മൃഗങ്ങളെ കഥാപാത്രങ്ങളാക്കി രചിച്ച കഥകളുടെ പേരില്‍ വിഖ്യാതയായ ബിയാട്രിക്സ് പോര്‍ട്ടറുടെ ഏറ്റവും പ്രശസ്തങ്ങളായ ആറ് കഥകളുടെ പുനരാഖ്യാനമാണ് 'പീറ്റര്‍ എന്ന മുയലും മറ്റു കഥകളും'. കഥകളുടെ ലോകത്തേക്ക് പിച്ചവച്ചുവരുന്ന കുട്ടികള്‍ക്കായി ബിയാട്രിക്സ് പോര്‍ട്ടര്‍ എഴുതിയ കഥകള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത് അഷിതയാണ്. ദ്വിജിത്ത് സി.വിയുടെ ചിത്രങ്ങള്‍ പുസ്തകത്തിനെ കൂടുതല്‍ മനോഹരമാക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരു കഥ വായിക്കാം.
ഒരിക്കല്‍, ഒരിടത്ത് നാലു മുയല്ക്കുഞ്ഞുങ്ങളുണ്ടായിരുന്നു. അവരുടെ പേരെന്തായിരുന്നുവെന്നോ? ഫ്ളോപ്സി, മോപ്സി, കോട്ടണ്‍ടെയ്ല്‍, പീറ്റര്‍ ഇതായിരുന്നു അവരുടെ പേരുകള്‍.അവര്‍ അവരുടെ അമ്മയുടെ കൂടെയാണ് ജീവിച്ചിരുന്നത്. എവിടെയാണ് ജീവിച്ചിരുന്നത്? ഒരു മണല്‍ത്തിട്ടയില്‍ നിന്നിരുന്ന വളരെ വലിയ ദേവദാരുമരത്തിന്റെ വേരിന്റെ അടിയിലുള്ള പൊത്തില്‍.
ഒരു ദിവസം രാവിലെ വയസ്സായ അവരുടെ മുയലമ്മ പറഞ്ഞു: ''ഞാനൊന്നു പുറത്തേക്ക് പോവുകയാണ്. കുഞ്ഞുങ്ങളേ, നിങ്ങള്‍ വയലുകളിലോ ഇടവഴികളിലോ പോയി കളിച്ചുകൊള്ളുവിന്. പക്ഷേ, മിസ്റ്റര്‍ മാക് ഗ്രെഗറിന്റെ തോട്ടത്തില്‍ മാത്രം ചെല്ലരുത്. നിങ്ങളുടെ അച്ഛന് അപകടം പറ്റിയത് അവിടെവെച്ചാണ.് ശ്രീമതി ഗ്രെഗര്‍ അദ്ദേഹത്തെ വേവിച്ച് പലഹാരത്തില്‍ ചേര്‍ത്തുകളഞ്ഞു. അതുകൊണ്ട് വികൃതിയൊന്നും കാട്ടാതെ, കുഴപ്പത്തിലൊന്നും ചെന്നുചാടാതെ പോയി കളിച്ചുകൊള്ളുവിന്.''
അതും പറഞ്ഞ്, തന്റെ കുട്ടയും കുടയുമെടുത്ത് മുയലമ്മ കാട്ടിലൂടെ നടന്ന് ബേക്കറിയിലേക്കു പോയി. ബേക്കറിയില്‍നിന്നും മുയലമ്മ എന്തു മേടിച്ചുവെന്നോ? ഒരു വലിയ റൊട്ടിയും കുരുവില്ലാത്ത ഉണക്കമുന്തിരി ചേര്‍ത്ത അഞ്ചു ബണ്ണും. ഫ്ളോപ്സിയും മോപ്സിയും കോട്ടണ്ടെയ്ലും നല്ല കുഞ്ഞുങ്ങളായി കറുത്ത ബെറിപഴങ്ങള്‍ പൊട്ടിക്കാനായി ഇടവഴിയിലേക്ക് ഒരുമിച്ചിറങ്ങി. പക്ഷേ, പീറ്റര്‍ മഹാവികൃതിയായ മുയല്ക്കുട്ടനായിരുന്നു. അവന് നേരേ മാക് ഗ്രെഗറുടെ തോട്ടത്തിലേക്കോടി, ഗെയ്റ്റിനടിയിലൂടെ ഞെരുങ്ങി ഞെരുങ്ങി അകത്തേക്കു കടന്നു!
ആദ്യം അവന് കുറച്ചു ചീരത്തൈകള്‍ കടിച്ചു രുചിനോക്കി. പിന്നെ കുറച്ചു ബീന്‍സും തിന്നു. അതുകഴിഞ്ഞ് കുറച്ചു മുള്ളങ്കികളും. അത്രയുമായപ്പോള്‍ അവന് ആകപ്പാടെ ഒരു സുഖമില്ലായ്മ തോന്നി. അങ്ങനെ അവന് എന്തെങ്കിലും ഔഷധച്ചെടി അവിടെയെങ്ങാനുമുണ്ടാകുമോ എന്നന്വേഷിച്ചുപോയി. പക്ഷേ, ഒരു വെള്ളരിയുടെ അപ്പുറത്ത് ആരെയാണവന്‍ കണ്ടുമുട്ടിയത്! സാക്ഷാല്‍ മാക് ഗ്രെഗറിനെ! മാക് ഗ്രെഗര്‍ മുട്ടുകുത്തിയിരുന്ന് ചെറിയ മുട്ടക്കൂസ് തൈകള്‍ നടുകയായിരുന്നു. പീറ്ററെ കണ്ടപ്പോള്‍ അദ്ദേഹം ചാടിയെഴുന്നേറ്റ് മണ്‍വെട്ടിയുമെടുത്ത് ''നില്ക്കവിടെ, കള്ളന്മുയലേ'' എന്നട്ടഹസിച്ചു പിന്നാലെ പാഞ്ഞു.
പീറ്റര്‍ വല്ലാതെ ഭയന്നുപോയി. ഭയംകൊണ്ട് തോട്ടത്തിലേക്കു വന്ന വഴിയും മറന്നു. അവന് അവിടെക്കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും പരക്കംപാഞ്ഞു. അവന്റെ ഒരു ഷൂസ് മൊട്ടക്കൂസുകളുടെ ഇടയില്‍ ഊരിപ്പോയി. മറ്റേത് ഉരുളക്കിഴങ്ങുകളുടെ ഇടയിലും. ഷൂസുകള്‍ ഊരിപ്പോയപ്പോള്‍ അവന് നാലുകാലില്‍ അതിവേഗം ഓടി. എനിക്കുതോന്നുന്നത് അവന് ചിലപ്പോള്‍ രക്ഷപ്പെടുകയും ചെയ്തേനേ. പക്ഷേ, കഷ്ടം! അവന് ഒരു നെല്ലിക്കാമരത്തിനു കീഴേ വിരിച്ച വലയില്‍ ചെന്നുചാടി. അവന്റെ കോട്ടിലെ വലിയ കുടുക്കുകള്‍ അതില്‍ കുടുങ്ങുകയും ചെയ്തു. അതൊരു പുതിയ കോട്ടായിരുന്നു കേട്ടോ, പിച്ചളബട്ടണുകള് പിടിപ്പിച്ച നീലക്കോട്ട്.
പീറ്റര്‍ വിചാരിച്ചു, ഇനി ഒരിക്കലും അവന് വീട്ടില്‍ തിരിച്ചെത്തില്ലെന്ന്. ഓര്‍ത്തപ്പോള്‍ അവന് കരഞ്ഞുപോയി. പക്ഷേ, അവന്റെ കരച്ചില് നല്ലവരായ ചില കുരുവികള്‍ കേള്‍ക്കാനിടയായി. അവര്‍ അവന്റെ അടുത്തേക്ക് ഉത്സാഹപൂര്‍വം പറന്നുചെന്നു. എന്നിട്ട് അവനെ വലമുറിക്കാനായി ശ്രമിക്കാന്‍ നിര്‍ബന്ധിച്ചു. മാക് ഗ്രെഗര്‍ ഒരു വലിയ അരിപ്പയുമായിവന്നു. അതുവെച്ച് പീറ്ററുടെ തലയ്ക്കടിക്കാമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ, പീറ്റര്‍ തക്കസമയത്ത് രക്ഷപ്പെട്ടു. അവന് ചാടിയോടുമ്പോള്‍ അവന്റെ കോട്ട് ഊരിക്കളഞ്ഞാണ് രക്ഷപ്പെട്ടത്.
അവന് പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡിലേക്ക് ഓടിക്കയറി ഒരു തകരപ്പാത്രത്തിനുള്ളില് ചാടിക്കയറി ഇരുന്നു. പക്ഷേ, ആ പാത്രത്തില്‍ അത്ര വെള്ളമില്ലായിരുന്നെങ്കില്‍ അത് ഒളിച്ചിരിക്കാന്‍ നല്ലൊരു ഇടമായിരുന്നേനേ. മാക് ഗ്രെഗറിന് ഉറപ്പായിരുന്നു പീറ്റര്‍ ഷെഡ്ഡില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ടെന്ന്. ഒരുപക്ഷേ, വല്ല പൂച്ചട്ടിക്കും അടിയില്‍. അദ്ദേഹം അവയെ ഓരോന്നായി മലര്ത്തിവെക്കാന് ആരംഭിച്ചു. അപ്പോഴാണ് പീറ്റര്‍ 'ആഗ്ച്ചൂ' എന്ന് തുമ്മിയത്! ഞൊടിയിടയില്‍ മാക് ഗ്രെഗര്‍ പീറ്ററുടെ പിന്നാലെ ഓടി.
പീറ്ററെ കാലുകൊണ്ട് തടഞ്ഞുവീഴ്ത്താന് നോക്കി. പീറ്റര്‍ ഒരു ജനാലയിലൂടെ പുറത്തേക്കുചാടി. ചാടുമ്പോള്‍ മൂന്നു ചെടിച്ചട്ടികളെയും തട്ടിമറിച്ചു. പീറ്റര്‍ കുറച്ചുനേരം വിശ്രമിക്കാനിരുന്നു. അവന് പേടിച്ചുവിറച്ച് കിതയ്ക്കുകയായിരുന്നു. ഇനി എങ്ങോട്ടു പോകണം എന്നതിനെ സംബന്ധിച്ച് അവന് ഒരു ധാരണയുമുണ്ടായിരുന്നില്ല. തകരപ്പാത്രത്തില്‍ വെള്ളമുണ്ടായിരുന്നതുകൊണ്ട് അവനാകെ നനഞ്ഞൊട്ടിയുമിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന് മെല്ലെ അവിടെയൊക്കെ അലഞ്ഞുനടന്നു. അപ്പോഴാണ് ചുവരില്‍ ഒരു വാതില്‍ കണ്ടത്. പക്ഷേ, അതു പൂട്ടിയിരുന്നു. വാതിലിനടിയിലൂടെ ഒരു തടിയന്മുയലിനു നുഴഞ്ഞുകടക്കാന്‍ മാത്രം വിടവുമുണ്ടായിരുന്നില്ല. ഒരു വയസ്സനെലി വാതിലിനകത്തേക്കും പുറത്തേക്കും ഓടുന്നത് പീറ്റര്‍ കണ്ടു. അകത്തുനിന്ന് ധാന്യങ്ങള്‍ ശേഖരിച്ച് അവള് കാട്ടിലുള്ള തന്റെ കുടുംബാംഗങ്ങള്‍ക്കു കൊണ്ടുകൊടുക്കുകയായിരുന്നു. പീറ്റര്‍ എലിയോട് ഗെയ്റ്റിലേക്കുള്ള വഴിചോദിച്ചു. പക്ഷേ, എലിയുടെ വായില്‍ വലിയൊരു ബീന്സ്മണിയുള്ളതുകൊണ്ട് അവള്‍ക്കു മിണ്ടാന്‍ കഴിഞ്ഞില്ല. അവള് പീറ്ററെ നോക്കി വെറുതേ തലയാട്ടുക മാത്രം ചെയ്തു.
പിന്നെ, പീറ്റര്‍ തോട്ടത്തിലൂടെ നേരേ നടന്ന് വഴികണ്ടുപിടിക്കാന്‍ നോക്കി. പക്ഷേ, അവന് കൂടുതല്‍ പരവശനാവുക മാത്രം ചെയ്തു. നടന്നുനടന്ന് മാക് ഗ്രെഗര്‍ തന്റെ തകരപ്പാത്രങ്ങളില്‍ വെള്ളം നിറച്ചിരുന്ന ചെറിയ കുളത്തിനരികില്‍ അവനെത്തിച്ചേര്‍ന്നു. അവിടെ ഒരു വെളുത്ത പൂച്ച സ്വര്‍ണനിറമുള്ള മത്സ്യങ്ങളെ ഉറ്റുനോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പൂച്ചയുടെ വാല് ജീവനുള്ളതുപോലെ പിടച്ചിരുന്നു. പൂച്ചയോടു മിണ്ടാതെ കടന്നുപോവുകയാണ് നല്ലതെന്ന് പീറ്റര്‍ നിശ്ചയിച്ചു.
അവന് തിരിച്ച് പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡിനടുത്തേക്കു നടന്നു. പക്ഷേ, പെട്ടെന്ന് തന്റെ വളരെ അടുത്തായി സ്ക്രിച്ച്, സ്ക്രിച്ച് എന്നൊരു ശബ്ദം കേട്ടു. പീറ്റര്‍ തത്രപ്പെട്ടു കുറ്റിച്ചെടികള്ക്കിടയിലൊളിച്ചു. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല എന്നുകണ്ടപ്പോള്‍ അവന് പുറത്തുവന്ന് അവിടെ കിടന്ന ഒരു ഉന്തുവണ്ടിയില്‍ ചാടിക്കയറി എത്തിനോക്കി. അവനെന്താണ് കണ്ടത്? മാക് ഗ്രെഗര്‍ താന്‍ നട്ട ഉള്ളിയൊക്കെ തൂമ്പകൊണ്ട് കിളച്ചെടുക്കുന്നു! അദ്ദേഹം അവനു പുറംതിരിഞ്ഞാണ് നിന്നിരുന്നത്. അദ്ദേഹത്തിനപ്പുറത്തായി അതാ, ഗെയ്റ്റ്!