രാജ്യത്തിന്റെ ചരിത്രം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ചുമതലയാണ്. രാഷ്ട്രനിര്‍മാണത്തിന്റെ നാള്‍വഴികളും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ കുറിച്ചും അറിഞ്ഞു വേണം നമ്മുടെ കുഞ്ഞുങ്ങള്‍ വളരാന്‍. അതിശയകരമായ രീതിയില്‍ സമരജീവിതം നയിച്ച ഒട്ടേറെ മഹാന്മാരും മഹതികളുടെയും ശ്രമഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയനാണ്  ഭാരതത്തിന്റെ ഭരണഘടനാശില്‍പി ഡോ ബി ആര്‍ അംബേദ്കര്‍. അദ്ദേഹത്തിന്റെ ജീവിതം കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകമാണ് ബി ആര്‍ അംബേദ്കര്‍. കെ എന്‍ കുട്ടി കടമ്പഴിപ്പുറമാണ് രചന.

നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയും ഭീമാബായിയുടെയും പതിന്നാലാമത്തെ കുഞ്ഞായിരുന്നു അദ്ദേഹം. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സത്താറയിലേക്ക് രാംജിയും കുടുംബവും താമസം മാറി. രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് ഭീമിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. സത്താറയിലെ സ്‌കൂളിലായിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം മുള്ളിന്മേല്‍ തപസ്സു പോലെയായിരുന്നു. സ്‌കൂളിലേക്കു പോകുമ്പോള്‍ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടുപോകണം. ക്ലാസ്സ് മുറിയുടെ ഒരറ്റത്ത് ചാക്കുവിരിച്ചാണ് അതിലാണ് ഇരിക്കുക. ബെഞ്ചും ഡസ്‌കും സവര്‍ണസമുദായത്തിലെ കുഞ്ഞുങ്ങള്‍ക്ക്. 

അയിത്തജാതിക്കാരായ കുഞ്ഞുങ്ങളെ ഒപ്പം ഇരുത്താന്‍ പോലും സവര്‍ണര്‍ അനുവദിച്ചിരുന്നില്ല- ഭീമിന്റെ ബാല്യത്തെ കുറിച്ച് പുസ്തകം പറയുന്നു. ഒരിക്കല്‍ സ്‌കൂള്‍ വരാന്തയില്‍ വച്ചിരിക്കുന്ന കലത്തില്‍നിന്ന് വെള്ളം എടുത്തുകുടിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചു. വെള്ളമെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും അരുത് എന്ന ഗര്‍ജനവുമായി കാവല്‍ക്കാരന്‍ ഓടിയെത്തി. എന്നിട്ടു പറഞ്ഞു..ഇത് മറ്റുള്ളവര്‍ക്കു കുടിക്കാനുള്ളതാ..നീ തൊട്ട് അശുദ്ധമാക്കിയാല്‍ പിന്നെ ആര്‍ക്കും കുടിക്കാന്‍ കഴിയില്ല. കൈക്കുമ്പിള്‍ നീട്ടിക്കാണിക്ക് ..ഒഴിച്ചു തരാം...കൈക്കുമ്പിള്‍ നീട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ കയ്യിലേക്ക് ശിപായി വെള്ളം ഒഴിച്ചു കൊടുത്തു.

dr b r ambedkarആ വെള്ളത്തിന് കയ്പുള്ളതായി ആ ബാലനു തോന്നി. പുസ്തകം പറയുന്നു. ഭീം റാവു അംബാവേഡക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ജനിച്ച സ്ഥലത്തിന്റെ പേര് പേരിനൊപ്പം ചേര്‍ക്കുക എന്ന പതിവ് നിലവിലുണ്ടായിരുന്നതു കൊണ്ട്, അംബാവാഡിയില്‍ ജനിച്ച ഭീമിന്റെ പേരിനൊപ്പം അബാവഡേക്കര്‍ എന്ന് ചേര്‍ത്തു. ഭീമിന്റെ പേരിനൊപ്പം അംബേദ്കര്‍ എന്ന് എങ്ങനെ വന്നുവെന്നറിയേണ്ടേ?  ഭീം ഒരിക്കല്‍ അമ്മായി കൊടുത്തയച്ച ഭക്ഷണപ്പൊതിയുമായി സ്‌കൂളിലെത്തി. മറ്റുള്ള കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുന്നെങ്കിലും താഴ്ന്നജാതിയില്‍ പിറന്നവനായതുകൊണ്ട് അവര്‍ അവനെ ആട്ടിപ്പായിച്ചു. എല്ലാവരും എന്നെ ആട്ടിപ്പായിക്കുന്നു എന്ന അധ്യാപകരോട് പറഞ്ഞപ്പോള്‍ തന്റെ അടുത്ത് വന്നിരുന്നു കഴിച്ചോളൂ എന്നായിരുന്നു ആ സ്‌നേഹനിധിയായ അധ്യപകന്‍ ഭീമിനോട് പറഞ്ഞത്.

ഭീമിന്റെ അയിത്തം മാറ്റാന്‍ എന്തു ചെയ്യണമെന്നായി ആ അധ്യാപകന്റെ ചിന്ത. അതിന് അവര്‍ ഒരു മാര്‍ഗം കണ്ടെത്തി. അവന്റെ പേര് മാറ്റുക. അങ്ങനെ ആ അധ്യാപകന്‍ തന്റെ കുടുംബപ്പേരായ അംബേദ്കര്‍ ഭീമിന്റെ പേരിനോടു ചേര്‍ത്തു. അങ്ങനെ അവന്‍ ഭീം അംബേദ്കര്‍ ആയി. ചെറുപ്പത്തില്‍ തന്നെ ജാതിവ്യവസ്ഥയുടെ കയ്്‌പേറിയ മുള്ളുകള്‍ ഭീമിനെ മുറിവേല്‍പ്പിച്ചിരുന്നതായി പുസ്തകത്തിന്റെ ആദ്യഭാഗം വിവരിക്കുന്നു. ഉപരിപഠനത്തിനായി ബോംബെയിലെത്തി. അവിടെയും താഴ്ന്നകുലത്തില്‍ പിറന്നതിന്റെ പേരില്‍ അവഹേളനങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടതായി വന്നു.

മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു അംബേദ്കര്‍. ബറോഡാ രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ 1912 ല്‍ അംബേദ്കര്‍ ബി എ ബിരുദം കരസ്ഥമാക്കി. മഹര്‍ സമുദായത്തില്‍നിന്ന് ആദ്യമായി ബി എ ബിരുദം വ്യക്തിയായി അതോടെ അംബേദ്കര്‍. എന്നാല്‍ ഒരു ജോലി നേടുക അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. അയിത്തമുള്ളവന് ജോലി നല്‍കാന്‍ ആരും തയ്യാറാകാത്തതു തന്നെ കാരണം. ഒടുവില്‍ തന്നെ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പു തന്നു സഹായിച്ച ബറോഡ രാജാവിനെ അദ്ദേഹം ചെന്നു കണ്ടു.

ഹിന്ദു സമുദായം തന്നോടു കാണിക്കുന്ന അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞു. അദ്ദേഹം അംബേദ്കര്‍ക്ക് ബറോഡാ സൈന്യത്തില്‍ ലെഫ്റ്റനന്റായി ജോലി നല്‍കി. എന്നാല്‍ മകന് ആ ജോലി ലഭിച്ചതില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഒട്ടും തൃപ്തനായിരുന്നില്ല. അടുത്തു തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇഷ്ടമില്ലാത്ത ജോലി താന്‍ സ്വീകരിച്ചതാവുമോ അച്ഛനു രോഗം വരാന്‍ കാരണമായതെന്ന് അദ്ദേഹം സംശയിച്ചു. ആ വേദനയില്‍ ലെഫ്റ്റനന്റ് ജോലി രാജിവച്ചു. തുടര്‍ന്ന് ബറോഡാ രാജാവിന്റെ സഹായത്തോടെ തന്നെ കൊളംബിയ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് നേടി ഉപരിപഠനത്തിന് പുറപ്പെട്ടു.

അമേരിക്കയിലെ ജീവിതം പുത്തന്‍കാഴ്ച്ചപ്പാടുകള്‍ രൂപവത്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. എബ്രഹാം ലിങ്കണിന്റെ ജീവിതവും ബുക്കര്‍ ടി വാഷിങ്ണിന്റെ ജീവിതവും അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അംബേദകര്‍ ബറോഡാ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി സ്ഥാനമേറ്റു. എന്നാല്‍ അദ്ദേഹത്തെ മിലിട്ടറി സെക്രട്ടറിയായി കാണുന്നതിനേക്കാള്‍ ഒരു നീചജാതിക്കാരനായി കാണാനായിരുന്നു ഏവര്‍ക്കും താത്പര്യം. ഇത് അംബേദ്കറെ ഏറെ വിഷമിപ്പിച്ചു.ഒടുവില്‍ അദ്ദേഹം ആ ജോലി രാജിവച്ചു. സിഡന്‍ഹോം കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. ഒപ്പം തന്നെ ഉപരിപഠനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. അധ:കൃതരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ബഹിഷ്‌കൃതഹിതകാരിണി സഭ രൂപവത്കരിച്ചത്.

അധ:കൃതവിഭാഗത്തില്‍ പെട്ടവര്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ഈ സംഘടന മുന്‍കൈയെടുത്തു. വായനശാലകളും ഗ്രന്ഥശാലകളും ഹോസ്റ്റലുകളും സ്ഥാപിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനായി പീപ്പിള്‍ എഡ്യൂകേഷന്‍ സൊസൈറ്റിയും സ്ഥാപിച്ചു. 1945ല്‍ ബോംബെയില്‍ സിദ്ധാര്‍ഥ കോളേജ് സ്ഥാപിച്ചു. അനാചാരങ്ങളോട് പോരാടുക എന്ന ലക്ഷ്യത്തോടെ മൂകനായക് എന്ന പത്രം ആംരഭിക്കുകയും 1927 ഏപ്രില്‍ മൂന്നിന് ബോംബെയില്‍നിന്ന് ബഹിഷ്‌കൃതഭാരതം എന്നപേരില്‍ ഒരി വാരികയും അദ്ദേഹം ആരംഭിച്ചു. 1927 ല്‍ ബോംബെ നിയമസഭയിലേക്ക് അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1930,32,33 വട്ടമേശസമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 1935 ന് ബോംബെ ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പലായി അദ്ദേഹം നിയമിതനായി. 

തന്റെ കര്‍മശേഷി മുഴുവന്‍ രാഷ്ട്രസേവനത്തിനായി അര്‍പ്പിക്കണമെന്ന് തീരുമാനിച്ച അദ്ദേഹം 1938ല്‍ രാജിവച്ചു. തുടര്‍ന്ന് വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ അദ്ദേഹം അംഗമായി.ഒരു ഇന്ത്യക്കാരന് ചെന്നെത്താന്‍ കഴിയുന്ന പരമോന്നത പദവിയായിരുന്നു അത്. തുടര്‍ന്ന് ഭരണഘടനാ നിര്‍മാണത്തിനു വേണ്ടിയുള്ള കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബംഗാളില്‍നിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണക്കമ്മറ്റി രൂപീകൃതമാവുകയും അതിന്റെ ചെയര്‍മാനായി അംബേദ്കര്‍ തിരഞ്ഞെടുക്കുപ്പെടുകയും ചെയ്തു. കഠിനപ്രയ്ത്‌നം കൊണ്ടാണ് ആ ദൗത്യം അംബേദ്കറും കൂട്ടുരും പൂര്‍ത്തിയാക്കിയത്. 1950 ന് പുതിയ ഭരണഘടന നടപ്പാകുകയും ഇന്ത്യ റിപ്പബ്ലിക്കാവുകയും ചെയ്തു. 1950 ല്‍ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. ഹിന്ദു കോഡ് പൂര്‍ണമായി പാസാക്കാന്‍ സാധിക്കില്ലെന്ന് തോന്നിയതോടെയാണ് നെഹ്‌റു മന്ത്രിസഭയില്‍നിന്ന് അദ്ദേഹം രാജിവയ്ക്കുന്നത്. 1952 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എങ്കിലും ബോംബെ നിയമസഭയില്‍നിന്ന് അദ്ദേഹം രാജ്യസഭാംഗമായി.

1956 ഒക്ടോബര്‍ പതിന്നാലിന് മഹര്‍ സമുദായത്തിലെ തന്റെ അനുയായികളുടെ സമ്മേളനം അദ്ദേഹം വിളിച്ചു കൂട്ടുകയും അവരോട് ബുദ്ധമതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മഹര്‍സമുദായത്തിലെ ബഹുഭൂരിപക്ഷവും അങ്ങനെ ബുദ്ധമതാനുയായികളായി. അയിത്തങ്ങളും അനാചാരങ്ങളുമില്ലാതെ ഈശ്വരാരാധനയ്ക്ക് ഒരു കവാടം തുറന്നുകിട്ടിയതില്‍ മഹര്‍ സമുദായം കൃതാര്‍ഥരായി. 1956 ഡിസംബര്‍ ആറിനാണ് ആ സുവര്‍ണതാരകം അന്തരിച്ചത്. നിദ്രയിലെപ്പോഴോ മരണം അദ്ദേഹത്തെ ഒപ്പം കൂട്ടുകയായിരുന്നു. ഡോ ബി ആര്‍ അംബേദ്കര്‍ എന്ന മഹാത്മാവിന്റെ ജീവിതത്തെ കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഏറെ സഹായകമാകുന്ന പുസ്തകമാണ് ബി ആര്‍ അംബേദ്കര്‍.