പാകിസ്താൻ വംശജയായ ഇംഗ്ലീഷ് നോവലിസ്റ്റ്‌ ക്വസ്ര ഷഹ്‌റാസ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തി. വെറും നോവലിസ്റ്റ് മാത്രമല്ല ക്വസ്ര. വിദ്യാഭ്യാസ പ്രവർത്തക കൂടിയാണ്. എഴുത്തിനെക്കുറിച്ചും സ്വന്തം രാജ്യത്തെക്കുറിച്ചും മതത്തെക്കുറിച്ചുമെല്ലാം അവർ സംസാരിക്കുന്നു.

കേരളവുമായുള്ള അടുപ്പം

2008-ലാണ് ഞാൻ ഇന്ത്യയിൽ ആദ്യമായി വരുന്നത്. 2014-ൽ എന്റെ നോവൽ ടൈഫൂണിന്റെ മലയാള പരിഭാഷാ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിൽ ആദ്യമായി വരുന്നത്. കേരളത്തെ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. കേരളത്തിന്റെ ഭൂപ്രകൃതി, ഇവിടത്തെ ജനങ്ങളുടെ ആതിഥേയ മര്യാദ എന്നിവ എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്.

രാജസ്ഥാനിൽനിന്നും ഡൽഹിയിൽ നിന്നുമെല്ലാം വിഭിന്നമാണ് കേരളത്തിന്റെ ഈ പച്ചപ്പും പുഴകളും.  ഇതെന്റെ ജൻമദേശം പോലെയാണ്. മലയാളികൾ എഴുത്തിനെ ഇഷ്ടപ്പെടുന്നവരാണ്. ഒരു എജ്യൂക്കേറ്റർ എന്ന നിലയിൽ ഇവിടത്തെ സാക്ഷരതാനിലവാരം എന്നെ ആകർഷിച്ചിട്ടുണ്ട്്. പ്രകൃതി സംരക്ഷണം, ബോളിവുഡിനപ്പുറമുള്ള യാഥാർഥ്യബോധമുള്ള സിനിമകളുടെ നിർമാണം എന്നിവയുടെ കാര്യത്തിൽ കേരള ജനത പുലർത്തുന്ന ദീർഘവീക്ഷണത്തെ ഞാൻ ആദരവോടെ കാണുന്നു.

കേരളത്തിലെ എഴുത്തുകാരെ പരിചയമുണ്ടോ

ഇംഗ്ലീഷ് എഴുത്തുകാരി അനിത നായരെകുറിച്ചറിയാം. അവരുടെ മിസ്ട്രസ്സ് എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഇവിടെ വന്ന സമയം കൂടുതൽ മലയാളി എഴുത്തുകാരെകുറിച്ചറിയാനും പഠിക്കാനും ഉപയോഗപ്പെടുത്തുകയാണ് ഞാൻ. മാധവിക്കുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ അവരുടെ എഴുത്തുകളെ പരിചയപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. മലയാളി എഴുത്തുകാരെ പരിചയപ്പെടാനുള്ള തുടക്കമാവട്ടെ ഇത്തവണത്തെ വരവെന്ന് ഞാൻ ആഗ്രഹിക്കുന്നു.quaisra shahraz

എഴുത്തുകാരി മാത്രമല്ല, എജ്യൂക്കേറ്റർ കൂടിയാണ്. എത്രമാത്രം ഉത്തരവാദിത്വം ഉള്ള തൊഴിലാണ് അത്.

കഴിഞ്ഞ 25 വർഷമായി വിദ്യാഭ്യാസമേഖലയിൽ ഞാൻ പ്രവർത്തിക്കുന്നു. കോേളജുകൾ സർവകലാശാലകൾ എന്നിവിടങ്ങളിലും പ്രവർത്തിക്കാൻ സാധിച്ചു. എന്നെപ്പോലെയും നിങ്ങളെപ്പോലെയും ഉള്ളവർക്ക് വരെ പഠിക്കാനുള്ള കോഴ്‌സുകളുണ്ട് ഇംഗ്ലണ്ടിൽ. പൊതുവേ കുട്ടികൾക്ക് മാത്രമാ​യാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പക്ഷെ ഇംഗ്ലണ്ടിൽ പ്രായമേറിയവരെയും കൂടുതൽ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ്  നിലനിൽക്കുന്നത്. കംപ്യൂട്ടററിയാത്തവർക്ക് കംപ്യൂട്ടറിനെ കുറിച്ചും, മൊബൈൽ ഉപയോഗിക്കാൻ അറിയാത്തവർക്ക് അത് ഉപയോഗിക്കുന്നതിനെ കുറിച്ചും പഠിക്കാൻ പഠന കേന്ദ്രങ്ങൾ ഉണ്ട്.

ഒരു എജ്യൂക്കേറ്റർ എന്ന നിലയിൽ സ്ത്രീകളെ വിദ്യാഭ്യാസം നേടാൻ ഞാൻ വളരെയധികം പ്രോത്സാഹിപ്പിക്കും. സ്ത്രീകൾ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനപ്പെട്ടതാണ്. ഒരു കുടുംബത്തെ, ഒരു സമൂഹത്തെ, വരും തലമുറയെ വരെ വീട്ടിലെ വിദ്യാസമ്പന്നയായ സ്ത്രീ പോസിറ്റീവായി സ്വാധീനിക്കും.

എന്റെ കുട്ടികൾക്ക് ശരിയായദിശ കാണിച്ചുകൊടുക്കുന്നതിലും അവരെ സ്വാധീനിക്കുന്നതിലും വിദ്യാസമ്പന്നയായ അമ്മയെന്നനിലയിൽ ഞാൻ വലിയൊരു റോൾ നിർവഹിച്ചിരിക്കുന്നു. എങ്ങനെ വസ്ത്രം ധരിക്കണമെന്നതും എങ്ങനെ പാചകം ചെയ്യാമെന്നതും എങ്ങനെ നടക്കാമെന്നതും പെരുമാറാമെന്നതും എല്ലാം എജ്യൂക്കേഷനാണ്

വാക്കുകൾ വാളിനേക്കാൾ മൂർച്ചയേറിയതാണ്. വലിയൊരായുധമാണ് കൈവശമുള്ളത്. ഒരു എഴുത്തുകാരിയെന്ന നിലയിൽ സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. അതേ സമയം പുതിയ തലമുറയ്ക്ക് തിരിച്ചറിവുകൾ നൽകുന്ന അവരുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ കഴിയുന്ന എജ്യൂക്കേറ്റർ എന്ന ചുമതലയും നിർവഹിക്കുന്നുണ്ട്. വ്യാപൃതമായ ഇരു മേഖലയെയും എങ്ങനെ കാണുന്നു.

എഴുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരെ സന്തുഷ്ടരാക്കാൻ എഴുത്തുകൊണ്ടാകും. അതിന് വല്ലാത്ത ശക്തിയാണ്. പക്ഷെ ജീവിതങ്ങളെ മാറ്റിമറയ്ക്കാൻ ഒരു എജ്യൂക്കേറ്ററിനാവാം. ഞാൻ എക്സ് ഇൻസ്പെക്ടർ കൂടിയാണ്. ക്വാളിറ്റി ഓഫ് എജ്യൂക്കേഷൻ നിലനിർത്താൻ ഞാൻ ബാധ്യസ്ഥയാണ്. അതിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്താതെ നോക്കേണ്ട ചുമതല എനിക്കുണ്ട്. അതുകൊണ്ട് തന്നെ ആ ജോലി എന്നെ കൂടുതൽ സംതൃപ്തയാക്കുന്നു.

ഒരു രാജ്യം വിദ്യാഭ്യാസം സൗജന്യമായാണ് നൽകേണ്ടത്‌ എന്ന അഭിപ്രായക്കാരിയാണ് ഞാൻ. ഇംഗ്ലണ്ടിൽ ഞാൻ പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസം സൗജന്യമായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മാറി. ഒരുപാട് ഫീസ് അടയ്ക്കണം.

പാകിസ്താൻ എന്ന രാജ്യത്തെ ഇന്ത്യക്കാർ അത്ര സ്നേഹത്തോടെ നോക്കിക്കാണുന്നില്ല. ഇന്ത്യക്കാരുടെ ദേശീയതാബോധത്തിൽ ഒരു പാകിസ്താൻ വിരുദ്ധത ഉണ്ട്.  
ഇംഗ്ലണ്ടുകാരിയാണെങ്കിലും പാകിസ്താനിൽ വേരുള്ളയാളാണ് താങ്കൾ. എങ്ങനെ നോക്കി കാണുന്നു ജന്മദേശത്തെ

ബ്രിട്ടീഷ് പൗരയാണ് ഞാൻ. പക്ഷെ പാകിസ്താനിൽ വേരുള്ളയാളും. അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ലഖ്‌നൗവിലും ഡൽഹിയിലും ഞാൻ വന്നിട്ടുണ്ട്. രണ്ടുരാജ്യങ്ങളും തമ്മിൽ വലിയ അന്തരമൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഏതാണ്ട് ഒരേ ഭൂപ്രദേശം. സംസാരഭാഷ ഒന്നുകിൽ  ഹിന്ദി അല്ലെങ്കിൽ ഉർദു. നമുക്കുള്ളത് സമാനമായ ഭക്ഷണ സംസ്കാരമാണ്. വസ്ത്ര രീതിയിൽവരെ സാമ്യത പുലർത്തുന്നു.

പാകിസ്താനിൽ പൊതുവേദികളിൽ വെച്ച് ഞാൻ പറയാറുണ്ട് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്ന്. അതുപോലെ ഈ മണ്ണിൽ വെച്ച് ഞാൻ പറയുന്നു ഞാൻ പാകിസ്താനെയും സ്നേഹിക്കുന്നു. ലഖ്‌നൗ ഫെസ്റ്റിവലിലും ജയ്പുർ ഫെസ്റ്റിവലിലും ഞാൻ പങ്കെടുക്കാറുണ്ട്.

ഇന്ത്യയിൽ വരുമ്പോഴെല്ലാം ഇവിടത്തെ എന്റെ സുഹൃത്തായ കൃഷ്ണകുമാറിന്റെ ആതിഥേയത്വം സ്വീകരിക്കാതെ ഇവിടന്ന് മടങ്ങാൻ എനിക്ക് സാധിച്ചിട്ടില്ല. നമുക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുമെന്നതിനും പരസ്പരം ബഹുമാനിക്കാൻ കഴിയുമെന്നതിനുമുള്ള ഉദാഹരണമാണ് എനിക്ക് കൃഷ്ണകുമാറും കുടുംബവുമായുള്ള ബന്ധം. 

പാകിസ്താനിലെ സ്ത്രീകൾ എത്രമാത്രം സ്വതന്ത്രരാണ്. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പലപ്പോഴും ഇന്ത്യൻ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിച്ചതിന് ഇരയാക്കപ്പെട്ട മലാലയുടെ അനുഭവവും നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടല്ലോ?

ഇറാൻ, സൗദി അറേബ്യ, അഫ്‌ഗാനിസ്താൻ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പാകിസ്താനിലെ സ്ത്രീകൾ എത്രയോ സ്വതന്ത്രരാണ്. ഞാനീപ്പറഞ്ഞ മൂന്ന് രാജ്യങ്ങളിലെയും സ്ത്രീകൾ അവിടങ്ങളിലെ സർക്കാരിനാൽ അടിച്ചമർത്തപ്പെട്ടവരാണ്. ഈജിപ്ത്, ഇന്ത്യ, മൊറൊക്കോ, മലേഷ്യ എന്നിവിടങ്ങളിലെ സ്ത്രീകൾ പക്ഷെ സർവതന്ത്രസ്വതന്ത്രരാണ്.

ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാം. ബുർഖ ധരിക്കാം ധരിക്കാതിരിക്കാം. സ്വതന്ത്രരായി നടക്കാം. വിവാഹമോചനം നേടാം. പാകിസ്താനിലെ താലിബാൻ മേഖലയിലെ സ്ത്രീകൾ ദുരിത ജീവിതം നയിക്കുന്നവരാണ്. പക്ഷേ ലാഹോർ, പഞ്ചാബ്, ബലൂചിസ്താൻ എന്നിവിടങ്ങളിലെ സ്ത്രീകളുടെ ജീവിതം സാധാരണമാണ്.

പാകിസ്താനിലും ഇന്ത്യയിലും ജാതീയത നിലനിൽക്കുന്നുണ്ട്. പാക്കിസ്താനിലെ പിന്നാക്ക വിഭാഗമാണ് കൂടുതലും മുഖവും തലയും മൂടി നടക്കുന്നത്. മുന്നാക്ക വിഭാഗവും വിദ്യാഭ്യാസം നേടിയവരും തല മറയ്ക്കുന്നതിൽ അത്ര ജാഗ്രത പുലർത്തുന്നവരല്ല. സ്ലീവ്‌ലെസ്സ് ഡ്രസ്സ് ഇടാനോ ട്രൗസറിടാനോ അവർക്ക് മടിയില്ല. ആരും തടസ്സപ്പെടുത്തുന്നുമില്ല.

ബുർഖ വസ്ത്രധാരണത്തിനെതിരെ ഫ്രാൻസിന് പുറമെ ജർമനിയും ഓസ്‌ട്രേലിയയും രംഗത്തുവന്നിരിക്കുന്നു. ബുർഖയ്ക്കുള്ളിലെ സ്ത്രീ എത്രമാത്രം സ്വതന്ത്രയാണ്

എല്ലാ മുസ്‌ലിം സ്ത്രീകളും അടിച്ചമർത്തപ്പെട്ടവരാണെന്ന മിത്ത് വെച്ചു പുലർത്തി അവർ സ്വതന്ത്രരല്ലെന്ന് നിങ്ങൾക്ക് ഒരിക്കലും പറയാൻ ആവില്ല. ബുർഖയ്ക്കടിയിലെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടവരാണെന്ന് നിങ്ങൾ കരുതുന്നു. അങ്ങനെയല്ല. അത് തെറ്റാണ്. അവർ കൂടുതൽ സ്വതന്ത്രരാണ്. ചിലർക്ക് ബുർഖ സ്വാതന്ത്ര്യമാണ്. അതില്ലാതെ സ്വയം നഗ്നരായി വരെ അനുഭവപ്പെടുന്നു. അത് വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രമാണ്.

ഏറ്റവും സ്വതന്ത്രരും  മികച്ച ജീവിതം നയിക്കുന്ന സ്ത്രീകളും ഇൻഡൊനീഷ്യയിലും സിങ്കപ്പൂരിലുമാണെന്നാണ്  ഞാൻ മനസ്സിലാക്കിയത്. ഇൻഡൊനീഷ്യയിലെ എല്ലാ സ്ത്രീകളും പ്രണയവിവാഹിതരാണ്. സ്‌കാർഫ് ധരിക്കുന്നുണ്ടെങ്കിലും അവരെല്ലാവരും സ്കൂട്ടർ ഓടിക്കാൻ അറിയുന്നവരാണ്. ഇംഗ്ലണ്ടിൽ പത്തിൽ എട്ടു സ്ത്രീകളും തട്ടം കൊണ്ട് തലയോ മുഖം പാതിയോ മറയ്ക്കുന്നവരാണ്.

പക്ഷേ  പത്തിൽ രണ്ടുപേർ വിദ്യാഭ്യാസം നേടിയവരാണ്. നീ ഇത് തന്നെ ധരിക്കണമെന്ന് പറയുന്ന അച്ഛൻമാരോ സഹോദരൻമാരോ അവർക്കുണ്ടാവില്ല. എന്റെ നോവൽ ഹോളി വുമൺ ബുർഖ ധരിക്കുന്ന സ്ത്രീയെ കുറിച്ചും അതിൽ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ളതാണ്.

ഇതൊരു തരം മാനസികാവസ്ഥ മാത്രമാണ്. ജീൻസ് ധരിക്കുന്നവർ വളരെ പുരോഗമനവാദികൾ ആണെന്നാണ് നമ്മുടെ സങ്കല്പം.ബുർഖ ധരിക്കുന്നവർ പ്രാകൃതരെന്നും. വസ്ത്രം എങ്ങനെയാണ് സന്ദേശ വാഹകരാവുന്നത്. അത് മുൻവിധിയല്ലേ. നിങ്ങൾ വ്യക്തിയെയാണ് നോക്കിക്കാണേണ്ടത്, അവർ ധരിക്കുന്ന വസ്ത്രത്തെയല്ല. ഇസ്‌ലാമോഫോബിയ ഇന്ന് വ്യാപകമാണ്. ജർമനിയിലെ ഇസ്‌ലാം വസ്ത്രധാരണത്തിനെതിരെയുള്ള നിയമങ്ങൾ തുല്യതാബോധത്തിന് എതിരാണ്.