തൊരു മനുഷ്യനെയും  പോലെ  കവി സമൂഹത്തിന്റെ ഉത്പന്നമാണെന്നും സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ നിന്ന് കവികള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന എഴുത്തുകാരനാണ് സച്ചിദാനന്ദന്‍. ഇന്നിപ്പോള്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു മലയാളി കവിയുണ്ടെങ്കില്‍ അത് സച്ചിദാനന്ദനാണെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതായില്ല. മാനവികതയുടെ പക്ഷത്തു നിന്നുകൊണ്ടുള്ള നിശിതവും മൂര്‍ച്ചയേറിയതുമായ ഇടപെടലുകളാണ് സച്ചിദാനന്ദന്റെ രചനകള്‍. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് സച്ചിദാനന്ദനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് :

ഇത്തവണ ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ താങ്കള്‍ പങ്കെടുത്തിരുന്നില്ല ?
 

ജെയ്പൂരിലേക്ക് പോവേണ്ടതില്ലെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സംഘാടകരായ വില്യം ഡാല്‍റിമ്പിളിനോടും നമിത  ഗോഖലെയോടും ഇക്കാര്യം ഞാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രണ്ടു കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അസത്യ പ്രചാരണം നടത്തുന്ന സീ ഗ്രൂപ്പാണ് ജെയ്പൂര്‍ സാഹിത്യോത്സവം നിയന്ത്രിക്കുന്നത്. കഴിഞ്ഞ തവണ സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെ സീ ടിവിചാനല്‍ എന്നെ ഒരു അഭിമുഖത്തിന് വിളിച്ചിരുന്നു. അത്യധികം ആക്ഷേപകരമായാണ് അവര്‍ എന്നോട് പെരുമാറിയത്. എന്നെ അധിക്ഷേപിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ജെയ്പൂര്‍ സാഹിത്യോത്സവം ഇപ്പോള്‍ സ്വതന്ത്രചിന്തയെ പ്രോത്സാഹിപ്പിക്കുന്ന വേദിയല്ല. അതില്‍ പങ്കെടുക്കാതിരുന്നത് നന്നായി എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

സംഘപരിവാര്‍ ബുദ്ധിജീവികള്‍ക്കെതിരാണെന്ന് അടുത്തിടെ ചരിത്രകാരനായ രാമചന്ദ്രഗുഹ നിരീക്ഷിച്ചിരുന്നു?

ശരിയാണ്. ബുദ്ധിപരമായ സംവാദത്തോട് അവര്‍ക്ക് താല്‍പര്യമില്ല. സ്വന്തം അജണ്ട നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവരെ തകര്‍ക്കാന്‍ അവര്‍ ഏതറ്റവും വരെ പോവും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച അരുണ്‍ഷൂറിക്ക് നേരിടേണ്ടി വന്ന ഒരു വിമര്‍ശം അദ്ദേഹത്തിന്റെ സുഖമില്ലാത്ത മകനെ ( അരുണ്‍ഷൂറിയുടെ മകന്‍ സെറിബ്രല്‍ പള്‍സി എന്ന അസുഖബാധിതനാണ്) ബന്ധപ്പെടുത്തിയുള്ളതായിരുന്നു.?

അതിര്‍വരമ്പുകളില്ലാത്ത അസഹിഷ്ണുതയാണത്. അതിനെന്തായുധവും അവര്‍ പ്രയോഗിക്കും.

ഈ ഘട്ടത്തില്‍ കൃത്യമായ നിലപാട് എടുക്കേണ്ട ബാധ്യത എഴുത്തുകാര്‍ക്കില്ലേ ?

തീര്‍ച്ചയായും. എഴുത്തുകാരെ രൂപപ്പെടുത്തുന്നത് സമൂഹമാണ്. സമൂഹത്തോടുള്ള കടപ്പാടില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എഴുത്തുകാര്‍ക്കാവില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ എഴുത്തുകാര്‍ നിശ്ശബ്ദത പാലിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കും. സമൂഹം നേരിടുന്ന ഭീഷണികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പിന്റെ ഭാഗമാവാന്‍ എഴുത്തുകാരുണ്ടാവണം. കലയും സംസ്‌കാരവുമാണ് ഫാസിസം ആദ്യം തകര്‍ക്കുക. സംസ്‌കാരം എന്നു കേട്ടാല്‍ തോക്കെടുക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞത് ഹിറ്റ്‌ലറാണ്.

ഇത് ഫാസിസമല്ലെന്നും ഇത് അടിയന്തരാവസ്ഥയല്ലെന്നും അത്യുക്തികള്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം ദുര്‍ബ്ബലമാക്കുകയേ ഉള്ളുവെന്നും രാമചന്ദ്ര ഗുഹ പറയുന്നുണ്ട്.? 

ഫാസിസത്തിന്റെ ലക്ഷണങ്ങളാണ് നമ്മള്‍ കാണുന്നത്. ഇത് ഫാസിസമായിട്ടില്ലെന്ന് ഗുഹ പറയുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഇപ്പോഴും നമുക്ക് വിമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നുണ്ട്. ജുഡീഷ്യറി ഇപ്പോഴും താരതമ്യേന നിഷ്പക്ഷവും സ്വതന്ത്രവുമാണ്. വ്യത്യസ്തവും ഭിന്നവുമായ അഭിപ്രായങ്ങള്‍ക്ക് ഇപ്പോഴും ഇന്ത്യയില്‍ ഇടമുണ്ട്. പക്ഷേ, ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നണ്ടെന്ന കാര്യം കാണാതിരിക്കാനാവില്ല.

അടിയന്തരാസ്ഥയില്‍ നിന്നും ഇപ്പോഴത്തെ അവസ്ഥയെ വ്യത്യസ്തമാക്കുന്നത് അടിയന്തരാവസ്ഥയില്‍ ഇന്ദിരയ്ക്ക് വന്‍തോതിലുള്ള ജനപിന്തുണയുണ്ടായിരുന്നില്ലെന്നതാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വലിയൊരു ജനസമൂഹമുണ്ട്?

K. Satchidanandan
സച്ചിദാനന്ദന്റെ
പുസ്തകം വാങ്ങാം

തീര്‍ച്ചയായും. അത് മോദിയുടെ പ്രചാരണവിഭാഗത്തിന്റെ വിജയമാണ്. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ടെങ്കിലും കാര്യമായി പ്രതിഷേധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. കറന്‍സി പിന്‍വലിക്കല്‍ നല്ലൊരു തീരുമാനമായിരുന്നെന്നും അത് നടപ്പാക്കിയ രീതിയാണ് തെറ്റായതെന്നുമൊക്കെയാണ് വിമര്‍ശങ്ങള്‍ ഉയര്‍ന്നത്. അസത്യം സത്യമാണെന്ന് പ്രചരിപ്പിക്കാന്‍ അത്രയും ശക്തമായ സംവിധാനമാണ് ബിജെപിക്കുള്ളത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാന്‍ ആയിരക്കണക്കിന് കോടി രൂപയാണ് ബിജെപി ചെലവഴിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടെക്‌നോളജിയുടെയും പണത്തിന്റെയും മാരക മിശ്രമണമാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഏകശിലാരൂപമായ നേതൃത്വത്തിന്റെ പരമകാഷ്ഠയാണിത്. ദേശീയതയും ദേശസ്‌നേഹവും അടിച്ചേല്‍പിക്കപ്പെടുകയാണ്. രാജ്യസ്‌നേഹം തെളിയിക്കാന്‍ നിങ്ങള്‍ നിര്‍ബ്ബന്ധിതനാവുകയാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം നല്ലതാണെന്നാണ് പറഞ്ഞത്?

റിസര്‍വ്വ് ബാങ്കും ധനമന്ത്രാലയവുമാണ് കുറ്റക്കാരെന്ന മട്ടിലായിരുന്നു പ്രചാരണം. ഒരു തെറ്റിന്റെയും ഉത്തരവാദിത്വം മോദിയിലേക്കെത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ മോദിയുടെ പ്രചാരണ വിഭാഗത്തിന് കഴിയുന്നുണ്ടെന്നര്‍ത്ഥം. പരമോന്നത നേതാവ് എല്ലാ കളങ്കങ്ങളില്‍ നിന്നും മുക്തനാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്.

ഫാസിസത്തിന്റെ ലക്ഷണങ്ങളാണ് നമുക്കു ചുറ്റുമുള്ളതെന്ന നിരീക്ഷണത്തിന്റെ തുടര്‍ച്ചയായി തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ അഭിപ്രായം കാണാമെന്ന് തോന്നുന്നു. എഴുതാനിരിക്കുമ്പോള്‍ ഒരു പ്രീസെന്‍സറിങ് നടത്തേണ്ടി വരുന്നുണ്ടെന്നാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞത്?

അത്യധികം ഭീതിദമായ ഒരവസ്ഥയാണത്. നിങ്ങള്‍ സ്വയം പ്രീസെന്‍സറിങ് നടത്തേണ്ടി വരുന്നുവെന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ലെന്നാണ്.

ഇത്തരമൊരവസ്ഥ താങ്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ?

ഇല്ല. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുക്കമാണെങ്കില്‍ ഇങ്ങനെയൊരവസ്ഥ നേരിടേണ്ടി വരില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭവിഷ്യത്തുകള്‍ നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. നിങ്ങള്‍ അധികാരസ്ഥാനത്തുണ്ടെങ്കില്‍ രാജിക്കത്ത് നിങ്ങളുടെ കീശയിലുണ്ടായിരിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ പതറരുത്. എന്തും നേരിടാന്‍ തയ്യാറാണെന്ന് തീരുമാനമെടുത്താല്‍ പിന്നെ പേടിക്കേണ്ട കാര്യമില്ല.

മാതൊറുഭാഗന്‍ എന്ന നോവല്‍ നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് എഴുത്തു ജീവിതം നിര്‍ത്തേണ്ടി വന്ന കാലത്തെക്കുറിച്ച് പെരുമാള്‍ മുരുകന്‍ അടുത്തിടെ പറഞ്ഞിരുന്നു. ആ സമയത്ത് കവിതയാണ് തനിക്ക് അഭയമായതെന്നും ഏറ്റവും സ്വകാര്യമായ വികാരങ്ങളും വിചാരങ്ങളും പ്രകാശിപ്പിക്കാന്‍ കവിത പോലെ മറ്റൊരു വഴിയുമില്ലെന്നാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞത്?

നൂറുശതമാനം ശരിയാണ്.കവിതയാണ് നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നത്. ഏറ്റവും ഇന്റിമേറ്റ് ആയ വികാരങ്ങള്‍ ആവിഷ്‌കരിക്കാന്‍ കവിതയ്ക്ക് കഴിയുന്ന പോലെ മറ്റൊന്നിനുമാവില്ല.

കവിതയുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്നും ആശ്വാസവും സാന്ത്വനവും തേടി ആളുകള്‍ വീണ്ടും വീണ്ടും കവിതയിലേക്കെത്തുമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്യു ആര്‍നോള്‍ഡ് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ 21-ാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ കവിതയുടെ ഭാവിയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

കവിതയുടെ ഭാവിയെക്കുറിച്ച് എനിക്കൊരു തരത്തിലുള്ള ആശങ്കയുമില്ല.കവിതയുടെ വിപണിയെക്കുറിച്ച് ചിലപ്പോള്‍ സന്ദേഹമുണ്ടാവാം. കവിത എഴുതി മാത്രം നിങ്ങള്‍ക്ക് ജീവിക്കാനായെന്നു വരില്ല. പക്ഷേ, ഈ ഡിജിറ്റല്‍ യുഗത്തില്‍ കവിതയുടെ ഭാവി തീര്‍ത്തും ശോഭനമാണ്. ആശയവിനിമയത്തിന്റെ പ്ലാറ്റ്‌ഫോം ഇന്നിപ്പോള്‍ മൊബൈല്‍ഫോണാണ്. ഈ ചെറിയ പ്ലാറ്റ്‌ഫോമിന് ഏറ്റവും അനുയോജ്യമായ കലയാണ് കവിത. എല്ലാ അര്‍ത്ഥത്തിലും കവിതയുടെ ചെറുപ്പം മൊബൈല്‍ഫോണിനോട് ചേര്‍ന്നു പോവുന്നു. ചുരുക്കം വാക്കുകളില്‍ വിസ്‌ഫോടനമുണ്ടാക്കാന്‍ കവിതപോലെ മറ്റെന്താണുള്ളത്.