മാര്‍ക്‌സിസത്തില്‍ താത്പര്യമുണ്ടായിരുന്നോ?
ഉണ്ട്. ചെറുപ്പകാലംമുതലേ അതിന്റെ ഫിലോസഫിയില്‍ എനിക്കൊരാഭിമുഖ്യം തോന്നിയിരുന്നു.  എസ്.എസ്.എല്‍.സി. കഴിഞ്ഞപ്പോള്‍ ഞാന്‍ മാര്‍ക്‌സിസവുമായി ബന്ധപ്പെട്ട ചില കൃതികളൊക്കെ  ഇംഗ്ലീഷില്‍ വായിച്ചിരുന്നു. പിന്നെ വടക്കെമലബാറിലെ പോരാട്ടങ്ങളെപ്പറ്റിയുള്ള ചില ലഘുലേഖകളും മറ്റും കണ്ണില്‍പ്പെട്ടിരുന്നു. അത് നയിക്കുന്നവരുടെ ത്യാഗമൊക്കെ എന്നെ അന്നേ ആകര്‍ഷിച്ചിരുന്നു. എന്റെ ജ്യേഷ്ഠന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചെറുപ്പത്തില്‍ നാട്ടിലെ ഒരാളുടെ വീട്ടില്‍ പ്പോവുമായിരുന്നു. അദ്ദേഹത്തിന് നല്ല പുസ്തകശേഖരമുണ്ടായിരുന്നു. കെ.പി. മാധവമേനോന്‍. വലിയ തറവാട്ടിലെ ആളാണ്. 

ഞാന്‍കാണുന്ന ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ അദ്ദേഹമായിരുന്നു. അടിയും ചവിട്ടുമൊ ക്കെ കിട്ടി ക്ഷയം പിടിപെട്ട് വീട്ടില്‍കഴിയുകയായിരുന്നു അദ്ദേഹമന്ന്. വാര്‍ ആന്‍ഡ് പീസൊക്കെ ഞാന്‍ അവിടെനിെന്നടുത്ത് എന്റെ ജ്യേഷ്ഠന് കൊടുക്കുമായിരുന്നു. കമ്യൂണിസത്തോട് സജീവമായ ഒരു താത്പര്യം വരാതിരുന്നത് ഞങ്ങളുടെ നാട്ടില്‍ അന്നൊന്നും അവരുടെ പ്രവര്‍ത്തനം ഇല്ലായിരുന്നുവെന്നതുകൊണ്ടാണ്. 

കമ്യൂണിസ്റ്റ് മൂവ്‌മെന്റ് അവിടെ വളര്‍ന്നിട്ടില്ല. പിന്നീടിങ്ങനെ ജനങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ട ഒരുകൂട്ടര്‍ അധികാരത്തിലെത്തുന്നല്ലോ എന്നോര്‍ത്ത് ഏറെ സന്തോഷിച്ചു, 1957ല്‍. പിന്നീട് പ്രസ്ഥാനം പിളര്‍ന്ന് രണ്ടായതുകണ്ടപ്പോള്‍ ഏറെദുഃഖവും തോന്നി. ഒരു കുടുംബം രണ്ടായിപ്പിരിഞ്ഞ് പരസ്പരം വഴക്കടിക്കുന്നതുപോലെ, 1964 മുതല്‍ അവര്‍തമ്മില്‍ ശത്രുക്കളെപ്പോലെ പോരടിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത ദുഃഖം തോന്നി.

ഇഷ്ടപ്പെട്ട ഫിലിം മേക്കേഴ്‌സ് ആരൊക്കെയാണ്?  
പഴയകാല മാസ്റ്റേഴ്‌സിനെയൊക്കെ എനിക്കിഷ്ടമാണ്. അവര്‍ക്കെല്ലാം വേറിട്ട ഓരോ രീതികളുണ്ടല്ലോ. അതുകൊണ്ടുതന്നെ അവരെയൊക്കെ വ്യത്യസ്തതലത്തില്‍ ഇഷ്ടമാണ്. പിന്നെ നമ്മുടെ ഇവിടെ തീര്‍ച്ചയായും സത്യജിത്‌റായ്, ഹി ഈസ് ഗ്രേറ്റ്. യാതൊരു സംശയവുമില്ല. എല്ലാ കാര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ള ആളാണ്. എഴുത്തുകാരന്‍കൂടിയായിരുന്നു. ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്.  വളരെ സിമ്പിളായ ഒരാള്‍... ഈ പരിവേഷമൊന്നും ആളെ ബാധിച്ചിട്ടില്ല. ഋത്വിക്ക്ഘട്ടക്കിന്റെ സിനിമയുമൊക്കെ കണ്ടിട്ടുണ്ട്. മൃണാള്‍സെന്നിനെയും അറിയാം. നല്ല അടുപ്പമായിരുന്നു. നല്ല ഫിലിം മേക്കറായിരുന്നു അദ്ദേഹം.

വര്‍ത്തമാനകാല ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ? പെരുമാള്‍ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരന് സാമൂഹികസമ്മര്‍ദങ്ങളുടെ പേരില്‍ എഴുത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെടുന്നു. പൊതുവേ സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം അപകടത്തിലാണ്. എം.ടി. എങ്ങനെയാണ് ഇതിനെയൊക്കെ നോക്കിക്കാണുന്നത്?

വളരെ, വളരെ അപകടത്തിലേക്കാണ് കാര്യങ്ങള്‍പോകുന്നത് എന്ന് തോന്നുന്നു. പെരുമാള്‍ മുരുകനോട് ആ സമൂഹം ചെയ്തത് വലിയതെറ്റ്. ഒരെഴുത്തുകാരനെന്നനിലയില്‍ അദ്ദേഹം എടുത്ത നിലപാടിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം വെല്ലുവിളികളെ എഴുത്തുകാരന്‍ നേരിടണമെന്നാണ് എന്റെ അഭിപ്രായം. അതയാളുടെ ബാധ്യതയാണ്, അയാള്‍ നിശ്ശബ്ദനാകരുത്. ഞാനിനി എഴുതില്ലെന്ന നിലപാട് സ്വീകരിക്കരുത്.

ഭരണത്തിന്റെയൊക്കെ ശക്തിയോ ടെ, പിന്തുണയോടെ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മചെയ്യുന്നത് വളരെ മോശമാണ്. മോശമെന്നുമാത്രമല്ല; നാസി കാലഘട്ടത്തെയാണ് ഇതോര്‍മിപ്പിക്കുന്നത്. അക്കാലത്ത് പലരും ജര്‍മനിവിട്ട് അയല്‍രാജ്യങ്ങളിലേക്കുപോയി. ആ സ്ഥിതി ഇന്ത്യയില്‍വരാന്‍ പാടില്ല. വരുമെന്ന് ഞാന്‍ കരുതുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവര്‍ ഇവിടെയുണ്ട്. ഇതിന്റെ ഗൗരവം അറിയുന്നവര്‍ രംഗത്തുവരും. അതിനാല്‍ നാസി ജര്‍മനിയില്‍ സംഭവിച്ചതുപോലെ ഇവിടെ സംഭവിക്കും എന്നെനിക്കു തോന്നുന്നില്ല. എന്നാലും അതിന്റെ ചില സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെ കാണണം. ചെറിയ സൂചനകള്‍ വലിയ വിപത്തിലേക്കെത്തിക്കും എന്ന് നാം കാണണം. കരുതിയിരിക്കണം.

മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ഥം. ഒരു മതവും കൊല്ലാന്‍ പറഞ്ഞിട്ടില്ല. ഒരു മതപണ്ഡിതനും പ്രവാചകനും ആക്രമണവും കൊലയും ആവശ്യപ്പെടുന്നില്ല. അവരൊക്കെ സ്‌നേഹവും സൗഹാര്‍ദവുമാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് ചാവേര്‍പ്പടയാളികളായി കുറേ സാധുക്കളെ കൊലയ്ക്ക് കൊടുക്കുന്നവരെക്കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? ഇങ്ങനെയൊക്കെ ചെയ്താല്‍ സ്വര്‍ഗത്തില്‍ സീറ്റുകിട്ടുമെന്ന് ആരാണ് പഠിപ്പിക്കുന്നത്? ഇവര്‍ക്ക് സ്വര്‍ഗത്തില്‍ ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കുമെന്നൊ ക്കെയാണ് പറഞ്ഞുപരത്തുന്നത്. 

യഥാര്‍ഥ മതവിശ്വാസികള്‍ ഇതിനെതിരെ പൊരുതണം. ഇതൊക്കെ മനസ്സിലാക്കണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം. എല്ലാ മതങ്ങള്‍ക്കും ഒരു താത്ത്വികമായ അടിസ്ഥാനമുണ്ട്. ഒരു ഫിലോസഫിയുമുണ്ട്. അതാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്.

ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു അരാജകവാദിയുടേതുപോലുള്ള ജീവിതം നയിച്ചിട്ടുണ്ടോ?
താളംതെറ്റിയ ജീവിതകാലം ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ പിരിയിഡ് ഉണ്ടായിട്ടുണ്ട്. അതിനെ ഞാന്‍ വേഗം മറികടക്കുകയും ചെയ്തു. നമ്മുടെ ൈകയില്‍ കളിക്കാന്‍ ഒരു ജീവിതമല്ലേയുള്ളൂ. ആ ബോധ്യം ഇടയ്‌ക്കൊക്കെ മനസ്സില്‍ വരുമ്പോള്‍ അരാജകത്വമൊന്നും ശരിയെല്ലന്ന തോന്നലുണ്ടാവും.    അമിതമദ്യപാനത്തിന്റെ ഒരു കാലമുണ്ടായിരുന്നു. കുറച്ചുകാലം അങ്ങനെ ചില തെറ്റുകളിലും ചെന്നുചാടി. അതുമൂലം ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്നുപെട്ടു. എന്നാല്‍ ഒരുകാലത്തും മദ്യത്തിന്റെലഹരിയില്‍ ഞാനൊരുവരിപോലും എഴുതിയിട്ടില്ല. ഒരു കത്തെഴുതാന്‍പോലും എനിക്ക് ഭയമായിരുന്നു.

എഴുത്തുകാരനെന്ന നിലയില്‍ തൃപ്തനാണോ? ഒരു താരപദവിയൊക്കെ നേടിയ എഴുത്തുകാരനാണ്. അതും നീണ്ടകാലം?
ഞാന്‍ സംതൃപ്തനാണ്. എന്നാലും ഒരെഴുത്തുകാരന്‍ എന്ന് പറയാനുള്ള ധൈര്യം ഇനിയും കൈവന്നിട്ടില്ല. ഇപ്പോഴും യാത്രയിലൊക്കെ അപരിചിതരുമായി പരിചയപ്പെടുമ്പോള്‍, എന്തുചെയ്യുന്നു എന്ന് അവര്‍ ചോദിച്ചാല്‍ ഞാനൊരു എഴുത്തുകാരനാണ് എന്ന് സ്വയം വിശേഷിപ്പിക്കാന്‍ വിഷമമാണ്. എന്തോ ഒരു വിഷമം. പത്രപ്രവര്‍ത്തകനെന്നേ പറയാറുള്ളൂ.

( മാതൃഭൂമി ഓണപ്പതിപ്പിലെ അഭിമുഖത്തില്‍ നിന്ന് )