനല്ലെന്നു തെളിയിക്കാന്‍ തങ്കം സഹായം തേടുന്നത ബേബിമാമന്റെയാണ്. ബേബിമാമന്‍ ഡിറ്റക്ടീവ് ബുദ്ധിയിലൂടെ അക്കുവിന്റെ നിരപരാധിത്വം തെളിയിക്കുന്നതും നോവലില്‍ പറയുന്നുണ്ട്. കായലിനക്കരെ താമസിക്കുന്ന ബേബിമാമന്റെ സുഹൃത്തിനെ കാണാന്‍ തോണി കയറിപ്പോകുന്നത്, അവിടെ ചെല്ലുമ്പോള്‍ മാഗി എന്ന കൊച്ചുപെണ്‍കുട്ടിയെ പരിചയപ്പെടുന്നത് അവള്‍ക്കൊപ്പം കളിക്കുന്നത് ഇവയെല്ലാം 'തങ്കത്തിളക്കത്തോടെ' നോവലില്‍ പ്രത്യക്ഷപ്പെടുന്നു.

ദേവഗ്രാമത്തിലെത്തിയപ്പോള്‍ മുതല്‍ ഒരാള്‍ നമ്മുടെ തങ്കത്തിനെ അലോസരപ്പെടുത്തുന്നുണ്ട്. മറ്റൊന്നുമല്ല ഒരു പല്ല്. ആള്‍ ആടിയാടി നില്‍ക്കുകയാണ്. ചിലതൊന്നും കഴിക്കാന്‍ പോലും ഈ പല്ല് പാവം തങ്കത്തിനെ അനുവദിക്കുന്നില്ല. ഒടുക്കം ഇര തേടുന്ന ഉപ്പനെ (ഉപ്പന് തങ്കം നല്‍കിയിരിക്കുന്ന പേര് ചകോരം എന്നു തന്നെയാണ്)ചകോരം എന്ന് ഉറച്ചു വിളിക്കുമ്പോള്‍ ദാ പല്ലടര്‍ന്നു താഴെക്കിടക്കുന്നു.

വീട്ടിലെ സഹായിയായ കുക്കുമ്മി(പുഷ്പാംഗിയെന്നാണ് അവരുടെ ശരിയായ പേര്. നാവ് വഴങ്ങാത്ത പ്രായത്തില്‍ തങ്കം വിളിച്ചപ്പോള്‍ പുഷ്പാംഗി കുക്കുമ്മി ആയതാണ്)യുമൊത്തുള്ള തങ്കത്തിന്റെ കളിചിരികളുമൊക്കെ നോവലിനെ ഇമ്പമുള്ളതാക്കുന്നു.

വായനക്കാരന്റെ മനസ്സിലെ ഗൃഹാതുരതകളെ ഉണര്‍ത്തുന്നതിനൊപ്പം മറ്റുചില നന്മകള്‍ കൂടി പുസ്തകം മുന്നോട്ടു വയ്ക്കുന്നുണ്ട്. അത് വായനക്കാരായ കുഞ്ഞുങ്ങളെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. നഗരങ്ങളില്‍ വളരുന്ന ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അപരിചിതമായ ചില പദങ്ങളെയും പ്രയോഗങ്ങളെയും പലഹാരങ്ങളെയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഇരിക്കാനുപയോഗിക്കുന്ന കുരണ്ടി എന്ന വസ്തുവും അതിന്റെ പേരും ഇന്നത്തെ എത്ര കുഞ്ഞുങ്ങള്‍ക്കറിയാം.

മാത്രമല്ല പല്ലു പറിച്ചു കഴിഞ്ഞാല്‍ അതിനെ ചാണകത്തില്‍ മുക്കി കുച്ചരിപ്പല്ലേ വാ വാ നമ്മാട്ടിപ്പല്ലേ പോ പോ എന്നു പറയാറുണ്ടെന്ന കാര്യമോ? നാടന്‍ പലഹാരമായ തവിടുദോശയും വായനയ്ക്കിടെ വായില്‍ വെള്ളം നിറയ്ക്കും. നാട്ടിന്‍ പുറത്തെ നന്മയും ഗൃഹാതുരതയുടെ മാധുര്യവും വായനക്കാര്‍ക്ക് ആവോളം സമ്മാനിക്കുന്ന പുസ്തകമാണ് 'തങ്കത്തിളക്കം'.