ന്തുകൊണ്ടാവും നമ്മുടെ കുഞ്ഞുങ്ങളില്‍ പലര്‍ക്കും കണക്ക് 'കടിച്ചാല്‍ പൊട്ടാത്ത വിഷയമാകുന്നത്'? പ്ലസ് ടു വരെ കണക്കിനോട് മല്ലിടുകയും പിന്നീട് കണക്കില്ലാത്ത വിഷയം തേടിപ്പോവുകയും ചെയ്യുന്ന വലിയൊരു വിഭാഗം തന്നെയുണ്ട് നമ്മുടെ ചുറ്റും. കണക്ക് വലിയ ബുദ്ധിമുട്ടുള്ള വിഷയമാണെന്നും ഭയപ്പെടേണ്ടതാണെന്നുമുള്ള ധാരണ കുട്ടികളില്‍ ചെറുപ്പം മുതല്‍ കുത്തിവയ്ക്കുന്നത് ഇതിന്റെ വലിയൊരു കാരണമാണ്.

എന്നാല്‍ കൗതുകത്തോടെ സമീപിക്കുകയും ശ്രദ്ധയോടെ പഠിക്കുകയും ചെയ്താല്‍ കണക്ക് ഒചരു രസികന്‍ വിഷയം തന്നെയാണെന്നു മനസ്സിലാകും. കണക്കിന്റെ അതിശയിപ്പിക്കുന്നതും രസകരവുമായ വിശേഷങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് അക്കങ്ങളുടെ അദ്ഭുത വിശേഷങ്ങള്‍. പള്ളിയറ ശ്രീധരനാണ് രചന.

പത്ത് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്നതാണ് ഓരോ അധ്യായവും. പൂജ്യം, ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെയാണ് അധ്യായങ്ങള്‍ക്കും പേരു നല്‍കിയിരിക്കുന്നത്. ഉദാഹരണങ്ങളും കഥകളും ചേര്‍ത്തുള്ള വിവരണമായതിനാല്‍ കുട്ടികള്‍ക്ക്  കാര്യം എളുപ്പത്തില്‍ മനസ്സിലാകുകയും ചെയ്യും.

akkangalude adbhutha viseshangal

പുസ്തകത്തിന്റെ ആദ്യഅധ്യായമായ ശൂന്യം നോക്കാം. പൂജ്യത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. സങ്കലനത്തിലും വ്യവകലനത്തിലും നിഷ്‌ക്രിയമായിരിക്കുന്ന ഒരേയൊരു സംഖ്യയാണ് പൂജ്യം. അതായത് ഒരു സംഖ്യയില്‍നിന്ന് പൂജ്യം കുറച്ചാലും കൂട്ടിയാലും വിലയ്ക്ക് വ്യത്യാസം വരില്ലെന്നു മനസ്സിലാക്കാം. ഉദാ: 4+0=4, 4-0=4.  

ഇനി ഗുണനത്തിന്റെ കാര്യത്തില്‍ ഈ നിഷ്‌ക്രിയത്വമൊന്നും പ്രതീക്ഷിക്കണ്ട. ഇക്കാര്യത്തില്‍ പൂജ്യം പുലിയാണ്. എത്രവലിയ സംഖ്യയാണെങ്കിലും പൂജ്യവുമായി ഗുണിച്ചാല്‍ ഫലം പൂജ്യം തന്നെയായിരിക്കും. ഇത്തരത്തില്‍ എല്ലാവര്‍ക്കും പരിചിതമായ അടിസ്ഥാനകാര്യങ്ങളില്‍ തുടങ്ങി ആഴത്തിലുള്ള കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് പുസ്തകം.

മലയാള അക്ഷരമാലയിലെ ഓരോ അക്ഷരത്തെയും സൂചിപ്പിക്കാന്‍ ഓരോ സംഖ്യകളുണ്ട്. ഇതിനെ അക്ഷരസംഖ്യാരീതിയെന്നാണ് പറയുന്നത്. നമുക്ക് പരിചിതമായ പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളുടെ അത്ര പരിചിതമല്ലാത്ത പ്രത്യേകതകളാണ് പുസ്തകം വിവരിക്കുന്നത്. കണക്കിന്റെ രസത്തെ കുറിച്ചറിയാനും പഠനം എളുപ്പമാക്കാനും കുഞ്ഞുങ്ങള്‍ക്ക് ഈ പുസ്തകം സഹായകമാകും.