'കഴിഞ്ഞ 100 വര്‍ഷങ്ങളായി അമേരിക്കയിലും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സാധ്യമായ എല്ലാ രീതിയിലും കമ്മ്യൂണിസ്റ്റ് വിരുദ്ധവികാരങ്ങള്‍ ജനങ്ങളില്‍ കുത്തിനിറക്കുകയായിരുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സിദ്ധാന്തോപദേശം ആരംഭിക്കുകയായി.പത്രങ്ങളിലും മാഗസിനുകളിലും ടിവിയിലും റേഡിയോവിലൂം എന്തിന് കൂട്ടികളുടെ കാര്‍ട്ടൂണുകളിലൂടെപ്പോലും സ്ഥിരമായി ഈ ദിശയില്‍ പ്രചരണമുണ്ട്. ' -കാസ്‌ട്രോവുമായുള്ള അഭിമുഖം തുടരുന്നു. അമേരിക്കന്‍ ഇടപെടലുകളും അമേരിക്കയുടെ നിലപാടിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കാസ്‌ട്രോ തുറന്നടിക്കുന്നു.
 

പ്ലേബോയ്: സത്യത്തില്‍ യു എസ്സില്‍ ഒരു കമ്മ്യൂണിസ്റ്റിന് തുറന്ന് സംസാരിക്കാം. യു എസ്സില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

കാസ്‌ട്രോ: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാം, പക്ഷെ അത് ചെയ്യാനുള്ള സ്ഥലമില്ല - അല്ലെങ്കില്‍ അത് ചെയ്യാനുള്ള ശേഷിയുണ്ടാകണം. നിങ്ങള്‍ക്കൊരു പത്രമോ മാധ്യമ സാമ്രാജ്യമോ ഇല്ലെങ്കില്‍ നിങ്ങള്‍ അവഗണിക്കപ്പെടും. ഡാന്‍ റാതറിനെ പുറത്താക്കാന്‍ വേണ്ടി ഒരു വലതുപക്ഷ സെനറ്റര്‍ സി ബി എസ് വാങ്ങിക്കാന്‍ ശ്രമിച്ചതിനെപ്പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്. റാതര്‍ കമ്മ്യൂണിസ്റ്റല്ല, എങ്കിലും അവര്‍ക്കദ്ദേഹത്തിന്റെ വായ മൂടണം. മുതലാളിത്തത്തിനെതിരായും അനുകൂലമായും എഴുതുന്ന പ്രഗത്ഭരായ എഴുത്തുകാരുണ്ട്, അവര്‍ക്ക് ടി വി യിലും സംസാരിക്കാം. പക്ഷെ കമ്മ്യൂണിസം പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന, നിങ്ങളുടെ വ്യവസ്ഥ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ വലിയ പത്രങ്ങളിലോ ടിവികളിലോ പ്രത്യക്ഷപ്പെടുന്നില്ല.

പ്ലേബോയ്:ക്യൂബയിലെ സ്ഥിതിയോ? ഈ വ്യവസ്ഥക്കെതിരെ ആര്‍ക്കെങ്കിലും ഇവിടെ എഴുതാനാവുമോ?
കാസ്‌ട്രോ ഇല്ല. ഒരു പ്രതിവിപഌവകാരിക്ക് ഞങ്ങളുടെ പത്രങ്ങളില്‍ എഴുതാനാവില്ല. ഞങ്ങളുടെ വ്യവസ്ഥക്കെതിരെ അയാള്‍ക്കെഴുതാനാവില്ല. പക്ഷെ അതു തന്നെയാണ് യു എസ്സിലും നടക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിലും വാഷിങ്ടണ്‍ പോസ്റ്റിലും ഒരു കമ്മ്യൂണിസ്റ്റ് എഴുതുന്നത് കാണുമ്പോള്‍, സിബിഎസ്സില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ എല്ലാ പ്രതിവിപ്ലവകാരികള്‍ക്കും പത്രങ്ങളിലെഴുതാന്‍ ഞാന്‍ കവാടങ്ങള്‍ തുറന്നുകൊടുക്കാമെന്ന് വാക്ക് തരുന്നു.

പ്ലേബോയ് : പക്ഷെ സ്വതന്ത്രമായി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ യു എസ്സിലുണ്ടെന്ന് താങ്കള്‍ക്കറിയാം
കാസ്‌ട്രോ:അതെ, അവരെ പ്രസംഗിക്കാനും ലഘുലേഖ വിതരണം ചെയ്യാനുമെല്ലാം അനുവദിക്കും, പക്ഷെ അവരെ ചര്‍ച്ചകളില്‍ പങ്കെടുക്കാനനുവദിക്കില്ല, പത്രങ്ങള്‍ അവരെ കവര്‍ ചെയ്യില്ല.

പ്ലേബോയ്: ഞങ്ങള്‍ക്കിപ്പോള്‍ ഹവാനയിലെ പ്രധാന മൈതാനത്ത് പോയി ക്യൂബയെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കാമോ?
കാസ്‌ട്രോ: ജനങ്ങള്‍ക്ക് ഏറ്റവും വിമര്‍ശനസ്വഭാവമുള്ള സ്ഥലങ്ങളിലൊന്നാണ് ക്യൂബ. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കൊക്കെ അറിയാം ക്യൂബക്കാര്‍ തുറന്നു സംസാരിക്കുന്നവരാണെന്ന്. നേരം പലര്‍ന്നാല്‍ രാത്രി വരെ അവര്‍ എല്ലാം വിമര്‍ശിച്ചുകൊണ്ടിരിക്കും. തുറന്നു സംസാരിക്കുന്നതിന് ഇവിടെ ആരെയും അറസ്റ്റ് ചെയ്യാറില്ല. കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. പോരെങ്കില്‍ ജനങ്ങള്‍ക്ക് വേറൊരു പാര്‍ട്ടി വേണ്ട. ജനങ്ങള്‍ക്ക് അഭിപ്രായം പറയാം, പക്ഷെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റില്ല.

പ്ലേബോയ്: അപ്പോള്‍ ഞങ്ങളിപ്പോള്‍ പുറത്തുപോയി പാര്‍ട്ടിക്കെതിരെ സംസാരിച്ചാലോ?
കാസ്‌ട്രോ: ചെയ്തുനോക്കൂ. ചിലപ്പോള്‍ കുഴപ്പത്തിലാകും (ചിരിക്കുന്നു)

പ്ലേബോയ് :ക്യൂബയും യു എസ്സും തമ്മിലുളള ബന്ധങ്ങളുടെ ചരിത്രം വരെ മോശമാണ്. റേയ്ഗന്‍ സ്ഥാനമേറ്റ ശേഷം അതെത്രമാത്രം വഷളായി?
കാസ്‌ട്രോ: ഗണ്യമാം വിധം. തീര്‍ച്ചയായും അദ്ദേഹം ഞങ്ങള്‍ക്കെതിരായ ഉപരോധം ശക്തമാക്കി. പിന്നെ കുറച്ചുകാലമായി പുനഃസ്ഥാപിച്ചിരുന്ന, സ്വകാര്യ പൗരന്മാരുടെ ക്യൂബന്‍യാത്രകള്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക,വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പാതയില്‍ പ്രതിബന്ധങ്ങള്‍ നിരത്തുകയെന്ന നിരന്തരമായ ശാഠ്യബുദ്ധിയും അദ്ദേഹം പ്രയോഗിച്ചു. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഞങ്ങളുടെ സാമ്പത്തിക വാണിജ്യ വ്യാപാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യു എസ്സില്‍ എത്ര മനുഷ്യര്‍ വ്യാപൃതരാണെന്നെനിക്കറിയില്ല, ഞങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടയാന്‍, ഏതെങ്കിലും പാശ്ചാത്യരാജ്യത്തിന് ക്യൂബയുടെ നിക്കല്‍ വില്‍ക്കുന്നത് തടയാന്‍, ക്യൂബയ്ക്കുള്ള വായ്പകള്‍ തടയാന്‍ - വായ്പകള്‍ പുനക്രമീകരിക്കുന്നത് പോലും തടയാന്‍. വിവിധ ബാങ്കുകളുമായി ഞങ്ങള്‍ ഓരോ വട്ടം വായ്പകള്‍ പുനക്രമീകരിക്കുമ്പോഴും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് രേഖകള്‍ ചമച്ച് ഗവണ്മന്റുകള്‍ക്കും ബാങ്കുകള്‍ക്കും അയക്കും. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സും ക്യൂബയും തമ്മിലുള്ള വ്യാപാരം തടയുന്നതില്‍മാത്രം ഒതുക്കുന്നില്ല - അവര്‍ ഔഷധവ്യാരം പോലും തടഞ്ഞു, നാണം കെട്ട പണി! മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ അതിടപെടാത്തത് അതിന് കഴിയാത്തതുകൊണ്ടാണ്. അതാണ് സത്യം.

പ്ലേബോയ് : ഈ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍, മുന്‍കൂട്ടി തയ്യാറാക്കിയ കാര്യപരിപാടിയില്ലാതെ പ്രസിഡന്റ് റേയ്ഗനുമായൊരി കൂടിക്കാഴ്ചയ്ക്ക് താങ്കള്‍ക്ക് സമ്മതമാണോ?
കാസ്‌ട്രോ: (വളരെ ശ്രദ്ധാപുര്‍വം) ആദ്യം നിങ്ങളിത് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റിനോട് ചോദിക്കണം. ഞാനൊരു കൂടിക്കാഴ്ചക്ക് നിര്‍ദേശം വെക്കുകയാണെന്ന് എനിക്ക് പറയണമെന്നില്ല. പിന്നെ നിങ്ങള്‍ക്കെന്റെ അഭിപ്രായമറിയണമെങ്കില്‍, അത് നടക്കുമെന്നെനിക്ക് തോന്നുന്നില്ല. പക്ഷെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഗവണ്മന്റ് അത്തരം കൂടിക്കാഴ്ചക്ക്, അത്തരം ഒരു ബന്ധത്തിന് ഒരു നിര്‍ദേശം വെക്കുകയാണെങ്കില്‍ ഞങ്ങള്‍ തടസ്സങ്ങള്‍ വെക്കില്ല.

പ്ലേബോയ് : യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ കോണ്‍ഗ്രഷണല്‍ ബ്ലാക്ക് കോക്കസ്സോ ഒരു ക്ഷണം മുന്നോട്ടുവെക്കുകയാണെങ്കിലോ? അത്തരമൊരു ക്ഷണം താങ്കള്‍ സ്വീകരിക്കുമോ?
കാസ്‌ട്രോ : വെല്‍, എനിക്ക് ബ്ലാക്ക് കോക്കസ്സുമായി നല്ല ബന്ധമാണുള്ളത്, അതിന്റെ പലഅംഗങ്ങളേയും എനിക്കറിയാം. ക്യൂബയിലോ യു എസ്സിലോ വെച്ച് അവരുമായൊരു കൂടിക്കാഴ്ച ഞാന്‍ ഒരു ബഹുമതിയായെടുക്കും. പക്ഷെ എനിക്ക് യു എസ്സ് ഗവണ്മന്റിന്റെ നിലപാടറിയണം. കാരണം യു എസ്സിലേക്കൊരു യാത്രക്ക് യു എസ്സ് ഗവണ്മന്റിന്റെ വിസ വേണം. അത് സാദ്ധ്യമാണെങ്കില്‍, അത് യു എസ്സ് സാമാജികരുമായി വിശാലമായൊരു സമ്മേളനത്തിന് വഴി വെക്കുമെങ്കില്‍, കോണ്‍ഗ്രസ് അംഗങ്ങളുടെ സംഘങ്ങളോടോ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളോടോ സംസാരിക്കാനുള്ള വാദങ്ങളെന്റെ പക്കലുണ്ട്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ഉത്തരം നല്‍കാം, കേട്ടാലവര്‍ക്ക് ഗുണകരമായ പലതുമെനിക്ക് പറയാനുണ്ട്. പക്ഷെ യു എസ് പ്രസിഡന്റ് സമ്മതിക്കാതെ ഇതൊന്നും നടക്കില്ല.

പ്ലേബോയ് : ഇപ്പോഴത്തെ ഭരണത്തിലെ ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് വെച്ച് അതു നടക്കുന്ന മട്ടില്ല. ക്യൂബയും കൊളംബിയയും തമ്മില്‍ മയക്കുമരുന്ന് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോര്‍ജ് ഷുള്‍സ് നടത്തുന്ന ആരോപണമാണ് ഇതിലേറ്റവും പ്രതികൂലം. അതിനോടെങ്ങെനെയാണ് പ്രതികരിച്ചത്?
കാസ്‌ട്രോ: 'നിന്റെ അയല്‍ക്കാരനെതിരെ കള്ളസാക്ഷി പറയരുത് ' ഏന്നാണ് പത്തു കല്‍പ്പനകളിലൊന്ന്. റേയ്ഗന്‍ ഭരണകൂടത്തിനെ അത് നിരന്തമായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. പോരെങ്കില്‍ അമേരിക്കന്‍ ജനതയും യു എസ് കോണ്‍ഗ്രസ്സും ഇതിനേക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനോ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട ്‌മെന്റിനോ ഇക്കാര്യത്തില്‍ ഒരു തുണ്ട് തെളിവുപോലും കാണിക്കാന്‍ സാധിക്കില്ല! (ചാടിയെഴുന്നേറ്റ് ക്ഷുഭിതനായി ഉലാത്തുന്നു). ഇതൊക്കെ വൃത്തികെട്ട ഹീനമായ ആരോപണങ്ങളാണ്. വിദേശനയം കൊണ്ടുനടക്കാനുള്ള സത്യസന്ധമല്ലാത്ത മാര്‍ഗങ്ങളാണ്. കഴിഞ്ഞ 26 വര്‍ഷമായി ഇക്കാര്യത്തില്‍ ക്യൂബയുടെ റിക്കോഡ് കളങ്കരഹിതമാണ്, കാരണം മയക്കുമരുന്നുകള്‍ സ്വതന്ത്രമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന ഞങ്ങളുടെ രാജ്യത്ത് വിപ്‌ളവം ആദ്യം ചെയ്തത് ആ പ്രശ്‌നം ഉന്മൂലനം ചെയ്യുകയായിരുന്നു. മരിയുവാന തോട്ടങ്ങള്‍ നശിപ്പിക്കാനും എല്ലാ തരം മയക്കുമരുന്ന് വ്യാപാരത്തെ കര്‍ശനമായി ശിക്ഷിക്കാനും നടപടികളെടുക്കുകയായിരുന്നു. 26 വര്‍ത്തെ വിപഌവകാലത്ത് ഒരിക്കല്‍പ്പോലും ഒരുദ്യോഗസ്ഥന്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പട്ട കേസ് ഞാന്‍ കേട്ടിട്ടില്ല - ഒരിക്കല്‍പ്പോലും. യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനെപ്പറ്റി ഇങ്ങനെ പറയാനാവുമോ എന്ന് ഞാന്‍ ചോദിക്കുകയാണ്.

പ്ലേബോയ്: കള്ളക്കടത്തുകാരുടെ ചെറുവിമാനങ്ങള്‍ മുകളിലൂടെ പറക്കാനനുവദിച്ചുകൊണ്ട് ക്യൂബ അതിന് നിശബ്ദമായി കൂട്ടുനില്‍ക്കുന്നുവെന്നാണ് ഷുള്‍സ് പറഞ്ഞത്
കാസ്‌ട്രോ : നോക്കൂ, മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ ഏറ്റവും ഭയപ്പെടുന്ന സ്ഥലമാണ് ഞങ്ങളുടെ രാജ്യം. ക്യൂബയില്‍ ലാന്റ് ചെയ്യുന്നതും ഞങ്ങളുടെ തീരത്ത് നിര്‍ത്തുന്നതും അവര്‍ ഒഴിവാക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ധാരാളം അനുഭവങ്ങളുണ്ട്. യു എസ് ഉപരോധത്തിലാണെങ്കിലും ഇക്കാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനോട് സഹകരിക്കാന്‍ ബാധ്യതയൊന്നുമില്ലെങ്കിലും ക്യൂബ കരീബിയനിലെ മയക്കുമരുന്ന് കടത്തിനെതിരെ കാവല്‍ നിന്നിട്ടുണ്ട്, ഒരു ആത്മാഭിമാനത്തിന്റെ പ്രശ്‌നമെന്ന നിലയില്‍. അന്തസ്സിന്റേയും ധാര്‍മികശക്തിയുടേയും ലളിതമായ ചേദ്യങ്ങളുടെ പേരില്‍. ഇതിന് പകരമായി ക്യൂബ മയക്കുമരുന്ന് കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന നാണംകെട്ട ആരോപണം ശരിയാണോ?

പ്ലേബോയ് : ഇത്തരം പരുഷമായ ആരോപണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതിന്റെ കാരണമെന്താണെന്നാണ് കരുതുന്നത്? ക്യൂബയേയും താങ്കളേയും പറ്റി അമേരിക്കന്‍ നേതാക്കള്‍ക്കും ഒരു പരിധി വരെ അമേരിക്കന്‍ ജനതയ്ക്കും നിരന്തരമായി ഇത്തരം നിഷേധാത്മകമായ കീഴ്ചപ്പാടുണ്ടാകാന്‍ കാരണമെന്താണ്?
കാസ്‌ട്രോ: ഒന്നാതായി, അടിസ്ഥാനപരമായും, ഇത് ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും എതിരായ നിഷേധാത്മക നിലപാടല്ല. മൗലികമായും ഇത് സോഷ്യലിസ്റ്റ് വിരുദ്ധ, വിപഌവവിരുദ്ധ, കമ്മ്യൂണസറ്റ് വിരുദ്ധ നിലപാടാണ്. വസ്തുയെന്താണെന്നുവെച്ചാല്‍ കഴിഞ്ഞ 100 വര്‍ഷങ്ങളായി അമേരിക്കയിലും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സാധ്യമായ എല്ലാ രീതിയിലും കമ്മ്യൂണിസ്റ്റ് വിരുദ്ധവികാരങ്ങള്‍ ജനങ്ങളില്‍ കുത്തിനിറക്കുകയായിരുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സിദ്ധാന്തോപദേശം ആരംഭിക്കുകയായി. ഞങ്ങളുടെ നാട്ടിലും ഇതു തന്നെയാണ് നടന്നുകൊണ്ടിരുന്നത്. പത്രങ്ങളിലും മാഗസിനുകളിലും ടിവിയിലും റേഡിയോവിലൂം എന്തിന് കൂട്ടികളുടെ കാര്‍ട്ടൂണുകളിലൂടെപ്പോലും സ്ഥിരമായി ഈ ദിശയില്‍ പ്രചരണമുണ്ട്. സോഷ്യലിസത്തെപ്പറ്റി ശത്രുതാപരമായ മുന്‍വിധികളുണ്ടാക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഞാനുദ്ദേശിക്കുന്നത് സോഷ്യലിസ്റ്റ് വിപ്ലവത്തെപ്പറ്റിയാണ്, പഴഞ്ചന്‍ മട്ടിലുള്ള മുതലാളിത്തത്തിനെ സുഭഗമായ വേഷമണിയിക്കാന്‍ പല ബൂര്‍ഷ്വാ പാര്‍ട്ടികളും ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്ത സോഷ്യലിസം എന്ന വാക്കല്ല.

പ്ലേബോയ് : താങ്കളുടെ മാതിരിയുള്ള സോഷ്യലിസ്്റ്റ് വ്യവസ്ഥ ക്യൂബയില്‍ നടപ്പാക്കാന്‍ ക്രൂരവും ശിക്ഷാപരവുമായ നടപടികള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് റേയ്ഗന്‍ ഭരണകൂടത്തിലെ വിമര്‍ശകര്‍ വാദിക്കും.
കാസ്‌ട്രോ: ക്രൂരതയെന്ന ആരോപണത്തെപ്പറ്റിയാണെങ്കില്‍, സാമൂഹ്യാനീതിയോടും വിവേചനത്തിനോടും അസമത്വത്തോടും ചൂഷണത്തോടും നിസ്സംഗത പുലര്‍ത്തുവരാണ് ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ മനുഷ്യര്‍. പാദരക്ഷകളില്ലാതെ ഒരു കുഞ്ഞിനെ കാണുമ്പോള്‍, തെരുവിലൊരു ഭിക്ഷക്കാരനെ കാണുമ്പോള്‍, വിശക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കാണുമ്പോള്‍ പ്രതികരിക്കാത്ത മനുഷ്യര്‍. അനീതിക്കെതിരെയും അടിച്ചമര്‍ത്തലിനുമെതിരെയും പോരാടാന്‍, മറ്റുള്ളവരെ സേവിക്കാന്‍ സ്വയം ഉഴിഞ്ഞുവെച്ച മനുഷ്യര്‍ക്ക്, ഐക്യത്തിനായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് ക്രൂരന്മാരാകാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വയം ക്രൂരമാണെന്ന് മാത്രമല്ല മറ്റുള്ളവരെ ക്രൂരരാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം - ഉദാഹരണത്തിന് മുതലാളിത്ത സമൂഹം - ആണ് ശരിക്കും ക്രൂരമെന്നാണ് ഞാന്‍ പറയുക. സോഷ്യലിസം അതിന് നേര്‍വിപരീതമാണ്. നിര്‍വചനമനുസരിച്ച് അത് മനുഷ്യനില്‍, മനുഷ്യന്റെ ഐക്യത്തില്‍, മനുഷ്യന്റെ സാഹോദര്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു - സ്വാര്‍ത്ഥതയിലും ദുരയിലും മത്സരത്തിലുമല്ല. സ്വാര്‍ത്ഥത, ദുര, മത്സരം, അനീതി എന്നിവയില്‍ നിന്നാണ് ക്രൂരത പിറക്കുന്നതന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പ്ലേബോയ്: യു എസ്സ് ക്യൂബയെ ചിത്രീകരിക്കുന്നതിലേക്ക് മടങ്ങിവരുകയാണെങ്കില്‍
കാസ്‌ട്രോ: എത്ര സ്ഥലം, എത്ര കടലാസ് എത്ര മാധ്യമങ്ങള്‍ ക്യൂബക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു പഠനം നടത്താം. അവരുടെ ഭീമമായ സാങ്കേതിക വിഭവങ്ങളും മാധ്യമങ്ങളുമുണ്ടായിട്ടും, ഞാന്‍ ദുഃഖത്തോടെ പറയുകയാണ്, അമേരിക്കക്കാരാണ് ഏറ്റവും കുറച്ച് രാഷ്ട്രീയവിദ്യാഭ്യാസം ലഭിച്ചവര്‍, മൂന്നാം ലോകത്തിലെ, ഏഷ്യയിലെ, ആഫ്രിക്കയിലെ, ലാറ്റിന്‍ അമേരിക്കയിലെ മനുഷ്യരേയും യാഥാര്‍ത്ഥ്യങ്ങളേയും പറ്റി ഏറ്റവും മോശമായി വിവരം ധരിപ്പിക്കപ്പെട്ടവര്‍. ഇതെല്ലാമാണ് ഈ ആന്റി ക്യൂബ, ആന്റി കാസ്‌ട്രോ വികാരങ്ങളുടെയെല്ലാം മൂലകാരണം. ചിന്തിക്കുകയും രാഷ്ട്രീയവും സാംസ്‌കാരികവുമായി ഉന്നതനിലവാരം പുലര്‍ത്തുകയും ലോകകാര്യങ്ങള്‍ അറിയുന്നവരുമായ വിശാലമായ ന്യൂനപക്ഷവും അവിടെയുണ്ടെന്ന് പകരം പറയാനും ഞാനാഗ്രഹിക്കുന്നു. പക്ഷെ അവര്‍ക്ക് ശരാശരി പൗരന്‍മാരുടെ പ്രാതിനിധ്യമില്ല. ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കണമെന്നുണ്ട് , ചൈനയെപ്പറ്റിയും മാവോയെപ്പറ്റിയും ചൈനീസ് കമ്മ്യൂണിസത്തെപ്പറ്റിയും ഭീകരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. പത്രങ്ങള്‍ ചൈനയെപ്പറ്റി ഭീകരമായ കാര്യങ്ങള്‍ ദിവസവും എഴുതുമായിരുന്നു. ഇന്നതല്ല സ്ഥിതി. വലരെ നല്ല നയതന്ത്രബന്ധങ്ങളുണ്ട്, നിക്ഷേപവും വര്‍ദ്ധിക്കുന്ന വ്യാപാരവുമുണ്ട്. ഇതൊന്നും ഇന്നത്തെ ചൈനയുമായി തുടങ്ങിയതല്ല, മാവോ സേതുങ്ങിന്റെ ചൈനയുമായിട്ട് - സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്തെ, തീവ്ര കമ്മ്യൂണിസം പ്രചരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത കാലത്തെ ചൈനയുമായിട്ട് തുടങ്ങിയതാണ്. ഇപ്പോള്‍ റേയ്ഗന്‍ പോലും വന്‍മതില്‍ സന്ദര്‍ശിച്ചിരിക്കുന്നു. എല്ലാം എത്ര മാറിയെന്നു നോക്കൂ. എന്തുകൊണ്ട്? എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ? ഇപ്പോള്‍ രണ്ടുതരം കമ്മ്യൂണിസ്റ്റുകളായി, നല്ല കമ്മ്യൂണിസ്റ്റും ചീത്ത കമ്മ്യൂണിസ്റ്റും. ഞാനതില്‍ ചീത്ത കൂട്ടത്തിലാണ് നിസ്സംശയം പെട്ടിരിക്കുന്നത്. ഞാനാണതിന്റെ മാതൃക. വെല്‍ , മാവോ സേതുങ്ങും കുറേക്കാലം ആ വകുപ്പിലായിരുന്നല്ലോ.ന
(തുടരും)
കാസ്‌ട്രോ - അപൂര്‍വ്വചിത്രങ്ങള്‍


ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം ഒന്ന്

ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം മൂന്ന്

ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം നാല്