''ശാന്തയ്ക്ക് ക്ലാസ്സില്‍ ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. കളിമണ്‍രൂപങ്ങളുണ്ടാക്കി. സംഗീതവും ഡ്രില്ലുമൊക്കെ കഴിഞ്ഞു. കുറച്ച് അക്ഷരമാലയും അക്കങ്ങളും പഠിച്ചു. ഒരു നിറക്കടലാസ് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ബെല്‍ അടിക്കുന്നതുവരെ അത് വെട്ടിക്കൊണ്ടിരിക്കാം. ബെല്‍ കേട്ടാല്‍ ടീച്ചര്‍ പറയും നിങ്ങള്‍ക്കെല്ലാര്‍ക്കും ഇനി വീട്ടില്‍പ്പോവാന്ന്. അല്ലെങ്കില്‍ ഇങ്ങനെഇനി നിങ്ങളുടെ കത്രികയും അക്ഷരമാലയുമൊക്കെ മാറ്റിവെച്ചോളൂ. 

പക്ഷേ അതുവരെയൊന്നും കാത്തുനില്‍ക്കാന്‍ വയ്യ. അവള്‍ അടുത്തിരുന്ന കൂട്ടുകാരിയോട് ചോദിച്ചു, അഞ്ചുമണിയായൊ? ആയിട്ടുണ്ടാവുംഅവള്‍ പറഞ്ഞു. അതോ ആറുമണിയായോ? ശാന്തയ്ക്ക് പിന്നെയും സംശയമാണ്. അതുണ്ടാവില്ല. ആറായാല്‍ രാത്രിയാവും കൂട്ടുകാരി പറഞ്ഞു. അഞ്ചുമണിയായെന്നാണോ നിനക്ക് തോന്നുന്നത്? ശാന്ത വീണ്ടും ചോദിക്കയാണ്. അതെയെന്ന് കൂട്ടുകാരി പറയേണ്ട താമസം അവള്‍ ചാടി എണീറ്റു.

എന്നാല്‍ എനിക്കിപ്പോ പോവണം. എന്റെയച്ഛന്‍ വീട്ടിലെത്തിയിട്ടുണ്ടാവും. അഞ്ചുമണിക്ക് റെഡിയായിരിക്കണമെന്നാ അച്ഛന്‍ പറഞ്ഞിരിക്കുന്നത്. വൈകീട്ട് എന്നെ സിനിമയ്ക്ക് കൊണ്ടുപോകുന്നുണ്ട്. അവള്‍ കത്രികയൊക്കെ വലിച്ചെറിഞ്ഞ് ടീച്ചറുടെ അടുത്തേക്ക് കുതിച്ചു. 'മാഡം, എനിക്കിപ്പോള്‍ വീട്ടില്‍ പോണം.' എന്തുപറ്റിയെന്ന് ടീച്ചര്‍. അഞ്ചുമണിയായെന്ന് അവള്‍ പറഞ്ഞു. ആരാ പറഞ്ഞത് അഞ്ചായെന്ന്ടീച്ചര്‍ ചോദിച്ചു. കമലഅവള്‍ കൂട്ടുകാരിയെ ചൂണ്ടി പറഞ്ഞു.

ഇപ്പോള്‍ അഞ്ചുമണിയായില്ലെന്ന് പറഞ്ഞ് അവരെ ടീച്ചര്‍ ക്ലോക്കില്‍ സമയം നോക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു. അപ്പോള്‍ സമയം രണ്ടേമുക്കാലേയായുള്ളൂവെന്ന് കണ്ടെത്തി. എല്ലാവരോടും അവരവരുടെ സീറ്റില്‍ തന്നെ പോയിരിക്കാന്‍ ടീച്ചര്‍ പറഞ്ഞു. പത്ത് മിനിട്ട് കഴിഞ്ഞതും ടീച്ചറുടെ മുന്നില്‍ അതാ ശാന്ത ഹാജര്‍ ടീച്ചര്‍, അഞ്ചുമണിക്ക് റെഡിയായില്ലെങ്കില്‍ അച്ഛന്‍ ദേഷ്യപ്പെടും. നേരത്തേ വീട്ടിലെത്തണമെന്ന് പറഞ്ഞിട്ടുണ്ട്.

 

അവള്‍ക്ക് പോവാന്‍ ടീച്ചര്‍ അനുമതി നല്‍കി. കേട്ടതും, സന്തോഷം കൊണ്ട് അവള്‍ വീട്ടിലേക്കോടി. വീട്ടിലെത്തിയയുടന്‍ അവള്‍ അമ്മയെ വിളിച്ചുകൂവാന്‍ തുടങ്ങി. അയല്‍പക്കത്ത് സംസാരിച്ചുകൊണ്ടിരുന്ന അമ്മ പാഞ്ഞെത്തി കാരണമന്വേഷിച്ചു. അച്ഛന്‍ വന്നോയെന്നാണ് അവള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇല്ല, വൈകുന്നേരമാവുമെന്ന് കേട്ടെങ്കിലും അവള്‍ ഒരുക്കം തുടങ്ങി. ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പും റിബണും അണിഞ്ഞു. വൈകീട്ട് തണുക്കാതിരിക്കാന്‍ ഇറക്കമുള്ള ഉടുപ്പിടാന്‍ അമ്മ പറഞ്ഞെങ്കിലും അവള്‍ വിട്ടുകൊടുത്തില്ല.

malgudi daysഒരു സുന്ദരിക്കുട്ടിയായി അച്ഛനെ കാത്ത് ഗേറ്റില്‍ പോയിനിന്നു. അപ്പോഴും അമ്മ  പറഞ്ഞു. അച്ഛന്‍ അഞ്ച് മണിക്കേ വരൂ; ഇപ്പോള്‍ വെറും 4 മണിയായതേയുള്ളൂ. പക്ഷേ അവള്‍ അനങ്ങിയില്ല. സൂര്യനസ്തമിച്ചു. രാത്രിയായിട്ടും അച്ഛന്‍ വന്നില്ല. അച്ഛനെ തിരഞ്ഞ് ഓഫീസ് വരെ പോണമെന്നുണ്ടെങ്കിലും അവള്‍ക്ക് വഴിയറിയില്ല.

അതേസമയം കുറഞ്ഞ ശമ്പളത്തില്‍ അതിന്റെ നാലിരട്ടി ജോലിഭാരവുമായി മല്ലിടുകയാണ് അവളുടെ അച്ഛന്‍. മകളെ പാര്‍ക്കിലും സിനിമയ്ക്കുമൊന്നും കൊണ്ടുപോകാനാവാത്തതില്‍ അദ്ദേഹത്തിനും നല്ല വിഷമമുണ്ട്. അന്ന് അവള്‍ക്ക് വാക്ക് കൊടുത്തിരുന്നതിനാല്‍ വരാന്‍ അനുവാദം ചോദിക്കുന്ന അദ്ദേഹത്തിന് മാനേജര്‍ അനുവാദം നല്‍കുന്നില്ല. പകരം കൂടുതല്‍ ജോലി ഏല്‍പ്പിക്കുന്നു. രാജിക്കത്ത് എഴുതിക്കൊടുക്കുമ്പോള്‍ ശമ്പളം 40രൂപയില്‍ നിന്ന് 45 രൂപയാക്കി വര്‍ദ്ധിപ്പിച്ച് കുറച്ചുകൂടി പണി നല്‍കുകയാണ് മാനേജര്‍.

സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുമ്പോഴും കുട്ടിയുടെ ആഗ്രഹങ്ങള്‍, നിരാശകള്‍, നമ്മളെ സ്പര്‍ശിക്കും. പ്രശസ്ത ഇന്ത്യന്‍ ഇംഗ്‌ളീഷ് എഴുത്തുകാരന്‍ ആര്‍.കെ. നാരായണന്റെ മാല്‍ഗുഡി ഡെയ്‌സ് എന്ന സമാഹാരത്തിലെ കഥകളെല്ലാം ഇങ്ങനെ കുഞ്ഞു കുഞ്ഞു സങ്കടങ്ങളുടെ, അനുഭവങ്ങളുടെ സമാഹാരമാണ്. ജ്യോതിഷത്തിന്റെ മണ്ടത്തരം, പോസ്റ്റുമാനെക്കുറിച്ച്, ഡോക്ടര്‍മാരെക്കുറിച്ച് അങ്ങനെ മാല്‍ഗുഡി എന്ന ലോകത്തെ പലതരക്കാരെപ്പറ്റി കഥ പറഞ്ഞയാളാണ് നാരായണന്‍. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌കങ്ങളില്‍ ഒന്ന്.