നോവല്‍രചനയിലും നിരൂപണത്തിലും ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ നവചലനങ്ങളുണ്ടാക്കിയ എഴുത്തുകാരനാണ് എം കെ  ഹരികുമാര്‍. സര്‍ഗാത്മക നിരൂപണത്തിനു മുപ്പത്തിയഞ്ചു വര്‍ഷം കൊണ്ട് സ്വന്തം ദര്‍ശനം നല്‍കിയ ഹരികുമാറിന്റെ പുതിയ നോവലാണ് വാന്‍ഗോഗിന്. നിരൂപണത്തില്‍ നിന്ന് സര്‍ഗാത്മക സാഹിത്യത്തിലേക്ക് വികസിച്ച ഹരികുമാര്‍ ഇപ്പോള്‍ തന്റെ എഴുത്തുവഴിയില്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു ഹരികുമാര്‍ അദ്ദേഹത്തിന്റെ സാഹിത്യ ജീവതത്തെക്കുറിച്ച് സംസാരിക്കുന്നു... 

താങ്കളുടെ സാഹൃത്യജീവിത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നോവലിസ്റ്റ് എന്ന പുതിയൊരു പദവികൂടി കൈവന്നിരിക്കുന്നു. ജലഛായ, ശ്രീനാരായണായ, വാന്‍ഗോഗിന് എന്നീ നോവലുകള്‍ താങ്കളുടേതായി പുറത്തുവന്നു. എന്തായിരുന്നു ഈ മാറ്റത്തിന് പിന്നില്‍ ?

ഒരിക്കല്‍ പോലും ഒരേ ചാലിലൂടെയുള്ള യാത്ര ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്തെങ്കിലും പുതുതായി പറയാന്‍ ഇല്ലെങ്കില്‍ ഞാന്‍ എഴുതാറില്ല. എന്റെ ആത്മായനങ്ങളുടെ ഖസാക്ക് എഴുതാതെ മാറ്റി വയ്ക്കുകയായിരുന്നു. കാലം അതിനായി നമ്മെ തിരഞ്ഞെടുക്കുന്ന ഒരു സമയമുണ്ടെന്ന് തോന്നുന്നു. ഒരു സൗന്ദര്യാത്മക രസതന്ത്രത്തിലേക്ക് നാം അറിയാതെ എത്തിച്ചേരുന്ന നിമിഷങ്ങളുമുണ്ട്. അപ്പോഴേ എഴുതാവൂ. സ്റ്റീരിയോടൈപ്പ് കാല്‍പനിക നോവലുകളോ റിയലിസ്റ്റിക് നോവലുകളോ എഴുതാന്‍ ഞാനില്ല. അതൊക്കെ ഇവിടെ എഴുതാന്‍ ധാരാളം പേരുണ്ട്. 

എഴുത്തിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? 

ഒരാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍, പുറമേ നിന്ന് മറ്റൊരാള്‍ നോക്കുന്ന പോലെ എഴുതരുത് എന്നാണ് എന്റെ നിലപാട്. ഇത് വാസ്തവത്തില്‍ അസാന്മാര്‍ഗികമാണ്. കാരണം പുറമേനിന്ന് വീക്ഷിച്ചാല്‍ കാണുക അയാളുടെ ബന്ധങ്ങളും പരാജയങ്ങളും മാത്രമായിരിക്കും. ഇത് ഭാഗികമായ വീക്ഷണമാണ്. അയാളെ ആന്തരികമായി പിടികൂടണം. ചേര്‍ത്താല്‍ ചേരാത്തതും അയുക്തികവുമായ ഒട്ടേറെ സമസ്യകള്‍ ഒരാളിലുണ്ട്. അതുകൂടി അനാവരണം ചെയ്യണം. അപ്പോഴാണ് ആ ആഖ്യാനം അസ്തിത്വത്തിന്റെ രഹസ്യത്തെ സ്പര്‍ശിക്കുകയുള്ളൂ. ദാര്‍ശനികമായ ഒരു തലം ഇല്ലെങ്കില്‍ ഞാന്‍ എഴുതില്ല. ദാര്‍ശനികമായ മാനം ഇല്ലാത്ത, ഭാഷാപരമായ സൗന്ദര്യതലം ഇല്ലാത്ത രചനകള്‍ വായിക്കാനും എനിക്കു പ്രയാസമാണ്.

മലയാളിക്ക് പരിചിതമല്ലാത്ത രൂപഘടനയും ദര്‍ശനതലവുമാണ് താങ്കളുടെ നോവലുകള്‍ അവതരിപ്പിച്ചത്. 

ഇത് വ്യക്തിപരമായ ഒരു സാദ്ധ്യതയാണ്. ജലഛായ വായിച്ചശേഷം വിസ്മയത്തോടെ പ്രതികരിച്ച ധാരാളം പേരുണ്ട്. ആദിമധ്യാന്ത കഥയോ വിവരണമോ ഇല്ല. മനുഷ്യാവസ്ഥയുടെ പ്രഹേളികയെ എനിക്ക് ആവുന്ന രീതിയില്‍ ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ നോവലിസ്റ്റുകളുടെ റിയലിസ്റ്റിക് സങ്കതത്തിനുള്ളില്‍ അതു ഭദ്രമൊന്നുമല്ല. മനുഷ്യജീവിതം പുതിയ ചില മാര്‍ഗങ്ങള്‍ അവശ്യപ്പെടുന്നു. ഒരേ മട്ടിലുള്ള കൃതികള്‍ എന്തിനാണ് ഉണ്ടാകുന്നത്.

താങ്കളുടെ പുതിയ നോവലായ വാന്‍ഗോഗിനെക്കുറിച്ച് ?

എല്ലാവരും എഴുതിയും പഠിച്ചും വെച്ചിരിക്കുന്നത് വാന്‍ഗോഗ് സ്വന്തം ചെവിമുറിച്ച് കാമുകിക്ക് കൊടുത്തുവെന്നാണ്. എന്റെ കണ്ടെത്തലുകള്‍ മറിച്ചാണ്. വാന്‍ഗോഗ് സ്വന്തം ചെവിമുറിക്കുന്ന തരത്തിലുള്ള ഒരവസ്ഥയിലായിരുന്നില്ല. എന്നാല്‍ ചെവി ഛേദിക്കപ്പെട്ടത് മറ്റൊരു വ്യക്തിയുടെ ഇടപെടല്‍മൂലമാണ്. അതാണ് എന്റെ നോവലിലുള്ളത്.  
ഇതുവരെ പരിചയപ്പെടാത്ത ഒരു പുതിയ വാന്‍ഗോഗിനെ ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്.

ഒരു കലാകാരന്റെ ജൈവപരമായ ആഗ്രഹങ്ങളും അയാളോട് ചുറ്റിനുമുള്ള ലോകം കൈക്കൊള്ളുന്ന നിലപാടും വ്യതിയാനങ്ങള്‍ നിറഞ്ഞതാണ്. ഒരു നിസ്വനായ അതേസമയം അപാരസര്‍ഗശേഷിയുള്ള ഒരാള്‍ക്ക് മാത്രമേ അത് മനസിലാവുകയുള്ളൂ.വാന്‍ഗോഗിന് നൈരാശ്യവും ശാരീരികപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. സാഹിത്യ കൃതികള്‍ വായിക്കുന്നതില്‍ വല്ലാത്ത ആവേശമായിരുന്നു.

നല്ലൊരു ചിന്തകനുമായിരുന്നു. സ്വന്തം കലാജീവിതത്തെക്കുറിച്ച് അദ്ദേഹം പുലര്‍ത്തിയ നിശിതമായ നിലപാടുകളാണ് അദ്ദേഹത്തെ നിത്യ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. തന്റെ വീക്ഷണത്തിലുള്ള കൃത്യത കളഞ്ഞുപോകരുതെന്ന്  അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി എത്രവേണമെങ്കിലും സഹിക്കാനും ത്യാഗം ചെയ്യാനും തയ്യാറായി.

ജാതിവ്യവസ്ഥകളുടെ കൊടിയ ഭാരം അറിയണമെങ്കില്‍ ഏറ്റവും താഴ്ന്ന ജാതിയില്‍ ജനിക്കണം. അതുപോലെയാണ് വാന്‍ഗോഗിന്റെ ജീവിതവും നമ്മുടെ മുന്നില്‍ വരുന്നത്. അദ്ദേഹത്തിനു മാത്രം വിനിമയം ചെയ്യപ്പെടുന്ന വളരെ വഴുവഴുപ്പുള്ള, ചതിക്കുന്ന ഒരു ജീവിതമുണ്ട്. അതാണ് ഞാന്‍ പറയുന്നത്. 

vangoginu

ഇതിന്റെ രൂപത്തിലും പുതുമ കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ? 

വാന്‍ഗോഗിന്റെ ജീവചരിത്രം കഥയായി എഴുതാന്‍ ഞാനൊരിക്കലും ശ്രമിക്കില്ല. അത് ആര്‍ക്കും എഴുതാം. വാന്‍ഗോഗിന്റെ ആത്മഹത്യയുടെ തൊട്ടടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഏതാനും പത്ര റിപ്പോര്‍ട്ടര്‍മാര്‍ എഴുതിയ കുറിപ്പുകള്‍ സമാഹരിക്കുന്ന രീതിയാണ് ഇവിടെ ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പത്ര റിപ്പോര്‍ട്ടര്‍മാരും റിപ്പോര്‍ട്ടുകളും വ്യാജമാണ്. അതായത്, നോവലിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതിനെ ഞാന്‍ സ്യൂഡോ റിയിലിസം എന്ന് വിളിക്കുന്നു.

സ്യൂഡോ റിയലിസം താങ്കളുടെ ഭാവനയാണോ?

എനിക്കിങ്ങനെ എഴുതാനാണിഷ്ടം. ഇതുപോലെ ഈ സ്യൂഡോ റിയലിസം എന്റെ കൃതികളിലേയുള്ളൂ. വ്യാജ യാഥാര്‍ഥ്യം ഫിക്ഷനുവേണ്ടി കണ്ടുപിടിക്കുകയും അത് യാഥാര്‍ഥ്യമായിത്തീരുകയും ചെയ്യുകയാണ്. സ്യൂഡോ റിയലിസം കൂടി ചേര്‍ന്നതാണ് മനുഷ്യന്റെ മനസ്സ്. 

താങ്കളുടെ ശ്രീനാരായണായയിലെ ഗുരു തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നുണ്ടല്ലോ? 

ഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഉണ്ടാകുന്നുണ്ട്. എല്ലാം പല ആവര്‍ത്തി പറഞ്ഞ കാര്യങ്ങള്‍. ഒരു പുതിയ അന്വേഷണമില്ല. ഞാന്‍ അദ്വൈതത്തെ വേറൊരു രീതിയില്‍ വ്യാഖ്യാനിച്ചും ഗുരുവിന്റെ അന്തര്‍മണ്ഡലത്തെ അഗാധമായി സമീപിച്ചും ഒരു പുതിയ മതം എന്ന നിലയില്‍ ഗുരുവിന്റെ ചിന്തകളെ അറിയാനാണ് ശ്രമിച്ചത്.ഗുരു ഒരു പ്രത്യേക മതവിശ്വാസിയല്ല.

ഗുരുവിന്റെ അദ്വൈതം അനൈഹികമായ  സ്വപ്നമല്ല. അത് മനുഷ്യരോട് ഒന്നാകാന്‍ പറയുന്നു. ജാതി, സാമ്പത്തിക ഭിന്നതകള്‍ മാറിയാല്‍ നാം ഒന്നായി. ജാതി മാറാന്‍ അത് അര്‍ത്ഥശൂന്യമാണെന്ന്  അറിയണം. ഇതിനാണ് ജാതി നിര്‍ണയം എഴുതിയത് . സാമ്പത്തിക വ്യത്യാസം മാറാന്‍ സ്വന്തം നിലയില്‍ വിദ്യ അഭ്യസിച്ച് തൊഴില്‍ നേടണം. പണത്തിന്റെ അളവിലുള്ള അന്തരം രണ്ട്  വ്യക്തികളെ ഇന്ന് വല്ലാതെ അകറ്റുകയാണ്.?

ഈ കൃതിയും രേഖീയമായ കഥപറച്ചിലല്ല. പതിനഞ്ച് എഴുത്തുകാര്‍ ഗുരുവിനെക്കുറിച്ചെഴുതുന്നത് സമാഹരിക്കുന്ന രീതിയിലാണ് നോവലിന്റെ ഘടന നിശ്ചയിച്ചിട്ടുള്ളത്. ഓരോരുത്തരും കണ്ട ഗുരു പിറവിയെടുക്കുന്നു. ഇതുവരെ കാണാത്ത ഗുരുവാണിത്. എന്നാല്‍ ഗുരുവിനെ ആഴത്തില്‍ നേടാന്‍ ഫിക്ഷന്റെ സഹായം നല്ലപോലെ തേടിയിട്ടുണ്ട്. കഥാപരമായത് യഥാര്‍ത്ഥമാകണമെന്നില്ല. അതിന്റെ സത്ത പുതിയ യാഥാര്‍ത്ഥ്യമാണ്.

ഈ നോവല്‍ രചനാരീതി നമ്മുടെ വായനക്കാര്‍ സ്വീകരിച്ചോ?

സ്വീകാര്യത രണ്ടാമത്തെ കാര്യമാണ്. എഴുതാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കാലത്തിന് മുമ്പേ നടന്നിട്ടേ കാര്യമുള്ളൂ. ഖസാക്കിന്റെ ഇതിഹാസം പോലെയോ സുന്ദരികളും സുന്ദരന്മാരും പോലെയോ എഴുതിയിട്ട് ഇനി കാര്യമില്ല. റഷ്യന്‍ നോവലിസ്റ്റ് വാളാഡിമിര്‍ നബോക്കോവ് പറഞ്ഞു, ഓരോ നോവലിസ്റ്റും തന്റെ സ്വന്തം രൂപം സൃഷ്ടിക്കണമെന്ന്. എങ്കിലേ അതിനെ നോവല്‍ എന്ന് വിളിക്കാവൂ.

രണ്ടു പതിറ്റാണ്ടോളമായി താങ്കള്‍ കൈകാര്യം ചെയ്യുന്ന പക്തിയാണ് 'അക്ഷരജാലകം'. ഒരിക്കല്‍ അവിടെ എഴുതിയിരുന്നു: പ്രകൃതി മനുഷ്യന്റെ സൗന്ദര്യബോധത്തെ ഒരിക്കലും പരിഗണിക്കല്ലെന്ന്. എന്താണ് ഇതിന്റെ അര്‍ഥം?

വളരെ ലളിതം. പ്രകൃതിക്ക് നമ്മെ അറിയില്ല. ഞാന്‍ എഴുത്തുകാരനാണെന്നോ, ഏത് നാട്ടുകാരനാണെന്നോ, ഏത് മതവിശ്വാസിയാണെന്നോ പ്രകൃതിക്ക് അറിയില്ല. അത് മറ്റൊരു നീതി നടപ്പാക്കുകയാണ്. സുന്ദരമായി പൂത്തുനില്‍ക്കുന്ന ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നാലും ഇടിവെട്ടേല്‍ക്കാം. സമുദ്രം എത്ര സുന്ദരമാണ്. പക്ഷേ അകപ്പെട്ടാല്‍ മരണം ഉറപ്പാണ്. 

താങ്കള്‍ അവതരിപ്പിച്ച നവാദ്വൈതം തുടങ്ങിയ സിദ്ധാന്തങ്ങള്‍ എവിടെയാണ് എത്തിച്ചത് ?

ഞാന്‍ ഒരിടത്തും എത്തുന്നതില്‍ വിശ്വസിക്കുന്നില്ല. ഒരിടത്ത് എത്താന്‍ വേണ്ടിയുള്ള യാത്രകള്‍ ക്ലിപ്തമാണ്. അതിനു സ്വാതന്ത്ര്യമില്ല. നവാദ്വൈതം എന്നത്, പ്രകൃതിയിലെ എല്ലാറ്റിലും നമ്മള്‍ സ്വയം കാണുന്നതിനെക്കുറിച്ചാണ്. ഒരു പട്ടിയില്‍ നാം കാണുന്നത് നമ്മെത്തന്നെയാണ്. എന്റെ മാനിഫെസ്റ്റോ' എന്ന കൃതിയില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. തനിമനസ്സ്, വിനിയോഗ സൗന്ദര്യശാസ്ത്രം തുടങ്ങിയ  സിദ്ധാന്തങ്ങളുമുണ്ട് എന്റേതായി.

വിമര്‍ശകജീവിതത്തിലെ മറക്കാനാവാത്ത സ്വന്തം കൃതികള്‍ ഏതെല്ലാമാണ്?

വിജയനെക്കുറിച്ച് എഴുതിയ ആത്മായനങ്ങളുടെ ഖസാക്ക്, നവാദ്വൈതം-വിജയന്റെ നോവലുകളിലൂടെ എന്നീ കൃതികള്‍ പ്രിയപ്പെട്ടതാണ്. അതുപോലെ സാഹിത്യത്തിന്റെ നവാദ്വൈതം, എന്റെ മാനിഫെസ്റ്റോ, ഉത്തര-ഉത്തരാധുനികത, ചിന്തകള്‍ക്കിടയിലെ ശലഭം, വീണപൂവ് കാവ്യങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ കൃതികള്‍ ഓര്‍ക്കുകയാണ്.

എല്ലാവരും എഴുത്തുകാരായി മാറുന്ന സോഷ്യല്‍ മീഡിയക്കാലത്തെ എഴുത്തിനെ എങ്ങനെ കാണുന്നു?

സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന ആള്‍ ഒരേ സമയം രചയിതാവും എഡിറ്ററും പബ്ലിഷറുമാണ്. അവടെ പത്രാധിപരായി ആരുമില്ല. ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത വിധം സ്വതന്ത്രമായ ഒരു ലോകത്ത് എത്തിപ്പെടുന്ന ഒരാളുടെ ഉന്മാദാവസ്ഥയാണ് സമൂഹമാധ്യമങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിശ്ചയിക്കുന്നത് 24 മണിക്കൂറും ആഗോള തലത്തില്‍ എഴുത്തുകാര്‍ പരസ്പരം സംവദിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ ഒരു നവലോകമാണത്. 

പുതിയ പുസ്തകം പ്രകാശിപ്പിക്കാന്‍ താങ്കള്‍ തിരഞ്ഞെടുത്തത് കൊച്ചി മെട്രോയാണ്. എന്താണ് അത്തരം ഒരു ഉദ്യമത്തിന് പിന്നില്‍  

ഒരു ഓഡിറ്റോറിയം വാടകയ്‌ക്കെടുത്ത് കുറേപേരെ ക്ഷണിച്ചുകൊണ്ട് പ്രകാശനം ചെയ്യാറുമുണ്ട്. ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴും പുസ്തകം വായിച്ചവര്‍ വിരളമായിരിക്കും. പരമ്പരാഗത രീതി വിട്ട് നാം പുതിയ അനുഭവങ്ങള്‍ തേടണം. വേലിക്കെട്ടുകളില്‍ നിന്ന് സ്വതന്ത്രമാകണം. അപ്പോള്‍ നമുക്ക് പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും. ദാര്‍ശനികമായ അടിമത്തം പോലെ ഭയാനകമാണ് പാരമ്പര്യത്തിലുള്ള അന്ധമായ വിശ്വാസവും. 

സാഹിത്യ ജീവിതത്തില്‍ സന്തോഷം തോന്നിയ നിമിഷങ്ങള്‍?

അത്മായനങ്ങളുടെ ഖസാക്ക് കയ്യില്‍ പിടിച്ചുകൊണ്ട് എം.കൃഷ്ണന്‍ നായര്‍ സാര്‍ പറഞ്ഞു, ഇത് നല്ല വാദഗതികളുള്ള പുസ്തകമാണെന്ന്. എന്റെ മാനിഫെസ്റ്റോ എന്ന കൃതി നിരൂപണം ചെയ്തുകൊണ്ട് സുകുമാര്‍ അഴീക്കോട് സാര്‍  പറഞ്ഞു, ഹരികുമാര്‍ തത്ത്വചിന്തകനായ വിമര്‍ശകനാണെന്ന്. ഇതു രണ്ടും എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. വീണപൂവ് ഒന്നിന്റെയും പ്രതീകമല്ല എന്ന എന്റെ നിലപാടിനെ ശരിവെച്ചുകൊണ്ട് കെ.പി.അപ്പന്‍ എഴുതിയപ്പോഴും സന്തോഷം തോന്നി.