കലാമണ്ഡലം ഗോപി: മഹാനടനലീലയായ കഥകളിക്കുള്ള ദൈവസമ്മാനം. ഇന്ത്യയിൽ ഇന്നു ജീവിച്ചിരിപ്പുള്ള മഹാനടന്മാരിൽ ഒരാൾ. ജൂൺ 4, ഞായറാഴ്ച ഗോപിയാശാന്റെ  ‘അശീതി’യാണ്. എൺപതാംപിറന്നാൾ പ്രമാണിച്ച് അദ്ദേഹം മാതൃഭൂമിക്കു അനുവദിച്ച അഭിമുഖം... 

? ബാല്യകാലസ്മരണകളിൽനിന്ന് തുടങ്ങാം. കല പാരമ്പര്യമായി കൈവന്നതാണോ...

അച്ഛന്റെ ഒരു സഹോദരൻ ഇലത്താളം കലാകാരനായിരുന്നു. മറ്റൊരു അനുജൻ തവിൽ വായിച്ചിരുന്നു. മുത്തശ്ശി നന്നായി കൈകൊട്ടിക്കളിക്കുമായിരുന്നു. ശരീരചലനങ്ങൾക്ക് പ്രാധാന്യമുള്ള കലകൂടിയാണത്. കഥകളിയും അങ്ങനെയാണല്ലോ. ആനിലയ്ക്ക് അമ്മമ്മയിൽനിന്നും പകർന്ന പാരമ്പര്യമാവണം എന്റേത്. കോതച്ചിറ വെങ്ങാറ്റൂർ മനയ്ക്കലെ കാര്യസ്ഥനായിരുന്നു അച്ഛൻ. അതായിരുന്നു വീട്ടിലെ വരുമാനമാർഗം.

എനിക്ക് അഞ്ചുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ചെറിയമ്മയും മുത്തശ്ശിയുമാണ് എന്നെ വളർത്തിയത്. കോതച്ചിറ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മനയ്ക്കലെ അഞ്ചാം തമ്പുരാന്റെ ഉത്സാഹത്തിൽ കൂവപ്പിള്ളി പരമേശ്വരൻ നമ്പീശന്റെ വസതിയിൽ തുള്ളൽക്കളരി തുടങ്ങി. തമ്പുരാൻ, അച്ഛനോട് എന്നെ തുള്ളൽ പഠിപ്പിക്കാനയയ്ക്കാൻ നിർദേശിച്ചു. സ്‌കൂൾ പഠിപ്പ് തുടരാനുള്ള സാമ്പത്തികസ്ഥിതിയില്ലാതെ വിഷമിക്കുന്ന അച്ഛന് ഇത് ആശ്വാസമായി.

ഗുരുകുലരീതിയിലുള്ള ശിക്ഷണമായതിനാൽ ചെലവുകളെല്ലാം അവിടെ കഴിയും. തുള്ളൽ കലാകാരനായാണ്‌ എന്റെ കലാജീവിതം ആരംഭിക്കുന്നത്. പുലർച്ചെ 
നാലരമണിക്ക് തുടങ്ങുന്ന അഭ്യാസം. ഉഴിച്ചിൽ, കണ്ണ് സാധകം, ചൊല്ലിയാട്ടം എല്ലാം ഉണ്ട്. ആറുമാസം കഴിഞ്ഞപ്പോൾ അരങ്ങേറി. ആദ്യമായി മുഖത്ത് മനയോല തൊടീപ്പിച്ചത് നാരായണൻ നമ്പീശാശാനാണ്. അദ്ദേഹം കഥകളിവേഷക്കാരനുമായിരുന്നു. ആശാന്റെ സഹായിയായി പെട്ടിയുംതൂക്കി നടന്ന ഒരു കാലമുണ്ട്.

? തുള്ളൽക്കലാകാലത്തെ അവിസ്മരണീയമായ അനുഭവങ്ങൾ... 

kalamandalam gopi
കലാമണ്ഡലം ഗോപി

ഞാൻ ചെറിയനിലയിൽ പേരെടുത്തുവരികയായിരുന്നു. തുള്ളൽ കുലപതി മലബാർ രാമൻനായർ ഒരിക്കൽ എന്റെ തുള്ളൽ ശ്രദ്ധിക്കാൻ ഇടയായി. ‘‘ഇവൻ തുള്ളലിലൊന്നും നിൽക്കണ്ട ആളല്ല. അതിനെക്കാട്ട്‌ളൊക്കെ ഗംഭീരനാവും’’ എന്ന് അദ്ദേഹം ആശാനോട് പറയുന്നതുകേട്ടു.

ആ അനുഗ്രഹപ്രവചനം നീതിയാവുന്ന സന്ദർഭമുണ്ടായി. പിന്നീട് ഞാൻ കലാമണ്ഡലത്തിൽ അധ്യാപകനായി ചേർന്നപ്പോൾ രാമൻനായർ ആശാൻ അവിടെയുണ്ട്. ‘‘ഞാനന്ന് പറഞ്ഞത് വെറുതെ ആയില്യ അല്ലേ ഗോപ്യേ’’ എന്നുപറഞ്ഞ് എന്നെ ആശ്ലേഷിച്ചു.

? തുള്ളൽവിട്ട് കഥകളിയിലെത്തിയത്‌... 

തമ്പുരാന്റെ സഹായം അവസാനിച്ചതോടെ തുള്ളൽക്കളരിയും അനാഥമായി. ജീവിതം വഴിമുട്ടി. ഇരുപത്തിയഞ്ചുപൈസ ദിവസക്കൂലിക്ക് ഒരു ചായപ്പീടികയിൽ സഹായിയായി. പുരമേയൽ, കന്നുപൂട്ടൽ, ഏത്തം തേവൽ, ഇലത്താളം പിടിക്കൽ തുടങ്ങി വിവിധ ജോലികൾ ചെയ്തു. ഇക്കാലത്താണ് നാറേരി മനയ്ക്കൽ കളിയോഗത്തിൽ ചേരുന്നത്. ഉഗ്രശാസനനായ തേക്കിൻകാട്ടിൽ രാവുണ്ണി നായരായിരുന്നു ആശാൻ.

ormayile pacha kalamandalam gopiപുലർകാലത്ത് മൂന്നുമണിക്ക് തുടങ്ങുന്ന നിരന്തര അഭ്യാസം. ശിക്ഷയുടെ കാഠിന്യം കാരണം പട്ടാളത്തിൽ ആളെ എടുക്കുന്നു എന്നുകേട്ടപ്പോൾ അവിടന്ന് ഇറങ്ങിപ്പുറപ്പെട്ടു. പട്ടാമ്പിയിലെത്തി. പരിചയപ്പെട്ട ഒരു ചായക്കടക്കാരൻ കഥകളിപഠനത്തേക്കാൾ ഭീകരമാവും പട്ടാളത്തിലെ സ്ഥിതി എന്ന് ബോധ്യപ്പെടുത്തി എന്നെ മടക്കിയയച്ചു. തേക്കിൻകാട്ടിൽ ആശാനു പകരം കാവുങ്കൽ ശങ്കരൻകുട്ടിപ്പണിക്കർ വന്നു.

മനയ്ക്കലെ കളരിയുടെ പ്രവർത്തനം നിലച്ചപ്പോൾ പരമേശ്വരൻ നമ്പീശാശാൻ എന്നെ കലാമണ്ഡലത്തിൽ ചേർത്തു. ആദ്യനോട്ടത്തിൽത്തന്നെ മഹാകവി വള്ളത്തോളിന് എന്നെ ഇഷ്ടമായി. മനയോല തേച്ച് വേഷഭംഗി നിരീക്ഷിക്കുന്ന പ്രവേശനപരീക്ഷയില്ലാതെതന്നെ ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. കഠിനശിക്ഷകളുടെ കൊടുമുടിതന്നെയായിരുന്നു കലാമണ്ഡലം കളരി. കൃഷ്ണൻകുട്ടി വാരിയർ ആശാന്റെയും രാമൻകുട്ടി നായരാശാന്റെയും ഗൗരവത്തികവാർന്ന കർക്കശശിക്ഷണം, പദ്മനാഭൻ
നായരാശാന്റെ വാത്സല്യംനിറഞ്ഞ കരുത്തുറ്റ ആശായ്മ. അടിയും ശകാരവുംകൊണ്ട് ശരീരവും മനസ്സും വേദനിച്ച് നീറിപ്പുകഞ്ഞു.  

ഞാൻ നേരേയാവും എന്ന വിശ്വാസത്തിലായിരുന്നു കനത്തശിക്ഷ നൽകിയിരുന്നത്. 1954-ൽ കലാമണ്ഡലത്തിന്റെ ജൂബിലിക്കാലത്ത് നെഹ്രു അടങ്ങുന്ന സദസ്സിനുമുന്നിൽ 'തിലോത്തമ' എന്ന പുതിയ കഥയിൽ കീഴ്പ്പടം കുമാരൻനായരാശാനും പദ്മാശാനും സുന്ദോപസുന്ദന്മാരും കുഞ്ചുക്കുറുപ്പാശാന്റെ വിശ്വകർമാവും എന്റെ തിലോത്തമയുമായി അരങ്ങുണ്ടായി. ആദ്യകാലത്ത് ഞാൻ സ്ത്രീവേഷങ്ങളും കെട്ടിയിരുന്നു.

ഈ അരങ്ങാണ് എനിക്ക് ആത്മവിശ്വാസമുണ്ടാക്കിയത്. പദ്മാശാനും നീലകണ്ഠൻ നമ്പീശാശാനുമാണ് വള്ളത്തോളിനോട് എന്നെ കലാമണ്ഡലത്തിൽ അധ്യാപകനായി നിയമിക്കാൻ ശുപാർശചെയ്തത്. ‘ഞാൻ വിചാരിച്ചതാ. അവൻ നന്നാവും’ എന്നാണത്രെ മഹാകവി പറഞ്ഞത്. വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ വള്ളത്തോൾ എന്നെ സഹായിയായി കൂട്ടും.  കഥകളിക്കുവേണ്ടിയുള്ള പുതിയ പാഠങ്ങൾ പറഞ്ഞുതരും. അദ്ദേഹത്തിന്റെ പ്രതീക്ഷ വേഷത്തിലും ആട്ടത്തിലും സഫലമാക്കാൻ, കഴിഞ്ഞ അരങ്ങുവരെ ശ്രദ്ധിച്ചിട്ടുണ്ട്. .

kalamandalam gopi

kalamandalam gopi

? നന്നേ ചെറുപ്പത്തിലേ ആദ്യവസാന വേഷങ്ങൾ കെട്ടാൻ അവസരം ലഭിച്ചല്ലോ. കല്ലുവഴിച്ചിട്ടയിലെ അതികായരുടെ ശിക്ഷണത്തിൽ വളർന്നിട്ടും ഒരു സ്വതന്ത്രമായ ഗോപിച്ചിട്ട അന്നേ വളർത്തിയെടുത്തിരുന്നു അല്ലേ... 

കാലത്തിനനുസരിച്ച് കലയെ പുതുക്കേണ്ടത് കലാകാരന്റെ ധർമമാണ്. ആസ്വാദകരും മാറുന്നുണ്ട്. പഠിപ്പിച്ചതിൽനിന്ന് കൂടുതൽ സ്വയം പഠിച്ച് അവതരിപ്പിക്കണം. അതായത്, രംഗത്ത് അവതരിപ്പിക്കുന്ന ചില പോസുകൾ, കളരിച്ചിട്ടയിലില്ലാത്ത ചിലത് കാണിക്കൽ, അവിചാരിതമായിവന്നുചേരുന്ന ചില കാഴ്ചപ്പാടുകളെ കഥാസന്ദർഭവുമായി ഇണക്കിച്ചേർക്കൽ, അപ്രധാനമെന്നു  കരുതി ഉപേക്ഷിച്ചിരുന്നതിനെ പ്രധാനമാക്കൽ തുടങ്ങിയ പരീക്ഷണങ്ങൾ കാണികൾക്ക് ഇഷ്ടമായിത്തുടങ്ങി. ചിട്ടതെറ്റിക്കാതെയുള്ള നാടകീയതയിലാണ് ഞാൻ ശ്രദ്ധിച്ചത്.

? കാവുങ്കൽ ശങ്കരപ്പണിക്കരിൽനിന്നാണല്ലോ കഥകളിയിലെ താരോദയം തുടങ്ങുന്നത്. ഗോപിയാശാന് താരതമ്യേന ചെറുപ്പത്തിലേ കൈവന്നു താരപരിവേഷം. ഈ എൺപതാം വയസ്സിലും അത് മങ്ങാതെ കാത്തുപോരാൻ സാധിക്കുന്നതിനെപ്പറ്റി... 

ക്ലാസിക്കൽ കലകളിൽ താരമല്ല ആചാര്യന്മാരാണുള്ളത് എന്നാണ് എന്റെപക്ഷം. രംഗാവതരണത്തിൽ കഥാപാത്രത്തിന്റെ മൂല്യം നഷ്ടപ്പെടാതെ പ്രവർത്തിക്കുന്നവരെ ആസ്വാദകർ എക്കാലവും വരവേൽക്കും. അഭിനയശേഷി, മുദ്രകളുടെ വൃത്തി, പരാജയപ്പെടരുതെന്ന വാശി ഇതൊക്കെ പ്രധാനമാണ്. മെയ്യ്, ചൊല്ലിയാട്ടം, ചിട്ട ഇവയുടെ കറതീർന്നുകിട്ടിയത് പദ്മാശാന്റെ കളരിയിൽനിന്നാണ്.

കൈവന്ന സ്ഥാനം സംരക്ഷിച്ച് ഉയരത്തിലെത്തണം എന്ന വാശിയുണ്ടായിരുന്നു എന്നും. വേഷക്കാരൻ സ്വയം ചിലത് സൃഷ്ടിക്കണം. അടിസ്ഥാനം വിടാതെ സ്വതന്ത്രമായി സൗന്ദര്യാത്മകമായി അഭിനയിക്കുമ്പോഴാണ് കാണികൾ ഇഷ്ടപ്പെടുന്നതും ഉൾക്കൊള്ളുന്നതും. 

? നളചരിതമെന്നാൽ ഇന്ന് ഗോപിചരിതം എന്നുവരെയായിട്ടുണ്ട്. കുഞ്ചുക്കുറുപ്പിനും കുഞ്ചുനായർക്കും കൃഷ്ണൻനായർക്കും അപ്പുറത്തുള്ള നളചരിതത്തിലെ സ്വകീയമായ ഗോപിശൈലിയെപ്പറ്റി...

കൃഷ്ണൻനായരാശാന്റെ ബാഹുകനൊപ്പം ജീവലനായി അരങ്ങത്തുവന്നിട്ടുണ്ട്. നളചരിതത്തിന്റെ ഗൗരവത്തെപ്പറ്റി മനസ്സിലാകുന്നത് അന്നാണ്. തുടർന്ന് മഹാനളനടന്മാർക്കൊപ്പം പുഷ്‌കരനായി അരങ്ങിൽവന്നു. ആട്ടപ്രകാരത്തിലില്ലാത്ത ആട്ടങ്ങളെക്കൊണ്ട് നളന്റെ വൈകാരികതയും മാനസികസംഘർഷങ്ങളും ഭാവവും അവതരിപ്പിച്ച് ഞാൻ അവതരിപ്പിച്ചത് ഒരു ചിട്ടയായി രൂപാന്തരപ്പെടുകയായിരുന്നു. കൃഷ്ണൻനായരാശാനുമായുള്ള കൂട്ടുവേഷത്തിൽനിന്നാണ് എനിക്ക് ആട്ടത്തിന്റെ ജനകീയതയിലേക്കുള്ള താക്കോൽ കിട്ടിയത്. 

? ശിഷ്യന്റെ നളന് ഹംസമായി ഗുരു പത്മനാഭൻനായർ; ഭീമനോടൊപ്പം ഹനുമാനായി രാമൻകുട്ടി നായർ, അർജുനനോടൊപ്പം ബ്രാഹ്മണനായി കീഴ്പ്പടം കുമാരൻനായർ...ഗുരുക്കന്മാർക്കൊപ്പമുള്ള അരങ്ങിന്റെ സാഫല്യത്തെപ്പറ്റി...

മഹാഭാഗ്യം. പഠിപ്പിച്ചവരുടെകൂടെ അരങ്ങിൽ കല പ്രയോജനപ്പെടുത്തുമ്പോൾ നമ്മൾ അവിടെയും വിദ്യാർഥിയാവുന്നു. അരങ്ങിൽ എന്റെ സ്വാതന്ത്ര്യങ്ങളെ ഗുരുനാഥന്മാർ 
അംഗീകരിച്ചു. അത് എനിക്ക് ആവേശമായി.

? പച്ചയെപ്പോലെത്തന്നെ പ്രസിദ്ധമാണ് ആശാന്റെ രൗദ്രഭീമൻ. ഈ പച്ചമനുഷ്യനിൽ ഇത്രയധികം രൗദ്രം ഉറങ്ങിക്കിടക്കുന്നത് എവിടെയാണ്...

യഥാർഥത്തിൽ എന്റെ സ്ഥായീഭാവം രൗദ്രമാണ്. ഭക്തി, ദുഃഖം, രൗദ്രം ഇതൊക്കെ എന്നിൽ ധാരാളമുണ്ട്. പ്രവൃത്തികൊണ്ടും മുഖംകൊണ്ടും രൗദ്രം കാണിക്കുന്നത് രൗദ്രഭീമനിൽ നന്നാവുന്നതുകൊണ്ടാണ് അതിന് ആവശ്യക്കാരുണ്ടായത്.

? കളിയരങ്ങിൽനിന്ന് വെള്ളിത്തിരയിലേക്കും പകർന്നാട്ടമുണ്ടായല്ലോ.. സിനിമാനുഭവങ്ങൾ എന്തൊക്കെയാണ്

‘വാനപ്രസ്ഥ’ത്തിൽ വേഷംകെട്ടാൻ പറഞ്ഞു. മോഹൻലാലിന്റെ കഥകളിവേഷമായിട്ട്. ബദൽവേഷമായി വേണ്ടെന്നുവെച്ചു. അങ്ങനെ കുഞ്ഞുക്കുട്ടന്റെ ഭാര്യയുടെ അച്ഛനായി അഭിനയിച്ചു. ജയരാജിന്റെ ‘ശാന്ത’ത്തിലും മുഖംകാണിച്ചു. മാധവിക്കുട്ടിയുടെ ‘ബാല്യകാലസ്മരണകളി’ൽ സ്വർണപ്പണിക്കാരനായി ചെറിയൊരു ഭാഗം.

? നിത്യനായികയായിരുന്ന കോട്ടയ്ക്കൽ ശിവരാമൻ അങ്ങയുടെ അരങ്ങുകളെ പോഷിപ്പിച്ചത് എങ്ങനെയാണ്

ഞാനും ശിവരാമനും നസീറും ഷീലയും പോലെ എന്ന് പണ്ട് ചിലർ പറഞ്ഞിരുന്നു.  അവസാനത്തെ അരങ്ങുവരെ മുൻകൂട്ടി തീരുമാനിച്ച് ഞങ്ങൾ ആടിയിട്ടില്ല. കലാപരമായ ഐക്യം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. 

? കേരളത്തിലെ പഞ്ചസൗന്ദര്യങ്ങളിലൊന്ന്  കലാമണ്ഡലം ഗോപിയുടെ പച്ചവേഷമാണെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി നിരീക്ഷിച്ചിട്ടുണ്ട്. ആ വേഷഭംഗിയെ സ്വയം വിലയിരുത്തിയിട്ടുണ്ടോ... 

സൗന്ദര്യത്തെക്കുറിച്ച് അറിയുന്ന, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിലയിരുത്തൽ ബഹുമതിതന്നെയാണ്. എന്നെക്കാൾ വേഷഭംഗിയുള്ളവരും പ്രവൃത്തിക്കാൻ കഴിയുന്നവരും ഉണ്ട്. പ്രവൃത്തിക്കുന്നതിന് എത്രത്തോളം ഭംഗിയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ പരിഗണിക്കപ്പെടുക. ഞാൻ അവഗണിക്കപ്പെടാതെപോകുന്നത് അതുകൊണ്ടാകാം. വി.എം. ഗോവിന്ദൻ എന്ന എന്നെ പദ്മശ്രീ കലാമണ്ഡലം  ഗോപിയാക്കിത്തീർത്തത് കഥകളി എന്ന കലയാണ്‌.

ഗുരുനാഥന്മാരിലൂടെയും ആസ്വാദകരിലൂടെയും കഥകളിയാണ് എന്നെ വളർത്തിയത്.  ആ കടപ്പാടാണ് ഇന്നും വേഷംകെട്ടി ആടിത്തീർക്കുന്നത്.  ഞാനും കുടുംബവും ഇന്ന് സുഖമായി ജീവിക്കുന്നതിന്റെ അടിസ്ഥാനം കഥകളി മാത്രമാണ്. എന്റെ സർവ വിജയങ്ങൾക്കും പിന്നിൽ സഹധർമചാരി ചന്ദ്രികയുടെ നിസ്വാർഥമായ പിൻബലമുണ്ട്.

npvkrishnan@gmail.com